ഒളിമ്പിക്‌സ് വേദിയില്‍ ചുവടുപിഴച്ച ഇന്ത്യന്‍ സ്‌പോര്‍ട്‌സ്

ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയുടെ പാരിസ് ഒളിമ്പിക്‌സിലെ പ്രകടനം തീര്‍ത്തും നിരാശാജനകമാണ്. ഇരുന്നൂറിലധികം രാജ്യങ്ങള്‍ പങ്കെടുത്ത ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് കഴിഞ്ഞ തവണത്തെ പ്രകടനം പോലും നിലനിര്‍ത്താനാകാതെ ചുവടുപിഴച്ചത് കായികരംഗത്തിന്റെ തകര്‍ച്ചയുടെ തെളിവായി. ഒളിമ്പിക്‌സില്‍ ആദ്യമായി പങ്കെടുത്ത് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും വളരെ കുറച്ച് മെഡലുകള്‍ മാത്രമാണ് രാജ്യത്തിന് നേടാന്‍ കഴിഞ്ഞിട്ടുള്ളത്.

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ നമ്മുടെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും എല്ലാ തരത്തിലുമുള്ള കായിക സൗകര്യങ്ങളും അവസരങ്ങളും ലഭ്യമാകുന്നുവെന്ന നിലയിലേക്കുള്ള സമ്പൂര്‍ണമായ ജനാധിപത്യവത്കരണം ഉണ്ടാകേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, കായികസംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സമ്പൂര്‍ണ സഹകരണം ആവശ്യമുള്ള ബഹുമുഖ കാഴ്ചപ്പാടായി വേണം ഇതിനെ വീക്ഷിക്കേണ്ടത്. കായികരംഗത്ത് വര്‍ഗീയ രാഷ്ട്രീയത്തിന്റെ അതിപ്രസരം നടമാടുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമാണുള്ളത്. ലോകമെമ്പാടുമുള്ള ജി.ഡി.പിയുടെ കായികരംഗത്തു നിന്നുള്ള ശരാശരി സംഭാവന പരിശോധിക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും വളരെ പരിമിതമായ വിഹിതം മാത്രമാണ് ഇന്ത്യ സംഭാവന ചെയ്യുന്നത്.

കായിക മേഖലയിലും തുടരുന്ന കേന്ദ്ര അവഗണന

കേരളത്തിന്റെ വികസനം സംബന്ധിച്ച് സമഗ്രവും വ്യക്തവുമായ കാഴ്ചപ്പാടുമായാണ് ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാറുകള്‍ എല്ലാ കാലവും പ്രവര്‍ത്തിക്കുന്നത്. കേരള സമൂഹത്തിന് ആവശ്യമായ അടിസ്ഥാന കായിക സൗകര്യങ്ങളുടെ ലഭ്യത, ഗുണനിലവാരമുള്ള കായികപഠനം എന്നിവ ഉറപ്പുവരുത്തുന്ന സംഘടിതവും ബോധപൂര്‍വവുമായ പുരോഗതിക്കാണ് പ്രാധാന്യം നല്‍കുന്നത്. വ്യക്തിഗതവും സാമൂഹികവുമായ നേട്ടങ്ങള്‍ ഉറപ്പുവരുത്തുക എന്ന ഉന്നതമായ ലക്ഷ്യത്തോടെ അടിസ്ഥാനതലം മുതല്‍ വരേണ്യവര്‍ഗം വരെയുള്ള എല്ലാവരിലും കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുക എന്നതും പരമപ്രധാനമാണ്.

സാമ്പത്തിക ലഭ്യത ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേക്കാലമായി നിലനില്‍ക്കുന്ന അവഗണനക്കൊപ്പം കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്യത്തിലും തികഞ്ഞ അനാസ്ഥയും മെല്ലെപ്പോക്കും തുടരുകയാണ്. സമഗ്രവികസനത്തിന് പ്രോത്സാഹനം നല്‍കുന്നതിനു പകരം കേന്ദ്ര സര്‍ക്കാറിനെ പിന്തുണക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമായി കായിക വികസന ഫണ്ട് അനുവദിക്കുന്നതും മറ്റു സംസ്ഥാനങ്ങളെ പിന്നോട്ടടിപ്പിക്കാന്‍ ഇടവരുത്തുന്നു. ഖേലോ ഇന്ത്യ ഫണ്ടിന്റെ ഭൂരിഭാഗവും ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലേക്കാണ് നല്‍കുന്നത്. നീക്കിവച്ച 2168.78 കോടിയില്‍ 438.27 കോടി ഉത്തര്‍പ്രദേശിനും 426.13 കോടി ഗുജറാത്തിനും അനുവദിച്ചു. പ്രതിപക്ഷ കക്ഷികളുടെ സര്‍ക്കാറുകള്‍ ഭരിക്കുന്ന കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വളരെ തുച്ഛമായ തുകയാണ് അനുവദിച്ചത്.

ഇന്ത്യയുടെ കായികഭൂപടത്തില്‍ തനതായ സംഭാവന നല്‍കിയിട്ടുള്ള സംസ്ഥാനമാണ് കേരളം. ദേശീയ പ്രാതിനിധ്യം പരിശോധിക്കുമ്പോള്‍ മലയാളി സാന്നിധ്യം മിക്കവാറും എല്ലാ ടീമിലും ഉണ്ടാകും. ഇത്തരത്തില്‍ നിരവധി താരങ്ങളെ വാര്‍ത്തെടുക്കുന്ന കേരളത്തിന് എല്ലാ കാലവും അവഗണന മാത്രം നല്‍കുന്നത് അംഗീകരിക്കാനാവില്ല. കേരളവും ഇന്ത്യയുടെ ഭാഗമാണെന്ന ചിന്ത രാജ്യത്തെ നയിക്കുന്നവര്‍ക്ക് ഉണ്ടാകണം. വികസനത്തിന്റെ സമസ്തമേഖലകളും പരിശോധിക്കുമ്പോള്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനു ബദലായി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഓരോ ഘട്ടത്തിലും അധിക വരുമാനം കണ്ടെത്തി കായികവികസനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സജീവമായി മുന്നോട്ടുപോകുന്നതിനുള്ള സുശക്തമായ പ്രവര്‍ത്തനമാണ് നടത്തുന്നത്.

പാരിസില്‍ ശോഭ നഷ്ടപ്പെട്ട ഇന്ത്യന്‍ പ്രകടനം

പാരിസില്‍ ഒരു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ കേവലം ആറു മെഡല്‍ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. 2020ലെ ടോക്യോ ഒളിമ്പിക്‌സില്‍ 48-ാം സ്ഥാനത്ത് ആയിരുന്ന ഇന്ത്യ പാരിസില്‍ 71-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യന്‍ കായിക രംഗത്ത് നിലനില്‍ക്കുന്ന അനിയന്ത്രിതമായ രാഷ്ട്രീയ ഇടപെടലുകളും ദീര്‍ഘവീക്ഷണമില്ലാത്ത മത്സര തയാറെടുപ്പുകളും ഗൗരവമായി വിശകലനം ചെയ്യണമെന്ന പാഠമാണ് പാരീസ് നമ്മെ പഠിപ്പിക്കുന്നത്. ജനസംഖ്യയില്‍ സമ്പന്നമായ ഇന്ത്യക്ക് ഒരു സ്വര്‍ണം പോലും നേടാനാകാത്തതിന്റെ യഥാർഥ കാരണം പഠനവിധേയമാക്കേണ്ടതുണ്ട്. രണ്ടുലക്ഷത്തിനു താഴെ ജനസംഖ്യയുള്ള സെന്റ് ലൂസിയ എന്ന ചെറുദ്വീപ് രാഷ്ട്രം പോലും സ്വര്‍ണം നേടി മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ മുകളിലെത്തി. ദരിദ്ര രാഷ്ട്രങ്ങളായ കെനിയയും ഉഗാണ്ടയും ഉള്‍പ്പെടെയുള്ളവര്‍ക്കും സ്വര്‍ണത്തിളക്കമുണ്ട്. യുദ്ധക്കെടുതികള്‍ക്കിടയില്‍ നിന്നും സധൈര്യം എത്തിയ യുക്രെയ്ൻ താരങ്ങള്‍ മൂന്ന് സ്വര്‍ണം ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവച്ചു. പ്രബല കമ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബ രണ്ട് സ്വര്‍ണ മെഡലുകളടക്കം നേടി മികച്ചു നിന്നു.

പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ 470 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചത്. അത്‌ലറ്റിക്‌സിനാണ് കൂടുതല്‍ തുക ചെലവായത്. 96.08 കോടി 29 അംഗ ടീമിനായി ഉപയോഗിച്ചത്. ബാഡ്മിന്റണ്‍ 72.02 കോടി, ബോക്‌സിങ് 60.93 കോടി, ഷൂട്ടിങ് 60.43 കോടി, ഹോക്കി 41.29 കോടി, അമ്പെയ്ത്ത് 39.18 കോടി എന്നിങ്ങനെയാണ് പ്രധാന ഇനങ്ങള്‍ക്ക് ചെലവഴിച്ച തുക. ഗുസ്തിക്കാര്‍ക്ക് 37.80 കോടി ചെലവിട്ടു. ഒളിമ്പിക്‌സിന് തൊട്ടുമുമ്പായി അത്‌ലറ്റിക്‌സ് ടീമിന് മൂന്നു രാജ്യങ്ങളില്‍ പരിശീലനം നല്‍കി. ഷൂട്ടിങ്ങിനും അമ്പെയ്ത്തിനും 36 ദേശീയക്യാമ്പുകള്‍ വീതം നടത്തിയിരുന്നു. നിരവധിതാരങ്ങള്‍ക്ക് വിദേശപരിശീലനം, അന്തര്‍ദേശീയ മത്സര പങ്കാളിത്തം, ടീമിനൊപ്പം അനുഗമിച്ച 13 അംഗ മെഡിക്കല്‍ സംഘം തുടങ്ങി മുമ്പെങ്ങുമില്ലാത്ത വിപുലമായ സൗകര്യങ്ങളോടെയാണ് ഇന്ത്യ പാരിസില്‍ എത്തിയത്.

കേന്ദ്ര കായിക മന്ത്രാലയം കഴിഞ്ഞ കുറേക്കാലങ്ങളായി താരങ്ങള്‍ക്കെതിരായി സ്വീകരിക്കുന്ന സമീപനവും പലപ്പോഴായി നടപ്പാക്കുന്ന വികലമായ കായിക നയങ്ങളും കായിക വളര്‍ച്ചയെ മുരടിപ്പിക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്. അന്തർദേശീയരംഗത്ത് നേട്ടങ്ങള്‍ കരസ്ഥമാക്കിയ രാജ്യാന്തര വനിതാ ഗുസ്തിതാരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായിട്ടുപോലും അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ കായിക മന്ത്രാലയത്തിന് കഴിഞ്ഞില്ല. പിന്തുണ ലഭിക്കാത്തതു കാരണം ദേശീയ ഗുസ്തി ഫെഡറേഷനെതിരെ തെരുവില്‍ സമരത്തിനിറങ്ങേണ്ട ഗതികേടിലേക്ക് വനിതാ ഗുസ്തി താരങ്ങള്‍ എത്തി.

കായിക ഭരണത്തിന്റെ ഏകോപനക്കുറവും പാളിപ്പോയ പദ്ധതികളും

ഒളിമ്പിക്‌സ് പ്രകടനം ലക്ഷ്യമിട്ടു മാത്രം ആരംഭിച്ച ടാര്‍ഗറ്റ് ഒളിമ്പിക്‌സ് പോഡിയം സ്‌കീം, മിഷന്‍ ഒളിമ്പിക് സെല്‍, ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കോടിക്കണക്കിനു രപയാണ് ചെലവഴിച്ചിട്ടുള്ളത്. യാതൊരു ദീര്‍ഘവീക്ഷണവും ഇല്ലാത്ത പദ്ധതികളിലൂടെ ഗുരുതരവും അശാസ്ത്രീയവുമായ ധനകാര്യക്രയവിക്രയ നിര്‍വഹണമാണ് നടത്തിയത്. 117 താരങ്ങളെ അനുഗമിച്ച കായിക പരിശീലകര്‍ക്കും മറ്റു ഒഫിഷ്യല്‍സിനും അനുയോജ്യമായ പിന്തുണയോ സംഭാവനയോ നല്‍കുവാന്‍ കഴിഞ്ഞിട്ടില്ല. വനിതാ ഗുസ്തി ഫൈനലില്‍ എത്തിയ വിനേഷ് ഫൊഗോട്ടിന് സംഭവിച്ച ദുരനുഭവത്തിന് യഥാര്‍ഥ കാരണക്കാര്‍ ദേശീയ ഗുസ്തി ഫെഡറേഷനും മുഖ്യപരിശീലകനും ന്യൂട്രീഷ്യനിസ്റ്റ് ഉള്‍പ്പെടെയുള്ള സപ്പോര്‍ട്ടിംഗ് സ്റ്റാഫും ആണെന്നത് ലോകത്തിനാകെ വ്യക്തമായിട്ടുണ്ട്. കായിക പ്രകടനത്തിലെ സ്ഥിരതയില്ലായ്മയും മത്സരങ്ങളെ അഭിമുഖീകരിക്കുവാനുള്ള പ്രാപ്തിക്കുറവും ഫലപ്രദമായ മാനസിക പിന്തുണ ലഭ്യമാകാത്തതും ആറുതാരങ്ങള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ കാരണമായി.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം കായിക സംഘടനകളും സംഘപരിവാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. കായിക മേഖലയുമായി പുലബന്ധമില്ലാത്ത വ്യക്തികളാണ് ഇതിന്റെയെല്ലാം നേതൃപദവി വഹിക്കുന്നത്. ഇത്തരക്കാരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ നിലയില്‍ മാത്രമാണ് ഈ ഫെഡറേഷനുകളുടെ പ്രവര്‍ത്തനം. അമിത രാഷ്ട്രീയവത്കരണവും സ്വജനപക്ഷപാതവും അഴിമതിയും ഇത്തരം സംഘടനകളില്‍ നാള്‍ക്കുനാള്‍ കൂടി വരുന്നുണ്ട്. കായിക ഭരണാധികാരികളുടെ കാര്യക്ഷമതയില്ലായ്മ പ്രതിഭയുള്ള കായികതാരങ്ങളുടെ കടന്നുവരവിന് തടസമാകുന്നു. ഒളിമ്പിക്‌സില്‍ മെഡലുകള്‍ക്കുവേണ്ടി വാശിയോടെ പോരാടുന്ന അമേരിക്കയെയും ചൈനയെയും താരതമ്യപ്പെടുത്തുമ്പോള്‍ നിലവാരമുള്ള പരിശീലന സംവിധാനങ്ങള്‍, മത്സരാനുഭവം എന്നിവ ഇന്ത്യന്‍ താരങ്ങള്‍ക്ക് വളരെ പരിമിതമായി മാത്രമാണ് ലഭിക്കുന്നത്. കായിക വികസനത്തില്‍ ദീര്‍ഘകാല നിക്ഷേപത്തിന്റെ അഭാവം ഇന്ത്യയില്‍ ശക്തമായ കായിക സംസ്‌കാരത്തിന്റെ വികാസത്തെ മുരടിപ്പിക്കുന്നു.

പരിവര്‍ത്തനത്തിന് വിധേയമാക്കേണ്ട ഇന്ത്യന്‍ സ്‌പോര്‍ട്‌സ്

പാരിസിലെ പ്രകടനത്തെ വിമര്‍ശനാത്മകമായി വിലയിരുത്തി പരിഹാര ബോധന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയാല്‍ മാത്രമേ ഇന്ത്യന്‍ കായിക രംഗത്തിന് വളര്‍ച്ചയുണ്ടാകൂ. ഓരോ കായിക ഇനങ്ങള്‍ക്കും ചെലവഴിച്ച തുകയും പ്രയത്‌നവും പെര്‍ഫോമന്‍സ് ഓഡിറ്റിനുകൂടി വിധേയമാക്കേണ്ടതുണ്ട്. വിലയിരുത്തലിലൂടെ കണ്ടെത്തുന്ന വിഷയങ്ങളെ സമഗ്രമായി വിലയിരുത്തിയുള്ള മെച്ചപ്പെടുത്തലാണ് ഉണ്ടാകേണ്ടത്. 2036 ഒളിമ്പിക്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ അവകാശവാദം ഉന്നയിക്കുമ്പോള്‍ നിലവിലുള്ള പ്രകടനം ഒട്ടും ആശാവഹമല്ല. നിലവില്‍ മികച്ച പ്രതീക്ഷ പുലര്‍ത്തുന്ന ഷൂട്ടിങ്, ബോക്‌സിങ് തുടങ്ങിയ ഇനങ്ങള്‍ സമീപകാല ഒളിമ്പിക്‌സുകളില്‍ ഉണ്ടാകുമോ എന്നുള്ളതും സംശയമായി നിലനില്‍ക്കുന്നു. ഈ കായികയിനങ്ങളുമായി ബന്ധപ്പെട്ട ഫെഡറേഷനുകള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങളാണ് കാരണം.

ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള ജനപ്രിയ സാഹചര്യം മറ്റു കായികയിനങ്ങള്‍ക്കു കൂടി ലഭ്യമാകുന്ന നിലയിലേക്ക് ആസൂത്രണം ചെയ്യേണ്ടതുണ്ട്. കൂടാതെ അന്തര്‍ദേശീയതലത്തില്‍ മെഡല്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കായിക ഇനങ്ങളെ കണ്ടെത്തുകയും പ്രതിഭകളെ വാര്‍ത്തെടുക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അടിസ്ഥാന കായിക വിദ്യാഭ്യാസം രാജ്യവ്യാപകമായി നടപ്പാക്കുകയും കായിക അടിത്തറ വിപുലപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ പുതിയ കായിക പ്രതിഭകളെ കണ്ടെത്താന്‍ കഴിയൂ. ഇതിനായി കേരളം ഉള്‍പ്പെടെയുള്ള പുരോഗമന നിലപാട് സ്വീകരിക്കുന്ന സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള കായിക വികസന നയം രാജ്യവ്യാപകമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം.

(സംസ്ഥാന കായിക മന്ത്രിയാണ് ലേഖകൻ)

Tags:    
News Summary - Indian sports on the Olympic stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.