സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പൊലീത്ത അന്തരിച്ചു

കോട്ടയം: യാക്കോബായ സഭ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്തയും മര്‍ത്തമറിയം വനിതസമാജം പ്രസിഡന്‍റുമായിരു​ന്ന സഖറിയാസ് മാര്‍ പോളികാര്‍പോസ് (51) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന്​ കോട്ടയം മണര്‍കാട് സെന്‍റ്​ മേരീസ് ആശുപത്രിയിൽ ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന്​ ആറുമാസം മുമ്പ് മലബാര്‍ ഭദ്രാസനത്തിന്‍റെ ചുമതല ഒഴിഞ്ഞ്​ വിശ്രമത്തിലായിരുന്നു.

കബറടക്കം ബുധനാഴ്ച വൈകീട്ട്​ മൂന്നിന്​ മാതൃ ഇടവകയായ കുറിച്ചി സെൻറ്​ മേരീസ് സൂനോറോ പുത്തന്‍പള്ളിയില്‍ നടക്കും. ചൊവ്വാഴ്ച രാത്രി ഏഴുവരെ മണര്‍കാട് സെന്‍റ്​ മേരീസ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികശരീരം തുടർന്ന്​ വിലാപയാത്രയായി കുറിച്ചി സെൻറ്​ മേരീസ് ദേവാലയത്തിലെത്തിച്ചു. കബറടക്ക ശുശ്രൂഷക്ക്​ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കാതോലിക്ക അസിസ്റ്റന്‍റുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് എന്നിവർ മുഖ്യകാര്‍മികത്വം വഹിക്കും.

കോട്ടയം കുറിച്ചി പകലോമറ്റം അമ്പലക്കടവില്‍ കൊച്ചില്ലത്ത് പരേതരായ ചാക്കോ എബ്രഹാമിന്‍റെയും മറിയാമ്മ ചാക്കോയുടെയും ഏഴാമത്തെ പുത്രനായി 1970 ജൂലൈ 23നായിരുന്നു ജനനം. എം.ജി സർവകലാശാലയിൽനിന്ന്​ ഇംഗ്ലീഷിലും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയില്‍നിന്ന് ഹിന്ദിയിലും ബിരുദാനന്തര ബിരുദം നേടി. സെറാമ്പൂര്‍ യൂനിവേഴ്‌സിറ്റിയില്‍ വേദശാസ്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കി.

അഖില മലങ്കര യൂത്ത് അസോസിയേഷന്‍ പ്രസിഡന്‍റ്​, കേഫ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്‍റ്​, നിരണം ഭദ്രാസന യൂത്ത് അസോസിയേഷന്‍ വൈസ്​ പ്രസിഡന്‍റ്​, പരുമല പദ്ധതി കണ്‍വീനര്‍, പകലോമറ്റം അമ്പലക്കടവ് കുടുംബയോഗം പ്രസിഡന്‍റ്​ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്​. 2012ൽ ​മെത്രാപ്പോലീത്തയായ ഇദ്ദേഹം, യൂഹാനോന്‍ മാര്‍ പോളികാര്‍പോസ് മെത്രാപ്പോലീത്തയുടെ വിയോഗത്തോടെയാണ്​ മലബാര്‍ ഭദ്രാസനത്തിന്‍റെ ചുമതല ഏറ്റെടുത്തത്​.

നിരണം ഭദ്രാസന വൈദികനായിരിക്കെ കാവുംഭാഗം സെന്‍റ്​ ജോര്‍ജ്, മേപ്രാല്‍ സെന്‍റ്​ ജോണ്‍സ്, ചേപ്പാട് സെന്‍റ്​ ജോര്‍ജ്, കുന്നന്താനം സെന്‍റ്​ പീറ്റേഴ്‌സ്, ആഞ്ഞിലിത്താനം സെന്‍റ്​ മേരീസ്, പുറമറ്റം സെന്‍റ്​ ജോര്‍ജ്, കല്ലൂപ്പാറ സെന്‍റ്​ ഗ്രിഗോറിയോസ്, മഴുവങ്ങാട് സെന്‍റ്​ മേരീസ് എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്​.

സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാന്യമിത്ര, ഗുരുശ്രേഷ്ഠ, അഗതികളുടെ മിത്രം എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. മീനങ്ങാടി സെന്‍റ്​ മേരീസ് കോളജ്, എല്‍ദോ മാര്‍ ബസേലിയോസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവ സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചത്​ മാര്‍ പോളികാര്‍പോസായിരുന്നു. സഹോദരങ്ങൾ: തങ്കച്ചന്‍, രാജു, സണ്ണി, സാബു, കുഞ്ഞമ്മ, ആലീസ്.

Tags:    
News Summary - Zacharias Mar Polycarpos Metropolitan of Malankara Syriac Orthodox Church passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.