ഓച്ചിറ: ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞുവീണ് നഴ്സ് മരിച്ചു. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഓച്ചിറ ചങ്ങൻകുളങ്ങര ഗുരുതീർഥം വീട്ടിൽ രമണെൻറ ഭാര്യ സുജ (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഇവർ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. ഒരുമണിക്കൂർ നിരീക്ഷണത്തിനുശേഷം സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചതിനെതുടർന്ന് അവിടെ ചികിത്സതേടി.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾ പ്രകടിപ്പിച്ചതോടെ ഉച്ചക്ക് രണ്ടോടെ കരുനാഗപ്പള്ളിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയധമനികളിൽ തടസ്സം കണ്ടെത്തിയതിനെതുടർന്ന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയെങ്കിലും വെള്ളിയാഴ്ച പുലർച്ച നാലോടെ മരിച്ചു. മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനക്കായി മാറ്റി. കടുത്ത പ്രമേഹത്തിന് ചികിത്സയും നടത്തിവന്നിരുന്നു. മക്കൾ: രേഷ്മ, അശ്വിൻ. മരുമകൻ: നിഷാദ് (ഫോറസ്റ്റ് ഓഫിസ്, കോതമംഗലം).
പ്രാഥമിക അന്വേഷണത്തിൽ മരണം ഹൃദയാഘാതം മൂലമാണെന്നാണ് സ്ഥിരീകരിക്കാനായതെന്ന് ഡി.എം.ഒ ആർ. ശ്രീലത 'മാധ്യമ'ത്തോട് പറഞ്ഞു. കോവിഡ് വാക്സിനേഷൻമൂലം ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യതയില്ല. എങ്കിലും, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയിൽ ഇവർ നെഗറ്റിവായിരുന്നു. മെഡിക്കൽ ബോർഡ് ചേർന്ന് മറ്റ് കാര്യങ്ങളിൽ തുടർ തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.