അക്ഷരജീവിതത്തെ അഗ്നി ഏറ്റുവാങ്ങി



കോഴിക്കോട്: നവതിയുടെ നിറവിലെത്തിയ മലയാളത്തിന്റെ അക്ഷരജീവിതത്തെ അഗ്നിയേറ്റുവാങ്ങി. മലയാള സാഹിത്യപ്രസാധന സ്ഥാപനമായ പൂർണ പബ്ലിക്കേഷൻസിന്റെയും പുസ്തകവിൽപന ശാലയായ ടി.ബി.എസിന്റെയും (ടൂറിങ് ബുക് സ്റ്റാൾ) സ്ഥാപകൻ എൻ.ഇ. ബാലകൃഷ്ണണ മാരാർക്കാണ് (90) കർമഭൂമിയായ കോഴിക്കോട് വിടനൽകിയത്.

വ്യാഴാഴ്ച നവതിയുടെ നിറവിലെത്തിയ മാരാർ വെള്ളിയാഴ്ച രാത്രി 10ഓടെയാണ് സ്വവസതിയായ പുതിയറയിലെ 'ദീപ'ത്തിൽ മരിച്ചത്. വാർധക്യസഹജമായ അവശതകളെ തുടർന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് വിടവാങ്ങൽ. ശനിയാഴ്ച രാവിലെ മുതൽ വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം വൈകീട്ട് മൂന്നരയോടെ മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിലാണ് സംസ്കരിച്ചത്.

മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, എം.കെ. രാഘവൻ എം.പി, മേയർ ഡോ. ബീന ഫിലിപ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എഴുത്തുകാരൻ പി.കെ. പാറക്കടവ്, കവി പി.കെ. ഗോപി, പി.വി. ഗംഗാധരൻ, രാജൻ തൂവാല, മലയത്ത് അപ്പുണ്ണി തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. മക്കളായ മനോഹർ മാരാർ, ഡോ. എൻ.ഇ. അനിത എന്നിവർ സംസ്കാരചടങ്ങുകൾ നിർവഹിച്ചു.

1932ൽ കണ്ണൂരിലെ കൂത്തുപറമ്പിൽ ജനിച്ച മാരാർ 1947ലാണ് കോഴിക്കോട്ടെത്തിയത്. ആദ്യകാലത്ത് പത്രവിതരണവും പുസ്തകവിൽപനയും നിർവഹിച്ച അദ്ദേഹം 1958ൽ മിഠായിത്തെരുവിലാണ് ടി.ബി.എസ് ആദ്യം ആരംഭിച്ചത്. പിന്നീട് 1966ൽ പൂർണ പബ്ലിക്കേഷൻസും തുടങ്ങി.

മികച്ച പബ്ലിഷർക്കുള്ള ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ് അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. എൻ.ഇ. ബാലകൃഷ്ണ മാരാരുടെ നിര്യാണത്തെ തുടർന്ന് പൂർണ പബ്ലിക്കേഷൻസ്, ടി.ബി.എസ് സ്ഥാപനങ്ങൾ തിങ്കളാഴ്ചവരെ അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

Tags:    
News Summary - EN Balakrishnan deadbody creamated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.