നെയ്റോബി: മുൻ കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയ ഒളിമ്പിക്‌സ് അത്‌ലറ്റ് റെബേക്ക ചെപ്‌റ്റെഗി ദിവസങ്ങൾക്കുശേഷം കെനിയയിൽ മരിച്ചു. അടുത്തിടെ നടന്ന പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത 33 കാരിയായ ഉഗാണ്ടൻ മാരത്തൺ ഓട്ടക്കാരിക്ക് ആക്രമണത്തിന് ശേഷം സാരമായി പൊള്ളലേറ്റിരുന്നു. രണ്ട് പെൺമക്കളുമൊത്ത് പള്ളിയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് അവളെ ലക്ഷ്യമിട്ടതെന്ന് റെബേക്ക താമസിക്കുകയും പരിശീലനം നേടുകയും ചെയ്യുന്ന വടക്ക്-പടിഞ്ഞാറൻ കെനിയയിലെ അധികൃതർ പറഞ്ഞു.
ഏറെ തുണയായി നിന്നിരുന്ന മകളെ തനിക്ക് നഷ്ടപ്പെട്ടുവെന്ന് റെബേക്കയുടെ പിതാവ് ജോസഫ് ചെപ്‌റ്റെഗി പറഞ്ഞു. മറ്റ് ഓട്ടക്കാരെ സാമ്പത്തികമായി സഹായിച്ചിരുന്ന റെബേക്കയുടെ ഉദാരതയെക്കുറിച്ച് സഹ ഉഗാണ്ടൻ അത്‌ലറ്റ് ജെയിംസ് കിർവയും അനുസ്മരിച്ചു. ഒളിമ്പിക്‌സ് കഴിഞ്ഞ് മടങ്ങിയപ്പോൾ എനിക്ക് പരിശീലന ഷൂസ് കൊണ്ടുവന്നുതന്നു. എനിക്കൊരു മൂത്ത സഹോദരിയെപ്പോലെയായിരുന്നു അവളെന്നും കിർവ പറഞ്ഞു.
കായികതാരവും അവരുടെ മുൻ പങ്കാളിയും ഒരു സ്ഥലത്തെചൊല്ലി തർക്കത്തിലായിരുന്നുവെന്നും അതിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഈ സംഭവമെന്നും പൊലീസ് പറഞ്ഞു. ഉഗാണ്ടയിലെ പ്രാന്തപ്രദേശത്തുനിന്നുള്ള റെബേക്ക, ട്രാൻസ് എൻസോയ കൗണ്ടിയിൽ ഒരു പ്ലോട്ട് വാങ്ങുകയും കെനിയയിലെ എലൈറ്റ് അത്‌ലറ്റിക്സ് പരിശീലന കേന്ദ്രങ്ങൾക്ക് സമീപം ഒരു വീട് നിർമിക്കുകയും ചെയ്തിരുന്നുവത്രെ.
കെനിയയിൽ വനിതാ അത്‌ലറ്റുകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ ആശങ്കയുയർത്തിയിരിക്കുകയാണിത്. 2021 ഒക്‌ടോബറിനുശേഷം കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് റെബേക്ക. 2021ൽ കിഴക്കൻ ആഫ്രിക്കൻ അത്‌ലറ്റുകളായ ആഗ്നസ് ടിറോപ്പിന്റെയും തൊട്ടടുത്ത വർഷം ഡാമറിസ് മുതുവയുടെയും കൊലപാതകത്തിന് ശേഷമാണിത്. രണ്ട് കേസുകളിലും അവരുടെ പങ്കാളികളെ പ്രധാന പ്രതികളായി തിരിച്ചറിഞ്ഞിരുന്നു. സമ്പത്ത് മുതലെടുക്കാൻ ലക്ഷ്യമിട്ട് വനിതാ കായികതാരങ്ങളെ ബോധപൂർവം ചിലർ ഇരയാക്കുന്നതായി ആരോപിക്കപ്പെടുന്നു.
തന്റെ മകളുടെ മരണശേഷം നീതി ഉറപ്പാക്കണമെന്ന് അവൾ ചികിത്സയിലായിരുന്ന ആശുപത്രിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പിതാവ് ചെപ്‌റ്റെഗെ കെനിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ‘ഞങ്ങൾക്ക് അന്നദാതാവിനെ നഷ്ടപ്പെട്ടു’വെന്നും അദ്ദേഹം പരിതപിച്ചു. അവൾക്ക് 12ഉം 13ഉം വയസ്സുള്ള രണ്ട് കുട്ടികളാണ്. എങ്ങനെ അവരുടെ വിദ്യാഭ്യാസവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. എല്ലാ അവയവങ്ങളും തകരാറിലായതിനെ തുടർന്നാണ് കായികതാരം മരിച്ചതെന്ന് എൽഡോറെറ്റിലെ മോയി ടീച്ചിംഗ് ആൻഡ് റഫറൽ ഹോസ്പിറ്റൽ മേധാവി ഡോ ഓവൻ മെനാച്ച് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
‘ഗാർഹിക പീഡനത്തിന് ദാരുണമായി ഇരയായ ഞങ്ങളുടെ അത്‌ലറ്റ് റെബേക്ക ചെപ്‌റ്റെഗെയുടെ വേർപാട് അറിയിക്കുന്നതിൽ അതിയായ ദുഃഖമുണ്ട്. ഒരു ഫെഡറേഷൻ എന്ന നിലയിൽ ഞങ്ങൾ അത്തരം പ്രവൃത്തികളെ അപലപിക്കുകയും നീതി ആവശ്യപ്പെടുകയും ചെയ്യുന്നു. അവളുടെ ആത്മാവിന് ശാന്തി നേരുന്നു -ഉഗാണ്ട അത്‌ലറ്റിക്‌സ് ഫെഡറേഷൻ എക്‌സിലെ പോസ്റ്റിൽ അനുശോചിച്ചു. റെബേക്കയുടെ മുൻ കാമുകനെയും പൊള്ളലേറ്റ് എൽഡോറെറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണെങ്കിലും നില മെച്ചപ്പെടുകയും സ്ഥിരത കൈവരിക്കുകയും ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
ഇക്കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സിൽ മാരത്തണിൽ 44ാമതായാണ് റെബേക്ക ഫിനിഷ് ചെയ്തത്. 2022 ൽ തായ്‌ലൻഡിലെ ചിയാങ് മായിൽ നടന്ന വേൾഡ് മൗണ്ടൻ ആൻഡ് ട്രയൽ റണ്ണിംഗ് ചാമ്പ്യൻഷിപ്പിൽ അവർ സ്വർണം നേടിയിരുന്നു.
സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ കെനിയയിൽ ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു. 2022ൽ 34% സ്ത്രീകളെങ്കിലും തങ്ങൾ ശാരീരിക പീഡനം അനുഭവിച്ചതായി ഒരു ദേശീയ സർവേയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.