മുംബൈ: വിടവാങ്ങിയത് സാധാരണ മനുഷ്യരെ എക്കാലവും ചേർത്തുപിടിച്ച ആഗോള വ്യവസായി. നക്ഷത്ര ജീവിത സാഹചര്യങ്ങളുണ്ടായിട്ടും സാധാരണക്കാരെ എന്നും ഓർത്ത അദ്ദേഹം വ്യവസായ ലോകത്ത് മറ്റാരെക്കാളും താരമായി തിളങ്ങി. ടാറ്റ ഗ്രൂപ് മുൻ ചെയർമാനും നിലവിലെ ചെയർമാൻ എമിറേറ്റസുമായ 86കാരൻ രത്തൻ ടാറ്റയുടെ ജീവിതവും ലളിതമായിരുന്നു.
ഗുരുതരാവസ്ഥയിൽ അശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണെന്ന വാർത്തകളെ നിഷേധിച്ച് അദ്ദേഹത്തിന്റെ പേരിൽ എക്സിൽ വന്ന കുറിപ്പ് നൽകിയ ആശ്വാസത്തിനും അധികം ആയുസ്സുണ്ടായില്ല. രത്തൻ ടാറ്റ സാധാരണക്കാരെ ചേർത്തുപിടിച്ചതിന്റെ പ്രതീകമാണ് ടാറ്റ കമ്പനിയുടെ നാനോ കാർ. തന്റെ പിന്മുറക്കാരനായി ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തെത്തിയ സൈറസ് മിസ്ത്രിയെ പിന്നീട് രത്തൻ ടാറ്റ വേണ്ടെന്നുവെച്ചത് സാധാരണക്കാരുടെ ‘നാനോ’ ഇനി വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചതോടെയാണ്.
ടാറ്റ കമ്പനിയുടെ മനുഷ്യസ്നേഹത്തിന്റെ നിറഞ്ഞ മുഖമായിരുന്നു രത്തൻ. 1991ലാണ് പിതൃ സഹോദരൻ ജെ.ആ.ഡി ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ സാരഥ്യം രത്തൻ ടാറ്റ ഏറ്റെടുക്കുന്നത്. അന്നും ആഗോള കമ്പനിയായിരുന്നെങ്കിലും രത്തൻ ടാറ്റയുടെ വരവോടെ ആഗോള വ്യവസായ ലോകത്ത് ടാറ്റ കൂടുതൽ ചിറകുവിരിച്ചു. വൻ ഇടപാടിലൂടെ വിദേശ കമ്പനികളെ ഏറ്റെടുത്ത ഇന്ത്യൻ കമ്പനിയെന്ന ഖ്യാതി ടാറ്റ നേടുന്നത് രത്തൻ ടാറ്റയുടെ കാലത്താണ്. ലണ്ടൻ കമ്പനി ടെറ്റ്ലി ടീ, ദക്ഷിണ കൊറിയൻ ട്രക്ക് നിർമാണ കമ്പനി ദായേവൂ മോട്ടോഴ്സ്, ഡെച്ച് സ്റ്റീൽ നിർമാണ കമ്പനി കോറസ് ഗ്രൂപ് എന്നിവ ടാറ്റയുടെ ഭാഗമായി. ജാഗ്വർ, ലാൻഡ് റോവർ ബ്രാൻഡുകളുമായി ബന്ധപ്പെട്ട് ഫോർഡ് മോട്ടോർ കമ്പനിയുമായുള്ള ഇടപാടും പ്രശസ്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.