ഉര്‍ജിത് പട്ടേലിനെ കാത്ത് വെല്ലുവിളികള്‍

ഒരു പക്ഷേ, റിസര്‍വ് ബാങ്കിന്‍െറ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ ഗവര്‍ണറായ രഘുറാം രാജന്‍െറ പിന്‍ഗാമിയെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ പല നെറ്റികളിലും ചുളിവുകള്‍ പ്രകടമായിരുന്നു. കേന്ദ്ര ബാങ്കിന്‍െറ ഗവര്‍ണറാകുമെന്ന് കരുതിയിരുന്ന പല പേരുകളും അവഗണിച്ചാണ് ഉര്‍ജിത് പട്ടേലിനെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥ പദവികളില്‍ ഒന്നിലേക്ക് എന്‍.ഡി.എ സര്‍ക്കാര്‍ നിയോഗിച്ചത്. എന്നാല്‍, പട്ടേലിന്‍െറ കരിയര്‍ പരിശോധിച്ചാല്‍ ഒന്നു വ്യക്തം: നിയമനം പുര്‍ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണത്തിന് സാധ്യതകള്‍ വിരളം.

നിലവില്‍ റിസര്‍വ് ബാങ്കിന്‍െറ ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായ പട്ടേലിന് രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളിലെ പരിചയ സമ്പന്നതക്ക് പുറമെ ഇന്ത്യയില്‍ പല തലങ്ങളിലും ജോലിചെയ്ത പരിചയവും അനുഭവ സമ്പത്തുമുണ്ട്. ഐ.എം.എഫില്‍ ഉന്നതപദവി വഹിച്ചിരുന്ന ഉര്‍ജിത് പട്ടേലിന് കേന്ദ്ര ധനമന്ത്രാലയത്തില്‍ ജോലിചെയ്ത പരിചയവുമുണ്ട്. ഒരു പക്ഷേ, രാഷ്ട്രീയ നേതൃത്വത്തെ കൂടുതല്‍ മികവോടെ നേരിടാന്‍ ഈ അനുഭവസമ്പത്ത് അദ്ദേഹത്തിന് ഉപകാരപ്പെടുകയും ചെയ്തേക്കാം. ഇന്ത്യയില്‍ വായ്പാ നയ രൂപവത്കരണത്തിനായി എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പുതുസംവിധാനമായ വായ്പാ നയ സമിതിയില്‍ റിസര്‍വ് ബാങ്കിന്‍െറ നോമിനിയായി രഘുറാം രാജന്‍ നിയോഗിച്ച രണ്ടു പേരില്‍ ഒരാള്‍ ഉര്‍ജിത് പട്ടേലായിരുന്നു എന്നതും അദ്ദേഹത്തിന്‍െറ മികവിന്‍െറ സൂചകമാണ്.

ഇതൊക്കെയാണെങ്കിലും ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനം ഉര്‍ജിത് പട്ടേലിന് ഒരിക്കലും പൂമത്തെയായിരിക്കില്ല. സമ്പദ്വ്യവസ്ഥയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മറ്റൊരു ആര്‍.ബി.ഐ ഗവര്‍ണറും മുമ്പ് നേരിടാത്ത വായ്പാ  നയ രൂപവത്കരണ സമിതി യുടെ നീക്കങ്ങള്‍ തന്നെയായിരിക്കും.

ഒക്ടോബര്‍ നാലിന് പുതിയ ഗവര്‍ണര്‍ അടുത്ത വായ്പാ നയം അവതരിപ്പിക്കുമ്പോള്‍ ആ തീരുമാനങ്ങള്‍ വായ്പാ നയ രൂപവത്കരണ സമിതിയുടേതായിരിക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അധ്യക്ഷനായ ആറംഗ സമിതിയാവും പലിശ നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. ഗവര്‍ണര്‍ക്ക് പുറമെ റിസര്‍വ് ബാങ്കിന്‍െറ രണ്ടു പ്രതിനിധികളും കേന്ദ്ര സര്‍ക്കാറിന്‍െറ മൂന്നു പ്രതിനിധികളും ഈ സമിതിയില്‍ ഉണ്ടാവും. ഗവര്‍ണര്‍ക്ക് തീരുമാനങ്ങളില്‍ വീറ്റോ അധികാരമൊന്നും ഉണ്ടാവില്ല. തീരുമാനങ്ങളില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉണ്ടായാല്‍ ഗവര്‍ണര്‍ക്ക് കാസ്റ്റിങ് വോട്ട് നടത്താമെന്നതാണ് പുതിയ സംവിധാനം. പലിശ നിരക്ക് നിര്‍ണയം കേന്ദ്ര സര്‍ക്കാറിന്‍െറ മനോഗതം പോലെയാക്കാന്‍ ശ്രമം ഉണ്ടായാല്‍ അത് പ്രതിസന്ധിക്ക് കാരണമാകുമോ എന്നതില്‍ നിന്നുതന്നെ തുടങ്ങും പുതിയ ആര്‍.ബി.ഐ ഗവര്‍ണര്‍ നേരിടുന്ന വെല്ലുവിളി. പലിശ നിരക്ക് നിര്‍ണയത്തിന്‍െറ വിമര്‍ശങ്ങള്‍ പൂര്‍ണമായി ഏറ്റുവാങ്ങേണ്ടിവരില്ല എന്നത് മാത്രമായിരിക്കും അദ്ദേഹത്തിനുള്ള ആശ്വാസം. എന്നാല്‍, സര്‍ക്കാര്‍ ഇടപെടല്‍ ഉര്‍ജിത് പട്ടേല്‍ എങ്ങനെ നേരിടും എന്നതും നിര്‍ണായകമാണ്. അതാണ് സാമ്പത്തികലോകം ഉറ്റുനോക്കുന്നതും.

പണപ്പെരുപ്പമാണ് പുതിയ ഗവര്‍ണര്‍ക്ക് മുന്നിലെ അടുത്ത വെല്ലുവിളി. ഇത്തരം വെല്ലുവിളികള്‍ അഭിമുഖീകരിച്ച് നല്ല പരിചയമുള്ളയാളാണ് ഉര്‍ജിത് പട്ടേല്‍. 2013ല്‍ റിസര്‍വ് ബാങ്കിന്‍െറ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനായ അദ്ദേഹം പണപ്പെരുപ്പം നേരിടുന്നതിന് തയാറാക്കപ്പെട്ട ചട്ടക്കൂടിന്‍െറ പ്രധാന രൂപകര്‍ത്താക്കളില്‍ ഒരാളാണ്. എങ്കിലും രഘുറാം രാജനെ അപേക്ഷിച്ച് പണപ്പെരുപ്പം പട്ടേലിന് കൂടുതല്‍ ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തും. രഘുറാം രാജന്‍ ആര്‍.ബി.ഐ ഗവര്‍ണറായി നിയോഗിക്കപ്പെടുന്ന സമയത്ത് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുത്തനെ ഇടിഞ്ഞുതുടങ്ങിയ കാലമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അടിക്കടി നികുതി വര്‍ധിപ്പിച്ചതുമൂലം പൂര്‍ണ വിജയം നേടാനായില്ളെങ്കില്‍കൂടി പണപ്പെരുപ്പം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ രാജ്യാന്തര വിപണിയിലെ എണ്ണ വില തകര്‍ച്ച അദ്ദേഹത്തിന് സഹായകമായി. എന്നാല്‍, ആ ആനുകൂല്യം ഉര്‍ജിത് പട്ടേലിന് ലഭിക്കില്ല.

ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നതെന്നതുതന്നെ കാരണം. അതുകൊണ്ടുതന്നെ, രാജ്യത്ത് പണപ്പെരുപ്പവും ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. തന്‍െറ അവസാന വായ്പാ നയത്തില്‍പോലും പലിശ നിരക്ക് കുറക്കണമെന്ന വ്യാപക ആവശ്യത്തിന് നിലവിലെ ഗവര്‍ണര്‍ രഘുറാം രാജന്‍ ചെവികൊടുക്കാതിരുന്നതിന്‍െറ കാരണവും മറ്റൊന്നല്ല. ഇപ്പോഴത്തെ അവസ്ഥയില്‍ പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് പോകാനുള്ള സാധ്യതയും ചില സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ജൂലൈ മാസത്തെ കണക്കനുസരിച്ച് മൊത്തവില സൂചിക തുടര്‍ച്ചയായ നാലാം മാസവും ഉയര്‍ന്നതും അത്ര ശുഭസൂചനയല്ല നല്‍കുന്നത്. ജൂലൈയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.07 ശതമാനത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്. ഉപഭോക്തൃ വിലപ്പെരുപ്പം എന്ത് വിലകൊടുത്തും ആറ് ശതമാനത്തിലും താഴെ നിര്‍ത്തണമെന്ന ലക്ഷ്യം റിസര്‍വ് ബാങ്ക് എടുത്തിരിക്കെയാണ് സൂചിക ഈ പരിധി കടന്നുപോയത്.

ഇതില്‍ നിന്നെല്ലാം ഒന്നുറപ്പാണ്, ഉര്‍ജിത് പട്ടേലിനെ സംബന്ധിച്ചിടത്തോളം റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ കസേരയിലെ ആദ്യ നാളുകള്‍ തന്നെ കടുത്ത വെല്ലുവിളിയുടേതായിരിക്കും. പണപ്പെരുപ്പത്തിന് പുറമെ അടിസ്ഥാനപരമായ മറ്റു ചില പ്രശ്നങ്ങളും പുതിയ ഗവര്‍ണറെ കാത്തിരിപ്പുണ്ട്. വിദേശ നാണയ വിപണിയില്‍ രൂപയുടെ മൂല്യത്തകര്‍ച്ചക്കുള്ള സാധ്യതയാണ് ഇതില്‍ പ്രധാനം. പെട്രോളിയം ഇറക്കുമതിക്കുവേണ്ടി വരുന്ന ചെലവ് ഉയര്‍ത്തുകയും അതു വഴി പണപ്പെരുപ്പത്തില്‍ കുതിച്ചുചാട്ടത്തിന് കാരണമാവുകയും ചെയ്യുന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയെന്നതിനാല്‍ ഇതും പുതിയ ഗവര്‍ണറെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാവും ഉയര്‍ത്തുക.

സെപ്റ്റംബര്‍ അവസാനത്തില്‍ 2000 കോടി ഡോളറിന്‍െറ ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്‍റ് (എഫ്.സി.എന്‍.ആര്‍) നിക്ഷേപങ്ങള്‍ കാലാവധി എത്തുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതില്‍ ഭൂരിഭാഗവും പിന്‍വലിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊടുന്നനെ ഇത്ര വലിയൊരു വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുകയാണെങ്കില്‍ അത് രൂപയുടെ മൂല്യത്തില്‍ കാര്യമായ ചാഞ്ചാട്ടങ്ങള്‍ക്ക് വഴിയൊരുക്കും. ഈ ചാഞ്ചാട്ടങ്ങള്‍ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ പുതിയ ഗവര്‍ണര്‍ ആവിഷ്കരിക്കേണ്ടി വരും.

പൊതുമേഖലയിലേതുള്‍പ്പെടെയുള്ള ബാങ്കുകളുടെ കിട്ടാക്കടമാണ് ഗവര്‍ണറെ തുടക്കത്തില്‍തന്നെ അലട്ടാന്‍ സാധ്യതയുള്ള മറ്റൊരു പ്രശ്നം.  കിട്ടാക്കടം കുതിച്ചുയര്‍ന്ന് പല ബാങ്കുകളുടെയും അവസ്ഥ വളരെ പരിതാപകരമാണെന്നാണ് വിലയിരുത്തല്‍. ഇവക്ക് പുതിയ മൂലധനം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിന്‍െറ നിലപാടുകള്‍ വളരെ നിര്‍ണായകമാണ്.

ഈ പ്രതിസന്ധികളുമായി മല്ലിടുമ്പോള്‍ തന്നെ മറ്റൊരു പ്രശ്നംകൂടി ഉര്‍ജിത് പട്ടേലിനെ നിരന്തര ശല്യപ്പെടുത്തും. റിസര്‍വ് ബാങ്ക് നയം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് തടസ്സമാകുന്നുവെന്ന കേന്ദ്ര സര്‍ക്കാറിന്‍െറതന്നെ പരാതിയാണിത്. തുടക്കം മുതല്‍ പലിശനിരക്ക് കുറക്കാന്‍ പുതിയ ഗവര്‍ണറില്‍ സമ്മര്‍ദം ഉണ്ടാകുമെന്ന് ഉറപ്പാണ്. പണപ്പെരുപ്പം കടുത്ത വെല്ലുവിളിയായി നില്‍ക്കുമ്പോള്‍ അതിന് ഈ സമ്മര്‍ദത്തിന് വഴങ്ങാന്‍ സാങ്കേതികമായെങ്കിലും അദ്ദേഹത്തിന് കഴിയില്ല. എന്നാല്‍, ഈ സമ്മര്‍ദം അതിജീവിക്കാന്‍ ഉര്‍ജിത് പട്ടേലിന് കഴിയുമോ എന്നാണ് സാമ്പത്തിക മേഖല ഉറ്റുനോക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.