വൈറസ് വാഴും കാലം


പ്രധാനമായും രണ്ടിനം വൈറസുകളുടെ പിടിയിലാണ് ഇന്ത്യ. ആശങ്കകൾക്കപ്പുറം, അതിജയിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാ സത്തോടെ നേരിടുന്ന താൽക്കാലിക പ്രതിസന്ധിയായ കൊറോണയാണ് ഒന്ന്. ചികിത്സിക്കാൻ ശ്രമിക്കുന്തോറും നീരാളിയായി വളരുന്ന വർഗീയവൈറസ്​ മറ്റൊന്ന്. രണ്ടും സൃഷ്​ടിക്കുന്ന അനിശ്ചിതത്വവും മുരടിപ്പും ഉൾപ്പേടിയും രാജ്യത്തി​െൻറ സമസ്ത മേഖലകളെയും സ്​തംഭിപ്പിച്ചിരിക്കുന്നു.
രാജ്യതലസ്ഥാനമായ ഡൽഹി വംശീയാതിക്രമത്തിലൂടെ കടന്നുപോയിട്ട് മ ൂന്നാഴ്ചയായി. സമൂഹ മാധ്യമങ്ങളുടെയും ആശയ വിനിമയത്തി​െൻറയും അതിവേഗമുള്ള പുതിയകാലത്ത് വർഗീയകലാപങ്ങൾ മു​െമ്പന് ന പോലെ നടക്കില്ലെന്നൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നത് തകർത്തെറിഞ്ഞാണ് രാജ്യതലസ്ഥാനം തന്നെ അത്തരമൊന്നിന് വ േദിയായത്. ഭരണകൂടത്തി​െൻറയും പൊലീസി​െൻറയും ഒത്താശയുണ്ടെങ്കിൽ അക്രമികൾക്ക് തിരിഞ്ഞുനോക്കാതെ വെട്ടിയും വെട ിവെച്ചും മുന്നേറാം. അതു നടന്നു. 18 വർഷം മുമ്പ് ഗുജറാത്തിൽ നടത്തിയ വംശഹത്യയുടെ, അത്രത്തോളം ആഴമില്ലെന്ന് പറയാവുന്ന, മറ്റൊരു പതിപ്പ്.

മൂന്നാഴ്ച പിന്നിടുേമ്പാൾ ചിത്രമെന്താണ്? ഭരിക്കുന്നവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ പോകട്ടെ, മനുഷ്യപ്പറ്റിനെക്കുറിച്ച് സംസാരിക്കാം. അതിക്രമം സംഘടിപ്പിച്ചവരല്ല, ഏറ്റുവാങ്ങിയവരാണ് പ്രതിസന്ധിയിൽ. യു.പിയിൽ നിന്നും ആളെ ഇറക്കിക്കൊണ്ടു കൂടിയാണ് തിരഞ്ഞുപിടിച്ച് ആക്രമണം നടത്തിയതെന്ന കാര്യം ഡൽഹി പൊലീസിെന നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ സമ്മതിക്കുന്നു. അവരൊക്കെയും രക്ഷപ്പെട്ടു നിൽക്കുേമ്പാൾ, ഇരയായവർ കുടുങ്ങുന്ന സ്ഥിതി. വെടിയും തീയും ഉയർന്നപ്പോൾ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നവർക്ക്, തിരിച്ചുപോകാൻ കഴിയുന്ന സ്ഥിതിയല്ല. ചികിത്സ തേടിയെത്തുന്ന ആശുപത്രികൾ ഇരകളെ ഇറക്കിവിടുന്ന സ്ഥിതി. അക്രമികൾ വാഴുകയും പൊലീസ്-ഭരണകൂട സംവിധാനങ്ങൾ പക്ഷപാതപരമായി നീങ്ങുകയുമാണ്.

ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ ദുരവസ്ഥയിലാണ്. കെടുതി നേരിട്ടവർക്ക് സാന്ത്വനത്തി​െൻറ സ്പർശം നൽകാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. ഒരു മന്ത്രി പോലും അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു സർവകക്ഷി സംഘത്തെ അയക്കണമെന്ന് തോന്നിയിട്ടില്ല. വിദ്വേഷം പ്രസംഗിച്ച നേതാക്കൾ സർവപ്രതാപികളായി വിലസുേമ്പാൾ, സ്വന്തം മണ്ണിലും ബിസിനസിലും പിടിച്ചുനിൽക്കാൻ തക്ക ആത്മവിശ്വാസം പകർന്നുകൊടുക്കാൻ ഭരണകൂടം ഇല്ല. കെടുതി ഏറ്റുവാങ്ങിയവർ, ഉറ്റവരെയും സ്വത്തും വീടും കടകളുമൊക്കെ നഷ്​ടപ്പെട്ടുനിൽക്കുന്നു. അതിനിടയിൽ സ്വയരക്ഷക്ക് ഗലികളിൽ ഉയരം കൂടിയ കമ്പിവേലികൾ ഉയരുന്നു. ഭരണകൂടത്തി​െൻറ പക്ഷപാതിത്വത്തിനിടയിൽ, പരാതി കൊടുക്കാൻ പോലും തയാറാകാതെ സങ്കടവും നഷ്​ടവും സ്വയം സഹിച്ചുനിൽക്കുന്നവരാണ് അതിക്രമത്തി​െൻറ ഇരകളിൽ നല്ലൊരു പങ്ക്. വർഗീയതയുടെ വൈറസ് വ്യാപിച്ചതിനിടയിൽ, പരിക്കേൽക്കാതെ ഒഴിഞ്ഞുമാറി കളിക്കുകയാണ് രാഷ്്ട്രീയ പാർട്ടികൾ. അതിക്രമം ആസൂത്രിതമായിരുന്നു. ഡൽഹി അതിക്രമത്തെക്കുറിച്ച് ചർച്ച ആവശ്യപ്പെട്ട് ഒരാഴ്ച പാർലമ​െൻറ് സ്തംഭിപ്പിച്ച പ്രതിപക്ഷത്തിന്, സർക്കാർ വഴങ്ങിയതിനൊടുവിൽ നടന്ന ചർച്ചയിലൂടെ എന്തെങ്കിലും സമാശ്വാസം ഇരകൾക്കായി നേടിയെടുക്കാൻ സാധിച്ചില്ല. പ്രതിപക്ഷം അടക്കം ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്നവർ പറയുന്നതിന് ഭരണപക്ഷം വിലകൽപിക്കുന്നുവെങ്കിൽ മാത്രമാണ് ചർച്ചകൾക്ക് എന്തെങ്കിലും അർഥമുള്ളത്. ആഭ്യന്തര മന്ത്രി രാജി വെക്കണമെന്നതു മുതൽ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നതു വരെയുള്ള ആവശ്യങ്ങൾ സ്വാഭാവികമായും, സർക്കാർ കേട്ടതായി പോലും ഭാവിച്ചില്ല.

പൗരത്വ പ്രക്ഷോഭമാണ് ഡൽഹി സംഭവത്തിന് പ്രകോപനമായതെന്ന വിശദീകരണങ്ങളാണ് ആഭ്യന്തര മന്ത്രി അമിത്ഷാ പാർലമ​െൻറി​െൻറ ഇരുസഭകളിലും നൽകിയത്. 36 മണിക്കൂർകൊണ്ട് കലാപം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാതെ ഒതുക്കിയെന്ന വിശദീകരണത്തോടെ ഡൽഹി പൊലീസിനെ പ്രശംസിക്കുകയും ചെയ്തു. പൊലീസിന് പക്ഷപാതം കാണിക്കാൻ പ്രോത്സാഹനം കിട്ടുന്നത് എവിടെ നിന്നാണെന്ന ചിത്രം കൂടിയാണ് അതിലൂടെ വ്യക്തമാവുന്നത്. പൗരത്വ പ്രക്ഷോഭത്തെ കുറ്റപ്പെടുത്തുന്ന ആഭ്യന്തരമന്ത്രി, അതിനാധാരമായ ആശങ്കകൾ ദൂരീകരിക്കാൻ തയാറായതു തന്നെയില്ല. ദേശീയ ജനസംഖ്യ രജിസ്​റ്ററിലേക്ക് (എൻ.പി.ആർ) സ്വമേധയാ വിവരങ്ങൾ നൽകിയാൽ മതിയെന്നും, മതിയായ വിവരം കിട്ടാത്തതി​െൻറ പേരിൽ ആരെയും ‘സംശയാസ്പദ’ പൗര​​െൻറ പട്ടികയിൽ പെടുത്തുകയില്ലെന്നുമാണ് അമിത്ഷാ വിശദീകരിച്ചത്. പൗരത്വ വിവാദത്തി​െൻറ മൂലകാരണമായ ദേശീയ പൗരത്വ പട്ടിക(എൻ.ആർ.സി)യുടെ കാര്യത്തിൽ ഒരക്ഷരം അദ്ദേഹം പറഞ്ഞില്ല.

ആശങ്കകൾ ദൂരീകരിക്കാനും കാര്യങ്ങൾക്ക് വ്യക്തത നൽകാനുമുള്ള ഏറ്റവും പറ്റിയ സന്ദർഭത്തിലാണ് ആഭ്യന്തര മന്ത്രി ബോധപൂർവം ഒഴിഞ്ഞുമാറിയത്. എൻ.പി.ആറിനെ എൻ.ആർ.സിയുമായി ബന്ധിപ്പിക്കാനാണ് പരിപാടിയെങ്കിൽ അതുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന സർക്കാറുകൾ നിരവധിയാണ്. ഇക്കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാൽ എൻ.പി.ആർ പ്രവർത്തനങ്ങൾ നിർത്തിവെച്ച കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവുമൊടുവിൽ തമിഴ്നാടും ഡൽഹിയും കൂടി ചേർന്നിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഏതു സർക്കാറും ആദ്യം ചെയ്യേണ്ടത് എൻ.ആർ.സി കാര്യത്തിൽ വ്യക്തത നൽകുകയാണ്. എന്നാൽ പൗരത്വപ്പേടി, അനിശ്ചിതത്വം, അതങ്ങനെ തന്നെ കിടക്കുന്നിടത്താണ് ബി.ജെ.പിക്ക് രാഷ്​ട്രീയനേട്ടം. അത് ഉറപ്പുവരുത്തുകയാണ് ഭരണം നിയന്ത്രിക്കുന്നവർ.

ഈ ചെയ്തി, ഒരു വിഭാഗത്തിന്​ അന്തസ്സും ആത്മാഭിമാനവും എടുത്തെറിഞ്ഞ്, രണ്ടാംതരം പൗരന്മാരുടെ വേഷം നൽകുന്നു; രണ്ടാം തരക്കാരാക്കിയതി​െൻറ ഉന്മാദം മറ്റൊരു വിഭാഗത്തിൽ ഉണ്ടാക്കുകയും ചെയ്യുന്നു. ‘മേത്തരം’ പൗരന്മാരുടെ വോട്ടുകൂടി ആവശ്യമായ പ്രതിപക്ഷ പാർട്ടികൾ രണ്ടാംതരക്കാരുടെ അവകാശങ്ങൾക്കുമുന്നിൽ മൗനികളാവുക കൂടി ചെയ്യുേമ്പാൾ ഹിന്ദിയിൽ ‘അസ്മിത’ എന്നു പറയുന്ന ദുരഭിമാനം കൊടിനാട്ടി വാഴുന്നു. പടർന്നുപിടിച്ച് ഒഴിയാബാധയായി മാറിയിരിക്കുന്ന ഈ വൈറസ് മൂലം ജനാധിപത്യവും മതേതരത്വവും പരസ്പര വിശ്വാസവും വേച്ചുവീഴുന്ന, സമൂഹം സാമുദായികമായി വേർതിരിഞ്ഞു ജീവിക്കാനും സംഘടിക്കാനും ശീലിക്കുന്ന ഭൂമിയാണ് ഇന്നത്തെ ഇന്ത്യ. അകന്നകന്നു പോകുന്ന മനസ്സുകൾക്കുള്ളിൽ പരസ്പര വിശ്വാസം വീണ്ടെടുക്കുകയെന്ന വലിയ വെല്ലുവിളി സാധ്യമാക്കാൻ ഏതു വിപ്ലവമാണ്, നേതാവാണ് കടന്നുവരുകയെന്ന വലിയ ചോദ്യത്തിനു മുന്നിലാണ് ഇന്ത്യ.

വർഗീയ രാഷ്​ട്രീയത്തിന് കോർപറേറ്റുകൾ കുടപിടിച്ചുനിൽക്കുന്ന കാലം. സാധാരണക്കാരുടെ ഗതി എന്തായാലും കോർപറേറ്റുകൾ നൊമ്പരപ്പെടരുതെന്ന ഉറച്ച ബോധ്യമുള്ള ഭരണം. മാന്ദ്യത്തി​െൻറ പേരിൽ കോർപറേറ്റുകൾക്ക് ഉത്തേജകപാക്കേജ് പ്രഖ്യാപിക്കാനും പെട്രോൾ, ഡീസൽ വില താഴുേമ്പാൾ എക്സൈസ് ഡ്യൂട്ടി ഉയർത്താനും സർക്കാർ മടിക്കാത്തത് അതുകൊണ്ടാണ്. വർഗീയ-കോർപറേറ്റ് രാഷ്​ട്രീയത്തിനുമുന്നിൽ ജനപക്ഷ രാഷട്രീയത്തിനു മാത്രമല്ല, നിയമവാഴ്ചക്കും നീതിബോധത്തിനും പുല്ലുവില. ഇതിനു മുന്നിൽ ദിശയറിയാതെ നിൽക്കുന്നവരും ‘പുതിയ ഇന്ത്യ’യോട് ഒട്ടിച്ചേരാൻ വെമ്പുന്നവരുമുണ്ട്. 49 വയസ്സുവരെ കൈപ്പത്തിയുടെ രാഷ്​ട്രീയത്തിൽ ജീവിച്ച ജ്യോതിരാദിത്യ സിന്ധ്യ നിലയും നിലപാടുമില്ലാതെ കാവിരാഷ്്ട്രീയത്തിലേക്ക് നടന്ന ഉദാഹരണം ഏറ്റവും ഒടുവിലത്തേതുമല്ല.
ദേശീയ പാർട്ടി മഹിമയുള്ള കോൺഗ്രസ് മാത്രമല്ല, മുലായത്തി​െൻറയും ലാലുവി​െൻറയും മായാവതിയുടെയുമൊക്കെ പ്രാദേശികരാഷ്​ട്രീയം കൂടിയാണ് ഉരുകിത്തീരുന്നത്. പ്രതിപക്ഷത്തെ അന്ധാളിപ്പിലാക്കി രാജ്യത്തി​െൻറ രാഷ്​​ട്രീയവും സമസ്ത മേഖലകളും കീഴടക്കുന്ന ഈ വൈറസിനു മുന്നിൽ കൊറോണ എത്ര നിസ്സാരൻ! അതിക്രമം കാട്ടാനും ഇന്ത്യയെന്ന സങ്കൽപം അട്ടിമറിക്കാനും നീതിപീഠവും ഭരണഘടനയുമൊക്കെ ഒന്നിച്ച് ഉരുട്ടിയിടാനും കെൽപുള്ള ഈ വൈറസിന് നിലവിൽ പ്രതിവിധി കണ്ടുപിടിച്ചിട്ടില്ലെന്നുകൂടി കൂട്ടിച്ചേർക്കണം. കണ്ടെത്തുന്നത് ഒന്നു മാത്രം: ഇന്ത്യയുടെ ആത്മാവ് കരണ്ടുതിന്ന് വീർക്കുന്ന വൈറസ്, കണക്കുകൂട്ടാൻ കഴിയാത്ത നഷ്​ടമാണ് ഇന്ത്യക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.

Tags:    
News Summary - Corona virus in india-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.