ആലപ്പുഴ: കവിയും സംസ്കൃതപണ്ഡിതനുമായ ആലപ്പുഴ രാജശേഖരൻ നായർ എന്നും വേറിട്ട മുഖമായിരുന്നു. പേരുപോലെ തന്നെ ആലപ്പുഴയിലെ കലാ-സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം. വിദ്യാഭ്യാസ പ്രവർത്തനത്തിനൊപ്പം സംസ്കൃതഭാഷ ജനകീയമാക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. തിരക്കഥാകൃത്ത് ശാരംഗപാണിയുടെ മലയാള കലാഭവന്റെ ബാലെകള്ക്കും നാടകങ്ങള്ക്കുമായി നിരവധി ഗാനങ്ങൾ എഴുതി. 15 വർഷത്തിലേറെ അത് തുടർന്നു. 750ൽഅധികം ഗാനങ്ങളാണ് രചിച്ചത്.
1980കളിൽ നിരവധി സിനിമഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ചിട്ടുണ്ട്. 1980ൽ ബാലചന്ദ്രമേനോന്റെ 'ഇഷ്ടമാണ് പക്ഷേ' എന്ന ചിത്രത്തിലാണ് ഗാനമെഴുതാനുള്ള അവസരം കിട്ടിയത്. കടംകഥയല്ലോ മോഹം... എന്ന വരികൾക്ക് ആലാപമാധുര്യം നൽകിയത് പി. മാധുരിയും യേശുദാസും ജയചന്ദ്രനും ചേർന്നാണ്. പി. മാധുരി ആലപിച്ച 'വിളിക്കാതിരുന്നാലും വിരുന്നിനെത്തും', ശിശിരരാത്രി ഉരുവിടുന്നു... എന്നിവ മലയാളികൾക്ക് മറക്കാനാവാത്ത ഗാനങ്ങളായിരുന്നു. ഈ ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചത് ജി. ദേവരാജനായിരുന്നു.
1981ൽ 'വിഷം' സിനിമയിൽ വാണി ജയറാമും എസ്. ജാനകിയും ആലപിച്ച നിറങ്ങൾ എഴുനിറങ്ങൾ... എന്ന ഗാനവും ശ്രദ്ധേയമായി. അതേചിത്രത്തിലെ 'ഉത്സാഹ മത്സരം കൊണ്ടാടുന്നു... ഉന്മാദഗീതങ്ങള് പാടിയാടുന്നു' എന്ന കാബറേ ഡാൻസ് പാട്ട് പാടിയത് യേശുദാസാണ്. 1985ൽ മനസ്സിലെ മാൻപേട എന്ന ചിത്രത്തിൽ ഒരുപ്രേമഗാനമായി.... അഴകേ..ഹേഹേ അഴകേ.... (എസ്. ജാനകി), നാൽക്കവലക്കിളി നാടോടിക്കിളി.... കാറ്റുറങ്ങും നേരം (യേശുദാസ്) തുടങ്ങിയ സിനിമഗാനങ്ങളുടെ രചയിതാവാണ്. ഇതിൽ എസ്. ജാനകി ആലപിച്ച ഒരുപ്രേമഗാനമായ് വരൂ... എന്ന പാട്ട് കാസറ്റിലൂടെയാണ് ഹിറ്റായത്. നിരവധി ബാലെക്കും നാടകങ്ങൾക്കും ഗാനങ്ങൾ എഴുതി. 150ൽഅധികം ലളിതഗാനങ്ങളും രചിച്ചു. ആകാശവാണിയിലൂടെ വിദ്യാഭ്യാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നൂറ്റമ്പതിലേറെ പ്രഭാഷണങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ആയിരത്തിലേറെ ഗാനങ്ങൾ ഉൾപ്പെടുത്തി പുതിയ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അവസാനവട്ട തയാറെടുപ്പിനിടെയായിരുന്നു അന്ത്യം.
ചങ്ങനാശ്ശേരി കുന്നംന്താനം കണ്ണാടിപ്പറമ്പിൽ പരേതരായ കെ.രാമൻ നായർ -തങ്കമ്മ ദമ്പതികളുടെ അഞ്ചുമക്കളിൽ നാലാമനായി 1947ലാണ് ജനനം. പഠനത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ, സ്കോളർഷിപ് ലഭിക്കുന്ന സംസ്കൃതം മുഖ്യവിഷയമാക്കിയായിരുന്നു പഠനം. കേരള യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം സംസ്കൃതകോളജിൽനിന്നാണ് ബിരുദാനന്തരം വരെ പാസായത്. തിരുവല്ല ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് ട്രെയിനിങ് കോളജിൽനിന്ന് ബി.എഡും നേടി അധ്യാപകവൃത്തിയിലേക്ക് തിരിഞ്ഞു.
1966ൽ ആലപ്പുഴ എസ്.ഡി.വി ഹൈസ്ക്കൂളിൽ സംസ്കൃത അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1992ൽ സംസ്ഥാന-ദേശീയ അധ്യാപക പുരസ്കാരം തേടിയെത്തി. മുൻമുഖ്യമന്ത്രി സി. അച്യുതമേനോൻ അവതാരിക എഴുതിയ 'നിറക്കൂട്ട്' എന്ന കാവ്യസമാഹാരം ഉൾപ്പെടെ നിരവധി സംസ്കൃത പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 1991ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആദ്യമായി 300 അധ്യാപകർ ആലപിച്ച സ്വാഗതഗാനം 'സ്വാഗതം കലാനാളങ്ങളേ നാളെ തന് പൊന്സൂനങ്ങളേ' എന്നതും ഏറെ ശ്രദ്ധനേടി. 1998ൽ ഹൈസ്കൂൾ ഹയർസെക്കൻഡറിയായി ഉയർത്തിയതോടെ പ്രഥമ പ്രിൻസിപ്പലായി. 36 വർഷത്തെ സേവനത്തിനൊടുവിൽ 2002ലായിരുന്നു വിരമിക്കൽ. പിന്നീട് ആലപ്പുഴയിലെ കലാ-സാംസ്കാരിക രംഗങ്ങളിൽ കൂടുതൽ സജീവമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.