വിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ നിലവിളക്കിന്‍െറ കാര്യം ബഹുതമാശയാണ്. കൊളുത്തിയാലും കെടുത്തിയാലും അത് വിവാദത്തിന്‍െറ തീ പടര്‍ത്തും. മന്ത്രി ജി. സുധാകരന്‍െറ പ്രസ്താവനയും തുടര്‍ പ്രതികരണങ്ങളുമാണ് അടുത്തിടെ അതിനെ സജീവമാക്കി നിലനിര്‍ത്തിയത്. അത് ഏതാണ്ട് കെട്ടണയും മുമ്പേ മുസ്ലിംലീഗ് നേതാവും എം.എല്‍.എയുമായ എം.കെ. മുനീര്‍ കോഴിക്കോട്ടൊരു വിളക്ക് കൊളുത്തി. അതാണിപ്പോള്‍ സംസാര വിഷയം.
നിലവിളക്കുമായി ബന്ധപ്പെട്ട് ലീഗ് കാലങ്ങളായി തുടരുന്ന നിലപാടുണ്ട്. അതിന് വിരുദ്ധമായ സമീപനം സ്വീകരിക്കുകയും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ് എം.കെ. മുനീറും സംഘവും. സാംസ്കാരിക ദേശീയതയുടെ ഹിംസാത്മക സമീപനങ്ങള്‍ക്കെതിരായ തിരിച്ചറിവുകള്‍ ശക്തിപ്പെടുന്ന കാലത്തും മുനീര്‍ ഇത്തരം നിലപാടുമായി മുന്നോട്ടു പോകുന്നതിന്‍െറ കാരണങ്ങള്‍ ഇതേ കോളത്തില്‍ മുമ്പ് വിശദീകരിച്ചിരുന്നു. മുനീറിന്‍െറ ചെയ്തി, പൊതുസമൂഹത്തെക്കാള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത് പാര്‍ട്ടിക്കകത്തുതന്നെ. സൈബര്‍ ലോകത്ത് എം.എസ്.എഫുകാരും യൂത്ത് ലീഗുകാരും എസ്.കെ.എസ്.എസ്.എഫുകാരുമൊക്കെ അതിരൂക്ഷമായാണ് പ്രതികരിക്കുന്നത്. പ്രതികരണ പ്രളയത്തില്‍പെട്ട മുനീര്‍, സ്വന്തം നിലക്കും അടുത്തയാളുകളെക്കൊണ്ടും മറുകുറിപ്പുകള്‍ പ്രസിദ്ധീകരിച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്‍െറ ബാപ്പ മഹാനായിരുന്നു എന്നതാണ് മറുകുറിപ്പുകളിലെ പ്രധാന പ്രമേയമെന്ന് മാത്രം. വാട്സ്ആപ് വഴി അദ്ദേഹം പ്രചരിപ്പിക്കുന്ന ഓഡിയോ മെസേജിലാകട്ടെ, വിതുമ്പിക്കൊണ്ട് തന്‍െറ മഹത്വവും പാര്‍ട്ടിക്കൂറും ഉറപ്പിച്ചു പറയുന്നുവെന്നല്ലാതെ നിലവിളക്കുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തെ ശരിയാം വിധം അഭിമുഖീകരിക്കുന്നില്ല.
കോഴിക്കോട്ട് സംഭവിച്ചതെന്താണ്? ശിവസേനയുടെ കോഴിക്കോട് ഘടകം, നഗരത്തില്‍ ഗണേശോത്സവത്തോടനുബന്ധിച്ച് ഗണേശ വിഗ്രഹങ്ങളുടെ മിഴിതുറക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നു. നിലവിളക്ക് കൊളുത്തി ആ കര്‍മത്തിന് തുടക്കമിടുകയായിരുന്നു മുനീര്‍. ഹൈന്ദവ വിശ്വാസികള്‍ ആരാധനകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വസ്തുവെന്നതാണ് നിലവിളക്കിന്‍െറ പ്രത്യേകത. നമ്മുടെ ദേശീയ/പൊതു സംസ്കാരം ഹൈന്ദവമായതു കൊണ്ട് നിലവിളക്ക് വലിയ പൊതുസമ്മതി നേടിയെടുത്തിട്ടുണ്ട്. അങ്ങനെയാണ് അത് ഒൗദ്യോഗിക ചടങ്ങുകളുടെ ഭാഗമായത്. ദീപാരാധനയും അഗ്നിയാരാധനയും വിശ്വാസത്തിന് വിരുദ്ധമാണ് എന്ന് വിചാരിക്കുന്ന മുസ്ലിംകള്‍ അത് കൊളുത്താന്‍ നില്‍ക്കാറില്ല. വിളക്ക് വലിച്ചെറിയണമെന്നോ, വിളക്ക് കത്തിക്കുന്നതിന് പകരം ബിസ്മി ചൊല്ലി പരിപാടി തുടങ്ങണമെന്നോ മുസ്ലിംകളാരും പറഞ്ഞിട്ടില്ല. അതില്‍ താല്‍പര്യമില്ലാത്ത, അത് വിശ്വാസത്തിന് വിരുദ്ധമാണെന്ന് വിചാരിക്കുന്നവര്‍ ബഹളമുണ്ടാക്കാതെ മാറിനില്‍ക്കുക മാത്രമാണ് ചെയ്യുന്നത്. പക്ഷേ, നമ്മുടെ നാട്ടിലെ മഹാന്മാരായ ജനാധിപത്യവാദികള്‍, മതേതരന്മാര്‍, ലിബറലുകള്‍, മാധ്യമങ്ങള്‍, ഇവരുടെയെല്ലാം ഗുഡ്സര്‍ട്ടിഫിക്കറ്റിന് വേണ്ടി കെഞ്ചുന്ന സാധുക്കളായ മുസ്ലിംകള്‍ എന്നിവരൊക്കെ ചേര്‍ന്ന് സംഘ്പരിവാറിനെ പോലെ ഇത് വലിയൊരു വിവാദമാക്കുകയായിരുന്നു. അങ്ങനെയാണ് കത്തിക്കാതിരുന്ന അബ്ദുറബ്ബിന് മമ്മൂട്ടി ലൈവായി കത്തിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് ക്ളാസെടുക്കുന്നത്. ക്ളാസു കേട്ട കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐക്കാര്‍ നിലവിളക്കേന്തി മന്ത്രിയെ തടയാന്‍ വന്നത്. രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തുവന്നത്. അതായത്, ഈ വിളക്ക് വെറുമൊരു വിളക്കല്ല, ഹിംസാത്മകമായൊരു രാഷ്ട്രീയ ബിംബമായി മാറുകയാണ്. അത്തരമൊരു പശ്ചാത്തലത്തില്‍ വിളക്കിനെ മുന്‍നിര്‍ത്തി അടിച്ചേല്‍പിക്കപ്പെടുന്ന മേലാള രാഷ്ട്രീയത്തെ ചെറുക്കുക പ്രധാനപ്പെട്ടൊരു രാഷ്ട്രീയ ദൗത്യമാണ്.
അതെല്ലാം പഴയ കഥ. പുതിയതിലേക്ക് വരാം. മുനീര്‍ നടത്തിയത് വെറും വിളക്ക് കത്തിക്കല്‍ മാത്രമല്ല. ശിവസേനയുടെ ഗണേശോത്സവത്തിന്‍െറ ഉദ്ഘാടനത്തിന്‍െറ ഭാഗമായുള്ള വിളക്ക് കത്തിക്കലാണ്. ശിവസേനയെക്കുറിച്ച് അധികം ക്ളാസ് ലഭിക്കേണ്ട കാര്യമില്ല. കേരളത്തിലെ ശിവസേനയാകട്ടെ, സവിശേഷമായൊരിനമാണ്. മുരത്ത വര്‍ഗീയതയും ക്രിമിനല്‍ സ്വഭാവങ്ങളും കാരണം ആര്‍.എസ്.എസ് പോലും മാറ്റിനിര്‍ത്തിയ ആളുകളാണ് കേരളത്തില്‍ അതിന്‍െറ പ്രവര്‍ത്തകവൃന്ദം. ആര്‍.എസ്.എസിനുപോലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത ആ കോമരസംഘത്തെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ. മുംബൈ നഗരത്തെ വര്‍ഗീയമായി പിളര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ശിവസേനയുടെ ആയുധമാണ് ഗണേശോത്സവം. കേരളത്തില്‍ ഇത് വ്യാപകമല്ല. പക്ഷേ, അത് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശിവസേനയും ആര്‍.എസ്.എസും കുറച്ചു കാലമായി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അത്തരമൊരു പരിപാടിയാണ് നിലവിളക്ക് കൊളുത്തി മുനീര്‍ ഉദ്ഘാടനം ചെയ്തു കൊടുത്തത്.
ഉദ്ഘാടനം ചെയ്തതിനേക്കള്‍ ഗൗരവപ്പെട്ട പ്രശ്നം വേറെയാണ്. അതേക്കുറിച്ച് വിമര്‍ശമുയരുമ്പോള്‍ ‘ബാപ്പ മഹാനായിരുന്നു’ എന്നുപറഞ്ഞു മാത്രം രക്ഷപ്പെടാമെന്ന് ഫാഷിസത്തെക്കുറിച്ച് തടിയന്‍ പുസ്തകമെഴുതിയ ഒരാള്‍ എങ്ങനെ വിചാരിക്കും? രാഷ്ട്രീയമായും ആശയപരമായും അതിനെ പ്രതിരോധിക്കുക, അതല്ളെങ്കില്‍ തെറ്റ് ഏറ്റുപറയുക; അതായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതദ്ദേഹം ചെയ്തില്ല. എന്നാല്‍, പാര്‍ട്ടിയോ? അവരും ഇതുവരെ ഒൗദ്യോഗികമായി മിണ്ടിയിട്ടില്ല. മുതിര്‍ന്ന കോണ്‍ഗ്രസുകാരനായ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സംഘ് പരിവാറിന് ഉപയോഗിക്കാന്‍ പാകത്തിലുള്ള പ്രസ്താവന നടത്തിയപ്പോഴേക്ക് കോണ്‍ഗ്രസിന്‍െറ പാരമ്പര്യവും രാഷ്ട്രീയ പ്രത്യയശാസ്ത്രവും ഉദ്ധരിച്ച് തിരുത്തിക്കാന്‍ ആ പാര്‍ട്ടിക്കകത്തുള്ള യുവനേതാക്കള്‍ രംഗത്തുവന്നത് അടുത്തിടെയാണ്. യുവകോണ്‍ഗ്രസുകാര്‍ സൂക്ഷിക്കുന്ന രാഷ്ട്രീയ/പ്രത്യയശാസ്ത്ര സൂക്ഷ്മതപോലും ലീഗ് നേതൃത്വത്തിനില്ലാതെ പോയെന്നാണോ?
ഹൈദരലി തങ്ങളുടെ നിലപാട്
നിലവിളക്ക് വിഷയത്തില്‍ പൂര്‍വികരായ ലീഗ് നേതാക്കളുടെ മാര്‍ഗം പിന്തുടരണമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ കട്ടായം പറഞ്ഞതാണ്. അതിനു ശേഷവും ശിവസേനയുടെ ഗണേശോത്സവ പരിപാടിയില്‍ പോയി ലീഗ് നേതാവ് അത് ചെയ്യുന്നത് എന്തുകൊണ്ടായിരിക്കും? പാണക്കാട് തങ്ങളുടെ കല്‍പനകള്‍ക്ക് പൊതുവെ കല്‍പിക്കപ്പെടുന്ന പാവനത്വം പോലും ഇവിടെ പാലിക്കപ്പെട്ടില്ല. ഫാഷിസത്തിന്‍െറ കാലത്ത് ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്ട്രീയമെന്ത് എന്നതിനെക്കുറിച്ച് ലീഗിനകത്ത് ഗൗരവപ്പെട്ട ആലോചനകളില്ല എന്നതാണ് കാരണം. സാംസ്കാരിക ദേശീയത അടിസ്ഥാനമായി സ്വീകരിച്ച സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സുവ്യക്തമായ സാംസ്കാരിക അജണ്ട ഉണ്ടായിരിക്കണം. അഞ്ചാണ്ട് കഴിയുമ്പോള്‍  മുന്നണി നേതൃത്വം അനുവദിച്ചുതരുന്ന സീറ്റുകളില്‍ മത്സരിക്കുക, വലിയ വിഷമമൊന്നുമില്ലാതെ ജയിക്കുക, കുറച്ചു കാലം മന്ത്രിപ്പണിയെടുക്കുക എന്നതിലപ്പുറമുള്ള രാഷ്ട്രീയ അജണ്ടകളൊന്നുമില്ലാതെ ഒരു പാര്‍ട്ടിക്ക് അധികകാലം നിലനില്‍ക്കാനാവില്ല. അതായത്, സുരക്ഷിത സ്ഥലങ്ങളില്‍ നിന്നുകൊണ്ടുള്ള സേഫ് പ്ളേ രാഷ്ട്രീയം മാത്രം വെച്ച് മുന്നോട്ടുപോയാല്‍ കാര്യങ്ങള്‍ അപകടത്തിലാവും. കണിശവും സുവ്യക്തവുമായ രാഷ്ട്രീയ, സാംസ്കാരിക അജണ്ടകള്‍ രൂപപ്പെടുത്തുകയും പ്രത്യയശാസ്ത്ര ഭദ്രത നേടിയെടുക്കുകയും ചെയ്യുക എന്നത് അടിയന്തര പ്രാധാന്യമുള്ള കര്‍ത്തവ്യങ്ങളാണ്.
രാഷ്ട്രീയ, സാംസ്കാരിക അജണ്ടയോ പ്രത്യയശാസ്ത്ര ഭദ്രതയോ ശാസ്ത്രീയമായ സംഘടനാ സംവിധാനങ്ങളോ സുതാര്യമായ ആഭ്യന്തര ജനാധിപത്യസംസ്കാരമോ ഇല്ലാതെ ആ പാര്‍ട്ടി ഇത്രയും മുന്നോട്ടു പോയത് സമുദായത്തിന്‍െറ നിസ്സഹായാവസ്ഥകൊണ്ടു കൂടിയാണ്. അതായത്, അതിജീവന പ്രതിസന്ധി നേരിടുന്ന സമുദായത്തിന് തങ്ങളെ പ്രതിനിധാനംചെയ്യുന്ന പാര്‍ട്ടി വേണമെന്ന ആഗ്രഹത്തിന്‍െറ ബലത്തിലാണ് അത് നിലനില്‍ക്കുന്നത്. ഇന്ന് മുസ്ലിം സമൂഹം വലിയ രാഷ്ട്രീയ, സാംസ്കാരിക വളര്‍ച്ച നേടിയെടുത്തിരിക്കുന്നു.  എം.കെ. മുനീറിന്‍െറ വിളക്കു കത്തിക്കലിനെതിരെ ലീഗിനൊപ്പം നില്‍ക്കുന്ന സുന്നി സംഘടനകള്‍പോലും പരസ്യമായി, രൂക്ഷഭാഷയില്‍ പ്രതികരിക്കുന്നത് പുതിയ തിരിച്ചറിവുകളുടെയും അനുഭവങ്ങളുടെയും ബലത്തിലാണ്. ഒരു പക്ഷേ, ലീഗുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത ഇത്രയും രൂക്ഷമായി പ്രതികരിക്കുന്നത് ഇതാദ്യമായിരിക്കും. അവരിലെ പുതിയ തലമുറ കൂടുതല്‍ അസെര്‍ടീവ് ആകുന്നതിന്‍െറ ലക്ഷണങ്ങള്‍ കണ്ടതാണ്. പക്ഷേ, മുനീര്‍ വിഷയത്തില്‍ പാണക്കാട് തങ്ങളുടെ അറിവോടും ആശീര്‍വാദത്തോടും കൂടിയാണ് അവര്‍ ഇത്രയും രൂക്ഷമായ പ്രതികരണം നടത്തിയത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അങ്ങനെയെങ്കില്‍ അത് വേറെയും ചില പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ലീഗ് നേതാവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ നിലപാട് സ്വീകരിച്ച് തിരുത്താനും പാര്‍ട്ടി ലൈന്‍ ക്ളിപ്തപ്പെടുത്താനും പാര്‍ട്ടി അധ്യക്ഷന് ഒരു പുറം ഏജന്‍സിയെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ അത്ര നല്ലതല്ല. പാര്‍ട്ടിയുടെ ഘടനാപരവും ആശയപരവുമായ ദൗര്‍ബല്യത്തെയാണ് അത് കുറിക്കുന്നത്. മറ്റൊന്ന്, ഈ വിഷയത്തെ രാഷ്ട്രീയമായി സമീപിക്കുകയും നിലപാട് സ്വീകരിക്കുകയുമായിരുന്നു ലീഗ് ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്യാതിരിക്കുകയും മതപരമായ ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ പ്രശ്നത്തെ വിട്ടു കൊടുക്കുകയും ചെയ്യുന്നുവെന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആധുനിക മതേതര സമൂഹത്തിനകത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക് ലീഗിന്‍െറ സ്ഥാനവും സ്വഭാവവും എങ്ങനെ അടയാളപ്പെടുത്തണം എന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ പ്രശ്നത്തിലേക്കാണ് ഇത് നയിക്കുന്നത്. അതായത്, ഇതൊരു മതസംഘടനയാണോ രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന കാര്യത്തില്‍വരെ വ്യക്തത വരുത്തേണ്ട അവസ്ഥയാണ്  വന്നു ചേര്‍ന്നിരിക്കുന്നത്. നിലവിളക്ക് പ്രശ്നത്തെ മതപ്രശ്നം എന്നതിലുപരി രാഷ്ട്രീയ പ്രശ്നമായി അഭിമുഖീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് ആ നിലക്ക് സൈദ്ധാന്തിക പരിശ്രമങ്ങളൊന്നും അവര്‍ നടത്താത്തതുകൊണ്ടു കൂടിയാണ്. അങ്ങനെയിരിക്കെ പഴയ മാതിരിയുള്ള സേഫ് പ്ളേ ഇനി സാധ്യമാവില്ല. തീഷ്ണമായ രാഷ്ട്രീയസംവാദങ്ങളുടെ വെയില്‍ നിറഞ്ഞ വഴികളില്‍ പാര്‍ട്ടി ഇറങ്ങേണ്ടിവരും. അതല്ളെങ്കില്‍ പുതിയ കളിക്കാര്‍ ധാരാളമുള്ള ഗ്രൗണ്ടില്‍ പന്തുമായി ആരെങ്കിലും പോയിക്കളയും.
തങ്ങളല്ലാത്തവരെയും തങ്ങളെ വിമര്‍ശിക്കുന്നവരെയും പുതിയ രാഷ്ട്രീയം പറയുന്നവരെയും തീവ്രവാദികളാക്കുക എന്നതായിരുന്നല്ളോ കഴിഞ്ഞ കുറേ കാലമായി ലീഗിന്‍െറ ഒരേയൊരു സൈദ്ധാന്തിക പ്രവര്‍ത്തനം. തീവ്രവാദ വിരുദ്ധത എന്ന പേരില്‍ ബഹുരസികന്‍ ബാലസാഹിത്യ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു അവര്‍. ഈ ഏര്‍പ്പാടിനാകട്ടെ, മുഖ്യധാരയില്‍നിന്നുള്ള നല്ല പരിലാളന കിട്ടുകയും ചെയ്തു (സങ്കുചിത മത കക്ഷികള്‍ തങ്ങളുടെ കക്ഷത്ത് തന്നെയായിരുന്നു എന്ന സത്യം ഇപ്പോള്‍ വെളിപ്പെട്ടുവരുന്നത് മറ്റൊരു തമാശ). സവര്‍ണ അധീശ പരികല്‍പനകളെ ചോദ്യം ചെയ്യുന്നവരെയാണ് ഇവര്‍ തീവ്രവാദികളായി പരിചയപ്പെടുത്തുന്നത്. അതിനാല്‍ തന്നെ, ലീഗിനകത്തെ തീവ്രവാദ വിരുദ്ധ ബ്രിഗേഡിന് സവര്‍ണ/മാധ്യമ/ലിബറല്‍ പിന്തുണ വേണ്ടതിലേറെ കിട്ടി. അവരുടെ സോപ്പിടല്‍ കാണ്‍കെ, ഹോ നമ്മള്‍ വലിയ സംഭവമാണല്ളോ എന്നവര്‍ക്ക് തോന്നിത്തുടങ്ങി. സവര്‍ണ/മുഖ്യധാരാ പരിലാളനയുടെ സൗകര്യങ്ങള്‍ അവര്‍ ശരിക്കും ആസ്വദിച്ചു. അങ്ങനെ ആസ്വദിച്ചുകൊണ്ടിരിക്കുന്ന സംഘത്തിലെ പ്രധാനിയായതുകൊണ്ടാണ് മുനീറിന് സങ്കോചമില്ലാതെ ശിവസേനയുടെ ഗണേശോത്സവ പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ പറ്റുന്നത്.
ബദല്‍ രാഷ്ട്രീയം
പക്ഷേ, ഈ ആസ്വാദനവും പരിലാളനയുമൊന്നും അധികകാലമുണ്ടാവില്ല എന്നതാണ് കാര്യം. അതായത്, സവര്‍ണ അരമനകളിലെ നിലവിളക്കുകള്‍ക്ക് മുമ്പില്‍ ഓച്ചാനിച്ചു നില്‍ക്കുമ്പോള്‍മാത്രം ലഭിക്കുന്ന സൗകര്യങ്ങളാണത്. അപ്പോള്‍ കൈയിലിട്ടു തരുന്നത് വാങ്ങിക്കൊള്ളുക എന്നതുമാത്രമാണ് ചെയ്യാനുള്ളത്. അതിനപ്പുറം എന്തെങ്കിലും ചെയ്തു/പറഞ്ഞു പോയാല്‍ നേരത്തെ പറഞ്ഞ തീവ്രവാദ/വര്‍ഗീയ വിരുദ്ധ ബലസിദ്ധാന്തങ്ങള്‍ അപ്പടി തങ്ങള്‍ക്കുനേരെയും വരും എന്നതും സത്യം. കഴിഞ്ഞ അഞ്ചു വര്‍ഷം ലീഗ് ഇത് ശരിക്കും അനുഭവിച്ചതാണ്. അഞ്ചാം മന്ത്രിയെ ചോദിച്ചത് വര്‍ഗീയതയും രാജ്യദ്രോഹവുമായി വ്യാഖ്യാനിക്കപ്പെട്ടു. ഏതോ സ്കൂളില്‍ ഇന്‍റര്‍നാഷനല്‍ സ്റ്റാന്‍ഡേര്‍ഡ് എന്ന നിലക്ക് പച്ചബോര്‍ഡ് ഉപയോഗിച്ചപ്പോഴും കേട്ടു പഴി. ആര്‍.എസ്.എസുകാര്‍ മാത്രമാണെങ്കില്‍ സഹിക്കാമായിരുന്നു. ആര്‍.എസ്.എസിനെയും കടത്തിവെട്ടും വിധം സാക്ഷാല്‍ കാനം രാജേന്ദ്രന്‍വരെ ഈ ബ്രിഗേഡില്‍ ചേര്‍ന്ന് പടവെട്ടി. അങ്ങനെയാണ് സഹികെട്ട്, ‘ഞങ്ങള്‍ ഓട് പൊളിച്ചു വന്നവരല്ല’ എന്ന് കുഞ്ഞാലിക്കുട്ടിക്ക് നിയമസഭയില്‍ പറയേണ്ടിവന്നത്. പുരോഗമന മനോജ്ഞ കേരളത്തില്‍ ഒരു സമുദായം അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയെ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആ പ്രയോഗം. പക്ഷേ, അത് പറയാന്‍ നിമിത്തമായ രാഷ്ട്രീയ അവസ്ഥകളോട് ശരിയാംവിധം പ്രതികരിക്കാനും വിപുലമായ ബദല്‍ രാഷ്ട്രീയം വികസിപ്പിക്കാനും ലീഗ് ശ്രമിക്കുന്നില്ല എന്നതാണ് ഖേദകരം.
ന്യൂനപക്ഷ രാഷ്ട്രീയത്തിന് പണ്ടുള്ളതിനെക്കാള്‍ ആശയപരമായ പ്രസക്തിയുള്ള കാലമാണിത്. അത്തരമൊരു സന്ദര്‍ഭത്തില്‍ തങ്ങളുടെ രാഷ്ട്രീയത്തെ പുതിയ കാലത്തെയും തലമുറയെയും മുന്നില്‍കണ്ട് വികസിപ്പിക്കാന്‍ അവര്‍ സന്നദ്ധരായേ മതിയാവൂ. മഹത്തായ രാഷ്ട്രീയ മൂലധനമുള്ള ഒരു പാര്‍ട്ടി അതിനനുസരിച്ചുള്ള സാംസ്കാരിക മൂലധനവും ആര്‍ജിക്കണം. അല്ളെങ്കില്‍ ഭാവിയില്‍ ബുദ്ധിമുട്ടുകളുണ്ടാവും. ജനസംഖ്യയുടെ സൗജന്യത്തില്‍ കുറേ വോട്ടുകള്‍ നേടി എപ്പോഴും സുരക്ഷിതമായിരിക്കാമെന്ന് വിചാരിക്കുന്നത് ബുദ്ധിപരമല്ല. സഖ്യകക്ഷിയായ കോണ്‍ഗ്രസ് ക്ഷയിക്കുകയും ഇടതുപക്ഷം മുമ്പൊരിക്കലുമില്ലാത്തവിധം ന്യൂനപക്ഷ ഗ്രൗണ്ടില്‍ വന്ന് ഫോര്‍വേഡ് കളിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അത് നിര്‍ണായകമായ കാര്യമാണ്. കാതലുള്ള രാഷ്ട്രീയ, സാംസ്കാരിക അജണ്ടകള്‍ രൂപവത്കരിച്ചു കൊണ്ടേ ഈ പ്രതിസന്ധിയെ മറികടക്കാന്‍ പറ്റുകയുള്ളൂ. കോഴിക്കോട്ട് കൊളുത്തിയ വിളക്കില്‍നിന്ന് അങ്ങനെ ചില വെളിച്ചങ്ങള്‍ കിട്ടിയാല്‍ നന്ന്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.