ചെറുകുന്ന്: പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ കെ.കണ്ണപുരം പാലത്തിന് സമീപം വാഹനാപകടത്തിൽ ബന്ധുക്കളായ രണ്ടു പേർ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. യോഗശാല സി.ആർ.സി റോഡിലെ മുക്കോത്ത് നൗഫൽ (35), പാപ്പിനിശ്ശേരി വെസ്റ്റിലെ കയറ്റുകാരൻ തെക്കെ പുരയിൽ കെ.ടി. അബ്ദുൽസമദ് (72) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം.
നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിൽ നിൽക്കുകയായിരുന്ന ഓട്ടോ ടാക്സി ഡ്രൈവറായ നൗഫലിനെയും സ്കൂട്ടർ യാത്രക്കാരനായ അബ്ദുൽസമദിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പഴയങ്ങാടി ഭാഗത്ത്നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ് വാൻ. സമീപത്തെ ചായക്കടയിലേക്ക് പാഞ്ഞു കയറി സമീപത്തെ വൈദ്യുതിത്തൂണിൽ ഇടിച്ചാണ് നിയന്ത്രണം വിട്ട വാൻ നിന്നത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന നാലോളം ഇരുചക്രവാഹനങ്ങൾക്കും ഒരു ഓട്ടോ-ടാക്സിക്കും കേടു പറ്റി. അപകടത്തിൽപെട്ടവരെ നാട്ടുകാർ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരെയും രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ വളപട്ടണം സ്വദേശി നൗഷാദിനെ മംഗളൂരു തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിലെ ഡ്രൈവറും ക്ലീനറും അടക്കം മൂന്നു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ നൗഫൽ സമീപത്തെ കടയുടെ ഷട്ടറിനു മുകളിലേക്ക് തെറിച്ചു വീണു. സ്കൂട്ടർ യാത്രക്കാരനായ അബ്ദുൽസമദിനെ പിക്കപ്പ് വാൻ നാലു മീറ്ററോളം വലിച്ചു കൊണ്ടുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു. അബ്ദുൽസമദിന്റെ മരുമകളുടെ ഭർത്താവാണ് നൗഫൽ.
അലീമയാണ് അബ്ദുൽസമദിന്റെ ഭാര്യ. മക്കൾ: സാജിത, ഷാക്കിർ, ഷഫീഖ്, ആബിദ. മരുമക്കൾ: മൻസൂർ, ഷഫീഖ്, ജസീല, റിഷാന. സഹോദരങ്ങൾ: കെ.ടി. അബൂബക്കർ (റിട്ട. അധ്യാപകൻ, ഇരിണാവ്), കെ.ടി. അബ്ദുൽ സലാം, കെ.ടി. അസ്മ, കെ.ടി. സൈനബ, പരേതയായ കെ.ടി. ബീഫാത്തിമ.
പരേതനായ പി.കെ. ഉമ്മറിന്റെയും മുക്കോത്ത് മറിയത്തിന്റെയും മകനാണ് നൗഫൽ. ഭാര്യ: കെ.ടി. ഷാനിബ. മക്കൾ: ഹെൻസ, ഇഷാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.