ലോഞ്ചിലും പായക്കപ്പലിലുമേറി അറേബ്യൻ സമുദ്രത്തിലെ കാറ്റും കോളും താണ്ടി നാടിനെയും കുടുംബത്തെയും ജീവിതത്തിന്റെ അക്കരെയെത്തിച്ച ഇന്ത്യക്കാരുടെ ഗൾഫ് പ്രവാസം ഏഴു പതിറ്റാണ്ട് പിന്നിടുകയാണ്. ഒന്നുമില്ലായ്മയിൽ നിന്നെത്തിയ ദശലക്ഷങ്ങൾക്ക് സ്നേഹവും കരുതലും ജീവിതവും നൽകി നെഞ്ചോടു ചേർത്ത ഇടംകൂടിയാണ് അറേബ്യൻ മണ്ണ്.എന്നാൽ, ഈ വിജയകഥകളുടെ തിളക്കം മുഴുവൻ കെടുത്തുന്ന അനുഭവങ്ങളും ഒട്ടേറെയുണ്ട്. ആറു ഗൾഫ് രാജ്യങ്ങളിലായി ആയിരത്തിലേറെ ഇന്ത്യക്കാരാണ് ലഹരിക്കേസുകളിൽ കുരുങ്ങിക്കിടക്കുന്നത്. മുന്നറിയിപ്പും ബോധവത്കരണങ്ങളും നിരന്തരമുയരുമ്പോഴും ചതിക്കുഴിയിൽ വീഴുന്ന യുവതീയുവാക്കളുടെ എണ്ണം കുറയുന്നില്ല. മാധ്യമം അതേക്കുറിച്ച് അന്വേഷിക്കുന്നു.
2019 ജൂലൈ- ആയിടെ വിവാഹിതരായ മുംബൈയിൽനിന്നുള്ള മുഹമ്മദ് ശരീഖ് ഖുറൈശിക്കും ഒനിബക്കും അടുത്ത ബന്ധുവായ തബസ്സും ഖുറൈശി ഖത്തറിലേക്കൊരു ഹണിമൂൺ ട്രിപ്പ് വാഗ്ദാനം ചെയ്തു. വിസയും ടിക്കറ്റും മാത്രമല്ല, യാത്രക്ക് കൊണ്ടുപോകാനുള്ള ട്രോളി ബാഗ് പോലും തബസ്സുമിന്റെ വക. മധുവിധുവിന് പോയ ദമ്പതികളെക്കുറിച്ച് പിന്നീട് കേട്ടത് കയ്പുള്ള വാർത്തയാണ്. ബന്ധു സമ്മാനിച്ച ബാഗിനുള്ളിലെ രഹസ്യ അറയിൽനിന്ന് 4.1 കിലോ മയക്കുമരുന്ന് വിമാനത്താവളാധികൃതർ പിടിച്ചെടുത്തു. പത്തുവർഷം തടവും ഒരു കോടി രൂപയോളം പിഴയും വിധിച്ചു. ഹണിമൂൺ ട്രിപ്പ് ശരിക്കുമൊരു ട്രാപ്പായിരുന്നെന്ന് അറിഞ്ഞ കുടുംബാംഗങ്ങൾ മുംബൈ പൊലീസിൽ പരാതിപ്പെട്ടു. മഹാരാഷ്ട്ര സർക്കാറും ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും സജീവമായി രംഗത്തിറങ്ങി. മുംബൈയിലെ വലിയൊരു മയക്കുമരുന്ന് മാഫിയ ശൃംഖലയാണ് ബന്ധുവഴി ഇവരെ കെണിയിൽ കുരുക്കിയതെന്ന് മുംബൈ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കണ്ടെത്തി. ഇന്ത്യൻ ആഭ്യന്തര, വിദേശമന്ത്രാലയങ്ങൾ ഇടപെട്ട് ഖത്തർ പരമോന്നത കോടതിയെ ബോധ്യപ്പെടുത്തിയതോടെ രണ്ടുവർഷം ജയിൽ ശിക്ഷ അനുഭവിച്ചശേഷം 2021 ഏപ്രിലിൽ ശരീഖിനും ഒനിബക്കും മോചനം സാധ്യമായി. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇത്തരം മോചനങ്ങളുണ്ടാവൂ, അതേസമയം ഇത്തരം ചതിക്കുഴികൾ ആവോളമുണ്ട് നമുക്ക് ചുറ്റും.
നാട്ടിൽ പല ജോലികൾ പരീക്ഷിച്ചിട്ടും ജീവിതം പച്ചപിടിപ്പിക്കാതെ വന്നപ്പോഴാണ് എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി നാഗപ്പറമ്പിൽ ഷമീർ പ്രവാസിയാവാൻ തീരുമാനിച്ചത്. കൊച്ചിയിലെ ഒരു ഏജന്റ് സൗജന്യ വിസയും ടിക്കറ്റും മികച്ച ശമ്പളവുമെല്ലാം സഹിതം ഖത്തറിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്തതോടെ ഒരുപാട് സ്വപ്നങ്ങളുമായി 2022 ജൂലൈയിൽ ഇയാൾ വീട്ടിൽനിന്ന് സലാം പറഞ്ഞിറങ്ങി.
ഇന്ത്യയിൽനിന്ന് ഖത്തറിലെത്തുന്നവർ അനുഷ്ഠിക്കേണ്ടിയിരുന്ന കോവിഡ് ക്വാറന്റീൻ ഒഴിവാക്കാൻ ദുബൈ വഴി യാത്രചെയ്യാനായിരുന്നു ഏജന്റിന്റെ നിർദേശം. ദുബൈയിൽനിന്ന് ഖത്തറിലേക്ക് പുറപ്പെടും മുമ്പ് സ്പോൺസർക്ക് നൽകാനുള്ള സമ്മാനമെന്ന് പറഞ്ഞ് ഏജന്റിന്റെ പ്രതിനിധി ഒരു ബാഗ് ഏൽപിച്ചു. അപരിചിതർ തരുന്ന പൊതികൾ വാങ്ങരുതെന്ന മുന്നറിയിപ്പ് കേട്ടിട്ടുള്ളതിനാൽ ഷെമീർ തിരിച്ചും മറിച്ചും പരിശോധിച്ചെങ്കിലും സംശയിക്കത്തക്ക ഒന്നും കണ്ടില്ല. പക്ഷേ, ദോഹ ഹമദ് വിമാനത്താവളത്തിൽ കാലുകുത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സ്പോൺസർക്കെന്ന് പറഞ്ഞ് നൽകിയ ബാഗിൽ ഏജന്റ് വെച്ചിരുന്ന ലഹരി വസ്തുക്കൾ കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തി, ഷമീറിനെ നേരെ ജയിലേക്ക് കൊണ്ടുപോയി; വിചാരണകൾക്കൊടുവിൽ ദീർഘകാലത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ടു.
ജയിൽ ശിക്ഷയിലും തീർന്നില്ല ഈ യുവാവിന്റെ ദുരിതങ്ങൾ. ജയിൽവാസത്തിനിടെ ഷമീറിന് അർബുദ ബാധ കണ്ടെത്തി. ദോഹയിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ മികച്ച ചികിത്സ ലഭ്യമാക്കിയെങ്കിലും ഭേദമാക്കാനാവാത്തവിധം അസുഖം വ്യാപിച്ചിരുന്നു. നിരപരാധിത്വം ബോധ്യപ്പെടുത്തി നാട്ടിലേക്ക് മടങ്ങണമെന്ന് മാത്രമായിരുന്നു രോഗക്കിടക്കയിലും അയാളുടെ സ്വപ്നം. ഖത്തറിലെ ഇന്ത്യൻ എംബസിയും അപെക്സ് സംഘടനയായ ഐ.സി.ബി.എഫും ജീവകാരുണ്യപ്രവർത്തകരുമെല്ലാം ഷമീറിനുവേണ്ടി ഇടപെട്ടു. ദയനീയത ശ്രദ്ധയിൽപെട്ട അധികൃതർ ഇക്കഴിഞ്ഞ റമദാനിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പൊതുമാപ്പിൽ ഉൾപ്പെടുത്തി ഷമീറിന്റെ മോചനം ഉറപ്പാക്കി.
രോഗം അൽപം ആശ്വാസമായശേഷം നാട്ടിലെത്താമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, 2024 മേയ് എട്ടിന് സ്വപ്നങ്ങളെല്ലാം പ്രവാസ മണ്ണിലുപേക്ഷിച്ച് ഷമീർ എന്നെന്നേക്കുമായി മടങ്ങി. ജീവനോടെ മടങ്ങാൻ ആഗ്രഹിച്ച നാട്ടിലേക്ക് ജീവനറ്റ ദേഹമായി മണ്ണോടുചേർന്നു.
ഇത് ഒരു ഷെമീറിന്റെ മാത്രം കഥയല്ല, ഒറ്റപ്പെട്ട സംഭവവുമല്ല.
ഖത്തറിലേക്ക് തൊഴിൽ തേടി പുറപ്പെട്ട മറ്റൊരു യുവാവിന്റെ പക്കൽ ദോഹയിലെ സുഹൃത്തിന് അത്യാവശ്യമായി എത്തിക്കേണ്ട വസ്തുക്കളാണെന്ന് വിശ്വസിപ്പിച്ചാണ് ഒരാൾ പൊതി ഏൽപിച്ചത്. പോക്കറ്റ് മണിയായി 15,000 രൂപയും നൽകി. ദോഹ വിമാനത്താവളത്തിലെത്തി ലഗേജ് എടുക്കാനായി കാത്തിരുന്ന ഇയാളെത്തേടി പൊലീസുകാരാണെത്തിയത്. ഖത്തറിൽ നിരോധിക്കപ്പെട്ട നൂറോളം ലിറിക ഗുളികകളായിരുന്നു ആ പൊതിക്കുള്ളിൽ. ഒരുവർഷം തടവിനുശേഷം ഖത്തറിലേക്ക് വരുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്തി ഇയാളെ നാടുകടത്തി. കുടുംബത്തെ സംരക്ഷിക്കാൻ പ്രവാസിയായ യുവാവിന് ജയിൽവാസവും തൊഴിൽ നഷ്ടവും മാനക്കേടുമെല്ലാം ബാക്കിയായി. .
കുടുംബത്തിന് ഒരു വീടൊരുക്കാൻ, സഹോദരിമാരുടെ വിവാഹം നന്നായി നടത്താൻ, കടം വീട്ടാൻ, പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം തിരിച്ചെടുക്കാൻ... അങ്ങനെ ഒരുപാടൊരുപാട് മോഹങ്ങളുമായി പ്രവാസഭൂമിയിലേക്ക് പുറപ്പെട്ട എത്രയെത്ര മനുഷ്യരാണ് ലഹരി റാക്കറ്റുകളുടെ വഞ്ചനയിൽ കുരുങ്ങി ജയിലിലും തൂക്കുമരങ്ങളിലുമൊടുങ്ങിയത്. മരണത്തേക്കാൾ മാരകമാണ് മനസാ വാചാ കർമണാ അറിയാത്ത കുറ്റകൃത്യം ചെയ്തുവെന്ന ദുഷ്പേര്.
ആറ് ഗൾഫ് രാജ്യങ്ങളിലായി 6300ൽ ഏറെ ഇന്ത്യക്കാരാണ് വിവിധ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയ കണക്ക്. ഇതിൽ അഞ്ചിലൊന്ന് ലഹരിക്കടത്തോ ഉപയോഗമോ ആയി ബന്ധപ്പെട്ടുള്ള കേസുകളാണ്. ആഫ്രിക്കൻ രാജ്യങ്ങളായിരുന്നു വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രങ്ങളെങ്കിൽ ഏതാനും വർഷങ്ങളായി ഇന്ത്യയിൽനിന്നുള്ള യാത്രക്കാർ ലഹരിയുമായി പിടിക്കപ്പെടുന്നത് വർധിക്കുന്നതായി അധികൃതർ ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ ഹബ്ബുകളായി മാറിക്കഴിഞ്ഞ ബംഗളൂരു, മുംബൈ, കൊച്ചി, ന്യൂഡൽഹി തുടങ്ങിയ നഗരങ്ങളിലെല്ലാം വിദേശത്തേക്ക് ലഹരി കടത്താൻ ഇരകളെത്തേടുന്ന ഏജന്റുമാർ സജീവമാണ്. ഗൾഫിലേക്ക് തൊഴിലന്വേഷിച്ച് പുറപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ചെറുപ്പക്കാരെയാണ് പറഞ്ഞുപറ്റിക്കാൻ അവർക്കെളുപ്പം.
തൊഴിൽ- വിസ-വിമാനടിക്കറ്റ് വാഗ്ദാനത്തിന്റെ മറവിൽ ചതിയിൽപ്പെട്ടുപോകുന്നവർക്ക് പുറമെ ലഹരി കടത്തിയാൽ പെട്ടെന്ന് പണക്കാരാവാം എന്ന പ്രലോഭനത്തിൽ മയങ്ങി അറിഞ്ഞുകൊണ്ട് കുറ്റം ചെയ്യുന്നവരുമുണ്ട്. വിമാനത്താവളങ്ങളിൽ പിടിക്കപ്പെടില്ലെന്നും അവിടെ കാര്യങ്ങൾ നോക്കാൻ ആളുണ്ടെന്നും പറഞ്ഞ് ബാഗേജുകളിലെ രഹസ്യ അറകളിലായും വസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചു കൊടുത്തുവിടുന്ന ലഹരി വസ്തുക്കൾ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾക്കപ്പുറത്തേക്ക് കടക്കുന്നില്ല. കാരിയർ പിടിക്കപ്പെടുന്നതോടെ നാട്ടിലെയും വിദേശങ്ങളിലെയും കണ്ണികൾ അപ്രത്യക്ഷമാവും. വാഗ്ദാനം നൽകിയവരോ അവ ഏറ്റുവാങ്ങുമെന്നറിയിച്ചിരുന്നവരോ പിന്നെ വിളിപ്പുറത്തുണ്ടാവില്ല.
ബംഗളൂരുവിലെ മധ്യവർഗ കുടുംബത്തിലെ അംഗമാണ് ബി.ടെക് ബിരുദധാരിയായ യുവതി. ഇംഗ്ലീഷും ഹിന്ദിയും മനോഹരമായി കൈകാര്യം ചെയ്യുന്ന അവർ ഇന്ത്യയിലും ദുബൈയിലുമായി നിരവധി ബിസിനസ്, അവാർഡ് പരിപാടികളുടെ അവതാരക എന്ന നിലയിലും ശ്രദ്ധേയയായിരുന്നു. ഇതിനിടെയാണ് സുഹൃത്ത് ഖത്തറിൽ ഒരു സംഗീത പരിപാടിയിൽ ആങ്കർ ചെയ്യാൻ ക്ഷണിക്കുന്നത്. മികച്ച പ്രതിഫലവും പുതിയൊരു വേദിയും എന്നനിലയിൽ ഏറ്റെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പിന്നെ, സംഭവിച്ചതെല്ലാം ഒരു സിനിമാക്കഥപോലെ. സംഗീത പരിപാടിയുടെ പരസ്യ നോട്ടീസ് നൽകി അവർ വിശ്വാസ്യത ഉറപ്പാക്കി. ടിക്കറ്റും വിസിറ്റ് വിസയും ഉടൻ തയാർ. അധികം വൈകാതെ യാത്രക്കുള്ള ദിവസവുമെത്തി. വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ സംഘാടകരുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ആൾ ദോഹയിലെ പരിപാടിയുടെ ആവശ്യത്തിനുള്ളത് എന്നും പറഞ്ഞ് ഒരു ബാഗ് ഏൽപിച്ചു. സംശയിക്കാനൊന്നുമില്ലാത്തതിനാൽ പരിശോധിച്ചുമില്ല. എന്നാൽ, ദോഹയിൽ വിമാനമിറങ്ങിയതിന് പിന്നാലെ സീൻ മാറി. ബാഗിൽ ലഹരി കണ്ടെത്തിയതോടെ അറസ്റ്റും കേസുമായി. തന്റെ ഉത്തരവാദിത്തമുള്ള ലഗേജിൽനിന്നാണ് ലഹരി വസ്തു കണ്ടെത്തിയതെന്നതിനാൽ യുവതി കുറ്റവാളിയായി. ശിക്ഷ പത്തുവർഷം തടവ്. നിലവിൽ ആറു വർഷത്തോളമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇവരുടെ മോചനത്തിനായി മാതാപിതാക്കൾ പലവഴി ശ്രമിച്ചുവെങ്കിലും എവിടെയുമെത്തിയില്ല. വ്യാജമായൊരു പരിപാടിയുടെ പേരിൽ തങ്ങളുടെ ഏകമകളെ ചതിയിൽ പെടുത്തി ലഹരിമരുന്നുമായി കയറ്റിവിട്ട റാക്കറ്റിനെതിരെ രക്ഷിതാക്കൾ നാട്ടിൽ കേസ് നൽകിയെങ്കിലും കുറ്റവാളികളുടെ രാഷ്ട്രീയസ്വാധീനത്തിന് മുന്നിൽ അവർ നിസ്സഹായരാവുന്നു.
മനാഫ് ടി.കെ,
നജീം കൊച്ചുകലുങ്ക്,
ബിനീഷ് തോമസ് എന്നിവരുടെ
റിപ്പോർട്ടുകളോടെ...........
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.