ഇന്ത്യൻ ഭാഷകളിൽ എഴുതിയ ലിറ്റററി മാസ്റ്റേഴ്സിൽ ഒരാളായാണ് എം.ടി. വാസുദേവൻ നായരെ ഞാൻ കണക്കാക്കുന്നത്. ബംഗാളിയിലെ അധീൻ ബന്ദോപാധ്യായ, കന്നടയിലെ എസ്.എൽ. ഭൈരപ്പ, ഉർദുവിലെ രാജേന്ദ്ര സിങ് ബേഡി, ഖുർറത്തുല്ലൈൻ ഹൈദർ എന്നിവരെപോലെ ചില പ്രത്യേക തരം മാസ്റ്റർമാരുണ്ട്. കഥ വൈകാരികതയിലൂടെ പറയുക, മനുഷ്യരുടെ ജീവിതത്തിലൂടെ, മനുഷ്യകഥനമായി കഥയെ മാറ്റുക, ചരിത്രത്തിനുപകരം മനുഷ്യരിൽ കൂടുതൽ ഊന്നൽ കൊടുക്കുക എന്നിവയൊക്കെയാണ് ഇവരുടെ പ്രത്യേകത. ആ സ്വഭാവംതന്നെയാണ് എം.ടിയുടെ കഥകളിലും കാണുന്നത്. നായർ സമുദായത്തിന്റെ പതനത്തിന്റെ കഥകളെന്നും കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള നൊസ്റ്റാൾജിക് കഥകളെന്നും അദ്ദേഹത്തെ രചനകളെ വളരെ ഉപരിപ്ലവമായി വിലയിരുത്തുന്ന നിരൂപകരുണ്ട്. എന്റെ സമീപനം അതല്ല.
കഴിഞ്ഞ 30 വർഷത്തിലേറെയായി തുടർച്ചയായി എം.ടിയെ വായിച്ചുവരുന്ന ഒരാളാണ് ഞാൻ. എന്റെ കാഴ്ചപ്പാടിൽ കഴിഞ്ഞ യുഗത്തിലെ മനുഷ്യർ പുതിയ യുഗത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ദാർശനിക, വൈകാരിക പ്രശ്നങ്ങളെ ചിത്രീകരിച്ച എഴുത്തുകാരനാണ് അദ്ദേഹം. തമിഴ് എഴുത്തുകാരനായ ജയകാന്തന്റെ ഒരു കഥയുണ്ട്. അതിന്റെ ശീർഷകം ‘യുഗസന്ധി’ എന്നാണ്. യുഗസന്ധികളുടെ കഥാകാരൻ എന്നാണ് ഞാൻ എം.ടിയെ വിശേഷിപ്പിക്കുക. അദ്ദേഹത്തെക്കുറിച്ച് വിപുലമായ പഠനങ്ങൾ ഞാൻ തമിഴിൽ എഴുതിയിട്ടുണ്ട്, ഒരു നിരൂപകനായി. അദ്ദേഹത്തിന്റെ എല്ലാകൃതികളും തമിഴിൽ കിട്ടുന്നുണ്ട്. അദ്ദേഹത്തിന് വലിയൊരു വായനസമൂഹവും ഇവിടെയുണ്ട്.
എം.ടിയുടെ കഥാപാത്രങ്ങളെ ചുരുക്കമായി ഇങ്ങനെ പറയാം. കഴിഞ്ഞ തലമുറയിലെ, അഥവാ യുഗത്തിലെ ആളുകളാണവർ. ആ കാലമെന്നത് പിയർ പ്രഷറിന്റെ ലോകമാണ്. മൊത്തം സമൂഹവും ഓരോ അംഗത്തെയും സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ്. തുറിച്ചുനോക്കുന്ന കണ്ണുകൾക്കിടയിലാണ് അന്നത്തെ മനുഷ്യർ ജീവിക്കുന്നത്. എം.ടിയുടെ കഥകൾ നോക്കിയാൽ ‘ആളുകൾ’ എന്ന പദം കൂടെക്കൂടെ വരുന്നത് കാണാം. ആളുകൾക്ക് മുന്നിൽ ചൂളിപ്പോകുന്നു, ആളുകൾക്ക് മുന്നിൽ നിവർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നു, ആളുകളെ ധിക്കരിക്കുന്നു. പല കഥാപാത്രങ്ങളും ധിക്കാരികളാണ്. ധിക്കാരി എന്നുപറയുമ്പോൾ തുറിച്ചുനോക്കുന്ന കണ്ണുകൾക്ക് മുന്നിൽ നെഞ്ചുവിടർത്തി നിൽക്കുന്നവർ. അസുരവിത്തിലെ ഗോവിന്ദൻകുട്ടിയെപോലെയുള്ള കഥാപാത്രങ്ങൾ. അത്തരം കഥാപാത്രങ്ങളെയാണ് എം.ടി സൃഷ്ടിച്ചത്. ഈ തുറിച്ചുനോട്ടത്തിന് മുന്നിൽ അന്നത്തെ മനുഷ്യർ ഒരുതരം ബലംപിടിത്തം കാണിക്കുന്നുണ്ട്. ഗോവിന്ദൻകുട്ടിയെപോലെയുള്ള ആളുകൾ ഈ ബലംപിടിത്തത്തിലൂടെ ഒന്ന് വക്രീകരിക്കുകയാണ്, അഥവാ വളയുകയാണ് ചെയ്യുന്നത്. അസ്വാഭാവികമായ ഒരു ഞെളിഞ്ഞുനിൽപ്പ് അവരിലേക്ക് അങ്ങനെ വരുന്നു. പല സ്ത്രീകളും ആ നോട്ടത്തിന് മുന്നിൽ ചൂളിപ്പോകുകയും തറവാടിന്റെ ഇരുട്ടിനുള്ളിലേക്ക് നിരന്തരം കടന്നുകളയുകയും ചെയ്യുന്നു. അല്ലെങ്കിൽ ഒച്ചുപോലെ ഓടിന്റെ ഉള്ളിലേക്ക് ആഴ്ന്നുപോയ സ്ത്രീകളുണ്ട്. ആ നോട്ടത്തിന് മുന്നിൽ നിന്ന ധിക്കാരികളായ സ്ത്രീകളെ കുറിച്ചും എം.ടി എഴുതിയിട്ടുണ്ട്. പക്ഷേ, ആകെമൊത്തം ആ നോട്ടത്തിന് മുന്നിൽ ഓരോരുത്തർക്കുമുണ്ടാകുന്ന ഭാവ വ്യത്യാസങ്ങളാണ് എം.ടിയുടെ കഥാപാത്രങ്ങളിൽ കാണാനാകുന്നത്. സമൂഹത്തിന്റെ ഈ പിയർ പ്രഷറിൽനിന്ന് പരിപൂർണമായി സ്വതന്ത്രമാകുന്ന കഥാപാത്രങ്ങളെ എം.ടി എഴുതിയിട്ടുണ്ടോ എന്ന് ഞാൻ ഇവിടെ ആലോചിക്കുകയാണ്. ഇല്ല. അങ്ങനെയൊരു കഥാപാത്രമേ ഇല്ല. മറിച്ച്, അങ്ങനെയുള്ള കഥാപാത്രങ്ങൾക്കുവേണ്ടി എം.ടി പോകുന്നത് ചെറിയ കുട്ടികളിലേക്കാണ്. അവർക്ക് അങ്ങനെ ഒരു പ്രശ്നങ്ങളുമില്ല. അവരെ നോക്കുന്നവർ ആരുമില്ല. അവരുടെ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യം ആഘോഷിക്കുന്നത്.
എം.ടിയുടെ കഥകളിൽ സമൂഹത്തിന് വലിയ പ്രാധാന്യവും വ്യക്തി എന്നത് ഇല്ലാതിരിക്കുകയും ചെയ്തിരുന്ന ഒരുകാലമുണ്ട്. 1953 ഇന്ത്യയിൽ ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തെരഞ്ഞെടുപ്പ് കമീഷനാണ് രാജ്യത്തെ നല്ലൊരു ശതമാനം മനുഷ്യർക്കും പേരിട്ടത് എന്ന് ‘ഗാന്ധിക്ക് ശേഷം ഇന്ത്യ’ എന്ന പുസ്തകത്തിൽ രാമചന്ദ്ര ഗുഹ പറയുന്നുണ്ട്. പലർക്കും അന്ന് പേരില്ല. ജാതിയോ മറ്റെന്തെങ്കിലും അടയാളങ്ങളുമേ ഉള്ളൂ. കലക്ടിവ് ഐഡന്റിറ്റി മാത്രമേ ഉള്ളൂ. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനാണ് ഈ രാജ്യത്തെ ഓരോ മനുഷ്യനോടും പറയുന്നത്, നീയൊരു വ്യക്തിയാണ്, നിനക്കൊരു അഭിപ്രായം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന്. ആ യുഗത്തിലെ മനുഷ്യർക്ക് വ്യക്തിത്വം എന്നത് ഒരു ലക്ഷ്വറി ആണ്. ഒരു ഭാരം ആണ്. അധ്യാത്മികമായ അന്വേഷണം, അതിന്റെ നിറവിലേക്കുള്ള യാത്ര, വൈകാരിക സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയത്നം, സ്വന്തം സന്തോഷത്തിനുവേണ്ടിയുള്ള ജീവിതം എന്നിവയൊന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കില്ല. മറ്റുള്ളവർക്കുവേണ്ടിയാണ് അവർ ജീവിക്കുന്നത്. അച്ഛനും അമ്മക്കും വേണ്ടി ജീവിക്കുന്നു, മക്കൾക്കുവേണ്ടി ജീവിക്കുന്നു. അങ്ങനെ പരസ്പരം പുണർന്ന് ജീവിച്ച കാലത്തിന്റെ വൈകാരിക, സ്പിരിച്വൽ പ്രശ്നങ്ങൾ വളരെ ശക്തമായി ചിത്രീകരിച്ച എഴുത്തുകാരനാണ് എം.ടി. ഈ മനുഷ്യർ ആധുനിക ലോകത്തേക്ക് വരുമ്പോഴുണ്ടാകുന്ന പകച്ചുനോട്ടവും എം.ടിയുടെ കഥകളിൽ കാണാം. എം.ടിയുടെ കഥാപാത്രങ്ങളെ നോക്കുമ്പോൾ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളിലെ മനുഷ്യരുടെ പകച്ചുനോട്ടമാണ് നാം കാണുന്നത്. ആ കാമറയുടെ ലെൻസ് എന്നത് നമുക്ക് ഭൂതകാലത്തേക്കുള്ള കാഴ്ച നൽകുന്ന ഒരു ദ്വാരമാണ്. അവർ അവിടെനിന്ന് നോക്കുന്നത് ആ ദ്വാരത്തിലൂടെ ഭാവിയിലേക്കാണ്. ആ മുഖത്തിന്റെ പരിഭ്രമം എം.ടിയുടെ കഥാപാത്രങ്ങൾക്കുണ്ട്. വെറുതെ ഒരു കാലഘട്ടം ചിത്രീകരിക്കുക അല്ല അദ്ദേഹം ചെയ്തത്. എന്നെന്നും യുഗസന്ധികളിൽ മനുഷ്യർ കണ്ടുമുട്ടുന്ന പ്രശ്നങ്ങൾ, അതിലെ എൻലൈറ്റ്മെന്റ് കണ്ടെത്തുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഇന്ത്യൻ എഴുത്തുകാരിൽ ഏറെ മുന്നിൽ നിൽക്കുന്ന മഹാനായ എഴുത്തുകാരനാണ് എം.ടി എന്ന് ഞാൻ പറയുന്നത്.
ഇതു നാം എങ്ങനെ മനസ്സിലാക്കണം എന്നാണെങ്കിൽ, എഴുത്തുകാരനായ എനിക്ക് വ്യക്തിപരമായി ഏറ്റവും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കഥാപാത്രം എന്റെ അച്ഛനാണ്. വയക്കവീട്ടിൽ ബാഹുലേയൻ പിള്ളയെ മനസ്സിലാക്കാനാണ് ഞാൻ എം.ടിയെ വായിക്കുന്നത്, അല്ലാതെ ജയമോഹനെ മനസ്സിലാക്കാനല്ല. എന്റെ അച്ഛൻ എന്താണ് അങ്ങനെ ആയിരുന്നത്. അദ്ദേഹം എന്തുകൊണ്ടാണ് എന്നെ കണ്ടാൽ ഒരിക്കൽ പോലും ചിരിക്കാതിരുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം അത്രയും ‘സ്റ്റിഫ്’ ആയിരുന്നത്. അച്ഛൻ എപ്പോഴെങ്കിലും ഒറ്റക്കായിരുന്നപ്പോഴെങ്കിലും ഒന്ന് ഇളകിയിട്ടുണ്ടോ, ഉലഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. എന്റെ അച്ഛനെയും അമ്മയെയും അമ്മാവന്മാരെയും അമ്മച്ചിമാരെയും കുറിച്ച് മനസ്സിലാക്കാൻ അവർ ജീവിച്ച കാലത്തെക്കുറിച്ച് അറിയാൻ, ഒരു പരിപൂർണ ചിത്രം നേടാനാണ് ഞാൻ എം.ടിയെ വായിക്കുന്നത്. അതിന് മലയാളത്തിൽ എം.ടിയെ അല്ലാതെ എനിക്ക് മറ്റൊരു എഴുത്തുകാരനെയും സമീപിക്കാനില്ല. ആ ഇമോഷനാലിറ്റിയും സ്പിരിച്വാലിറ്റിയും ചിത്രീകരിച്ചതുകൊണ്ടാണ് അദ്ദേഹം എനിക്ക് ഒരു മേജർ എഴുത്തുകാരനാകുന്നത്.
കാലാതിവർത്തിയായി കൃതികൾ നിൽക്കുന്നത് അതിലേക്ക് കാലാകാലങ്ങളിലുണ്ടാകുന്ന വായനയിലൂടെയാണ്. അങ്ങനെയൊരു വായന എം.ടിയുടെ കൃതികളിലേക്ക് കൊടുക്കുമ്പോൾ ആ കൃതി തിരികെ അധികമായി മടക്കിത്തരുന്നുണ്ടോ എന്നതാണ് ചോദ്യം. അതില്ലെങ്കിൽ ഏതു കൃതിയും ‘ഡെഡ്’ ആണ്. അങ്ങനെ നോക്കുമ്പോൾ കഴിഞ്ഞ കാലത്തിന്റെ പൊളിറ്റിക്കൽ റിയാലിറ്റി മാത്രം മുന്നോട്ടുവെച്ച കൃതികളുണ്ട്. അതിനിന്ന് പ്രസക്തിയില്ല. പക്ഷേ, കഴിഞ്ഞ കാലത്തിന്റെ വൈകാരിക യാഥാർഥ്യങ്ങളെ വരച്ച എം.ടിയുടെ കൃതികൾ ഇന്നും പ്രസക്തമാണ്. കൂടുതൽ ശക്തമായ ചിത്രീകരണമാണ് അതിന്റെ ഇന്നത്തെ വായന നമുക്ക് തരുന്നത്. അസുരവിത്ത് പോലുള്ള ഒരു കൃതിക്ക് കോവിഡ് കാലത്ത് വിചിത്രമായ ഒരു വായനയാണ് തമിഴകത്ത് ഉണ്ടായത്. അതിന്റെ അവസാനത്തിൽ വരുന്ന രോഗം. അവിടെ നെഞ്ചുവിരിച്ച് മുന്നോട്ടുപോകുന്ന ആൾ ഒരു വഷളനാണ്. ഒരു രോഗം വരുമ്പോൾ വഷളന്മാർ മാത്രം നല്ലവരാകുന്നത് എന്തുകൊണ്ടാണെന്ന് ഇവിടെ ഒരാൾ എഴുതി. സാധാരണ കാലങ്ങളിൽ പൊറുക്കികളും കുടികാരന്മാരുമായ ആൾക്കാർക്ക് ഒരു വാല്യുവും ഇല്ലല്ലോ. എം.ടി ഈ കഥ എത്രകാലം മുമ്പ് എഴുതിയതാണ്. എങ്കിലും ഇന്ന് നോക്കുമ്പോൾ എത്ര കാലോചിതമാണത്. അങ്ങനെ അതത് കാലത്തിന്റെ വായന അതിലേക്ക് തിരിയുമ്പോൾ പുതിയ വസ്ത്രം ധരിച്ച് പുതിയ കണ്ടന്റോടെ വന്നുനിൽക്കാൻ കഴിവുള്ള കൃതിയാണോ എന്ന് മാത്രമാണ് ചോദ്യം. അതായത് ‘മൾട്ടിപ്ലിസിറ്റി ഓഫ് റീഡിങ്ങി’ന് സാധ്യത ഉള്ള കൃതി ആണോ എന്ന്. അത് എം.ടിയുടെ കഥകളിൽ തീർച്ചയായും ഉണ്ട്. എം.ടിയുടെ കൃതികളിൽനിന്ന് പഴയ നിരൂപകർ വായിച്ചെടുത്ത കാര്യങ്ങൾക്ക് ഇന്ന് മൂല്യമില്ല. ഇന്ന് ജയമോഹനെപോലുള്ള പുതിയ ക്രിട്ടിക്കുകൾ വായിക്കുന്നതിന് അതിലും പ്രസക്തിയുണ്ട്. എന്റെ മകൻ എഴുത്തുകാരനാണ്. അവൻ വായിക്കുന്ന എം.ടി അവന്റെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത പുതിയ എം.ടിയാണ്.
ഇന്ന് കാലം വ്യത്യസ്തമാണ്. നേരത്തേ പറഞ്ഞ പിയർ പ്രഷർ ഇന്ന് കുറവാണ്. വ്യക്തിത്വത്തിന് വലിയ പ്രാധാന്യം കൈവന്നു. 10 വയസ്സുള്ള ഒരു ബാലൻ പോലും ‘എന്റെ കാര്യത്തിൽ നിങ്ങൾ ഇടപെടണ്ട’ എന്നു പറയുകയാണ്. 15 വയസ്സുള്ള കൗമാരക്കാരിയുടെ മുറിയിലേക്ക് നിങ്ങൾക്ക് കയറാൻ കഴിയില്ല. ആ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരാൾക്ക് എം.ടിയുടെ കാലഘട്ടം അപരിചിതമായി തോന്നാം. പക്ഷേ, സാഹിത്യത്തിൽ ചിലതുണ്ട്. നമ്മൾ ഐഡന്റിഫൈ ചെയ്യുന്ന കാര്യങ്ങളിലൂടെയും കഥകളിലേക്ക് കടക്കാം. നമുക്ക് സ്ട്രെയ്ഞ്ച് ആയി തോന്നുന്ന കാര്യങ്ങൾ വഴിയും കഥയിലേക്ക് കടക്കാൻ കഴിയും. നമ്മൾ എസ്കിമോകളുടെ ജീവിതം വായിക്കുമ്പോൾ അതുവഴി ഒരു മാനുഷിക അവസ്ഥയിലേക്കാണ് പോകുന്നത്. കേരളത്തിൽ ഒരിക്കലും നമ്മൾ മഞ്ഞ് കണ്ടിട്ടുണ്ടാവില്ല. പക്ഷേ, മഞ്ഞിൽ ഒരാൾ പെട്ടുപോയി അവിടെ മരിക്കാൻ പോകുന്നത് വായിക്കുമ്പോൾ ആ ജീവിത മുഹൂർത്തത്തോട് കൂടുതൽ അടുക്കും. അങ്ങനെ ഇന്നത്തെ വായനക്കാരന് പിയർ പ്രഷർ ഉണ്ടായിരുന്ന കാലത്തെ മനുഷ്യരുടെ ജീവിതവും അവരുടെ അതിജീവനവും അറിയാൻ എം.ടിയുടെ വായന സഹായിക്കും. വഷളന്മാർ ഹീറോ ആകുന്ന കാലം, അല്ലെങ്കിൽ സ്വന്തം അച്ഛനോടുള്ള പകവീട്ടാൻ മാത്രം ഒരാൾ ഒരു നാലുകെട്ട് പണിയുന്നു, അല്ലെങ്കിൽ ഇല്ലാതായി പോയൊരു ആളോടുള്ള പകയിൽ വീടു പണിയുന്നു. കാരൈക്കുടി ഭാഗത്ത് ചെട്ടിയാർമാർ വലിയ വലിയ ബംഗ്ലാവുകൾ പണിഞ്ഞിട്ടുണ്ട്. 300 ഉം 400 ഉം മുറികളുള്ള വീടുകൾ. അതിലൊന്നും പത്തുപതിനഞ്ച് കൊല്ലത്തിനപ്പുറം ആരും താമസിച്ചില്ല. അതിനുള്ളിൽ ആ വീടുകൾ പലകാരണങ്ങളാൽ ആൾവാസമില്ലാതായി. അതൊക്കെ ഇന്ന് ടൂറിസം സ്പോട്ടുകളാണ്. ഏത് അച്ഛനോടുള്ള പകകൊണ്ടാകാം ഇവരൊക്കെ ഈ വീടുകൾ പണിതതെന്ന് നാലുകെട്ടിനെ പരാമർശിച്ച് ഒരു വായനക്കാരൻ അടുത്തിടെ ചോദിച്ചിരുന്നു. നമുക്ക് അന്യമായ, അതേസമയം, മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ചില മനോഭാവങ്ങളുണ്ട്. അതിലേക്ക് കടക്കാനുള്ള ഒരു നല്ല ഗേറ്റ് വേ ആണ് എം.ടി.
എം.ടിയുടെ കഥാപാത്രങ്ങൾ പലതും അന്യവത്കരിക്കപ്പെട്ടവരാണ്. സാഹിത്യത്തിൽ എപ്പോഴും അന്യവത്കരിക്കപ്പെട്ടവരാണ് നായകന്മാർ. രണ്ടുതരത്തിലാണ് ഈ അന്യവത്കരണം ഉണ്ടാകുന്നത്. സാമാന്യത്തിൽനിന്ന് കൂടുതലായി അകന്നവർ. ഗാന്ധിയും നാരായണഗുരുവും അന്യവത്കരിക്കപ്പെട്ടവരാണ്. പക്ഷേ, അവരെക്കുറിച്ചാണ് പണ്ട് കാവ്യങ്ങൾ, എപ്പിക്കുകൾ എഴുതപ്പെടുക. അതേപോലെ അസുരവിത്തിലെ ഗോവിന്ദൻകുട്ടി അന്യവത്കരിക്കപ്പെട്ട ആളാണ്. ആധുനിക സാഹിത്യം അവരെക്കുറിച്ചാണ് എഴുതുക. അങ്ങനെ അന്യവത്കരിക്കപ്പെട്ടവരെക്കുറിച്ച് എം.ടി എഴുതിയിട്ടുണ്ട്. അവരെല്ലാം സ്പെസിമെനുകളാണ്. സ്പെസിമെനുകൾ എപ്പോഴും ഒറ്റപ്പെട്ടതായിരിക്കും. പരാജിതരെക്കുറിച്ച് മാത്രമല്ല എം.ടി എഴുയതിയത്. അസുരവിത്തിലെ ഈച്ചഭാഗ്യം ശേഖരൻനായർ വിജയിച്ച മനുഷ്യനാണ്. എം.ടിയുടെ ശക്തനായ കഥാപാത്രങ്ങളിലൊന്നാണ് അയാൾ. ലോകയുദ്ധം കഴിഞ്ഞയുടൻ ഈച്ചഭാഗ്യത്തിലൂടെ മാത്രം പണക്കാരായ നല്ലൊരുവിഭാഗം ആളുകളുണ്ട്. സ്വന്തം ലാഭത്തിനുവേണ്ടി ആരെയും ഉപയോഗിക്കാൻ മടിക്കാത്തവരാണ്. അവരെയാണ് എം.ടി അവിടെ കൊണ്ടുവന്നത്. അങ്ങനെ വിജയിച്ചവരെയും ആ വിജയത്തിന്റെ പൊള്ളത്തങ്ങളെയും എം.ടി എഴുതിയിട്ടുണ്ട്. അല്ലെങ്കിലും പരാജിതൻ എന്നാൽ എന്താണ്. വാരിക്കുഴി എന്ന കഥയിൽ നായകൻ വ്യക്തിപരമായ വൈകാരികത അഥവാ സ്പിരിച്വാലിറ്റിയെ ബലികൊടുക്കുന്നു. പക്ഷേ, മറ്റൊരുതരത്തിൽ അയാൾ വിജയിക്കുന്നു. ഭൗതികമായി അയാൾ നേടുന്നു. അപ്പോൾ പരാജയവും വിജയവും എന്താണ്. ലോകസാഹിത്യത്തിൽ വിജയിച്ചവരുടെ കഥ വളരെ ചുരുക്കമേ എഴുതപ്പെട്ടിട്ടുള്ളു. അതിലൊന്നും എഴുതാനില്ല. പരാജിതന്റെ കഥയിലാണ് സാഹിത്യം.
കേട്ടെഴുത്ത്: എം.എൻ. സുഹൈബ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.