അരി വാങ്ങാൻ ദാരിദ്ര്യമുണ്ടെങ്കിലും ഉന്മാദ വിഭവങ്ങളിൽ നമ്മൾ ദരിദ്രരല്ല. പൊലീസും ഭരണക്കാരും അക്രമികളും നിരന്തരം അതിനുള്ള വക ഉണ്ടാക്കിത്തരുന്നുണ്ട്. ഹൈദരാബാദ് ബലാത്സംഗ കൊലക്കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന് പൊലീസ് ‘നീതി’ നടപ്പാക്കി. പൊലീസിന് പൊലീസിെൻറ ന്യായം; നമുക്ക് ഉന്മാദം. എന്നാൽ, ഉന്നാവിൽ ഈ ‘നീതി’ നടപ്പാക്കിയത് ബലാത്സംഗക്കാർതന്നെയാണ്. മാനഭംഗത്തിന് ഇരയായ സ്ത്രീയെ കോടതിയിലേക്ക് പോകുന്ന വഴി തീയിട്ടു കൊന്നു. ബലാത്സംഗക്കാർക്ക് അവരുടെ ന്യായം. നാട്ടിൽ ഈ വക നീതിയും ന്യായവും നടത്തിയെടുക്കുേമ്പാൾ, നീതിബോധമുള്ളവരും നീതിന്യായം നടത്താൻ ചുമതലപ്പെട്ട കോടതിയും പകച്ചുനിൽക്കുന്നു.
ലോക്സഭയിൽ സംസാരിച്ച ബി.ജെ.പിയിലെ മീനാക്ഷി ലേഖിക്ക് ഹൈദരാബാദ് പൊലീസിനെ പുകഴ്ത്താതിരിക്കാൻ കഴിഞ്ഞില്ല. പൊലീസിെൻറ കൈയിലിരിക്കുന്ന തോക്ക് കാഴ്ചവസ്തുവല്ലെന്നാണ് അവർക്ക് പറയാൻ ഉണ്ടായിരുന്നത്. ബലാത്സംഗക്കേസ് പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ല എന്നതാണ് ന്യായം. പൊലീസ് പിടിക്കുന്നവരെല്ലാം ശരിക്കും പ്രതികൾതന്നെയാണോ, യഥാർഥ കുറ്റവാളിതന്നെയാണെങ്കിൽക്കൂടി പൊലീസിന് വെടിവെച്ചുകൊല്ലാൻ എന്തധികാരം തുടങ്ങി ചോദ്യങ്ങൾ അവർക്കു മുന്നിൽ അപ്രസക്തം. അതുകൊണ്ടാണ് ‘രക്ഷപ്പെടാൻ ശ്രമിച്ച’ നാലു പേരെയും വെടിവെച്ചു കൊന്ന പൊലീസുകാർക്ക് മധുരം കൊടുക്കാൻ വെമ്പുന്ന ഉന്മാദം രാജ്യമെമ്പാടും കത്തിപ്പടരുന്നത് കാണേണ്ടിവന്നത്.
എന്നാൽ, വൈകാരികതക്കും ഉന്മാദത്തിനും നീതിനിർവഹണത്തിൽ സ്ഥാനമില്ല. പ്രതികാരമല്ല നീതി. അതുകൊണ്ടാണ് പൊലീസിനെക്കൊണ്ടും അക്രമികളെക്കൊണ്ടും അവരുടെ ന്യായം നടപ്പാക്കാൻ അനുവദിക്കാതെ നീതിന്യായ നിർവഹണം കോടതിക്ക് വിട്ടുകൊടുത്തിരിക്കുന്നത്. ബലാത്സംഗം ചെയ്തവനെയും മാവോവാദിയെയും ഭീകരനെയുമൊക്കെ വിചാരണക്ക് നിൽക്കാതെ കിട്ടിയ തക്കത്തിന് വെടിവെച്ചു കൊല്ലണമെന്ന ഉന്മാദചിന്തക്ക് പൊതുസമൂഹത്തിെൻറയും ഭരണകൂടത്തിെൻറയും കൈയടി കിട്ടുന്നത് അപകടമാണ്. മഹാത്മാഗാന്ധിയുടെ ഘാതകനെ കൈയോടെ പിടികൂടിയെങ്കിലും വിചാരണ നടത്തിയശേഷമാണ് തൂക്കിലേറ്റിയത്. അതുപോലെതന്നെ, അതിവേഗ വിചാരണയും ഉടനടി ശിക്ഷയുമല്ല, അവധാനതയോടെയുള്ള നീതി നിർവഹണമാണ് നടപ്പാകേണ്ടത്. രാജീവ്ഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റാൻ വിധിച്ചെങ്കിലും പിന്നീട് ജീവപര്യന്തമാക്കി കുറച്ചത് ദീർഘകാല വിചാരണ നടപടികൾക്കുശേഷം സുപ്രീംകോടതിയാണ്. രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോൾ പൊതുസമൂഹത്തിനു മുന്നിൽ വരച്ചു കാണിക്കപ്പെട്ട പേരറിവാളനോ നളിനിയോ അല്ല ഇന്ന് നമ്മുടെ മുന്നിൽ. അതിവേഗത്തിൽ ശിക്ഷ നടപ്പാക്കിയിരുന്നെങ്കിൽ അവരും നീതിയും നേരത്തേ വധിക്കപ്പെട്ടു പോകുമായിരുന്നു.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നാണ് തത്ത്വം. ദീർഘകാല വിചാരണയും അപ്പീൽ നടപടികളുമെല്ലാം കഴിഞ്ഞതിനൊടുവിൽ, വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിക്ക് ദയാഹരജി നൽകാൻ അവസരം കൊടുക്കുന്നുണ്ട്. കുറ്റവാളിയോടുള്ള പ്രതികാരത്തിനും നീതിനിർവഹണത്തിനും അപ്പുറം, മനുഷ്യത്വത്തിനു കൂടി നമ്മുടെ സംവിധാനം അവസരം നൽകുന്നുവെന്നാണ് അതിലെ സന്ദേശം. ഇതിനിടയിൽ അതിക്രൂരമായ ചെയ്തികളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ദയാഹരജി നൽകാൻ അവസരം നൽകുന്ന ഏർപ്പാട് അവസാനിപ്പിക്കണമെന്ന ആഹ്വാനം ഉണ്ടായത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽനിന്നാണ്. അപ്പീലും ദയാഹരജിയുമൊക്കെയായി ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസത്തെക്കുറിച്ചാണ് അദ്ദേഹം രാജ്യസഭയിൽ സങ്കടപ്പെട്ടത്. കുട്ടികളോടുള്ള അതിക്രൂരതക്ക് പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവർക്ക് ദയാഹരജി നൽകാനുള്ള അവകാശം നിഷേധിക്കണമെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്.
പ്രാകൃതമായ ശിക്ഷാരീതിയെന്ന നിലയിൽ വധശിക്ഷ എന്ന ഏർപ്പാടുതന്നെ അവസാനിപ്പിക്കണമെന്നും ഒരാളുടെയും ജീവനെടുക്കാൻ നമുക്ക് അധികാരമില്ലെന്നുമുള്ള ചിന്താഗതി പരിഷ്കൃതലോകത്ത് നിലനിൽക്കുന്നതിനിടയിലാണ്, ദയാഹരജി എന്ന അവകാശത്തെ പ്രഥമ പൗരൻതന്നെ ചോദ്യംചെയ്യുന്നത്. ഇക്കാര്യത്തിൽ രാഷ്ട്രപതി മുതൽ മീനാക്ഷി ലേഖി വരെയുള്ളവരുടെ അഭിപ്രായങ്ങൾ ഉന്മാദത്തെയും വൈകാരികതയേയുമാണ് പിന്തുണക്കുന്നത്; നീതിബോധത്തെയല്ല. നീതിയും തുല്യതയും ഉയർത്തിപ്പിടിക്കേണ്ട ഭരണഘടന സ്ഥാപനങ്ങൾ പലപ്പോഴും ഭരണകക്ഷിയുടെ രാഷ്ട്രീയ ചിന്താഗതിക്ക് അടിപ്പെട്ടു നിൽക്കുന്നുവെന്നതാണ് കടുത്ത യാഥാർഥ്യം. വൈകാരികതയും ഉന്മാദവും സൃഷ്ടിച്ച് വോട്ടുനേടുന്നതിനപ്പുറം, നീതിയുടെയും തുല്യതയുടെയും സങ്കൽപങ്ങൾ കാറ്റിൽപറത്തിയാണ് ഇന്ന് ഭരണം എന്നത് അതിനടുത്ത യാഥാർഥ്യം.
നോട്ട് അസാധുവാക്കുേമ്പാൾ നമുക്ക് കള്ളപ്പണക്കാരെല്ലാം കുടുങ്ങിയ മാതിരി ഒരു ഉന്മാദം. ജമ്മു-കശ്മീർ എന്ന സംസ്ഥാനം ഞൊടിയിടക്ക് രണ്ടു തുണ്ടമാക്കുേമ്പാൾ നമുക്ക് പലതിനോടും കണക്കു തീർക്കുന്ന ഉന്മാദം. അയോധ്യയിൽ തകർത്ത പള്ളിക്കുമേൽ സുപ്രീംകോടതി ഐതിഹ്യം പ്രതിഷ്ഠിക്കുേമ്പാൾ വർത്തമാനകാല യാഥാർഥ്യം ദൂരെയൊരു അഞ്ചേക്കറിലേക്ക് കുഴിച്ചു മൂടുന്നതിെൻറ ഉന്മാദം. പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററുമെല്ലാമായി സർക്കാർ പാർലമെൻറിലേക്ക് എത്തുേമ്പാൾ സഹപൗരന്മാരിൽ ഒരുവിഭാഗത്തെ കീഴടക്കി രണ്ടാംതരക്കാരാക്കുന്നതിെൻറ ഉന്മാദം. വെടിവെച്ചുകൊല്ലുേമ്പാൾ ഉന്മാദം; അടിച്ചുകൊല്ലുേമ്പാൾ ഉന്മാദം. അഹിംസയുടെ പാഠങ്ങൾ വിട്ട് ഹിംസയെ ഉന്മാദത്തോടെ ഏറ്റെടുക്കുകയാണ് ഇന്ന് നമ്മൾ. ഗോദ്സെ പാർലമെൻറിനുള്ളിൽപോലും ദേശഭക്തനായി ചിത്രീകരിക്കപ്പെടുന്നത് അങ്ങനെയാണ്.
സാമ്പത്തികമാന്ദ്യംമൂലം എത്തിനിൽക്കുന്ന പ്രതിസന്ധികളെക്കൂടിയാണ് ഉന്മാദംകൊണ്ട് മറയ്ക്കുന്നത്. അവിടെയും രീതി ഹിംസാത്മകംതന്നെ. നോട്ട് അസാധുവാക്കൽ മാത്രമല്ല, പ്രതിസന്ധി മറികടക്കാൻ ചെയ്തുകൂട്ടുന്ന സ്ഥാപനവിൽപനയും പരിഷ്കാരവും സ്വകാര്യവത്കരണവും ലയനവുമെല്ലാം ഇന്നത്തെ ഇടക്കാലാശ്വാസവും നാളത്തെ ദുരന്തങ്ങളുമാണ്. സർക്കാറിെൻറ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്കിെൻറ കരുതൽധനം പിടിച്ചെടുക്കുന്നു. ബി.പി.സി.എല്ലും എയർ ഇന്ത്യയുമൊക്കെ വിൽപനക്കു വെക്കുന്നു. റെയിൽവേപോലുള്ള അഭിമാന സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നു. അതിനെല്ലാമിടയിൽ വളർച്ച ഒന്നര വർഷത്തിനുള്ളിൽ നേർപകുതിയോളം ഇടിഞ്ഞ് നാലര ശതമാനത്തിൽ എത്തിനിൽക്കുന്നു. വിലക്കയറ്റത്തിനു മുന്നിൽ ‘ഞാൻ ഉള്ളി കഴിക്കുന്ന കുടുംബക്കാരിയല്ല’ എന്ന് ധനമന്ത്രി പറഞ്ഞൊഴിയുന്നു -അധികാരത്തിെൻറ ഉന്മാദം.
ഒടുവിൽ ഊതിവീർപ്പിച്ച ഉന്മാദം കെട്ടടങ്ങി തിരിഞ്ഞുനോക്കുേമ്പാൾ, ഒരു രാജ്യം പല പതിറ്റാണ്ടുകൾകൊണ്ട് കെട്ടിപ്പടുത്ത പലതിെൻറയും അവശിഷ്ടങ്ങൾ മാത്രമാണ് ബാക്കി. ഉന്മാദം കൊണ്ടിരുന്നപ്പോൾ നോട്ട് അസാധുവാക്കിയതിെൻറ കെടുതികൾ നമുക്ക് വിഷയമായില്ല. അതൊരു പരാജയവും ദുരന്തവുമാണെന്ന് ഇന്ന് തിരിച്ചറിയുന്നു. ജമ്മു-കശ്മീർ മാസങ്ങളായി പൂട്ടിക്കിടക്കുന്നതോ, ജനപ്രതിനിധികളെ പൂട്ടിയിട്ടിരിക്കുന്നതോ, ഉന്മാദം കെട്ടടങ്ങാത്തതിനാൽ നമുക്ക് വിഷയമല്ല. ജനത്തെ ‘ഞാനും നീയു’മാക്കുന്നതിെൻറ, പൊലീസിനു തോക്കുകൊടുക്കുന്നതിെൻറ, അടിച്ചുകൊല്ലുന്ന അക്രമികളെ തൊട്ടുതലോടുന്നതിെൻറ കെടുതി ഉന്മാദം കത്തിത്തീരാതെയും രാഷ്ട്രീയ തിമിരം നീക്കാതെയും നമുക്ക് ബോധ്യമാവില്ല. എന്നാൽ, ആ കെടുതികൾക്കെല്ലാമിടയിൽ ഇന്ത്യയെന്ന ആശയവും സങ്കൽപവും ചിതലരിച്ചുകൊണ്ടേയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.