കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അന്തരിച്ചു. 74 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.35 ന് പരുമല ആശുപുത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി പതിനൊന്ന് വർഷത്തിലധികം സഭയെ നയിച്ചു. ക്യാൻസർ ബാധിതനായി 2019 ഡിസംബർ മുതൽ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി ജീവൻ നിലനിർത്തിയിരുന്നത്.
ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2010 നവംബർ ഒന്നാം തീയതിയാണ് പൗലോസ് മാർ മിലിത്തിയോസ് മെത്രാപ്പോലീത്താ ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷനാകുന്നത്.
തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബിരുദവും, കോട്ടയം സി.എം.എസ് കോളജിൽ നിന്നും ബിരുദാനന്ത ബിരുദവും, കോട്ടയം പഴയ സെമിനാരിയിൽ നിന്ന് വൈദിക വിദ്യാഭ്യാസവും പൂർത്തിയാക്കിയ അദ്ദേഹം 1972 ൽ ശെമ്മാശനായി. 1973 ൽ വൈദികനായി. 1982 ഡിസംബർ 28 ന് തിരുവല്ലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും1985 മെയ് 15 ന് പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്കോപ്പയായി സ്ഥാനാഭിഷിക്തനാവുകയും ചെയ്തു. 1985 ആഗസ്റ്റ് ഒന്നിന് കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 2006 ഒക്ടോബർ 12ന് പരുമലയിൽ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മാർ മിലിത്തിയോസിനെ നിയുക്ത കാതോലിക്കയായി തെരഞ്ഞെടുത്തു.
കുന്നംകുളം മങ്ങാട്ട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ കൊള്ളന്നൂർ വീട്ടിൽ കെ.ഐ ഐപ്പിന്റെയും കുഞ്ഞീറ്റിയുടെയും മകനായി 1946 ആഗസ്റ്റ് 30 ന് ജനിച്ച കെ.ഐ. പോളാണ് പിൽകാലത്ത് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ആയി ഉയർന്നത്. പരേതനായ ആയ കെ.ഐ തമ്പിയാണ് ഏക സഹോദരൻ .
എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സഹ വികാരിയായും കോട്ടയം, തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററുകളിൽ അസിസ്റ്റന്റ് വാർഡനായും സ്റ്റുഡൻസ് ചാപ്ലയിനായും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ഭൗതികശരീരം തിങ്കളാഴ്ച വൈകിട്ട് സന്ധ്യാനമസ്‌കാരം വരെ പരുമല സെമിനാരിയില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ദേവാലയത്തിലേക്ക് കൊണ്ടുപോകും. യാത്രാമധ്യേ അന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സംസ്‌കാര ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരുമല സെമിനാരിയിലും കബറടക്കം നടക്കുന്ന കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലും മാത്രമേ അന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുകയുള്ളൂ.
ചൊവ്വാഴ്ച രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേകം തയാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് മൂന്നു മണിക്ക് കബറടക്ക ശുശ്രൂഷ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.