തൊഴിലിനിടയിൽ കോഴ്സ് ചെയ്യുന്നവർ, റഗുലർ പഠനം സാധ്യമല്ലാത്തവർ, മതിയായ മാർക്കില്ലാത്തവർ, മറ്റൊരു കോഴ് സിന് സമാന്തരമായി കോഴ്സ് ചെയ്യുന്നവർ തുടങ്ങിയവരാണ് പൊതുവിൽ വിദൂര വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കാറുള്ളത്. അന്തർദേശീയ തലത്തിൽ വിദൂരവിദ്യാഭ്യാസത്തിനു നൽകുന്ന പരിഗണനയനുസരിച്ചല്ല കേരളത്തിലെ അനുഭവം പരിഗണിക്കേണ്ടത്. മികച്ച മാർക്കോടെ പ്ലസ് ടു വിജയിക്കുന്നവരിലെ പകുതിയോളം പേർക്ക് പ്രതിവർഷം ഡിഗ്രി/തത്തുല്യപഠനത്തിന് അംഗീകൃതസ്ഥാപനങ്ങളിൽ റഗുലർപഠനം സാധ്യമാവാതെ വരുമെന്നാണ് കണക്ക്. യൂനിവേഴ്സിറ്റികളിൽ പ്രൈവറ്റ് രജിസ്േട്രഷൻ നടത്തി സമാന്തര മേഖലകളിൽ ട്യൂഷൻ സംഘടിപ്പിച്ച് ഡിഗ്രി/പി.ജി ചെയ്യുന്നവരാണ് അധികം പേരും. നേരത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിച്ചിരുന്ന കേരളത്തിലെ സർവകലാശാലകൾ കഴിഞ്ഞ വർഷങ്ങളിൽ വിദൂര വിദ്യാഭ്യാസമേഖലയിലേക്ക് പൂർണമായും മാറി. കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ പ്രൈവറ്റ് രജിസ്ട്രേഷൻ പൂർണമായും നിർത്തുകയും വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ റഗുലർ അഡ്മിഷൻ നൽകി വരുകയും ചെയ്യുന്നു. എം.ജി സർവകലാശാല വിദൂരവിഭാഗം കോഴസുകൾ നടത്തുന്നില്ല. കേരള സർവകലാശാല ഇൗ വർഷം മുതൽ വിദൂര കോഴ്സുകൾ മാത്രം മതിയെന്ന തീരുമാനമെടുത്തിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് പുനഃപരിശോധിക്കുകയുണ്ടായി.
2018 മാർച്ചിൽ പ്ലസ് ടു വിജയിച്ചവരുടെ എണ്ണം 3,05,262 ആണ്. ‘സേ’ പരീക്ഷയിലെ വിജയം, സി.ബി.എസ്.ഇ, െഎ.സി.എസ് റിസൽട്ടുകൾകൂടി പരിശോധിച്ചാൽ എണ്ണം ഇനിയും കൂടും. സർക്കാർ, എയ്ഡഡ് മേഖലയിൽ കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് ഡിഗ്രി സീറ്റുകൾ 61,900 മാത്രമാണ്. എൻജി., മെഡിക്കൽ, പാരാമെഡിക്കൽ തുടങ്ങി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ എണ്ണം, സ്വാശ്രയ കോളജ് സീറ്റുകളുടെ എണ്ണം എന്നിവ ഉൾപ്പെടുത്തിയാൽപോലും കേരളത്തിൽ ഒന്നരലക്ഷത്തിലധികം സീറ്റുകളുടെ കുറവുണ്ട്. 2017-18 ഇക്കണോമിക് റിവ്യു പ്രകാരം 14,912 ബി.കോം, 34,068 ബി.എസ്സി, 42,750 ബി.എ സീറ്റുകളാണ് കേരളത്തിലുള്ളത്. 183 എൻജിനീയറിങ് കോളജുകളിലായി 60,376 സീറ്റുകളുണ്ടെങ്കിലും 19,640 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിൽനിന്ന് ആർട്സ് ആൻഡ് സയൻസ് മേഖലയിലേക്കുള്ള തിരിച്ചുപോക്കിെൻറ തോത് വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ദേശീയ ശരാശരിയും കേരളത്തിലെ അവസരങ്ങളും
വിവിധയിനം സർവകലാശാലകളും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുമായി രാജ്യത്തുള്ള 938 സംരംഭങ്ങളിൽ 21 എണ്ണം മാത്രമാണ് കേരളത്തിലുള്ളത്. ജനസംഖ്യയിൽ 18 മുതൽ 23 വയസ്സുള്ളവരിൽ ലക്ഷംപേർക്ക് 44 കോളജ് മാത്രമുള്ളപ്പോൾ കർണാടകയിൽ 53, ആന്ധ്രപ്രദേശിൽ 48, പുതുച്ചേരിയിൽ 49ഉം കോളജുകളുണ്ട്. 18-23 വയസ്സുള്ളവരിൽ കോളജിലെ പ്രവേശന നിരക്ക് കണക്കാക്കുന്ന ജി.ഇ.ആറിലും (Gross Enrollment Ratio) കേരളം ദേശീയ ശരാശരിക്ക് താഴെയാണ്. രാജ്യത്തെ പിന്നാക്ക ജില്ലകളിലെ ജി.ഇ.ആർ വിശകലനം ചെയ്യാൻ യു.ജി.സി നിശ്ചയിച്ച ത്യാഗരാജ കമ്മിറ്റി 374 ജില്ലകൾ അടയാളപ്പെടുത്തിയിരുന്നു. റിപ്പോർട്ടനുസരിച്ച് കേരള ശരാശരി 17.6ൽ എത്തിയെങ്കിലും മലപ്പുറം (8.4), കാസർകോട് (10.5), പാലക്കാട് (10.6), വയനാട് (12.0) ജില്ലകൾ ദേശീയ ശരാശരിയായ 12.4ന് താഴെയാണ്. പ്രസ്തുത ജില്ലകളിൽ യു.ജി.സി ഗ്രാേൻറാടെ മോഡൽ കോളജുകൾ അനുവദിച്ചെങ്കിലും വയനാട് മാത്രമാണ് കേരളത്തിന് നേടിയെടുക്കാനായത്. പുതിയ കോഴ്സുകളും കോളജുകളും അനുവദിക്കുന്നിടത്ത് മാറിമാറി ഭരിച്ച സർക്കാറുകൾ കുറ്റകരമായ മൗനം പാലിക്കുകയായിരുന്നു.
മറ്റു പലതിലുംപോലെ ഉന്നത വിദ്യാഭ്യാസ മേഖലയും മലബാറിൽ കടുത്ത വിവേചനത്തിന് വിധേയമായിട്ടുണ്ട്. ജനസംഖ്യയും പ്ലസ് ടു വിജയിക്കുന്നവരുടെ എണ്ണവും കൂടുതലാണെങ്കിലും ആനുപാതികമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മലബാറിലില്ല. മലബാർ ജില്ലകൾക്ക് ലഭിക്കുന്ന സ്ഥാപനങ്ങളിലധികവും സ്വാശ്രയ സംവിധാനങ്ങളാവുന്നതും സാധാരണമാണ്.
വിദൂര വിദ്യാർഥികളോടുള്ള വിവേചനം
ഗവൺമെൻറ്, എയ്ഡഡ് മേഖലയിൽ പൊതുവിൽ സ്ഥാപനങ്ങൾ കുറഞ്ഞ മലബാറിൽ സീറ്റുകൾക്ക് കടുത്ത മത്സരമാണ്. മിക്ക കോളജുകളും 95 മുതൽ 98 ശതമാനം വരെ കട്ട്ഒാഫ് മാർക്ക് നിശ്ചയിച്ചാണ് പ്രവേശനം നടത്തുന്നത്. 90 ശതമാനം മാർക്ക് ലഭിച്ചവർക്കുപോലും ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കുന്നില്ല. ഉയർന്ന ഫീസും തലവരിയും നൽകി സ്വാശ്രയസ്ഥാപനങ്ങളെ ആശ്രയിച്ചിട്ടുപോലും മലബാറിലെ ലക്ഷത്തിലധികം വിദ്യാർഥികൾ സമാന്തര മേഖലയെ ആശ്രയിക്കേണ്ടിവരുന്നു.
അന്യായമായ ഫീസ് വർധന, മൂല്യനിർണയങ്ങളിലെ കെടുകാര്യസ്ഥത, കൂട്ടതോൽവി, പരീക്ഷഫലം വൈകൽ തുടങ്ങി നിരവധി വിവേചനങ്ങൾ ദിനംപ്രതി നേരിടുന്നവരാണ് കേരളത്തിലെ പ്രൈവറ്റ് വിദ്യാർഥികൾ. യൂനിവേഴ്സിറ്റിയുടെ കറവപ്പശു എന്നതിനപ്പുറത്ത് ഒരു പരിഗണനയും മേഖലക്ക് നൽകാറില്ല. റഗുലർ, വിദൂര സർട്ടിഫിക്കറ്റുകൾ വേർതിരിക്കുന്നതുൾപ്പെടെയുള്ള കടുത്ത ദ്രോഹങ്ങളിലേക്ക് സർവകലാശാലകൾ നീങ്ങുകയാണ്. ഒന്നരലക്ഷത്തിലധികം വിദ്യാർഥികൾ വഴിയാധാരമാവുന്ന തീരുമാനം യു.ജി.സി നിർദേശിച്ചിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും സംസ്ഥാന ഭരണകൂടം ഇതുവരെ ഒന്നും ചെയ്തില്ല.
രാജ്യത്തെ വിവിധ വിദൂര പഠനകേന്ദ്രങ്ങളിലായി വ്യത്യസ്ത കോഴ്സുകളിൽ 40,28,456 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 25 ലക്ഷത്തോളം പേർ ഡിഗ്രി കോഴ്സുകൾ പഠിക്കുന്നവരാണ്. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നാലരലക്ഷം പേർ പ്രൈവറ്റായി പഠിക്കുന്നുണ്ട്. കാലിക്കറ്റ് (60,000), കണ്ണൂർ (45,000), എം.ജി (15,000), കേരള (15,000) എന്നീ സർവകലാശാലകളിലായി പ്രതിവർഷം ശരാശരി ഒന്നരലക്ഷം വിദ്യാർഥികൾ വിദൂരമേഖലയിൽ രജിസ്റ്റർ ചെയ്തുവരുന്നു.
കേരള ഒാപൺ സർവകലാശാല സ്ഥാപിച്ച് വിദൂര മേഖല മുഴുവൻ അതിനുകീഴിൽ കൊണ്ടുവരാനുള്ള ശ്രമം കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാത്ത നിർദേശം മാത്രമാണത്. ഒാപൺ സർവകലാശാലയല്ല; റഗുലർ വിദ്യാഭ്യാസം സർക്കാർ ചെലവിൽ ലഭ്യമാവലാണ് പരിഹാരം. കൂടുതൽ കോഴ്സുകൾ തുടങ്ങാവുന്ന ഭൗതിക സംവിധാനമുള്ള നിരവധി സർക്കാർ കോളജുകൾ സംസ്ഥാനത്തുണ്ട്. അവിടങ്ങളിൽ കോഴ്സുകൾ അനുവദിക്കുകയും ബാച്ചുകൾ വർധിപ്പിക്കുകയും വേണം. പി.ജി സീറ്റുകൾക്ക് യൂനിവേഴ്സിറ്റികൾ നിശ്ചയിച്ച സ്റ്റാറ്റ്യൂട്ടറി പരിധി 15 മുതൽ 20 വരെയായതിനാൽ വളരെ തുച്ഛമായ അവസരങ്ങളാണ് മേഖലയിലുള്ളത്. ആയിരങ്ങൾ അവസരം ലഭിക്കാതെ പുറത്താവുേമ്പാൾ ഗുണമേന്മ എന്ന ദുർവാശി പിടിക്കാതെ സ്റ്റാറ്റ്യൂട്ടറി പരിധി ഉയർത്താൻ സർവകലാശാലകൾ സന്നദ്ധമാകണം.
ത്യാഗരാജ കമ്മിറ്റി, പാലോളി കമ്മിറ്റി, ടി.പി. ശ്രീനിവാസൻ കമ്മിറ്റി തുടങ്ങി നിരവധി സമിതികൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ നടപ്പാക്കിയാൽ വ്യത്യസ്ത സർവകലാശാലകൾ സ്ഥാപിക്കപ്പെടും. അന്താരാഷ്ട്ര അറബിക് സർവകലാശാല, കേന്ദ്ര െട്രെബൽ സർവകലാശാല, മോഡൽ കോളജുകൾ, അലീഗഢ് ഒാഫ് കാമ്പസിെൻറ വ്യാപനം, ഇഫ്ലു ഒാഫ് കാമ്പസ്, എയിംസ് തുടങ്ങിയ നിർദേശങ്ങളും ആവശ്യങ്ങളും ഇപ്പോഴും ചുവപ്പുനാടയിൽ തന്നെയാണ്. യു.ജി.സി മാനദണ്ഡമനുസരിച്ച് ഒരു സർവകലാശാലക്ക് കൈകാര്യംചെയ്യാവുന്നതിെൻറ ഇരട്ടിയാണ് കാലിക്കറ്റ് സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകൾ. കാലിക്കറ്റ് സർവകലാശാല വിഭജനമെന്ന ആണ്ടുകൾ പഴക്കമുള്ള ആവശ്യത്തെ സർക്കാർ ഗൗരവത്തിലെടുക്കണം.
ഭരണകൂടത്തിെൻറ അനാസ്ഥയുടെ ഇരകളാണ് പ്രൈവറ്റ്/വിദൂര വിദ്യാർഥികൾ. മുഴുവൻ വിദ്യാർഥികൾക്കും നീതി ലഭിക്കണം. അത് പരിഹരിക്കുന്ന രാഷ്ട്രീയ പരിഹാരങ്ങൾ നടപ്പാവുന്നതുവരെ െറഗുലർ വിദ്യാർഥികൾക്ക് ലഭിക്കുന്ന മുഴുവൻ അക്കാദമിക പരിഗണനകളും വിദൂര വിദ്യാർഥികൾക്ക് ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാറിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.