തെരഞ്ഞെടുപ്പ് നടപടികൾ ഏകീകരിക്കാനും ഭരണച്ചെലവ് കുറക്കാനും ഭരണസൗകര്യം മെച്ചപ്പെടുത്താനും സഹായകമാവും എന്ന പ്രചാരണത്തിന്റെ അകമ്പടിയോടെയാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നത്. എന്നാൽ, ഇതിന് പിന്നിലെ ഗൗരവതരമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളും പ്രത്യാഘാതങ്ങളും ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടപ്പെടേണ്ടതാണ്. കേന്ദ്രത്തിലെ അധികാര സിംഹാസനം നിലനിർത്താനും സംസ്ഥാനങ്ങളുടെ പ്രത്യേക അവകാശങ്ങൾ നശിപ്പിക്കാനുമാണ്...
തെരഞ്ഞെടുപ്പ് നടപടികൾ ഏകീകരിക്കാനും ഭരണച്ചെലവ് കുറക്കാനും ഭരണസൗകര്യം മെച്ചപ്പെടുത്താനും സഹായകമാവും എന്ന പ്രചാരണത്തിന്റെ അകമ്പടിയോടെയാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നത്. എന്നാൽ, ഇതിന് പിന്നിലെ ഗൗരവതരമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളും പ്രത്യാഘാതങ്ങളും ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടപ്പെടേണ്ടതാണ്. കേന്ദ്രത്തിലെ അധികാര സിംഹാസനം നിലനിർത്താനും സംസ്ഥാനങ്ങളുടെ പ്രത്യേക അവകാശങ്ങൾ നശിപ്പിക്കാനുമാണ് ഈ നയത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി ഉരുത്തിരിഞ്ഞത് പ്രാദേശികവും ദേശീയവുമായ രാഷ്ട്രീയ ചർച്ചകളുടെ വൈവിധ്യത്തിൽനിന്നാണ്. സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾ യാഥാസ്ഥിതിക പ്രശ്നങ്ങളും പ്രാദേശിക ആവശ്യങ്ങളും ഉയർത്തിക്കാട്ടാനുള്ള മികച്ച അവസരങ്ങളാണ്. ലോക്സഭ തെരഞ്ഞെടുപ്പിനോടൊപ്പം സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളും നടത്തുക വഴി ദേശീയ രാഷ്ട്രീയ ചർച്ചകൾ പ്രാദേശിക പ്രശ്നങ്ങളെ മൂടിക്കെട്ടും; പ്രാദേശിക പാർട്ടികളും വിവിധ സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ അടിസ്ഥാന പ്രശ്നങ്ങളും അടിച്ചമർത്തപ്പെടും.
പ്രാദേശിക പാർട്ടികളുടെയും സംസ്ഥാന സർക്കാറുകളുടെയും സ്വാതന്ത്ര്യത്തിനും നിലനിൽപിനും മേൽ ആധിപത്യം സ്ഥാപിക്കുന്ന ഇത്തരമൊരു നടപടി ബഹുസ്വര ജനാധിപത്യ ഇന്ത്യയുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ഇന്ത്യയുടെ ഫെഡറൽ സംവിധാനം ഒരിക്കലും കേന്ദ്രത്തിൽനിന്ന് നിയന്ത്രിക്കപ്പെടുന്ന ഒന്നല്ല. ഓരോ സംസ്ഥാനത്തിന്റെയും സ്വാതന്ത്ര്യത്തിനും അധികാരത്തിനും അത്രകണ്ട് വിലകൽപിക്കുന്നുണ്ട് നമ്മുടെ ഭരണഘടന. അത് കാത്തുസൂക്ഷിക്കപ്പെടണം.
രാജ്യത്തെ തെരഞ്ഞെടുപ്പ് ചക്രം ഒരു പക്ഷേ കൂടുതൽ ചെലവേറിയതായിരിക്കാം, പക്ഷേ, അത് ജനങ്ങൾക്ക് പരിഗണനയും പ്രശ്നങ്ങൾക്ക് പരിഹാരവും ഉറപ്പുവരുത്തുന്ന നിർണായക മാർഗമാണ്. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടത്തി നിലവിൽവന്ന നിയമസഭകൾ പിരിച്ചുവിട്ട് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സമയമാകും വരെ കാത്തുനിൽക്കേണ്ട സാഹചര്യം വരുന്നതും ജനാധിപത്യത്തിന് വിരുദ്ധമാണ്. കൂടാതെ, ഭരണഘടനാ ഭേദഗതികൾ അനിവാര്യമാവുന്ന ഈ നീക്കത്തിൽ ഭരണഘടനയുടെ അടിസ്ഥാന ഘടനതന്നെ തകർക്കപ്പെടാൻ ഇടയുണ്ട്.
ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾ ജനാധിപത്യ തത്ത്വങ്ങൾക്കും ഫെഡറൽ സംവിധാനത്തിനും വലിയ വെല്ലുവിളിയാണ്. ചെലവ് കുറവെന്ന പേരിൽ അധികാര തികവ് ഉറപ്പാക്കാൻ അവർ നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതിക്കെതിരെ ജനങ്ങൾ കരുതലോടെയും ഒരുമയോടെയും മുന്നോട്ട് വരേണ്ടതുണ്ട്. ജനാധിപത്യത്തെ കാക്കാനുള്ള ഈ പോരാട്ടത്തിൽ കോൺഗ്രസ് പാർട്ടി മുൻപന്തിയിൽ ഉണ്ടാകും.
(ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ലോക്സഭയിലെ ചീഫ് വിപ്പാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.