മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍ പരിചയപ്പെടുത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ചതാണ് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി. വൈക്കം മുഹമ്മദ് ബഷീര്‍, ടി. ഉബൈദ്, എന്‍.പി. മുഹമ്മദ്, പുലിക്കോട്ടില്‍ ഹൈദര്‍, കൊരമ്പയില്‍ അഹമ്മദ് ഹാജി തുടങ്ങിയ പ്രമുഖരാണ് ആലോചനാ യോഗത്തില്‍ പങ്കെടുത്തത്. 1955 സെപ്റ്റംബര്‍ 14ന് മഞ്ചേരി സഭാഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് മാപ്പിളകലകള്‍ അവഗണിക്കുന്നതിനാല്‍ ഒരു സ്മാരകമെന്ന തീരുമാനം വരുന്നത്.
2013 ഫെബ്രുവരി എട്ടിനാണ് വൈദ്യര്‍ സ്മാരകം മാപ്പിളകലാ അക്കാദമിയായി ഉയര്‍ത്തിയത്. അക്കാദമിയായി ഉയര്‍ത്തുന്നതിനുമുമ്പ് വിവാഹങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും വാടകക്ക് നല്‍കിയിരുന്നു. സ്മാരകത്തിന്‍െറ ബോര്‍ഡുകള്‍ മറയ്ക്കുന്ന രീതിയില്‍ കൂറ്റന്‍ പന്തലുകളിട്ടായിരുന്നു പരിപാടികള്‍. ഞായറാഴ്ചകളില്‍ നടക്കുന്ന മാപ്പിളപ്പാട്ട് പരിശീലനത്തിനുവരെ തടസ്സമാകുന്ന രീതിയിലായിരുന്നു പരിപാടികള്‍ നടന്നിരുന്നത്. ഇതിനെതിരെ പരാതിയുണ്ടായെങ്കിലും മറ്റ് വരുമാന മാര്‍ഗമില്ലായിരുന്നു.
അക്കാദമിയായി ഉയര്‍ത്തിയതോടെയാണ് ഇത്തരം പരിപാടികള്‍ അവസാനിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മാപ്പിളപ്പാട്ട് രംഗത്തെ സമഗ്ര സംഭാവനക്കുള്ള മോയിന്‍കുട്ടി വൈദ്യര്‍ പുരസ്കാരമായി 50,111 രൂപ 2014ല്‍ പൂവച്ചല്‍ ഖാദറിനും 2016ല്‍ കെ.എസ്. ചിത്രക്കും സമ്മാനിച്ചു. മാപ്പിളകലകളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ പുറത്തിറക്കാനായതും നേട്ടമായാണ് ഭാരവാഹികള്‍ അവകാശപ്പെടുന്നത്. എല്ലാ വര്‍ഷവും വൈദ്യര്‍ മഹോത്സവമെന്ന പേരില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വാര്‍ഷിക ഗ്രാന്‍റായി 50 ലക്ഷം രൂപയും മഹോത്സവത്തിന് മാത്രമായി പി.ആര്‍.ഡി മൂന്നുലക്ഷം രൂപയും ടൂറിസം വകുപ്പ് രണ്ടുലക്ഷം രൂപയുമാണ് അനുവദിക്കുന്നത്.
എന്നാല്‍, ഈ ഫണ്ട് വിനിയോഗം കാര്യക്ഷമമല്ളെന്നാണ് പരാതി. നിലവിലുള്ള കമ്മിറ്റിയെ പുതിയ സര്‍ക്കാര്‍ പിരിച്ചുവിടുന്നതിന് മുന്നോടിയായി അക്കാദമിയില്‍ ബാക്കിയുള്ള പണം പരമാവധി ചെലവിട്ട് തീര്‍ക്കാനാണ് ശ്രമം. ആവശ്യത്തിലധികം ഫര്‍ണിച്ചറുണ്ടായിട്ടും പുതുതായി വീണ്ടും ആറ് അലമാര ഒറ്റയടിക്ക് വാങ്ങിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സാംസ്കാരിക മ്യൂസിയത്തിലേക്ക് പുരാവസ്തു വാങ്ങുന്നതിന് 35 ലക്ഷം നീക്കിവെച്ചിട്ട് വര്‍ഷങ്ങളായി. ഇത് ചെലവഴിക്കാന്‍ കമ്മിറ്റിക്കായിട്ടില്ല. അവസാനകാലത്ത് ഈ തുക വകമാറ്റാനും ശ്രമം നടന്നതായി ആരോപണമുയര്‍ന്നിരുന്നു. മാറിമാറിവരുന്ന സര്‍ക്കാറുകള്‍ക്ക് അനുസരിച്ച് രാഷ്ട്രീയക്കാരാണ് അക്കാദമി ഭരണം കൈയാളുന്നത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ പലപ്പോഴും വരുന്നത് രാഷ്ട്രീയ പ്രവര്‍ത്തകരാണ്.
മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം ആരംഭിച്ചതിനുശേഷം കഴിഞ്ഞ വര്‍ഷമാണ് അവശ മാപ്പിളകലാകാരന്മാര്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. വിവിധ മാപ്പിളകലകള്‍ക്ക് സംഭാവന നല്‍കിയ വ്യക്തികള്‍ക്ക് 5,000 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. അപേക്ഷ നല്‍കി മാസങ്ങളായെങ്കിലും ഇതുവരെ ആര്‍ക്കും ധനസഹായം ലഭിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് മാപ്പിളകലാകാരന്മാരില്‍നിന്ന് അക്കാദമി അപേക്ഷ ക്ഷണിച്ചത്. 82 പേര്‍ അപേക്ഷിച്ചതില്‍നിന്ന് 80 പേര്‍ അര്‍ഹരാണെന്ന് അക്കാദമി കണ്ടത്തെിയിരുന്നു. സര്‍ക്കാര്‍ ഗ്രാന്‍റില്‍നിന്ന് നാലുലക്ഷം രൂപ നീക്കിവെച്ചെങ്കിലും ധനവിനിയോഗത്തിന് സര്‍ക്കാറില്‍നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ ഇതും നീണ്ടുപോയി.
പരിമിതികള്‍ക്കിടയിലും അറബി മലയാള ചരിത്രത്തിന്‍െറ പൊരുള്‍ തേടിയിറങ്ങുന്നവര്‍ക്കുള്ള കേരളത്തിലെ ഏക വഴികാട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയിലെ അറബിമലയാള റിസര്‍ച് ആന്‍ഡ് ലൈബ്രറിയാണ്. അറബിമലയാള സാഹിത്യത്തെ പുതുതലമുറക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും കൃതികളിലൂടെ പരിചയപ്പെടുത്തുകയാണ് ലൈബ്രറി ചെയ്യുന്നത്. ഒരു കാലഘട്ടത്തില്‍ നിരവധി പ്രതിഭകള്‍ക്ക് ജന്മംനല്‍കിയ അറബിമലയാള സാഹിത്യശാഖയില്‍ ആറായിരത്തിലേറെ പദ്യ, ഗദ്യങ്ങളാണുള്ളത്. നാലുവര്‍ഷത്തെ അന്വേഷണത്തില്‍നിന്നാണ് ഇന്ത്യയിലെ തന്നെ ആദ്യ അറബിക് മലയാള റിസര്‍ച്ച് ലൈബ്രറി അക്കാദമിയിലൊരുക്കിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ റിസര്‍ച് ലൈബ്രറി കൂടിയാണിത്.
ഡോ. എം.എന്‍. കാരശ്ശേരി ചെയര്‍മാനും ഡോ. കെ.കെ. അബ്ദുല്‍ സത്താര്‍ കണ്‍വീനറുമായ ലൈബ്രറി കമ്മിറ്റിയാണ് ഇപ്പോഴും പഴയകാല ഗ്രന്ഥങ്ങള്‍ ശേഖരിച്ചുവരുന്നത്. കണ്ടത്തെിയവയില്‍ ഏറ്റവും പഴക്കമുള്ള കോഴിക്കോട് ഖാദി മുഹമ്മദ് രചിച്ച മുഹ്യിദ്ദീന്‍ മാല മുതല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ യഥാര്‍ഥ കൈപ്പടയില്‍ വരെയുള്ള അപൂര്‍വ കൃതികള്‍ ലൈബ്രറിയിലുണ്ട്. 22 ശാഖകളില്‍പെട്ട 1350 അപൂര്‍വ അറബിമലയാള ഗ്രന്ഥങ്ങള്‍ ശേഖരിക്കാനായിട്ടുണ്ട്. ലക്ഷദ്വീപ്, കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം, മലബാറിന്‍െറ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ പുസ്തകവും ശേഖരിച്ചത്.
മാലപ്പാട്ട്, കിസ്സ പാട്ട്, ചരിത്രങ്ങള്‍, ഇസ്ലാമിക കര്‍മശാസ്ത്രം, ഖുര്‍ആന്‍ പരിഭാഷകള്‍, ഭാഷാശാസ്ത്രം, നോവല്‍ തുടങ്ങി വിവിധ മേഖലയായാണ് ലൈബ്രറി തരംതിരിച്ചിരിക്കുന്നത്. അപൂര്‍വ ചികിത്സാ ഗ്രന്ഥങ്ങളുടെ ഒരുവിഭാഗവും ഇവിടെയുണ്ട്. കൊങ്ങണം വീട്ടില്‍ അഹമ്മദ് മുസ്ലിയാര്‍ രചിച്ച ഹിന്ദുസ്ഥാനി ഭാഷാപഠനം, സൈനുദ്ദീന്‍ ഇബ്നു, സിദ്ദീഖ് മഖ്ദൂം എന്നിവര്‍ രചിച്ച സുറിയാനി ഭാഷാപഠനം, അറബി-ഹിന്ദുസ്ഥാനി-ഇംഗ്ളീഷ്-തമിഴ് അക്ക പഠന സഹായി, ഭാഷാ പര്യായപുസ്തകം, വിവിധ ശബ്ദതാരാവലികള്‍, മോയിന്‍കുട്ടി വൈദ്യര്‍, കുഞ്ഞായിന്‍ മുസ്ലിയാര്‍, ചാക്കീരി, ടി. ഉബൈദ് അടക്കമുള്ളവരുടെ മാപ്പിളപ്പാട്ടുകളും പഴമക്കാര്‍ക്ക് ലൈബ്രറിയില്‍ കണ്ടത്തൊനാകും. 10 വര്‍ഷമായി അക്കാദമിയില്‍ മാപ്പിളകലകളിലും പരിശീലനം നല്‍കുന്നുണ്ട്. മാപ്പിളപ്പാട്ടിനായി ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സാണുള്ളത്. ദഫ്മുട്ട്, അറബന, കോല്‍ക്കളി എന്നിവയില്‍ 20 ദിവസത്തെ സൗജന്യ ക്യാമ്പുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.