പൂനൂർ: പൂനൂരിലും സമീപപ്രദേശങ്ങളിലും അക്ഷരവെളിച്ചമായി അഞ്ചു പതിറ്റാണ്ടിലേറെക്കാലം തിളങ്ങിയ എ.കെ. മൊയ്തീൻ മാസ്റ്റർ (82) ഓർമയായി. അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു. ആയിരങ്ങളെ അക്ഷരങ്ങളുടെയും അറിവിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു നടത്തിയ അധ്യാപകനായിരുന്നു. മരിക്കുന്നതുവരെ അധ്യാപനരംഗത്ത് സജീവമായിരുന്നു.
താമരശ്ശേരി ഗവ. ഹൈസ്കൂളിലെ ആദ്യ ബാച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ഥിയായിരുന്ന മൊയ്തീൻ മാസ്റ്റർ പ്രീഡിഗ്രിയും ബിരുദവും അധ്യാപക ട്രെയ്നിങ്ങും പൂര്‍ത്തിയാക്കിയത് ഫാറൂഖ് കോളജില്‍നിന്നാണ്. 1967ല്‍ ചേന്ദമംഗല്ലൂര്‍ ഹൈസ്കൂളിലാണ് അധ്യാപക ജീവിതത്തിന് തുടക്കം കുറിച്ചത്. 1979 മുതല്‍ 1992 വരെ എളേറ്റില്‍ എം.ജെ ഹയർ സെക്കൻഡറി സ്കൂളില്‍ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1992 മുതല്‍ 2003 വരെ സൗദി അറേബ്യയിലെ റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ അധ്യാപകനായിരുന്നു. 1998ൽ സർവിസിൽനിന്ന് വിരമിച്ചശേഷവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായി സേവനം ചെയ്തു. നിലവിൽ പൂനൂരിലെ ഗാഥ കോളജ് ട്യൂഷൻ അക്കാദമിക് ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ജോലി ചെയ്ത ഇടങ്ങളിലെല്ലാം വിദ്യാർഥികളുടെ ഇഷ്ട ഗുരുനാഥനായിരുന്നു. മികച്ച അധ്യാപക പുരസ്കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ പൊതുപരിപാടിക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഉടൻ മരണം സംഭവിക്കുകയായിരുന്നു. ആയിരക്കണക്കിന് ശിഷ്യഗണങ്ങളുൾപ്പെടെ മത, രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.