കൈനകരി സുരേന്ദ്രൻ അന്തരിച്ചു

പുന്നപ്ര: ചലച്ചിത്ര പിന്നണി ഗായകൻ കെ.എസ് സുദീപ്കുമാറി​ന്‍റെ പിതാവും കവിയും ഗ്രന്ഥകാരനും രാഷ്ട്രീയ സാംസ്കാരിക ​പ്രവർത്തകനുമായ പുന്നപ്ര പറവൂർ ‘സിതാര’യിൽ കൈനകരി സുരേന്ദ്രൻ നിര്യാതനായി. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലി​രിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ആലപ്പുഴയിലെ രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവും സ്കൂൾ കലോത്സവങ്ങളിൽ വിധികർത്താവുമായിരുന്നു.

1967ൽ ആലപ്പുഴ എസ്.ഡി കോളജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ നിന്ന് ബി.എഡും നേടിയ ശേഷം മലപ്പുറ​ത്ത് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഒറ്റപ്പാലത്തും ആലപ്പുഴ ലിയോതർട്ടീന്ത് സ്കൂളിലും അധ്യാപകനായിരുന്നു. പിന്നീട് കെ.എസ്.ഇ.ബിയിൽ ഉദ്യോഗസ്ഥനായി.

ദേശാഭിമാനി സ്റ്റഡി സർക്കിൾ ജില്ലാ ഭാരവാഹിയായി സാംസ്കാരിക പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ്, പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) ജില്ലാ സെക്രട്ടറി - സംസ്ഥാന സമിതി അംഗം, കുഞ്ചൻ സ്മാരക ട്രസ്റ്റ് മെമ്പർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

വസന്തം, ചന്ദനഗന്ധിയായ പൊന്നുപോലെ (ലേഖന സമാഹാരങ്ങൾ), കൊന്നപ്പൂക്കൾ (കവിതാ സമാഹാരം), വഞ്ചിപ്പാട്ട്, ജലോത്സവങ്ങളുടെ നാട്ടിൽ, നാടൻപാട്ടുകൾ; സാഹിത്യ മരതകങ്ങൾ (പഠനങ്ങൾ). ‘കഥാപ്രസംഗ കലയുടെ നാൾവഴികൾ’ എന്ന കൃതിക്ക് കഥാപ്രസംഗ അക്കാദമി അവാർഡ് ലഭിച്ചു. കെ.എസ്.ഇ.ബിയിൽനിന്നും സൂപ്രണ്ടായി വിരമിച്ചു.

കെ.എം രാജമ്മയാണ് ഭാര്യ. മക്കൾ: സുദീപ് കുമാർ, സുധീഷ് കുമാർ (കെ.എസ്.ഇ.ബി എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റി). മരുമക്കൾ: സോഫിയ, മായ മോൾ. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഒരു മണിവരെ പറവൂരിലെ പുന്നപ്ര നോർത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് ​വെയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

Tags:    
News Summary - Kainakary Surendran passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.