പാലാ: പുരോഗമന കലാ സാഹിത്യസംഘം സ്ഥാപക ജനറൽ സെക്രട്ടറിയും കോളജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ ആദ്യകാല നേതാവും ഗ്രന്ഥകാരനുമായ പാലാ നെച്ചിപ്പുഴൂർ ദർശനയിൽ പ്രഫ. പി. രവീന്ദ്രനാഥ് (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് രണ്ടാഴ്ചയായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ച 5.30നായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
ഇ.എം.എസ് ഉൾപ്പെടെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്ന രവീന്ദ്രനാഥ് പുരോഗമന കലാ സാഹിത്യ സംഘം രൂപവത്കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. പു.ക.സ സംസ്ഥാന പ്രസിഡൻറായ വൈലോപ്പിള്ളി ശ്രീധരമേനോനോടൊപ്പം പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് ആശയപ്രചാരണരംഗത്ത് സജീവമായി. സംസ്ഥാനത്താകെ പാർട്ടി ക്ലാസ് അധ്യാപകനായും നിരവധികാലം പ്രവർത്തിച്ച രവീന്ദ്രനാഥ് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. തോമസ് ഐസക് തുടങ്ങി നിരവധി നേതാക്കൾക്ക് പരിശീലനം നൽകി. 'ദേശാഭിമാനി'യിൽ എഡിറ്റോറിയൽ രംഗത്ത് പങ്കാളിയായി. കേരള, എം.ജി സർവകലാശാലകളിൽ സെനറ്റ് അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗമായും പ്രവർത്തിച്ചു. എ.കെ.പി.സി.ടി.എയുടെ സംസ്ഥാന പ്രസിഡൻറായിരുന്നു.
മാർക്സിയൻ അർഥശാസ്ത്രം, കുട്ടികളുടെ അർഥശാസ്ത്രം, ഒരു നോൺ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നീ ഗ്രന്ഥങ്ങളും സാഹിത്യ-ചരിത്ര സംബന്ധമായ ലേഖനങ്ങളും വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നെടുമുടി മാത്തൂർ കുടുംബാംഗമായ രവീന്ദ്രനാഥ് പന്തളം എൻ.എസ്.എസ് കോളജിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. വാഴൂർ എൻ.എസ്.എസ് കോളജിൽനിന്നാണ് വിരമിച്ചത്.
ഭാര്യ: നെച്ചിപ്പുഴൂർ പുളിക്കോളിൽ കുടുംബാംഗം പ്രഫ. പി.ആർ. സരസമ്മ (റിട്ട. എൻ.എസ്.എസ് കോളജ്). മക്കൾ: ആർ. രഘുനാഥ് (സോഫ്റ്റ്വെയർ എൻജിനീയർ, യു.എസ്.എ), ഡോ. സ്മിത പിള്ള (ശാസ്ത്രജ്ഞ, യു.എസ്.എ). മരുമകൾ: സ്വപ്ന പിള്ള (യു.എസ്.എ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.