കുറ്റ്യാടി: ഫാറൂഖ് കോളജ് മുൻ ഇംഗ്ലീഷ് അധ്യാപകനും പ്രഭാഷകനും കോളമിസ്റ്റുമായ പ്രഫ.വി.കുഞ്ഞബ്ദുല്ല പാലേരി പാറക്കടവിൽ നിര്യാതനായി. ബഹ്റൈൻ അൽനൂർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്. ‘മാധ്യമ’ത്തിൽ സ്ഥിരമായി വിദേശ കാര്യലേഖനങ്ങൾ ഏഴുതാറുണ്ടായിരുന്നു.
കുറ്റ്യാടി കേന്ദ്രമായി പ്രവർത്തിക്കുന്ന സിറ്റിസൺസ് ഫോറം ഫോർ പീസ് ആന്റ് ജസ്റ്റിസ് ഉപദേശക സമിതി ചെയർമാനാണ്. പാറക്കടവ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മെംബറായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഇല്ല്യാട്ടുമ്മൽ ബുഷ്റ. മക്കൾ: ഷഫീഖ്,ആഷിക് (ഇരുവരും ബഹ്റൈൻ),ഷാഹിന(റിയാദ്). മരുമക്കൾ: ഡോ.ഇബ്രാഹിം ചാത്തമംഗലം( എ.ഐ സയൻറിസ്റ്റ് റിയാദ്), ലൂന (പാലേരി പാറക്കടവ്), സഹോദരങ്ങൾ: പാത്തു അരീക്കൽ (മുയിപ്പോത്ത്),വി. കുഞ്ഞമ്മദ്(പാറക്കടവ്),സൈനബ ചരളിൽ(കാക്കുനി), വി. മുഹമ്മദലി(റിട്ട.ഹമദ് ഹോസ്പിറ്റൽ ഖത്തർ), യൂസഫ് വടക്കയിൽ (റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ കുടുംബാരോഗ്യ കേന്ദ്രം കുണ്ടുതോട്). മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി ഒമ്പതിന് പാലേരി പാറക്കടവ് ജുമാ മസ്ജിദിൽ.
വിടപറഞ്ഞത് വിദേശ രാഷ്ട്രീയ നിരീക്ഷകൻ
കുറ്റ്യാടി: ഇങ്ങ് മലയാളക്കരയിലിരുന്ന് വിദേശരാജ്യങ്ങളിലെ രാഷ്ട്രീയ ചലനങ്ങൾ വിശകലനം ചെയ്ത് വായനക്കാരിൽ എത്തിക്കുന്നതിൽ അതീവ തൽപരനായിരുന്നു വിടപറഞ്ഞ പ്രഫ. വി. കുഞ്ഞബ്ദുല്ല. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ വളരെ ആഴത്തിൽ അന്വേഷിച്ച് തയാറാക്കുന്ന ലേഖനങ്ങൾ വായനക്കാർ വളരെ താൽപര്യത്തോടെയാണ് സ്വീകരിച്ചിരുന്നത്. ഇകഴിഞ്ഞ 13ന് മാധ്യമം നിലപാട് പേജിൽ എഴുതിയ ലേഖനം ‘ഇറാൻ ബോംബുണ്ടാക്കുമോ’ എന്ന തലക്കെട്ടിലായിരുന്നു.
ഖലീജ് ടൈംസിലും മറ്റ് ഗൾഫ് മാഗസിനുകളിലും അദ്ദേഹത്തിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. ആദ്യകാലത്ത് അഖിലേന്ത്യാ തലത്തിലുള്ള ഇസ്ലാമിക സംഘടന നേതാക്കളുടെ ഉർദുവിലും ഇംഗ്ലീഷിലുമുള്ള പ്രസംഗങ്ങൾ അതിന്റ വൈകാരികത ഒട്ടും ചോരാതെ പൊതുസമ്മേളനങ്ങളിൽ പരിഭാഷപ്പെടുത്തിയിരുന്നത് പ്രഫ. വി. കുഞ്ഞബ്ദുല്ലയായിരുന്നു. ദീർഘകാലം കോഴിക്കോട് ഫറോക്ക് കോളജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു. തുടർന്ന് സ്വയം വിരമിച്ച് ബഹ്റൈനിൽ അൽനൂർ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പലായി സേവനം ചെയ്തു. തലശ്ശേരി മുബാറക്ക് ഹൈസ്കൂൾ, കോഴിക്കോട് ജെ.ഡി.ടി ഹൈസ്കൂൾ, മടപ്പള്ളി ഗവ.കോളജ്, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ‘പ്രബോധനം’ ആഴ്ചപ്പതിപ്പിൽ സബ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.
ഭട്കൽ അൻജുമൻ ഇസ്ലാമിയയിൽ അധ്യാപകനായിട്ടുണ്ട്. മുസ്ലിം എഴുത്തുകാർക്കിടയിൽ അദ്ദേഹം വി.കു എന്നാണ് അറിയപ്പെട്ടത്. ഐഡിയൽ സ്റ്റുഡന്റ്സ് ലീഗ് സ്ഥാപകാംഗമായിരുന്നു. കോളജ് അധ്യാപൻ എന്നതിനൊപ്പം നാട്ടുകാർക്ക് അദ്ദേഹം പ്രിയപ്പെട്ട ഹോമിയോ ഡോക്ടർ കൂടിയായിരുന്നു. സൗജന്യ മരുന്നുകൾ നൽകി അദ്ദേഹം സാധാരണക്കാരായ രോഗികളെ ചികിത്സിച്ചു. കുറ്റ്യാടിയിലെ സാംസ്കാരിക സംഘടനയായ സിറ്റിസൺസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസ് സ്ഥാപക പ്രസിഡന്റാണ്.
മരണവിവരം അറിഞ്ഞ് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അദ്ദേഹത്തിന്റെ പാറക്കടവിലെ വസതിയിയായ ‘ആഷിയാന’യിൽ എത്തി. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, അസോസിയേറ്റ് എഡിറ്റർ പ്രഫ. യാസീൻ അഷ്റഫ്, എഡിറ്റർ വി.എം. ഇബ്രാഹീം, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, സെക്രട്ടറി ടി. ശാക്കിർ, സംസ്ഥാന ശൂറാ അംഗം ശൈഖ് മുഹമ്മദ് കാരകുന്ന്, മേഖല നാസിമുമാരായ പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, യു.പി. സിദ്ദീഖ്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽഹമീദ്, ഡോ.പി.കെ. പോക്കർ, ഫാറോക്ക് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ.കെ.എം. നസീർ, മുസ്ലിം ലീഗ് നേതാക്കളായ മുഹമ്മദ് ബംഗ്ലത്ത്, സി.വി.എം. വാണിമേൽ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സെക്രട്ടറി വി.പി. റഷാദ് തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച രാത്രി പാറക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.