മാധവൻ ചേട്ടനെക്കുറിച്ച് ഓർക്കുമ്പോൾ തുറന്നുപറയട്ടെ, എനിക്കൊരു വലിയ കുറ്റബോധമുണ്ട്. അദ്ദേഹം ഒരു വൃദ്ധസദനത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുകയാണെന്ന കാര്യം കുറച്ചുനാൾ മുമ്പുതന്നെ ഞാൻ അറിഞ്ഞതാണ്. എന്നിട്ടുപോലും അവിടെ പോയി ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം ജീവിതകാലം മുഴുവൻ എന്നെ വേട്ടയാടുന്ന ഒന്നായിരിക്കും. അവിടെ ചെന്ന് കാണണമെന്ന് ഒരുപാട് തവണ ആഗ്രഹിച്ചിരുന്നു. എന്തെല്ലാമോ കാരണങ്ങൾ കൊണ്ട് പോകാൻ കഴിയാതെവന്നു എന്നതാണ് യാഥാർഥ്യം. സിനിമയിൽ ഞങ്ങളുടെയൊന്നും തുടക്കകാലത്ത് കാരവൻ ഉണ്ടായിരുന്നില്ല. സിനിമ ചിത്രീകരണത്തിന്റെ ഇടവേളകളിൽ കസേരയിട്ട് വട്ടംകൂടിയിരിക്കുമ്പോർ ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത് മാധവൻ ചേട്ടനോടായിരുന്നു. ഏത് വിഷയത്തെക്കുറിച്ചും അദ്ദേഹത്തോട് സംസാരിക്കാം. സംഗീതത്തെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു; മറ്റ് കാര്യങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ ഉൾക്കാഴ്ചകളും.
നല്ലൊരു പദവി ഉപേക്ഷിച്ച് സിനിമയിൽ എത്തിയ ആളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ സിനിമക്ക് പുറത്ത് സംഭവിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുള്ള വ്യക്തി കൂടിയായിരുന്നു. അസാമാന്യമായ നർമബോധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഏത് തമാശകളും അതിന്റെ നർമം ചോരാതെതന്നെ അദ്ദേഹവുമായി പങ്കിടാൻ കഴിയുമായിരുന്നു എന്നത് വലിയൊരു പ്രത്യേകതയായി ഓർക്കുന്നു. അദ്ദേഹത്തെ മിമിക്രി വേദികളിൽ ഞാൻ പലതവണ അനുകരിച്ചിട്ടുണ്ട്. ആ നടപ്പും പാട്ടുപാടി അഭിനയിക്കുന്ന രീതിയും നോട്ടവുമെല്ലാം അനുകരിക്കുമ്പോൾ മാധവൻ ചേട്ടൻ അത് വളരെ നന്നായി ആസ്വദിക്കുന്നതാണ് കണ്ടിട്ടുള്ളത്.
നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടു. പല സിനിമകളിലും ഞങ്ങൾക്ക് ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചു. ഒരു സിനിമാ നടൻ എന്നതിലുപരി സ്നേഹിക്കാൻ അറിയാവുന്ന ഹൃദയമുള്ള നല്ലൊരു മനുഷ്യനായിരുന്നു മാധവൻ ചേട്ടൻ. അങ്ങനെയുള്ള അദ്ദേഹത്തിന് അവസാനകാലത്ത് ഒറ്റപ്പെടലിന്റെ വാർധക്യം വന്നുപോയല്ലോ എന്നാലോചിക്കുമ്പോൾ ഏറെ വിഷമം തോന്നുന്നു. കാരണം സിനിമക്കകത്തും പുറത്തും ഒരുപാട് സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കുമിടയിൽ ജീവിച്ച ഒരാളാണ്. ഇത് നമ്മൾക്കും ഒരു പാഠമാണ്.
ഇന്ന് കാണുന്ന ലോകവും ആളുകളുമൊന്നും നമ്മുടെ കൂടെയുണ്ടാകില്ലെന്ന വലിയൊരു പാഠം ആ ജീവിതം ഓർമപ്പെടുത്തുന്നു. അവസാനകാലത്ത് ആർക്കും സംഭവിക്കാവുന്ന ഒരു വാർധക്യമാണിത്. വേദനിപ്പിക്കുന്ന ഈ വേർപാടിന് മുന്നിൽ നിറഞ്ഞ പ്രാർഥനകൾ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.