നില്‍പുസമരം

കേരളത്തിന്‍െറ സമര ചരിത്രത്തില്‍ നില്‍പുസമരം എന്ന പുതിയ പോര്‍മുഖത്തിന്‍െറ ഉപജ്ഞാതാവ് ചക്കോട്ട് കരിയന്‍ ജാനുവാണ്. എന്നാല്‍, നിന്നേ അടങ്ങൂ എന്ന് സമരം ചെയ്ത് ഇക്കുറി അവര്‍ വിജയിക്കുമ്പോള്‍ തറപറ്റുന്നത് അധികാരിവര്‍ഗമല്ല, ആറ്റുനോറ്റു പോറ്റിവളര്‍ത്തിയ സ്വന്തം ആദിവാസി ഗോത്രമഹാസഭയാണ്. നില്‍ക്കണമെന്ന് വാശി പിടിച്ച് ഇത്തവണ നേടിയെടുക്കുന്നത് ഭൂമിക്കുപകരം തെരഞ്ഞെടുപ്പില്‍ ഒരു സീറ്റാണ്. നീരുവെച്ചുവീര്‍ത്ത വലതു കവിളും അടിയേറ്റ പാടും കലങ്ങിയ കണ്ണുകളുമായി മലയാള മനസ്സാക്ഷിക്കു മുമ്പില്‍ നിസ്സഹായതയുടെ നേര്‍സാക്ഷ്യമായി നിന്ന ഗോത്രവനിത ബി.ജെ.പി സഖ്യത്തില്‍ ബത്തേരിയില്‍ വോട്ടുചോദിക്കുമ്പോള്‍ ഇതുവരെ കെട്ടിപ്പൊക്കിയ സമരവീര്യം നിലനില്‍പു ഭീഷണിയിലാണ്.
തൃശിലേരിയിലെ ചെക്കോട്ട് കോളനിയിലെ അടിയ കുടുംബത്തില്‍ ജനനം. ജന്മികളുടെ അടിമകളായിരുന്നു പരമ്പരാഗതമായി മുന്‍ഗാമികള്‍. വിശ്രമവും കൂലിയുമില്ലാതെ പകലന്തിയോളം പണിയെടുക്കാന്‍ വിധിക്കപ്പെട്ടവര്‍. ഊരിലെ മറ്റു കുട്ടികളെപ്പോലെ ജാനുവിനും സ്കൂളില്‍ പോവാന്‍ കഴിഞ്ഞില്ല. 13ാം വയസ്സില്‍ ദിവസം രണ്ടുരൂപ പ്രതിഫലത്തിന് കൂലിപ്പണിക്കിറങ്ങി. സി.പി.എമ്മിന്‍െറ പോഷക സംഘടനയായ കര്‍ഷക തൊഴിലാളി കോണ്‍ഗ്രസിന്‍െറ സജീവ പ്രവര്‍ത്തകയായി മാറിയത് അന്നാണ്. അവരുടെ ആശയങ്ങളും മാനിഫെസ്റ്റോയും ഒന്നും അറിഞ്ഞിട്ടായിരുന്നില്ല അതെന്ന് ജാനു പറയും. പാര്‍ട്ടിക്കാര്‍ ജന്മിയുമായി ഒത്തുകളിക്കുന്നുവെന്ന വെളിപാടുണ്ടായതോടെ ഇടതുബന്ധം വിച്ഛേദിച്ചു. 1988 മുതല്‍ ആദിവാസി വികസന പ്രവര്‍ത്തക സമിതി എന്ന പേരിലായി പ്രവര്‍ത്തനം.
ജാനുവെന്ന സമരനായികയിലേക്കുള്ള പരിവര്‍ത്തനത്തിന് നിലമൊരുക്കുകയായിരുന്നു തുടര്‍ന്നുള്ള നാളുകള്‍. വയനാട്ടിലെ കോളിക്കംപാളി കോളനി, അമ്പുകുത്തി, പനവല്ലി സമരങ്ങള്‍ വിജയിപ്പിച്ചതോടെ ഖ്യാതി ജില്ലക്കു പുറത്തേക്ക്. പനവല്ലിയില്‍ ഭൂമി ലഭിച്ച 52 പേരില്‍ ജാനുവുമുണ്ടായിരുന്നു. ഇതോടെ അമ്മക്കൊപ്പം അവിടത്തെ 1.2 ഏക്കറില്‍ താമസം. 96ല്‍ ഇടുക്കിയിലെ കുണ്ടളക്കുടിയില്‍ മുതുവാന്‍ സമുദായത്തിനുവേണ്ടി സമരരംഗത്തിറങ്ങിയതോടെ ജാനുവിനെ കേരളമറിഞ്ഞു. അക്ഷരം പഠിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചതോടെ ജാനു ലോകത്തെയുമറിഞ്ഞു. 1994ല്‍ ഐക്യരാഷ്ട്ര സഭയിലെ ലോക ആദിവാസി സമ്മേളനത്തില്‍ പങ്കെടുത്തു. 1999ല്‍ പീപ്ള്‍സ് ഗ്ളോബല്‍ ആക്ഷന്‍ ഗ്രൂപ് എട്ടു യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനത്തിനു കൊണ്ടുപോയി. അവിടെ 120 വേദികളില്‍ ചുരത്തിനു മുകളിലെ ആദിവാസി ദുരിതങ്ങളെ പച്ചമലയാളത്തില്‍ വിശദീകരിച്ചു. വിദേശപണം കൈപ്പറ്റിയാണ് പ്രവര്‍ത്തനമെന്ന ആരോപണമുയര്‍ന്നത് ഇക്കാലത്താണ്. പിന്നീട് സെക്രട്ടേറിയറ്റിനു മുന്നില്‍ കുടില്‍കെട്ടി സമരം, മുത്തങ്ങ സമരം, ആറളം സമരം, നില്‍പുസമരം തുടങ്ങി സമരപരമ്പരകളുടെ വേലിയേറ്റം. മുത്തങ്ങ സമരത്തില്‍ 48 ദിവസമുള്‍പ്പെടെ നാലു തവണ ജയില്‍വാസം. ഇതിനൊപ്പം അറുപതോളം കേസുകളുടെ അലങ്കാരവും.
ദുരിതപൂര്‍ണമായ ബാല്യത്തില്‍നിന്ന് ഇത്രടം പിന്നിട്ടത്തെുമ്പോള്‍ മുഖ്യലക്ഷ്യം സ്വസമുദായത്തിന്‍െറ ഉന്നമനമായിരുന്നുവെന്നതില്‍ തര്‍ക്കിക്കേണ്ടതില്ല. വയസ്സിപ്പോള്‍ 46 ആയി. ഇനിയങ്ങോട്ടും അങ്ങനെ തന്നെയായിരിക്കണമെന്ന് പൊതുജനത്തിന് എന്താണിത്ര വാശിയെന്ന് ജാനു ചോദിച്ചാല്‍ അരിശപ്പെടരുത്. ആദിവാസി സേവനം തപസ്യയായെടുത്ത ജീവിതത്തില്‍, രാഷ്ട്രീയക്കാരെ പിടികൂടുന്നതു പോലുള്ള പാര്‍ലമെന്‍ററി വ്യാമോഹം കടന്നാക്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ എത്രകാലമെന്നുവെച്ച് പിടിച്ചുനില്‍ക്കും? ഇടതു, വലതു മുന്നണികളുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ എന്നെങ്കിലും ഇടംപിടിക്കുന്ന അസുലഭ മുഹൂര്‍ത്തം സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍, അവരൊന്നു തിരിഞ്ഞുനോക്കുന്നു പോലുമില്ല. ആശിക്കും ഭൂമി സ്വന്തമാക്കുന്നതിനെക്കാള്‍ ദുഷ്കരമാണ് ആശിച്ച പട്ടികയില്‍ പേരു വരുകയെന്നതു വഴിയേ മനസ്സിലായി.
അങ്ങനെയിരിക്കുമ്പോഴാണ് അന്നൊരു നാള്‍, ‘നായാടി മുതല്‍ നമ്പൂതിരി വരെ’ എന്ന അശരീരി വയനാട്ടിലും മുഴങ്ങിക്കേട്ടത്. വയനാട്ടിലെ ആദിവാസികള്‍ അതില്‍ ഉള്‍പ്പെടുമോയെന്ന് ബോധ്യമുണ്ടായിരുന്നില്ല. എങ്കിലും സംഘ്പരിവാരത്തിലേക്ക് ആളെക്കൂട്ടുന്ന വണ്ടിക്ക് വെറുതെയൊന്ന് കൈകാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍, വെള്ളാപ്പള്ളി നടേശന്‍ പുതിയ മിശിഹയാണെന്ന രീതിയിലായിരുന്നു മറുപടി. പിന്നാലെ വന്നത് മുത്തങ്ങയിലെ ഭൂവിതരണം. തുടര്‍ന്ന്് പ്രകീര്‍ത്തിച്ചത് യു.ഡി.എഫിനെ. മന്ത്രി ജയലക്ഷ്മിയൊക്കെ വേണ്ടപ്പെട്ടവളായി.
എന്നാല്‍, യാത്ര കഴിഞ്ഞ് കണിച്ചുകുളങ്ങരയിലത്തെിയ നടേശമുതലാളി, പഴയ പ്രകീര്‍ത്തനത്തില്‍ പുളകിതനായി പനവല്ലിയിലേക്ക് ഫോണ്‍ കറക്കി. രാജ്യത്തിന്‍െറ ഉത്തരദേശങ്ങളില്‍ ആദിവാസികള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന സംഘ്പരിവാരത്തിന്‍െറ ആശീര്‍വാദം വേണ്ടത്രയുണ്ടായിരുന്നു. വയനാട്ടിലെ ഇടതു-വലതു ആദിവാസി വോട്ടുബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്താനുള്ള വഴിതുറക്കുന്നതിനൊപ്പം ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു പിന്നാക്ക ബിംബം കൈയിലത്തെുമല്ളോ. ഒന്നു നിന്നുതന്നാല്‍ മതി, നിയമസഭക്കു പകരം രാജ്യസഭയിലത്തെിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ പിന്നെ, ആശയങ്ങളും മാനിഫെസ്റ്റോയും നോക്കുന്നതെന്തിന്. ആദിവാസി നായിക, ആദര്‍ശധീരന്‍ ആന്‍റണിക്കു തുല്യയാവുന്ന സഭാതലം യാഥാര്‍ഥ്യമാകുമെന്നു വരുമ്പോള്‍ രോഹിത് വെമുല വെറുമൊരു പേക്കിനാവു മാത്രമല്ളേയെന്നു ജാനുവിനു തോന്നിയിരിക്കാമെന്നു ദോഷൈകദൃക്കുകള്‍. നയവും നിലപാടുമില്ലാത്തതിനാല്‍ ആരുടെ പിന്തുണയും സ്വീകരിക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് പനവല്ലിയിലെ സ്വന്തം വാര്‍ഡില്‍ കെട്ടിവെച്ച കാശുപോയ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തെളിഞ്ഞതല്ളേയെന്നും അവര്‍ ചോദിക്കുന്നു.
സി.പി.എമ്മിനെ നയിക്കുന്നത് സവര്‍ണ ഹിന്ദുബോധമാണെന്ന് കഴിഞ്ഞ ദിവസംവരെ പറഞ്ഞുകൊണ്ടിരുന്ന നേതാവിന്‍െറ നിലപാടില്‍ പകച്ചുനില്‍ക്കുകയാണിപ്പോള്‍ അണികള്‍. വര്‍ഷങ്ങളേറെ,  ഒരുമനസ്സോടെ പട നയിച്ച എം. ഗീതാനന്ദനെപ്പോലും ഒരുദിനംകൊണ്ട് തള്ളിപ്പറഞ്ഞു. വളര്‍ത്തി വലുതാക്കിയ ആദിവാസി ഗോത്രമഹാസഭയെയും ഊരുവികസന മുന്നണിയെയും വഴിയിലുപേക്ഷിച്ച് കാവി ധരിക്കുമ്പോള്‍ ഗോത്രവും ഊരുമില്ലാത്ത ജനാധിപത്യ രാഷ്ട്രീയസഭക്ക് പിറവി നല്‍കി ആളെക്കൂട്ടുമെന്നാണ് അവകാശവാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.