യൂറോപ്പിലേക്ക് കയറ്റി അയക്കാനുള്ള കുരുത്തോല ഓരോന്നും ഗ്രേഡനുസരിച്ച് തരംതിരിക്കുന്നു

ഇരിങ്ങാലക്കുടയിൽനിന്ന് യൂറോപ്പിലേക്കൊരു കുരുത്തോല പ്രദക്ഷിണം

പ്രദക്ഷിണവഴിയിൽ ഒരു കുരുത്തോല എത്ര ദൂരം സഞ്ചരിക്കും? പത്ത് കിലോമീറ്റർ എന്നത് ഇത്തിരി അതിശയോക്തി കലർന്ന കണക്കാണ് കേരളത്തിൽ. കാരണം, കുരുത്തോല കിട്ടാൻ ഇത്രയേറെ ദൂരം പോകേണ്ടതില്ല, കുരുത്തോല പ്രദക്ഷിണങ്ങളും അത്ര ദൂരമുണ്ടാകില്ല. എന്നാൽ, കുറച്ചുവർഷങ്ങളായി ഇരിങ്ങാലക്കുടയിൽനിന്ന് കുരുത്തോലകൾ യാത്ര തിരിക്കുന്നത് യൂറോപ്പിലേക്കാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ വത്തിക്കാനിലേക്കും യു.കെയിലേക്കും ഇറ്റലിയിലേക്കും ഹോളണ്ടിലേക്കും ഫ്രാൻസിലേക്കും ബെൽജിയത്തിലേക്കും ജർമനിയിലേക്കുമൊക്കെ. ഈ പോകുന്ന കുരുത്തോലകളൊന്നും തൃശൂരിലേയോ കേരളത്തിലേയോ തെങ്ങിൻ മണ്ടയിൽ വിരിഞ്ഞ വിപണന സാധ്യതയല്ല. തമിഴ്നാട്ടിൽനിന്ന് ഇരിങ്ങാലക്കുടയിലെത്തിച്ച് യൂറോപ്യൻ സ്റ്റാന്റേർഡ് പ്രകാരം സംസ്കരിച്ച ശേഷമാണ് ഓരോ കുരുത്തോലക്കും വിദേശരാജ്യങ്ങൾ പുൽകാൻ യോഗമൊക്കുന്നത്.

യൂറോപ്പിലേക്ക് കയറ്റി അയക്കാനുള്ള കുരുത്തോല തുടച്ചുവൃത്തിയാക്കിയ ശേഷം കാർട്ടണിൽ നിറക്കുന്നു

ഇരിങ്ങാലക്കുടയിൽ നിന്ന് കുരുത്തോല യൂറോപ്യൻ പ്രയാണം തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. വർഷങ്ങളായി ഈ രംഗത്ത് സജീവമായ ജി.കെ. ഇന്റർനാഷനൽ എന്ന സ്ഥാപനമാണ് യൂറോപ്പിലെ വിശ്വാസികളുടെ കൈകളിൽ ഇവയെത്തിക്കുന്നത്. യു.കെയിലേക്കാണ് ആദ്യം അയക്കുക. അവിടെ നിന്ന് ഇടവകകളിലേക്കും അയൽ രാജ്യങ്ങളിലേക്കും ഇവ വീണ്ടും നീങ്ങും. ഇക്കുറി കാൽ ലക്ഷം കുരുത്തോലകളാണ് വിശ്വാസികളുടെ കയ്യിൽ ഉയർന്നുപാറാൻ ഇറങ്ങിത്തിരിച്ചത്. തുടക്കകാലത്ത് ഇത് ആയിരമായിരുന്നു. ഓശാന ഞായറിന് വിശ്വാസികളുടെ കയ്യിൽ എത്തേണ്ട കുരുത്തോലകൾ ഇതിനകം വിമാനമേറിക്കഴിഞ്ഞു.

യൂറോപ്യൻ സ്റ്റാന്റേർഡ് ഓപറേഷൻ പ്രൊസീജ്യർ അനുസരിച്ചുള്ള പരിശോധന കഴിഞ്ഞ ശേഷമേ കയറ്റുമതിക്കുള്ള അനുമതി തരപ്പെടൂ. ആദ്യകാലത്ത് മഹാരാഷ്ട്രയിൽ നിന്നാണ് ഓല സംഘടിപ്പിച്ചിരുന്നത്. ഇടക്കാലത്ത് കേരളത്തിൽ നിന്നും സംഘടിപ്പിച്ചു. നിലവിൽ തമിഴ്നാട്ടിൽ നിന്നാണ് പൂർണ സംഭരണം. ലഭ്യത ഉറപ്പായതാണ് തമിഴ്നാടിന് അനുകൂലമായതെന്ന് സ്ഥാപന ഉടമ ഗോപാലകൃഷ്ണൻ നായർ പറഞ്ഞു. വർഷം മുഴുവൻ സംസ്കരിച്ച പച്ചക്കറികൾ യൂറോപ്പിലേക്കും യു.കെയിലേക്കും അയക്കുന്നുണ്ട്. അതിനൊപ്പം വർഷത്തിലൊരിക്കലാണ് കുരുത്തോല കയറ്റുമതി. വിശ്വാസികൾക്ക് കൃത്യമായി സമയത്തിന് കുരുത്തോലയെത്തിക്കുക എന്നതാണ് ലാഭത്തേക്കാൾ കൂടുതൽ ഊന്നൽ നൽകുന്ന കാര്യമെന്നും ഗോപാലകൃഷ്ണൻ നായർ പറയുന്നു.

യൂറോപ്പിലേക്ക് കയറ്റി അയക്കാനുള്ള കുരുത്തോല തുടച്ചുവൃത്തിയാക്കിയ ശേഷം കീടസാന്നിധ്യമില്ലെന്ന് മാഗ്നോസ്കോപ്പിലൂടെ പരിശോധിക്കുന്നു

'യു.കെയിൽ എത്തിച്ച ശേഷം അവിടെ നിന്നാണ് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ഇലയുടെ ഫ്രഷ്നെസ് ഒട്ടും ചോരാതെയാണ് ഓരോന്നും വിശ്വാസികളുടെ കയ്യിൽ എത്തുക. അതാണ് സംസ്കരണത്തിന്റെ മെച്ചവും'- അദ്ദേഹം പറഞ്ഞു. യൂറോപ്പിലേക്കും യു.കെയിലേക്കും മാമ്പഴമടക്കം കയറ്റി അയക്കാൻ അനുമതി പത്രമുള്ള സ്ഥാപനമാണ് ജി.കെ ഇന്റർനാഷനൽ. കാർഷികോൽപന്നങ്ങളും സംസ്കരിച്ച ഭക്ഷണ പദാർഥങ്ങളും കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാറിന്റെ അനുമതി പത്രവുമുണ്ട്.

ജി.കെ ഇന്റർനാഷനലിന്റെ ഇരിങ്ങാലക്കുടയിലെ കാർഷികോൽപന്ന സംസ്കരണകേന്ദ്രം

ഈ ഞായർ ഓശാന ഞായർ

കുരിശാരോഹണത്തിനു മുമ്പ് ഒരിക്കല്‍ യേശു കഴുതപ്പുറത്ത് ജറുസലേമിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ കുരുത്തോലകളും ഒലിവിലകളും ഈന്തപ്പനയോലകളും വീശി എതിരേറ്റതിന്‍റെ ഓർമ പുതുക്കാനാണ് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നത്. യേശുവും ശിഷ്യന്മാരും ജറുസലേമില്‍ വന്ന ദിവസമാണ് ഓശാന ഞായര്‍. കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടുകയാണ്. ഈസ്റ്ററിന് തൊട്ടു മുമ്പുള്ള ഞായറാണിത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാർഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.

കയറ്റുമതിക്ക് സജ്ജമായ കാർഷികോൽപന്നങ്ങൾ ശീതീകരിച്ച ഹാളിൽ സൂക്ഷിച്ചിരിക്കുന്നു 

വിശ്വാസികള്‍ പ്രാർഥനക്കുശേഷം വീട്ടിലേക്ക് പോകുമ്പോള്‍ കുരുത്തോലയും കൊണ്ടുപോകും. ആഷ് വെനസ്ഡേ എന്നറിയപ്പെടുന്ന കരിക്കുറിപ്പെരുന്നാളിന് തലേ കൊല്ലത്തെ കുരുത്തോല കത്തിച്ച് ചാരമാക്കുന്നു. ആ ചാരംകൊണ്ട് നെറ്റിയിൽ കുറിവരക്കും. കരിക്കുറി പെരുന്നാള്‍, പെസഹ വ്യാഴം, ദുഃഖ വെള്ളി, ദുഃഖശനി, ഈസ്റ്റര്‍ എന്നിവയോടെയാണ് വിശുദ്ധവാരാചരണം സമാപിക്കുന്നത്.

Tags:    
News Summary - Journey of Kuruthola leaf from Irinjalakuda to Europe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.