1. മഹേഷ് 2. ശ്രീരാഗ് രാഘവനും ഷാനയും മഹേഷിനൊപ്പം 

പ്രിയ സഹോദരാ, നിങ്ങൾ എവിടെയാണ്...?

ർഷം 2021. ലോകം കോവിഡ് മഹാമാരിയെ അതിജീവിച്ച് ഉയർത്തെഴുന്നേൽക്കുന്ന കാലം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിയന്ത്രണങ്ങളെല്ലാം പിൻവലിച്ച് ജനജീവിതം വീണ്ടും സാധാരണ രീതിയിലാകുന്നു. ഒരുപാടു നാളുകളായി അടച്ചു പൂട്ടിയ മുറിയിലും ജോലിസ്ഥലത്തും മാത്രമായി ചെലവഴിക്കപ്പെട്ട ദിനങ്ങളുടെ മടുപ്പ് മാറ്റാനായി ഒരു ഞായറാഴ്ച ദിവസം കാറുമായി പുറത്തിറങ്ങാൻ തീരുമാനിച്ചു. 

രാവിലെ തന്നെ ഞാനും നല്ലപാതി ഷാനയും കാറെടുത്ത് വയനാട് ലക്ഷ്യമാക്കി യാത്ര തിരിച്ചു. ചുരം കയറി വൈത്തിരിയിൽ എത്തിയപ്പോഴാണ് 900 കണ്ടി ഗ്ലാസ് ബ്രിഡ്ജ് കാണാമെന്ന ആലോചന വന്നത്. അവിടേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദനീയമാണോ എന്നറിയണം. ഒരു സുഹൃത്ത് മൂലം തൊള്ളായിരംകണ്ടിയിൽ തന്നെ താമസിക്കുന്ന “ഷൈൻ “എന്ന് പേരുള്ള ഒരാളുടെ നമ്പർ കിട്ടി. അതിൽ വിളിച്ച് സംശയ നിവാരണം നടത്തി. സഞ്ചാരികൾക്ക് ഇപ്പോൾ പ്രവേശനം സാധ്യമെന്നും എന്നാൽ, പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സാഹസികത നിറഞ്ഞ റോഡായതിനാൽ ജീപ്പിന് മാത്രമേ അവിടെ പോകാൻ സാധിക്കൂ എന്നും അദ്ദേഹമറിയിച്ചു. ജീപ്പ് ഡ്രൈവറായ മഹേഷ് എന്നൊരാളുടെ നമ്പറും തന്നു. ഒന്നു രണ്ടു തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. വീണ്ടും ശ്രമിച്ചപ്പോൾ ലക്ഷ്യംകണ്ടു. മേപ്പാടിയിൽ നിന്നും ചൂരൽമല റോഡിൽ കല്ലാടി എന്ന സ്ഥലത്ത് കാർ പാർക്ക് ചെയ്തു കാത്തിരിക്കാൻ അദ്ദേഹത്തിന്‍റെ നിർദേശം വന്നു. 

ഞങ്ങൾ കല്ലാടിയിലെത്തി ജീപ്പിനായി കാത്തിരുന്നു. അൽപസമയത്തിനു ശേഷം ‘പ്രസാദം’ എന്ന പേരുള്ള ഒരു ജീപ്പ് ഞങ്ങളെ തേടിയെത്തി. ഡ്രൈവിങ് സീറ്റിൽ നിന്നും നിറഞ്ഞ പുഞ്ചിരിയോടെ “സർ, ഞാൻ മഹേഷ് “ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഞങ്ങൾക്കരികിലേക്ക് അയാൾ കടന്നുവന്നു. ഞങ്ങളും പേരുകൾ പറഞ്ഞു പരിചയപ്പെടുത്തി. ഉരുളൻ കല്ലുകളും മഴപെയ്തു കുതിർന്ന ചെളിമണ്ണും നിറഞ്ഞ കുത്തനെയുള്ള പാതയിലൂടെ പ്രസാദത്തിലൂടെയുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു.

സാഹസികമായതാണെങ്കിലും അതിലുപരി അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളെ പിറകിലേക്ക് വകഞ്ഞു മാറ്റിയുള്ള യാത്ര ആനന്ദദായകം. യാത്രയിലുടനീളം മഹേഷേട്ടൻ തൊള്ളായിരംകണ്ടി എസ്റ്റേറ്റിനെ കുറിച്ചും വെള്ളരിമലയെക്കുറിച്ചും, ചൂരൽമലയെ കുറിച്ചും അവിടങ്ങളിലെ ഭൂപ്രകൃതിയെ കുറിച്ചും പ്രകൃതി സൗന്ദര്യത്തെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. യാത്ര ആരംഭിച്ച് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾക്കിടയിലുള്ള അപരിചിത്വം മാറി. മുൻപരിചയമുള്ള ആരുടെയോ കൂടെ സഞ്ചരിക്കുന്ന പ്രതീതി ഞങ്ങൾക്ക് രണ്ടു പേർക്കും അനുഭവപ്പെട്ടു.

അൽപസമയത്തെ ഓഫ് റോഡ് യാത്രക്കൊടുവിൽ ചില്ലുപാലത്തിന്‍റെ പരിസരത്ത് അദ്ദേഹം ഞങ്ങളെ സുരക്ഷിതമായി എത്തിച്ചു. സാധാരണ രീതിയിൽ ഇങ്ങനെയുള്ള ജീപ്പ് സഫാരി ഡ്രൈവർമാർ യാത്രക്കാരെ നിശ്ചിത സ്ഥലത്ത് എത്തിച്ചാൽ വണ്ടിയിൽ തന്നെ കാത്തിരിക്കുകയാണല്ലോ പതിവ്. എന്നാൽ മഹേഷേട്ടൻ ഞങ്ങളുടെ കൂടെ തന്നെ വന്നു. ചുറ്റുമുള്ള മലകളുടെയും ഗ്ലാസ് ബ്രിഡ്ജിന്റെയും പ്രത്യേകതകളെല്ലാം പറഞ്ഞുതന്നു. പരിചയസമ്പന്നനായ ഒരു ഗൈഡിനേപ്പോലെ. ഞങ്ങളുടെ ചിത്രങ്ങൾ പകർത്തി തന്നു. വിഡിയോ എടുത്തു തന്നു. ഗ്ലാസ് ബ്രിഡ്ജിൽ ഞങ്ങൾക്കു രണ്ടുപേർക്കും മാത്രമായി നടക്കുവാൻ അവസരം ഒരുക്കിത്തന്നു. ഗ്ലാസ് ബ്രിഡ്ജിന് തൊട്ടുതാഴെയായി ഒരു വലിയ ഊഞ്ഞാൽ ഉണ്ടായിരുന്നു. ഞങ്ങളെ അതിലിരുത്തി ആട്ടി തന്നു. അങ്ങനെ ഞങ്ങളെ സന്തോഷിപ്പിക്കാനായി അദ്ദേഹം ചെയ്ത ഓരോ പ്രവൃത്തികളും ഞങ്ങൾ വളരെയേറെ ആസ്വദിക്കുണ്ടായിരുന്നു.

ഗ്ലാസ് ബ്രിഡ്ജ് പരിസരത്തു നിന്ന് തിരിച്ച് ഇറങ്ങും വഴി അദ്ദേഹം ഞങ്ങളെ എസ്റ്റേറ്റിനുള്ളിൽ അധികമാരും സന്ദർശിക്കാത്ത അരുവികളും വെള്ളച്ചാട്ടങ്ങളും കാണിച്ചു തന്നു. ഓരോ കാഴ്ചകളും ഞങ്ങളുടെ കണ്ണിനും കാതിനും മനസിനും കുളിരേകുന്നതായിരുന്നു. അവിടുത്തെ പ്രകൃതിയെ അദ്ദേഹം അത്രമേൽ മനസ്സിലാക്കിയിട്ടുണ്ടെന്നും സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കർമ്മങ്ങളിൽ നിന്നും വാക്കുകളിൽ നിന്നും വ്യക്തമായി. മഹേഷേട്ടനോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളിൽ ഓരോന്നിലും ഞങ്ങളെ ആ മനുഷ്യനിലേക്ക് കൂടുതൽ അടുപ്പിക്കുകയായിരുന്നു.

കല്ലാടിയിൽ തിരിച്ചെത്തുമ്പോഴേക്കും മഹേഷേട്ടനോട് ഞങ്ങൾ രണ്ടുപേർക്കും ഒരു മൂത്ത സഹോദരനോടെന്നപോലെ ഒരാത്മബന്ധം ഉടലെടുത്തു കഴിഞ്ഞിരുന്നു. അത്രമേൽ മനോഹരമായ ഒരു ദിവസമായിരുന്നു അദ്ദേഹം ഞങ്ങൾക്ക് സമ്മാനിച്ചത്. അതിന് നന്ദി പറഞ്ഞ് പ്രതിഫലവും കൊടുത്ത് വീണ്ടും കാണാമെന്നു പറഞ്ഞ് കാറിലേക്ക് മടങ്ങുമ്പോൾ അദ്ദേഹം സമ്മാനിച്ച പുഞ്ചിരി ഇന്നും മായാതെ മനസ്സിലുണ്ട്. പിന്നീട് നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും പലപ്പോഴും ഫോൺ സംഭാഷണങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും മഹേഷേട്ടനുമായുള്ള സൗഹൃദം നിലനിർത്തി പോന്നു.




 

2024 ജൂലൈ 30. ഓരോ ലോക മലയാളിയേയും പോലെ ഞാനും ഉറക്കമെഴുന്നേറ്റത് വയനാടെന്ന സ്വപ്നസുന്ദരഭൂമിയുടെ ആ ദുരന്ത വാർത്ത കേട്ടായിരുന്നു. ചൂരൽമല എന്ന സ്ഥലപ്പേരു കേട്ടപ്പോൾ ആദ്യം ഓർമയിൽ വന്നത് മഹേഷേട്ടനെയാണ്. ചൂരൽമലയിലാണ് വീടെന്ന് അദ്ദേഹം അന്ന് പറഞ്ഞതായി ഞാൻ ഓർത്തു. ഉടനെ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടുന്നുണ്ടായിരുന്നില്ല. അയച്ച സന്ദേശങ്ങൾക്കും മറുപടിയില്ലായിരുന്നു. പിന്നീട് ഫോണിൽ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മുണ്ടക്കൈയിലും ചൂരൽമലയിലും പരിസര പ്രദേശങ്ങളിലും നടന്ന ഉരുൾപൊട്ടൽ കേരളം ഇതുവരെ കണ്ടതിൽ വെച്ചേറ്റവും വലിയ ദുരന്തമാണെന്ന് വർത്താ മാധ്യമങ്ങളിലൂടെ മനസ്സിലായി. നൂറുകണക്കിന് സഹോദരങ്ങൾ നമ്മെ വിട്ടു പോയി എന്ന വാർത്ത മഹേഷേട്ടനെ കുറിച്ചുള്ള ആശങ്കകൾ കൂടാൻ ഇടയാക്കി. പിന്നെയും പലതവണ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടു ദിവസത്തിന് ശേഷം മഹേഷേട്ടന്റെ ചില സുഹൃത്തുകളിൽ നിന്നും ഹൃദയത്തെ ഉലച്ച ആ വാർത്തയറിഞ്ഞു. ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മറഞ്ഞുപോയ മറ്റു സഹോദരങ്ങൾക്കിടയിൽ മഹേഷേട്ടനും… വേദനയോടെയാണ് ഞാനാ വാർത്ത ശ്രവിച്ചത്. മഹേഷേട്ടനുമായി ചെലവഴിച്ച നിമിഷങ്ങളെല്ലാം ഒരു നിമിഷം മനസിൽ മിന്നിമാഞ്ഞു. കണ്ണടച്ചാൽ എനിക്കാമനുഷ്യന്റെ പുഞ്ചിരിക്കുന്ന മുഖം കാണാമായിരുന്നു. മണ്ണിനെയും മലകളെയും മനുഷ്യരെയും സ്നേഹിച്ച പച്ചയായ ആ മനുഷ്യനെ ആ മലതന്നെ കവർന്നെടുത്തു. മറക്കില്ല ഒരിക്കലും ജീവനുള്ളിടത്തോളം. ഒരു ദിവസത്തെ പരിചയത്തിലൂടെ മനസിൽ ഇടംകണ്ട ഒരു സുഹൃത്തിനെ നഷ്ടപ്പെട്ട എന്റെ മനോവേദനയുടെ എത്രയിരട്ടിയായിരിക്കും ഉറ്റവരും ഉടയവരും ജനിച്ച മണ്ണും നഷ്ടപ്പെട്ട മറ്റ് സഹോദരങ്ങൾക്ക് എന്ന് ഞാൻ ഓർത്തു.

ഈ മഹാദുരന്തത്തിൽ എത്രയെത്ര മനുഷ്യർക്കാണ് ഒരു രാത്രിക്കും പകലിനുമിടയിൽ ജീവനും ജീവിതവും നഷ്ടമായത്. അവരുടെ പ്രിയപ്പെട്ടവർക്ക് മുന്നിൽ എന്ത് ആശ്വാസവാക്കുകൾക്കാണ് സ്ഥാനമുള്ളത്. ഒന്നു കരയാൻ പോലും പറ്റാതെ, മനസു മരവിച്ചു പോയ ആ സഹോദരങ്ങളെ നമുക്ക് ചേർത്തുപിടിക്കാം. അവരുടെ മുന്നോട്ടുള്ള ജീവിതത്തിനു വേണ്ടി നമുക്ക് തന്നാലാവുന്നത് ചെയ്യാം. മഹേഷേട്ടനെ മണ്ണെടുത്തു എന്ന് വിശ്വസിക്കാനാവില്ല. ഇത്രമാത്രം പ്രകൃതിയെയും മണ്ണിനേയും സ്നേഹിക്കുന്ന ആ മനുഷ്യനെ എങ്ങിനെ മണ്ണെടുക്കും. എപ്പോഴെങ്കിലും നിങ്ങളുടെ ഫോണിൽ നിന്ന് ഒരു വിളി, അല്ലെങ്കിൽ ഒരു സന്ദേശം... അതെ ഈ അനുജൻ കാത്തിരിക്കട്ടെ.

Tags:    
News Summary - Dear brother, where are you

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.