ദമ്മാം: പെരിന്തൽമണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (38) ദമ്മാം എയർപോർട്ടിൽ മരിച്ചു. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. ഉച്ചക്ക് 12 നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അവധിക്കായി പോകുന്നതിന് എയർപോർട്ടിൽ എത്തിയ അദ്ദേഹം എമിഗ്രേഷനിൽ എത്തി പാസ്പോർട്ട് പരിശോധിച്ചപ്പോൾ എക്സിറ്റ് റീ എൻട്രി വിസ റെഡിയായിട്ടില്ലെന്ന് കണ്ടെത്തി.
പുറത്തു പോയി സ്പോൺസറെ വിളിച്ച് റീ എൻട്രി ശരിയാക്കി വരാൻ എമിഗ്രേഷൻ ഓഫിസർ നിർദേശിച്ചതിനെത്തുടർന്ന് പുറത്തേക്കിറങ്ങിയതായിരുന്നു ശിഹാബ്.
ഇതിനിടയിൽ എയർപോർട്ടിന്റെ രണ്ടാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. നാട്ടിലേക്ക് വരുന്ന വിവരം ഞായറാഴ്ച ഭാര്യയെ വിളിച്ചു അറിയിച്ചിരുന്നതായും മറ്റ് വിഷയങ്ങളോ മാനസിക പ്രശ്നങ്ങളോ ശിഹാബിനുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ദമ്മാമിലെ സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ ഇദ്ദേഹത്തിന്റെ ഭാര്യസഹോദരൻ ഇഖ്ബാൽ ആനമങ്ങാട് പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഹുസ്സൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.