കെ.എസ്.ആർ.ടി.സി മേധാവിയുടെ ഫേസ്ബുക്പോസ്റ്റുകൾ ആരെയും ആവേശം കൊള്ളിക്കുന്നതാണ്. ഓടാതെ കിടക്കുന്ന ബസുകളുടെ നിരക്കു കുറക്കുന്നതിൽ റെക്കോർഡ് നേട്ടം, അർപ്പണബോധത്തോടെയും ചിട്ടയായതുമായ പ്രവർത്തനം. കെ.എസ്.ആർ.ടി.സി മൊത്തത്തിൽ രക്ഷപ്പെടുന്നതിന്‍റെ സന്തോഷം മുഴുവൻ ആ പോസ്റ്റുകളിലുണ്ട്. ഗതാഗത വകുപ്പു മന്ത്രിയുടെ നിർദേശപ്രകാരം കെ.എസ്.ആർ.ടി.സി ബസുകളുടെ ഓഫ്റോഡു നിരക്കു പരമാവധി കുറച്ച് അഞ്ചു ശതമാനമാക്കുന്നതിനു ആരംഭിച്ച പ്രവർത്തനം ഫലപ്രാപ്തിയിൽ എത്തുന്നു.
2024 ജനുവരിയിൽ ഓഫ്റോഡു നിരക്കു 1000 ആയിരുന്നത് ഓഗസ്റ്റിൽ 500ൽ താഴെ എത്തിച്ചുവെന്നതാണ് അവകാശവാദങ്ങളിൽ പ്രമുഖം. 5529 കെ.എസ്.ആർ.ടി.സി ബസുകളും 434 സ്വിഫ്റ്റ്ബസുകളുമടക്കം ആകെ 5963 ബസുകളുള്ളതിൽ ഓടാതെ കിടക്കുന്നവയുടെ എണ്ണം 500ൽ താഴെ എത്തിച്ചു എന്നതാണ് അവകാശവാദം.
ഇതു ശരിയാണെങ്കിൽ 2024 ആഗസ്റ്റ് 12 തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് വക 5463 ബസുകൾ നിരത്തുകളിൽ ഓടിയിരിക്കണം. എന്നാൽ, ഓടിയതു 4448 ബസുകൾ മാത്രം. അതായത് ഓടാതെ കിടന്ന ബസുകൾ 1515. കെ.എസ്.ആർ.ടി.സി മേധാവി അറിയാതെ 1015 ബസുകൾ ഓടാതെ കിടക്കുന്നു എന്നു ചുരുക്കം.
പുതിയ ഗതാഗതമന്ത്രി ചുമതലയേറ്റതോടെ കോർപറേഷൻ പ്രവർത്തനം മെച്ചപ്പെടുന്നുവെന്നു വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ കള്ളക്കണക്കുകൾ സൃഷ്ടിക്കുന്നതെന്നു ജീവനക്കാർ ആരോപിക്കുന്നു.
പതിവിനു വിപരീതമായി കെ.എസ്.ആർ.ടി.സിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഗതാഗതമന്ത്രി നേരിട്ട് ഇടപെടുന്നുണ്ട്. ഡിപ്പോ മേധാവികളടക്കമുള്ളവരുടെ യോഗവും മന്ത്രി വിളിച്ചു കൂട്ടാറുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രിയുടെ കൂടി അറിവോടെയാണ് ഇത്തരത്തിലുള്ള കണക്കുകൾ ഉണ്ടാക്കുന്നതെന്നും ജീവനക്കാർ പറയുന്നു.
കെ.എസ്.ആർ.ടി.സിയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ കയറുന്നതും കോർപറേഷൻ ഏറ്റവും കാര്യക്ഷമമായി സർവീസ് നടത്താൻ ശ്രമിക്കുന്നതും തിങ്കളാഴ്ച ദിവസങ്ങളിലാണ് 2024 ജൂലൈ ഒന്നു മുതലുള്ള തിങ്കളാഴ്ചകളിലെ കണക്ക് ഇങ്ങനെയാണ്.
തിരക്കേറിയ ദിനങ്ങളിൽ പോലും ആയിരത്തി അറുനൂറിലേറെ ബസുകൾ ഓടാതെ കിടക്കുന്നുവെന്ന് ഇൗ കണക്കു സൂചിപ്പിക്കുന്നു. ഓപറേഷൻ വിഭാഗം മേധാവിയാണ് ഇത്തരം കണക്കുകൾ ഉണ്ടാക്കുന്നതിനു പിന്നിലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. 2022 ക്രിസ്മസ് കാലത്ത് സമാനമായ കണക്കുകൾ ഈ വിഭാഗം തയാറാക്കിയിരുന്നുവെങ്കിലും അന്നത്തെ കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പിടികൂടിയിരുന്നു.
ക്രിസ്മസ് തിരക്കു പ്രമാണിച്ച് 1000 ബസുകൾ കൂടുതൽ ഓടിച്ചുവെന്നായിരുന്നു അന്നത്തെ കണക്ക്. പക്ഷേ, എത്ര കിലോമീറ്റർ സർവീസ് നടത്തി എന്ന കണക്കിൽ പതിവിലും വർധന വരുത്താതിരുന്നതാണ് പിടിക്കപ്പെടാൻ കാരണം. കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകിയ സുശീൽഖന്ന പ്രധാന ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവാക്കണമെന്നു നിദേശിച്ചവർ ഇപ്പോഴും കെ.എസ്.ആർ.ടി.സിയിലെ നിർണായക സ്ഥാനങ്ങളിൽ ഇരിക്കുന്നതാണ് ഇത്തരം കണക്കുകളിലൂടെ പുകമറ സൃഷ്ടിക്കപ്പെടാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.