പാരിസ്: പാരാലിമ്പിക്സ് മെഡൽ വേട്ടയിൽ ഇന്ത്യക്ക് സർവകാല റെക്കോഡ്. മെഡൽനേട്ടം 20 കടന്നതോടെ ടോക്കിയോ പാരാലിമ്പിക്സിലെ നേട്ടം മറികടന്നു. 19 മെഡലുകളാണ് ടോക്യോയിൽ ഇന്ത്യ നേടിയത്. മൂന്ന് സ്വർണം, ഏഴ് വെള്ളി, പത്ത് വെങ്കലം എന്നിങ്ങനെയാണ് പാരിസിലെ ഇന്ത്യയുടെ മെഡൽ കൊയ്ത്ത്. കൂടുതൽ മത്സരങ്ങളിൽ ഫൈനൽ റൗണ്ടിലേക്ക് എത്തിയതിനാൽ മെഡൽ നേട്ടം വീണ്ടും ഉയരുമെന്നാണ് ഇന്ത്യൻ ക്യാമ്പിന്‍റെ പ്രതീക്ഷ.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാത്രം ഇന്ത്യ 13 മെഡലുകൾ സ്വന്തമാക്കിയിരുന്നു. പത്ത് മീറ്റർ എയർ റൈഫിളിൽ അവനി ലേഖര, ബാഡ്മിന്‍റൻ സിംഗ്ൾസിൽ നിതേഷ് കുമാർ, ജാവലിനിൽ സുമിത് ആന്‍റിൽ എന്നിവരാണ് പാരിസിൽ ഇന്ത്യയുടെ സ്വർണ മെഡൽ ജേതാക്കൾ. ശരത് കുമാർ (ഹൈജമ്പ്), മനിഷ് നർവാൾ (ഷൂട്ടിങ് - പത്ത് മീറ്റർ എയർ റൈഫിൾ), യോഗേഷ് കതുനിയ (ഡിസ്കസ് ത്രോ), തുളസിമതി മുരുഗേശൻ (വിമൻസ് ബാഡ്മിന്‍റൻ സിംഗ്ൾസ്), നിഷാദ് കുമാർ (ഹൈജമ്പ്), സുഹാസ് യതിരാജ് (മെൻസ് ബാഡ്മിന്‍റൻ സിംഗ്ൾസ്), അജീത് സിങ് (ജാവലിൻ) എന്നിവർ വെള്ളി സ്വന്തമാക്കി.
മോണ അഗർവാൾ (വനിതാ വിഭാഗം ഷൂട്ടിങ് - 10 മീറ്റർ എയർ റൈഫിൾ), പ്രീതി പാൾ (100 മീറ്റർ സ്പ്രിന്‍റ്), പ്രീതി പാൾ (200 മീറ്റർ സ്പ്രിന്‍റ്), റുബിന ഫ്രാൻസിസ് വനിതാ വിഭാഗം ഷൂട്ടിങ് - 10 മീറ്റർ എയർ പിസ്റ്റൾ), മനിഷ രാംദാസ് (വനിതാ സിംഗ്ൾസ് ബാഡ്മിന്‍റൻ), രാകേഷ് കുമാർ / ശീതൾ ദേവി (മിക്സ്ഡ് ടീം കോംപൗണ്ട്), നിത്യശ്രീ ശിവൻ (ബാഡ്മിന്‍റൻ സിംഗ്ൾസ്), മാരിയപ്പൻ തങ്കവേലു (ഹൈജമ്പ്), ദീപ്തി ജീവൻജി (400 മീറ്റർ ഓട്ടം), സുന്ദർ സിങ് ഗുർജർ (ജാവലിൻ) എന്നിവരാണ് ഇന്ത്യയുടെ വെങ്കല മെഡൽ ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.