ജമ്മു-കശ്മീരിലെ മുസ്ലിംഭൂരിപക്ഷം നിലനിൽപ് ഭീഷണിയെ നേരിടുകയാണ്, 2015ൽ പി.ഡി.പിയുമായി സഖ്യമുണ്ടാക്കി ബി.െജ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം വിശേഷിച്ചും. കശ്മീർ താഴ്വരയിൽ സർക്കാർ സേന സാധാരണ ജനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു നീങ്ങുേമ്പാൾ ജമ്മുവിൽ ചിതറിയ മുസ്ലിം പോക്കറ്റുകളുള്ള ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷമേഖലയിൽ വംശഹത്യക്കുള്ള തയാറെടുപ്പുകളാണ് നടന്നുവരുന്നത്. നാടോടികളായ ബക്കർവാൽ വിഭാഗത്തിലെ എട്ടു വയസ്സുകാരിയായ ആസിഫ ജാൻ എന്ന മുസ്ലിം പെൺകൊടിയെ അത്യന്തം ഹീനമായ രീതിയിൽ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം മുസ്ലിംകളെ പ്രദേശത്തുനിന്നു തുടച്ചുനീക്കാനുള്ള ആസൂത്രണത്തിെൻറ ഭാഗമായിരുന്നു എന്നാണ് വെളിപ്പെട്ടിരിക്കുന്നത്. 1947ൽ മേഖലയുടെ ജനസംഖ്യാനുപാതം മാറ്റിമറിക്കുന്ന രീതിയിൽ പതിനായിരക്കണക്കിനു മുസ്ലിംകളെ കശാപ്പു ചെയ്ത സംഭവത്തിെൻറ തനിയാവർത്തനം ചിലർ ലക്ഷ്യമിട്ടതുപോലെയുണ്ട്.
കത്വ ജില്ല കോടതിയിൽ നടപടികൾ തടസ്സപ്പെടുത്താനുള്ള അഭിഭാഷകരുടെ നീക്കങ്ങൾക്കിടെ ബലാത്സംഗ വീരന്മാർക്കും ഒത്താശക്കാരായ പൊലീസുകാർക്കുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച ഏപ്രിൽ 11ന് ദക്ഷിണ കശ്മീരിലെ കുൽഗാമിൽ നാലു നിരായുധരായ സാധാരണക്കാർ തീവ്രവാദി വിരുദ്ധ ഒാപറേഷനിൽ കൊല്ലപ്പെട്ടു. ഏപ്രിൽ ഒന്നിന് മറ്റൊരു ഒാപറേഷനിൽ നാലു സിവിലിയന്മാർ വേറെയും കൊല്ലപ്പെടുകയുണ്ടായി. 13 തീവ്രവാദികളും മൂന്നു സൈനികരുമടക്കം കൊലക്കിരയായ ആ ദിവസം ‘നിണമണിഞ്ഞ ഞായർ’ എന്നാണ് അറിയപ്പെട്ടത്.
ആസിഫയുടെ ബലാത്സംഗക്കൊലയുടെ ഭീകരമായ വിശദാംശങ്ങൾ രാജ്യത്തെ മുഴുവൻ പിടിച്ചുകുലുക്കി; ഹിന്ദുത്വസേനയെ ഒഴികെ. കൊലയാളികളെയും ബലാത്സംഗ വീരന്മാരെയും പിന്തുണച്ച് മാർച്ച് നടത്താൻ അവർ ധൃഷ്ടരായി. ബലാത്സംഗക്കേസിൽ കുറ്റാരോപിതരായവരെ പിന്തുണച്ച് ഹിന്ദു ഏകത മഞ്ച് സംഘടിപ്പിച്ച റാലിയിൽ മഹ്ബൂബ മുഫ്തി ഗവൺമെൻറിലെ രണ്ടു മന്ത്രിമാർ പങ്കുകൊണ്ടു. നാട്ടിൻപുറത്തെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് കുട്ടി തുടരെത്തുടരെയുള്ള ബലാത്സംഗത്തിന് ഇരയായത്. ചെറുത്തുനിൽപിനാകാത്ത വിധം അവളെ മയക്കുമരുന്നു നൽകി ബോധരഹിതയാക്കിയിരുന്നു. അവളെ ബലാത്സംഗം ചെയ്ത അക്രമികൾ ക്ഷേത്രത്തിൽ പൂജയർപ്പിക്കുകയും ചെയ്തു. തലക്കടിച്ചു അവളെ കൊലപ്പെടുത്തും മുമ്പ് ഒരു അക്രമി അവസാനമായി ഒരു വട്ടം കൂടി തെൻറ കാമവെറി തീർത്തു. കാമവെറിയന്മാരിലൊരാളെ, പെൺകുട്ടിയെ പിടികൂടിയ ശേഷം, യു.പിയിെല മീറത്തിൽനിന്നു വിളിച്ചു കൊണ്ടുവന്നതായിരുന്നു. ഇതൊക്കെ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിലുണ്ട്. ഏഴു പുരുഷന്മാരുടെയും പ്രായപൂർത്തിയാകാത്ത ഒരു ബാലെൻറയും പേരാണ് കുറ്റപത്രത്തിലുള്ളത്. എട്ടു പേരും ചേർന്ന് ആസിഫയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തുകയും അത് നടപ്പാക്കുകയും ചെയ്തു എന്നാണ് കേസ്. മുൻ റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാം ആണ് മുഖ്യസൂത്രധാരൻ. അയാളുടെ മരുമകൻ സ്പെഷൽ പൊലീസ് ഒാഫിസറായ വിശാൽ, മറ്റൊരു എസ്.പി.ഒ ആയ ദീപക് ഖജൂരിയ, ഹെഡ് കോൺസ്റ്റബിൾ തിലക്രാജ്, എസ്.െഎ അനന്ത്കുമാർ, സുരീന്ദർ വർമ, രമേശ് കുമാർ എന്നിവരാണ് മറ്റു കുറ്റാരോപിതർ. കൂടെ പ്രായപൂർത്തിയാകാത്ത പയ്യനും. ഹിരാനഗറിലെ ദേവിസ്ഥാന ക്ഷേത്രത്തിൽ ബന്ദിയായിരുന്നു ആസിഫയെന്ന് ഫോറൻസിക് റിപ്പോർട്ടിലുണ്ട്. സഞ്ജിറാം ആണ് ക്ഷേത്ര നടത്തിപ്പുകാരൻ. കുട്ടിയെ ക്ഷേത്രത്തിനകത്ത് ഒളിപ്പിച്ചിരുന്നുവെന്ന് കുറ്റവാളികളിലൊരാൾ നൽകിയ സൂചനയിൽ നടന്ന പരിശോധനയിൽ പെൺകുഞ്ഞിെൻറ മുടിയുടെ അവശിഷ്ടങ്ങൾ അവിടെ നിന്നു കെണ്ടടുത്തു. ആസിഫയെ മയക്കിക്കിടത്തുകയായിരുന്നുവെന്നും അയാളാണ് വെളിപ്പെടുത്തിയത്.
നാടോടി സമുദായക്കാരായ ഗുജ്ജാറുകളെ കത്വയിൽനിന്നു കെട്ടുകെട്ടിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണ് ഇൗ അതിക്രമം എന്നാണ് പൊലീസിെൻറ ഭാഷ്യം. ഹെഡ്കോൺസ്റ്റബിൾ തിലക്രാജും എസ്.െഎ അനന്ത്കുമാറുമാണ് തെളിവു നശിപ്പിക്കാൻ മുൻകൈയെടുത്തത്. വീട്ടിലെ കുതിരകൾക്കു പുല്ലു കൊടുക്കാൻ പോയതായിരുന്നു െപൺകുട്ടി. ‘ബക്കർവാൽ സമുദായത്തിൽ പിറന്നതാണ്’ ആസിഫയോട് ഇൗ അരുതായ്മ ചെയ്യാനുള്ള ഒരേയൊരു കാരണമെന്ന് കുറ്റാരോപിതരിൽ ഒരാളായ വിശാൽ തുറന്നു പറഞ്ഞു. പണം ആഗ്രഹിച്ചാണ് ഒാരോ ഘട്ടത്തിലും തെളിവു നശിപ്പിക്കാൻ കൂടെ നിന്നതെന്ന് പൊലീസുകാരനായ തിലക്രാജും സമ്മതിച്ചു.
ജമ്മുഭാഗത്ത് ഇരുവിഭാഗങ്ങൾക്കിടയിലുള്ള ഭൂവുടമാവകാശ തർക്കം ആസിഫയുടെ കൊലപാതകത്തോടെ ആൻറി ക്ലൈമാക്സിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബർ മുതൽ കത്വയിലെ രസാന എന്ന സ്ഥലത്ത് തദ്ദേശീയരായ ഹിന്ദുക്കളും ബക്കർവാൽ വിഭാഗക്കാരും തമ്മിൽ അതിർത്തിത്തർക്കങ്ങൾ ഉണ്ടായിരുന്നു. അന്നുതന്നെ ഹിന്ദുക്കൾ ‘ബക്കർവാലുകളെ ഒരു പാഠം പഠിപ്പിക്കും’ എന്നു ഭീഷണി മുഴക്കിയിരുന്നു. ക്ഷേത്ര നടത്തിപ്പുകാരനായ സഞ്ജി തന്നെയാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതും അതിനായി പ്രായപൂർത്തിയെത്താത്ത മരുമകനെയും ഖജൂറിയയെയും വരുത്തിയതും. നാടോടി ബക്കർവാൽ സമുദായത്തിനെതിരെ ഇരുവരുടെയും മനസ്സിൽ വേണ്ടത്ര വിദ്വേഷം കുത്തിനിറച്ചു.
കത്വ ദുരന്തത്തിെൻറ വിവരണം വായിച്ച ആരും ഞെട്ടാതെയില്ല. എന്നാൽ, ബി.ജെ.പി പിന്തുണയുള്ള അഭിഭാഷകരെയും തദ്ദേശീയരിൽ വലിയൊരു വിഭാഗത്തെയും ഇതൊന്നും ഏശിയിട്ടില്ല. അവരൊന്നിച്ച് കത്വയിലും സമീപപ്രദേശങ്ങളിലും അന്വേഷണം നീതിപൂർവമല്ലെന്ന് ആരോപിച്ച് പ്രതിഷേധപ്രകടനങ്ങൾ നടത്തുകയും ചെയ്തു. സി.ബി.െഎ അന്വേഷണത്തിന് അവർ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളായ ലാൽസിങ് ചൗധരിയും ചന്ദ്രപ്രകാശ് ഗംഗയും റാലികളിലൊന്നിൽ പെങ്കടുത്തു. കുറ്റാരോപിതരിലൊരാളുടെ അമ്മയടക്കം നാലു വനിതകൾ രസാനയിൽ ‘തെറ്റായ അറസ്റ്റുകൾക്കെതിരെ’ അനിശ്ചിതകാല നിരാഹാരത്തിനിറങ്ങുകയും ചെയ്തു. കുറ്റപത്രം കോടതിയിെലത്തുന്നത് തടയാനുള്ള നീക്കത്തിൽ മതിയാക്കാതെ ജമ്മുവിലെ ഹൈകോടതി ബാർ അസോസിയേഷനും സമരത്തിൽ ചേർന്നു. അവർ ജമ്മു ബന്ദിനു തന്നെ ആഹ്വാനം ചെയ്തെങ്കിലും അത് കാര്യമായ പ്രതികരണമുളവാക്കിയില്ല. ജമ്മുവിലെ വാണിജ്യസമൂഹം അത് നിരാകരിച്ചു. ദീപിക റജാവത് എന്ന യുവ അഭിഭാഷക ഭീഷണികളെ മറികടന്ന് ആസിഫയുടെ കേസ് വാദിക്കാനെത്തി. അതിനിടെ ജമ്മു ബാർ അസോസിയേഷൻ മറ്റൊരു വിവാദമുയർത്താനും മുതിർന്നു. ‘അനധികൃതമായി ജമ്മുവിലും പരിസരത്തും താവളമടിച്ച കുടിയേറ്റക്കാരെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് അവർ പ്രസ്താവനയിറക്കി. ജമ്മുവിെൻറ ചെറിയൊരു ഭാഗത്ത് ഏതാനും റോഹിങ്ക്യൻ അഭയാർഥികൾ താമസിക്കുന്നുണ്ട്. അവരെപ്പോഴും നാടുകടത്തലിെൻറ ഭീഷണിയിലാണ്.
മഹ്ബൂബ മുഫ്തി ഗവൺമെൻറ് ബി.ജെ.പിക്കു കുഴലൂത്തു നടത്തുകയാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ പൊതുവായ അഭിപ്രായം. കേന്ദ്രത്തിലെ ഭരണകക്ഷിക്കെതിരെ അവർക്കു ഒരു നിലപാട് എടുക്കാൻ കഴിയുന്നേയില്ല. തെൻറ കാബിനറ്റിെല രണ്ടു പേർ കുറ്റാരോപിതരെ അനുകൂലിച്ച് നടത്തിയ റാലിയിൽ പെങ്കടുത്തിട്ടും അവർക്കെതിരെ ഒരു നടപടിയുമെടുത്തില്ല. കേസ് സി.ബി.െഎക്കു കൈമാറാതെ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു എന്നതാണ് അവരെടുത്ത ഒരേയൊരു നിലപാട്. ബി.ജെ.പിയുടെ ഇൗ ഇളകിയാട്ടത്തിനു പിന്നിൽ ചിലതുണ്ടെന്നാണ് നിരീക്ഷകരുടെ അനുമാനം. 2019 ലെ പൊതുതെരഞ്ഞെടുപ്പ് വരെ കശ്മീരിനെ തിളപ്പിച്ചു തന്നെ നിർത്താൻ കരുതിക്കൂട്ടിയുള്ള ശ്രമത്തിലാണ് അവർ. അവകാശവാദങ്ങളൊഴിച്ചു നിർത്തിയാൽ രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതിൽ നരേന്ദ്ര മോദി പരാജയപ്പെട്ടിരിക്കുന്നു. വികസനത്തിെൻറ കാര്യം പറഞ്ഞ് ഇനി അദ്ദേഹത്തിന് തെരഞ്ഞെടുപ്പിനെ നേരിടാനാവില്ല. അതിനാൽ, കശ്മീരിലെ മുസ്ലിംകളെ കൊന്നും അടിച്ചൊതുക്കിയും കാര്യം നേടാനാവുമോ എന്നു നോക്കുകയാണ്. കുൽഗാമിലെയും ഷോപിയാനിലെയും ദുരന്തങ്ങളും ആസിഫയുടെ മാനഭംഗവുമൊക്കെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നത് അവിടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.