എടവണ്ണ (മലപ്പുറം): മലപ്പുറം എടവണ്ണ പഞ്ചായത്തിലെ കിഴക്കേ ചാത്തല്ലൂരിലെ ആമസോണ്‍ വ്യൂപോയന്റ് കാണാന്‍ പോയ സംഘത്തിലെ യുവാവ് കാൽവഴുതി കൊക്കയിലേക്ക് വീണ് മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേരും അറുപതടി താഴ്ചയിൽ വീണു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മറ്റൊരാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ചട്ടിപ്പറമ്പ് ചെറുകുളമ്പ് സ്വദേശി തോട്ടോളി ലത്തീഫിെൻറ മകൻ റഹ്മാനാണ് (19) മരിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ നിലമ്പൂർ രാമംകുത്ത് സ്വദേശി അക്ഷയ്യെ (18) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും കൈകാലുകൾക്കുമാണ് പരിക്ക്. ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.
ചട്ടിപ്പറമ്പിൽനിന്നെത്തിയ റഹ്മാനും സുഹൃത്തും മല സന്ദർശിക്കവേ, താഴേക്ക് വീഴുകയായിരുന്നു. നിലമ്പൂരിൽനിന്ന് മറ്റൊരു സംഘത്തിലെത്തിയ അക്ഷയ് ഇതുകണ്ടയുടൻ ഓടിയെത്തി യുവാക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് മൂവരും 60 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണത്. എന്നാൽ, റഹ്മാെൻറ സുഹൃത്തിന് രക്ഷപ്പെടാൻ സാധിച്ചു.
വിവരമറിഞ്ഞ് എടവണ്ണ, വണ്ടൂർ പൊലീസും നിലമ്പൂർ ഫയർഫോഴ്സും സന്നദ്ധസംഘടന പ്രവർത്തകരും നാട്ടുകാരും ഉടൻ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. രാത്രി എട്ടോടെ രണ്ടുപേരെയും രക്ഷപ്പെടുത്തി എടവണ്ണയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും റഹ്മാനെ രക്ഷിക്കാനായില്ല.
സംഘം വൈകീട്ട് ആറോടെ മല കയറാൻ പോകുമ്പോൾ തന്നെ പ്രദേശവാസികൾ അങ്ങോട്ടുപോകേണ്ടെന്നും ശക്തമായ മഴയുള്ളതിനാൽ വഴുക്കിവീഴാൻ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. റഹ്മാെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.