ഇ.എൻ. മുഹമ്മദ് മൗലവി

ഇ.എൻ. മുഹമ്മദ് മൗലവി: പാണ്ഡിത്യത്തിന്‍റെ വഴിവെളിച്ചം

പരശ്ശതം ശിഷ്യഗണങ്ങളുടെ മഹാഗുരുവായ ആദരണീയ പണ്ഡിതശ്രേഷ്ഠനായിരുന്നു ഇന്നലെ അന്തരിച്ച ഇ.എൻ. മുഹമ്മദ് മൗലവി. വിജ്ഞാനത്തിന്റെ ബഹുമുഖമായ പാരമ്പര്യങ്ങൾ ആവാഹിച്ച അറിവിന്‍റെ മഹാസാഗരം. ഏഴിമല അഹ്മദ് മുസ്‌ലിയാർ എന്ന പ്രശസ്തനായ സുന്നി പണ്ഡിതന്‍റെ മൂത്തമകനായി ജനിച്ച അദ്ദേഹം പള്ളിദർസുകളിലും ലഖ്നോ ദാറുൽ ഉലൂം നദ്വത്തുൽ ഉലമ, ദയൂബന്ദ് ദാറുൽ ഉലൂം എന്നിവിടങ്ങളിൽ പഠിച്ചു.

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ്, കാസർകോട് ആലിയ കോളജ്, ചേന്ദമംഗലൂർ ഇസ്‌ലാഹിയ കോളജ്, കോഴിക്കോട് ദഅ്‍വ കോളജ്, ശാന്തപുരം അൽജാമിഅ, കണ്ണൂർ ഐനുൽ ഹുദ അടക്കമുള്ള ഒട്ടനവധി സ്ഥാപനങ്ങളിൽ വൈവിധ്യമാർന്ന വിജ്ഞാനം പകർന്നുനൽകി. ഹദീസിൽ അവഗാഹമുള്ള കേരളത്തിലെ അപൂർവം പണ്ഡിതന്മാരിൽ ഒരാളായിരുന്നു മൗലവി. ഒപ്പം ഖുർആൻ, ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, ചരിത്രം, ഗോളശാസ്ത്രം, തസവ്വുഫ്, ഫിലോസഫി തുടങ്ങിയ എല്ലാ മേഖലകളിലേക്കും പരന്നുകിടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജ്ഞാനചക്രവാളം.

ദൗർഭാഗ്യവശാൽ അദ്ദേഹം ഒന്നും എഴുതിയില്ല. ശിഷ്യന്മാരിൽ ആരും അദ്ദേഹത്തിൽനിന്ന് ഒന്നും കേട്ടെഴുതി സമാഹരിച്ചതുമില്ല. തന്റെ അറിവുകൾ എഴുതി പ്രചരിപ്പിക്കുകയായിരുന്നില്ല അദ്ദേഹത്തിന്‍റെ രീതി. മറിച്ച് ജുമുഅ ഖുതുബകളിലൂടെയും ക്ലാസുകളിലൂടെയും പ്രസംഗങ്ങളിലൂടെയുമായിരുന്നു ആ ജ്ഞാനപ്രസാരണം നടന്നിരുന്നത്. അവസാന കാലത്ത് ‘പ്രബോധനം’ വാരികയിൽ ചില ഓർമകൾ പ്രസിദ്ധീകരിച്ചെന്നു മ‌ാത്രം. അതാകട്ടെ, അദ്ദേഹത്തിന്‍റെ ആത്മകഥക്കപ്പുറം ഇന്ത്യയിലെ വൈജ്ഞാനിക പാരമ്പര്യത്തെയും മതകലാലയങ്ങളിലെ സിലബസിനെയും വിശകലനം ചെയ്യുന്ന നല്ലൊരു പഠനമായിരുന്നു.

പല വിഷയങ്ങളിലും വേറിട്ട നിലപാടും കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടായിരുന്നു; പ്രമാണങ്ങളുടെ വെളിച്ചത്തിൽനിന്നുള്ള ഉറച്ച നിലപാട്. വളരെ ലളിതമായ ജീവിതശീലങ്ങൾക്കൊപ്പം ഉറച്ച ബോധ്യങ്ങൾ ജീവിതത്തിലുടനീളം പുലർത്തുകയും ജീവിത വിശുദ്ധിയുടെ കാര്യത്തിൽ മാതൃകയുമായിരുന്നു അദ്ദേഹം. ഇസ്‌ലാഹിയ കോളജിലെ പഠനകാലത്ത് മുഹമ്മദ് മൗലവിയുടെ ക്ലാസ് വേറിട്ടൊരനുഭവമായിരുന്നു. ഏതു സംശയങ്ങൾക്കും മന്ദസ്മിതം തൂകി അവധാനതയോടെ മറുപടി നൽകിയും വിഷയങ്ങൾ സൂക്ഷ്മവും ലളിതവുമായി അനാവരണം ചെയ്തുമായിരുന്നു അദ്ദേഹത്തിന്‍റെ അധ്യയനം.

ഇസ്ലാമിക നിയമസംഹിതയുടെ വിശാലതയും വികാസക്ഷമതയും അദ്ദേഹം എപ്പോഴും എടുത്തുപറഞ്ഞിരുന്നു. മതാനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും തീവ്രത വെച്ചുപുലർത്തുന്ന രീതിക്കെതിരായിരുന്നു അദ്ദേഹം. മുഹമ്മദ് മൗലവിയുടെ നിര്യാണത്തോടെ മഹാനായ ഒരു പണ്ഡിതനെയാണ് ഇസ്‌ലാമിക സമൂഹത്തിന് നഷ്ടപ്പെട്ടത്. ദൈവമാർഗത്തിൽ ജീവിതം സമർപ്പിച്ച് തലമുറകൾക്കു മുന്നിൽ വഴിവെളിച്ചം വിതറിയ ആ കർമയോഗിയുടെ വിയോഗം നികത്താനാവാത്ത നഷ്ടം തന്നെയാണ്.

Tags:    
News Summary - E.N. Muhammad Maulavi: The Light of Scholarly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.