കോഴിക്കോട്: വാസ്തുശിൽപിയും മുൻ സി.പി.ഐ.എം.എൽ പ്രവർത്തകനുമായ മായനാട് പാലക്കോട്ട് വയൽ കിഴക്കേ തറോൽ ശംഭുദാസ് (68 ) നിര്യാതനായി. കായണ്ണ പൊലീസ് സ്റ്റേഷൻ അക്രമത്തിൽ പ്രതിചേർത്ത് കക്കയം ക്യാമ്പിൽ പൊലീസ് മർദനത്തിന് ഇരയായി. 15 ദിവസത്തോളം തടവുകാരനായിരുന്നു. പിന്നീട് സാംസ്കാരിക പ്രവർത്തകനായും വാസ്തു രംഗത്തെ ബദൽ അന്വേഷണങ്ങളുടെ പ്രയോക്താവായും മാറി. ലാറി ബേക്കറിെൻറ പിൻതുടർച്ചക്കാരനാണ്. മാനാഞ്ചിറയിൽ ആകാശത്തേക്ക് പിരിഞ്ഞു കയറുന്ന ഇഷ്ടിക കവാടം നിർമിച്ചത് ശംഭുദാസ് ആയിരുന്നു. സ്വയം പഠനത്തിലൂടെയാണ് ആർകിടെക്ട് ആയത്. പ്രകൃതിസൗഹൃദനിർമാണമേഖലയിൽ സജീവമായിരുന്നു. പരേതനായ രാമൻ വൈദ്യരുടെയും അമ്മാളുവിെൻറയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: മുക്തി, ഡോ. അമർ.
വിടപറഞ്ഞത് വിപ്ലവകാരിയായ കലാകാരൻ
കോഴിക്കോട്: എഴുപതുകളിൽ വസന്തത്തിെൻറ ഇടിമുഴങ്ങിയ കാലത്ത് യൗവനം ക്ഷുഭിതമാക്കിയ ശംഭുദാസിന് നാട് വിടനൽകി. അടിയന്തരാവസ്ഥ കാലത്തെ പൊലീസ് പീഡനത്തിനിരയായ മായനാട് പാലക്കോട്ടുവയൽ ശംഭുദാസ് ദീർഘകാലമായി വാസ്തുശിൽപ കലയിൽ തേൻറതായ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. കരൾരോഗത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ 4.20ഓടെ കോഴിക്കോട് മെഡി. കോളജിലായിരുന്നു അന്ത്യം. '74, 75 കാലത്താണ് വിപ്ലവപ്രസ്ഥാന പ്രവർത്തനം ആരംഭിച്ചത്. മെഡി. കോളജ് കേന്ദ്രീകരിച്ച് നക്സലേറ്റ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മായനാട്ടെ ആനന്ദ ദായിനി പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനങ്ങളിലൂടെയാണ് പൊതുരംഗത്ത് വരുന്നത്. അദ്ദേഹത്തിെൻറ വീട് നക്സലേറ്റ് നേതാക്കളുടെ താവളമായിരുന്നു. അങ്ങനെയാണ് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ടതെന്ന് പഴയകാല സഹപ്രവർത്തകൻ വിജയൻ അനുസ്മരിച്ചു.
കക്കയം പീഡനകേന്ദ്രത്തിൽ എൻജിനീയറിങ് കോളജ് വിദ്യാർഥി രാജനോടൊപ്പം ഭീകരമർദനങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പിന്നീട് അദ്ദേഹം നിശ്ശബ്ദ പ്രവർത്തകനായി മാറി. അടിയന്തരാവസ്ഥക്ക് ശേഷം പ്രേരണ എന്ന സാംസ്കാരിക മാസിക പുറത്തിറക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. കലാസാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കാനനസ്നേഹി കൂടിയായിരുന്നു ശംഭുദാസ് എന്ന് ജോയ്മാത്യു അനുസ്മരിച്ചു. എഴുപതുകളിലെ റാഡിക്കൽ യുക്തിവാദികളിലൊരാളായ ശംഭുദാസിനെ കക്കയം ക്യാമ്പിൽ വെച്ചായിരുന്നു ആദ്യ പരിചപ്പെട്ടതെന്ന് സിവിക് ചന്ദ്രൻ അനുസ്മരിച്ചു. കേരളത്തിലും പുറത്തും വ്യത്യസ്തമായ നൂറുകണക്കിന് വീടുകള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും രൂപകല്പന നല്‍കിയിട്ടുണ്ട്. കമ്പിക്ക് പകരം മുള ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റ്, പ്ലാസ്റ്ററിങ്ങില്ലാത്ത നിര്‍മാണരീതി, കോണ്‍ക്രീറ്റിനുള്ളില്‍ ഓടുപാകി ചൂടുരഹിത മേല്‍ക്കൂര തുടങ്ങിയ വ്യത്യസ്ത പരീക്ഷണങ്ങളാണ് ശംഭുദാസ് നടത്തിയിരുന്നത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.