മലയാളിക്ക് ഉറക്കംവിടാന്‍ ആറുനാള്‍

അന്തിവിളക്ക് കത്തിയാല്‍ പുറത്തേക്കിറങ്ങുന്ന പെണ്ണിനെ നോക്കി  ചാരിത്ര്യം പരിശോധിക്കാന്‍ മെനക്കെടുന്ന സദാചാര മാലാഖമാരുള്ള നാട്ടില്‍, സമൂഹത്തിന്‍െറ രക്ഷാധികാരം കൈയാളുന്ന പുരുഷന്‍ സ്ത്രീക്കു പതിച്ചുനല്‍കിയ വീടിന്‍െറ അകത്തളങ്ങളില്‍വെച്ചാണ് ജിഷ  ക്രൂരമായി കൊലചെയ്യപ്പെട്ടത്. നിര്‍ഭയ എന്ന പെണ്‍കുട്ടിക്കുവേണ്ടി അന്ന് നാം കത്തിച്ചുവെച്ച മെഴുകുതിരി അതിനേക്കാള്‍ ഭയാനകമായ രൂപത്തില്‍ നിസ്സഹായയായ ഒരു പെണ്‍കുട്ടിയോട് ക്രൂരമായി പെരുമാറിക്കൊണ്ടാണ് നാം കെടുത്തിക്കളഞ്ഞത്.
കേരളീയ ഭൂമിശാസ്ത്രരേഖയില്‍  മറക്കാനാവാത്ത പേരുകള്‍ പലതും എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. സ്കൂളില്‍ പോയി അക്ഷരം പഠിക്കുന്നതിനുമുമ്പേ പല പേരുകളും ഇന്ന് കൊച്ചുകുട്ടികള്‍പോലും മനപ്പാഠമാക്കിയത് പെണ്ണിന്‍െറ മാനത്തിന് വിലയിട്ട ഇടങ്ങളെന്ന നിലക്കാണ്. കിളിരൂരും സൂര്യനെല്ലിയും കതിരൂരും അങ്ങനെ  കാലാകാലങ്ങളില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെയും  പ്രതിപക്ഷത്തുള്ള പാര്‍ട്ടികളുടെയും തണലില്‍ പീഡിപ്പിച്ചവര്‍ക്ക് നീതികിട്ടുമ്പോഴും ബലാത്സംഗം ചെയ്യപ്പെട്ട രൂപവും രീതിയും നീതിദേവതക്കുമുന്നില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയേണ്ട ഗതികേടിനപ്പുറം ഇരകള്‍ക്കൊരു നേട്ടവുമുണ്ടായിട്ടില്ല. ശാരിയുടെ മകള്‍ അച്ഛനാര് എന്ന ചോദ്യം സമൂഹമനസ്സാക്ഷിയോട് വര്‍ഷങ്ങളായി ചോദിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. അപ്പോഴും പീഡിപ്പിച്ചവരെക്കാള്‍ നാം പറഞ്ഞുകൊണ്ടേയിരുന്നത് ഇരയായ പെണ്‍കുട്ടിയുടെ സദാചാരഭ്രംശത്തെക്കുറിച്ചാണ്.
സമൂഹത്തില്‍  അധീശത്വശക്തിയാലും അധികാരിവര്‍ഗത്താലും എന്നും അവഗണനയും പീഡനവും ഏല്‍ക്കേണ്ടിവരുന്നത്  നിസ്സഹായരായ സ്ത്രീവര്‍ഗമാണ് എന്നത് ശരിയാണ്. പക്ഷേ, അതിനേക്കാള്‍ വലിയ ശരിയും യാഥാര്‍ഥ്യവും അത് പിന്നാക്ക ദലിത് ന്യൂനപക്ഷ സ്ത്രീ വിഭാഗമാണ് എന്നതുകൂടിയാണ്. ജിഷയുടെ മരണം എന്തുകൊണ്ട് പുറംലോകം അറിഞ്ഞില്ല, ചര്‍ച്ചയായില്ല. കൊടിനിറഭേദമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീസംരക്ഷകരും പാഞ്ഞത്തെിയില്ല എന്നതിന്‍െറ വസ്തുത ആ പെണ്‍കുട്ടിയുടെ ശവശരീരത്തില്‍നിന്ന് പുറത്തുവരുന്ന ജാതിയുടെ മണമാണ്. ഉന്നത പദവിവഹിച്ച് പിരിഞ്ഞുപോയ ദലിത് ഉദ്യോഗസ്ഥനിരുന്ന കസേരയില്‍ ഇരിക്കണമെങ്കില്‍ അത് ചാണകം കൊണ്ട് ശുദ്ധികലശം നടത്തണമെന്നു വാശിയുള്ള ഹീന മനസ്സ് സൂക്ഷിക്കുന്ന ഉന്നതകുല ഉദ്യോഗസ്ഥര്‍ ഏറെയുള്ള നാടാണിത്. അതുകൊണ്ടാണ് ഏഴുദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് തൃപ്തിയായ സൂചന ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത്.
അധികാരത്തിന്‍െറയും ആഭിജാത്യത്തിന്‍െറയും തണല്‍പറ്റാന്‍ കഴിയുന്നവര്‍ക്ക് മാത്രമുള്ളതാണ്  ജനിക്കാനും അന്തസ്സോടെ ജീവിക്കാനുമുള്ള അവകാശമെന്ന്   പ്രശ്നങ്ങളോടുള്ള നിസ്സംഗതയാല്‍ നമ്മുടെ ഭരണകൂടം നിരന്തരം നമ്മെ ഉണര്‍ത്തുന്നുണ്ട്. അതുകൊണ്ടാണ് ഇനിയൊരു പോസ്റ്റുമോര്‍ട്ടത്തിനുപോലും വകയില്ലാത്തവിധം ആ ശവശരീരം കത്തിച്ചുകളഞ്ഞത്.   
മാധ്യമങ്ങളില്‍നിന്നും  വെളിവായ കാര്യം വളരെ പരിതാപകരമായ അവസ്ഥയിലാണ് ആ പെണ്‍കുട്ടിയും അമ്മയും ജീവിച്ചുവന്നിരുന്നത് എന്നാണ്.  ജിഷക്കുമാത്രമല്ല, ഇനിയുമവിടെ ഇതുപോലൊരു സംഭവം ആവര്‍ത്തിക്കപ്പെടാമെന്ന് അവിടം സന്ദര്‍ശിച്ച സാറ ടീച്ചര്‍ പറയുന്നതുകേട്ടു. പട്ടയമില്ലാത്ത ഭൂമിയില്‍ പാര്‍ത്തുകൊണ്ടാണ് ആ അമ്മ മകളെ നീതിയുടെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ പറഞ്ഞയച്ചത്. കുടിക്കാനും കുളിക്കാനും പൊതുടാപ്പില്‍നിന്നും വേണം വെള്ളമെടുക്കാന്‍. മരിക്കുന്നതിന്‍െറ കുറച്ചുമണിക്കൂര്‍ മുമ്പും ജിഷ വെള്ളമെടുക്കാന്‍ പോയത് പരിസരവാസികള്‍ കണ്ടിരുന്നു. ഒരുപാടുതവണ പലരും ഉപദ്രവിക്കുന്നതായ പരാതി  മകളെ നഷ്ടപ്പെട്ട ആ അമ്മ കൊടുത്തിരുന്നു. അത് ഗൗനിക്കാനും വേണ്ട നടപടിയെടുക്കാനും ചങ്കൂറ്റമുള്ളൊരു ഉദ്യോഗസ്ഥനുണ്ടായിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ബന്ധുവായ സ്ത്രീ ചാനല്‍ചര്‍ച്ചയില്‍ പറയുന്നു.
പല കേസുകളിലും കാണുന്നതുപോലെ  പിന്നീടുണ്ടായ ശ്രമം കുട്ടിയുടെ അമ്മയെ മനോരോഗിയാക്കി ചിത്രീകരിക്കാനായിരുന്നു. അമ്മ പലരോടും വഴക്കുകൂടുമത്രെ. പ്രായപൂര്‍ത്തിയായ മകളെ  അടച്ചുറപ്പില്ലാത്തൊരു വീട്ടില്‍ കാത്തുസംരക്ഷിക്കുമ്പോള്‍ അവിടേക്ക് പാര്‍ത്തുനോക്കാന്‍ വരുന്നവരെ  നിലക്കുനിര്‍ത്താന്‍  അധികാരികള്‍ കനിയാതിരിക്കുമ്പോള്‍ ആ അമ്മ പിന്നെന്താണ് ചെയ്യേണ്ടത്.  കാക്ക കുഞ്ഞിനെ കൂട്ടില്‍ കരുതിയിരിക്കുന്നതുപോലെ ദുര്‍ബലമായ ആ ചിറകിനടിയില്‍ ഒളിപ്പിച്ചു 30 വയസ്സുവരെ സംരക്ഷിച്ച ആ മകള്‍ നഷ്ടപ്പെട്ടത് അവരവിടെയില്ലാത്ത സമയത്താണെന്നോര്‍ക്കണം ഈ  മനോരോഗ മുദ്രകുത്തുന്നവര്‍.  മരിച്ചുകിടക്കുന്ന മകളെക്കണ്ട അമ്മയുടെ നിലവിളിപോലും കേള്‍ക്കാനുള്ള മനസ്സ് പരിസരവാസികള്‍ക്കുമുണ്ടായില്ല.
മരണപ്പെട്ടത് ഒരു നിയമവിദ്യാര്‍ഥിയാണ്. നിയമത്തിന്‍െറ തുലാസുകളെന്നും നീതിയുടെ ഭാഗത്തു തൂങ്ങിനില്‍ക്കാന്‍ പഠിപ്പിക്കുന്ന ആ കലാലയ മുറ്റത്തുപോലും ഒരു പ്രതിഷേധവും ഒച്ചപ്പാടും ഉണ്ടാക്കിയില്ലല്ളോ. നമ്മുടെ ചേരികളും കൂരകളും മാത്രമല്ല, പുറമേക്ക് പുരോഗമനം പറയുന്ന വിദ്യാസമ്പന്നന്‍െറ രക്തത്തിലും ദലിതനോടുള്ള അവഗണനതന്നെയാണ് ഉറച്ചിട്ടുള്ളത്. ഇന്ത്യയിലെ പല പ്രമുഖ കലാലയങ്ങളിലും രോഹിത് വെമുലക്കുവേണ്ടിയും കനയ്യക്കുവേണ്ടിയും  തൊണ്ട പൊട്ടുമാറുച്ചത്തില്‍ ജയ്വിളികളുയര്‍ന്നപ്പോള്‍ കേരളീയ കലാലയമുറ്റം അങ്ങനെയൊന്നറിഞ്ഞ മട്ട് കാണിച്ചില്ലല്ളോ. ജിഷയുടെയും രോഹിത് വെമുലയുടെയും  കനയ്യയുടെയും അമ്മമാരുടെ ജാതി ഒന്നാണ്. ഏറ്റവുംവലിയ ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഇടങ്ങളാണിന്ന് അക്കാദമിക്-ബ്യൂറോക്രസി മേഖലകള്‍.
ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഒമ്പതുമാസത്തിനിടയില്‍ കേരളത്തില്‍മാത്രം ബലാത്സംഗത്തിനിരയായവര്‍ 1532 പേരാണ്. അതില്‍ 981 സ്ത്രീകളും ഒരുവയസ്സിനും 17 വയസ്സിനുമിടയിലുള്ള 550 പെണ്‍കുട്ടികളും ബലാല്‍ക്കാരമായി പീഡിപ്പിക്കപ്പെട്ടു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ 3843 പേരാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. ഒരുദിവസം അഞ്ചുപേരെന്ന തോതില്‍. സ്ത്രീകളെ അംഗീകരിക്കാനും ആദരിക്കാനും മനുഷ്യജീവിയായി കാണാനും സമൂഹം പഠിച്ചിട്ടില്ലായെന്നതിന്‍െറ തെളിവ്. സദാചാരത്തിനുവേണ്ടി കാവലിരിക്കുന്ന നാട്ടിലാണ് ഇതു നടക്കുന്നത്. ലൈംഗികാതിക്രമം ലക്ഷ്യമിട്ട് തുടങ്ങിയ നിര്‍ഭയ സംവിധാനം തീര്‍ത്തും ദുര്‍ബലപ്പെട്ടു.   ലൈംഗിക പീഡനക്കേസില്‍ ഒമ്പതാം സ്ഥാനത്തും സ്ത്രീകളെ മോശക്കാരാക്കി കാണിക്കുന്നതില്‍ എട്ടാം സ്ഥാനത്തുമാണ് കേരളം. 2015ല്‍ മാത്രം കേരളത്തില്‍ 1077 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 5171 ലൈംഗിക പീഡനക്കേസുകളുണ്ടായി. 136 പെണ്‍കുട്ടികളെയും 12 സ്ത്രീകളെയും തട്ടിക്കൊണ്ടുപോയതായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ കേസുകളും പെരുകുന്നു. നവമാധ്യമങ്ങളില്‍ക്കൂടി സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന പ്രവണത ഏറിവരുകയാണ്. നിയമത്തിന്‍െറ പരിരക്ഷകളുണ്ടായിട്ടും സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ ഏറിവരുന്നതിന് പ്രധാനകാരണം നിയമം നടപ്പാക്കുന്നതിലുള്ള അനാസ്ഥതന്നെ ഒന്നാം സ്ഥാനത്ത്. പുറമേക്ക് എത്രതന്നെ പുരോഗമനം പറഞ്ഞാലും സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റംവരുത്താത്ത സമൂഹമന$സ്ഥിതിയാണ് രണ്ടാമത്തെ കാരണം. ഒരു പെണ്ണ് പീഡിപ്പിക്കപ്പെട്ടാലും മാനഭംഗത്തിനിരയായാലും സമൂഹം അതൊരു പെണ്‍പ്രശ്നമായിമാത്രം കണ്ട് ചുരുക്കുകയാണ്. യഥാര്‍ഥത്തില്‍ അത് ഓരോ കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും പ്രശ്നമാണ്.  പെണ്ണെന്നു പറയുന്നത് ഭൂമിയില്‍ തനിയെ മുളപൊട്ടിവന്ന പ്രതിഭാസമല്ല. അവളൊരു മകളോ ഭാര്യയോ സഹോദരിയോ അമ്മയോ ഒക്കെയാണ്. അവര്‍ക്കു പിതാവും മകനും ഭര്‍ത്താവും കാമുകനും സഹോദരനും കൂടിയുണ്ട്. അവരിലാര്‍ക്കും ഇത്തരം ക്രൂരതകള്‍കണ്ട് വേദനിക്കുന്നില്ളേ. മാത്രമല്ല, ഒരു പെണ്ണിനെ പിച്ചിച്ചീന്തുമ്പോള്‍ അവളുടെ മാനംമാത്രമല്ല പോകുന്നത്, അവിടെ നിറംകെട്ടുപോകുന്ന ഒരു മകനും ബാക്കിയാവുകയാണ്. സാമൂഹിക വിരുദ്ധരായ ഒരുപറ്റം ആണ്‍മക്കളെ സൃഷ്ടിച്ചുകൊണ്ട് നാം എന്തു പുരോഗതിയാണ് നേടാന്‍ശ്രമിക്കുന്നത്. വികസനത്തിന്‍െറ മുദ്രകള്‍ റോഡും ഫ്ളാറ്റും വിമാനത്താവളവും മാത്രമല്ല, സാമൂഹികവും സാംസ്കാരികവുമായ ഉന്നതികൂടിയാണ്.
ഈ സാമൂഹിക അപചയത്തിനു വലിയ പങ്ക് ഇന്ന് നവമാധ്യമങ്ങളും മദ്യം, മയക്കുമരുന്ന് പോലുള്ള ലഹരിപദാര്‍ഥങ്ങളും വഹിക്കുന്നുണ്ട്. ഇത്തരം വസ്തുക്കളുടെ ലഭ്യത ഉറപ്പുനല്‍കാനാണ് ഇപ്പോള്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നത്. മുതലാളിത്ത സംസ്കൃതിയെ വല്ലാതെ ഏറ്റുവാങ്ങിയ  കേരളം അതിനു വലിയവിലയാണ് കൊടുക്കേണ്ടിവന്നത്. സ്ത്രീ ആസ്വാദനോപാദി മാത്രമാണിവിടെ. കേരളം ആഘോഷിച്ചു കണ്ട മലയാളിഹൗസ് എന്നൊരു ചാനല്‍ പരമ്പര മാത്രംമതി നാം കേരളീയ യുവത്വം എങ്ങനെചിന്തിക്കുന്നുവെന്ന് ബോധ്യപ്പെടാന്‍. അതില്‍ നിറഞ്ഞാടിയവര്‍ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരായിരുന്നുവെന്ന് ഓര്‍ക്കണം.  ഇത്തരം സംസ്കൃതിയുടെ ഉപോല്‍പന്നമാണ് സ്ത്രീപീഡന പരമ്പരകള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT