ഇസ്ലാമിക് സ്റ്റഡീസ് എന്ന വിജ്ഞാനശാഖയുടെ പ്രതിപാദ്യം അറേബ്യൻ രാജ്യങ്ങളുടെ ചരിത്രം മാത്രമാണെന്നും അത് ലോകചരിത്രത്തിെൻറ ഭാഗമായതിനാൽ പ്രത്യേകവിഷയമായി പഠിക്കേണ്ടതില്ലെന്നും വാദിക്കുന്ന ചരിത്രകാരന്മാരും വിദ്യാഭ്യാസചിന്തകരും കേരളത്തിലുണ്ട്.
അതുകൊണ്ടുതന്നെ സർവകലാശാലകളുടെ അക്കാദമിക് കൗൺസിലുകളിലും സിൻഡിക്കേറ്റിലുമെല്ലാം അവരുടെ വാദഗതി ശക്തമായി അവതരിപ്പിച്ച് അതിെൻറ പ്രസക്തി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ട് ഏറെ വർഷങ്ങളായി. ബിരുദതലത്തിൽ ചരിത്രം ഐഛികമായി പഠിക്കുന്ന വിദ്യാർഥികൾക്ക് ഇസ്ലാമിക് ഹിസ്റ്ററി ഒരു എലക്ടീവ് പേപ്പറായി പഠിക്കാനുണ്ടായിരുന്നത് നിർത്തലാക്കാൻ അവർക്ക് കഴിഞ്ഞു.
കേരളത്തിലെ സർവകലാശാലകളിലെ സിലബസ് കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസവകുപ്പ് എം.ജി സർവകലാശാല വൈസ്ചാൻസലർ ഡോ. സാബുതോമസ് ചെയർമാനായി ഒരു കമീഷനെ നിയോഗിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പഠനഗവേഷണ വിഷയങ്ങളെ ആധുനീകരിക്കുകയെന്ന ലക്ഷ്യമാണ് അതിെൻറ പിന്നിലുണ്ടായിരുന്നത്. കമീഷെൻറ റിപ്പോർട്ടിൽ ഇസ്ലാമിക് ഹിസ്റ്ററിയുടെ പ്രസക്തി തന്നെ നിരാകരിച്ചിരിക്കുകയാണ്.
വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് എന്ന വിഷയത്തിെൻറ ഭാഗമാക്കി ഇസ്ലാമിക് സ്റ്റഡീസിനെ പൂർണമായും നിഷ്കാസനം ചെയ്യാനുള്ള ശ്രമമാണ് ആ തീരുമാനത്തിലൂടെ ആരംഭിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ചരിത്രവും രാഷ്ട്രീയവും മാത്രം വിശകലനം ചെയ്യുന്ന വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് എന്ന വിഷയം ഇസ്ലാമിക് സ്റ്റഡീസ് എന്നതിന് പകരമോ, തുല്യമോ ആകുന്നില്ല.
ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ അവതീർണമായ ഒരു തത്ത്വസംഹിത ആ രാജ്യത്തിെൻറ പരിപൂർണപരിവർത്തനത്തിന് എങ്ങനെ നിമിത്തമായെന്നും തുടർന്ന് അത് ഏഷ്യയിലേയും ആഫ്രിക്കയിലേയും യൂറോപ്പിലേയും ജനങ്ങളെ ആധുനികവത്കരിക്കുന്നതിന് എത്രമാത്രം നേതൃത്വം നൽകിയെന്നുമുള്ള വസ്തുതകളാണ് ഇസ്ലാമിക് സ്റ്റഡീസിൽ വിശകലനം ചെയ്യുന്നത്. ലോക ചരിത്രത്തെത്തന്നെ തിരുത്തിയെഴുതാൻ കാരണമായ വ്യവസായവിപ്ലവത്തിെൻറ പിന്നിലെ വിജ്ഞാനവിസ്ഫോടനത്തിന് നേതൃത്വം നൽകിയത് അറബികളുടെ ശാസ്ത്ര സാങ്കേതികമേഖലയിലുള്ള പുരോഗതിയാണെന്ന വസ്തുത യൂറോപ്യൻ ശാസ്ത്രജ്ഞന്മാർ അംഗീകരിച്ചതാണ്.
അതുകൊണ്ടാണ് ആ പുരോഗതിയിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാൻ അവർ തയാറായത്. ലോകത്തിെൻറ ഭൗതികപരിവർത്തനത്തിന് ഇത്രയേറെ മൗലികസംഭാവനകൾ നൽകാൻ കഴിഞ്ഞ ഒരു സംസ്കൃതിയെകുറിച്ച് പഠിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിെൻറ ഭാഗമെന്ന നിലയിലാണ് ലോകത്തെമ്പാടുമുള്ള സർവകലാശാലകളിൽ ഇസ്ലാമിക് സ്റ്റഡീസിൽ ഗവേഷണങ്ങൾ നടന്നത്.
ഇസ്ലാമിക് സ്റ്റഡീസ് ഒരു പ്രത്യേകവിഷയമാകാമെങ്കിൽ എന്തുകൊണ്ട് ഹിന്ദു/ബുദ്ധിസ്റ്റ്/ജൈന/ക്രിസ്ത്യൻ പഠനങ്ങളും അതേ മാതൃകയിൽ പഠിപ്പിച്ചുകൂടാ എന്ന ചോദ്യമുയരുമെന്നതാണ് അധികാരത്തിലിരിക്കുന്നവരെ ഇപ്പോൾ അലോസരപ്പെടുത്തുന്നത് എന്നറിയുന്നു. തീർച്ചയായും മതങ്ങളെക്കുറിച്ച പഠനങ്ങൾ ആവശ്യമാണ്.
എന്നാൽ കണ്ണുതുറന്നുനോക്കിയാൽ കാണാവുന്ന ഒരു സത്യമുണ്ട്. മേൽപറഞ്ഞ വിഷയങ്ങളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇൻഡോളജിയുടേയും ലോകചരിത്രത്തിേൻറയും ഭാഗമായി ഇന്ത്യയിലെ സർവകലാശാലകളിൽ പഠിപ്പിക്കുന്നുണ്ട്. മഹാഭാരതവും രാമായണവും പൂർണമായോ ഭാഗികമായോ പഠിപ്പിക്കുന്ന കോഴ്സുകൾ സർവകലാശാലകളിൽ ഉണ്ട്. സംസ്കൃത സർവകലാശാലകളിൽ വേദങ്ങൾ, ഉപനിഷത്തുക്കൾ, വേദാന്തം, സംസ്കൃത സാഹിത്യം, ഇന്ത്യൻ തത്ത്വശാസ്ത്രം എന്നിവ വിശദമായി പഠിപ്പിക്കുകയും ഗവേഷണം നടക്കുകയും ചെയ്യുന്നു.
പ്രാണായാമം മുതൽ സൂര്യനമസ്കാരം വരെ പാഠഭാഗത്തിലുൾക്കൊള്ളിച്ചുള്ള യോഗാസനം പഠനവിഷയമായിക്കഴിഞ്ഞു. പ്രാചീന ഇന്ത്യ ചരിത്രവും ആർക്കിയോളജിയും ഐഛികവിഷയമായി ബിരുദ ബിരുദാനന്തര ഗവേഷണപഠനങ്ങൾ നടത്തുന്ന ബനാറസ് ഹിന്ദു സർവകലാശാലയും ബറോഡയിലെ എം.എസ് സർവകലാശാലയുമുൾെപ്പടെയുള്ള പഠനകേന്ദ്രങ്ങളുണ്ട്. ബുദ്ധിസ്റ്റ് സ്റ്റഡീസും ജൈനിസ്റ്റ് സ്റ്റഡീസും ഐഛികവിഷയങ്ങളായി പഠിപ്പിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന കേന്ദ്രങ്ങൾ ഉണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഡോ. സാബുതോമസിെൻറ കമീഷൻ റിപ്പോർട്ടിലെ പരാമർശത്തെ വിലയിരുത്തേണ്ടത്. യൂറോപ്പിലും അമേരിക്കയിലും കാനഡയിലുമുള്ള ചരിത്ര, സാംസ്കാരിക പഠന വകുപ്പുകളിൽ പ്രത്യേകപരിഗണന നൽകി പഠിക്കുന്ന ഇസ്ലാമിക് സ്റ്റഡീസിൽ ഗവേഷണം നടത്തുന്നതിനു കൂടുതൽ ഗവേഷകർ താൽപര്യം കാണിക്കുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.
പോർച്ചുഗലിലെ ലിസ്ബണിലുള്ള സർവകലാശാലയിൽ സൂക്ഷിച്ചിട്ടുള്ള പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിലെ അറബിഭാഷയിലുള്ള രേഖകൾ പഠിച്ച് നടത്തുന്ന ഗവേഷണങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യയുടെ കൊളോണിയൽ യുഗത്തെക്കുറിച്ച് ഇന്ന് നിലവിലുള്ള അറിവുകൾ മാറ്റിയെഴുതേണ്ടിവരുമെന്ന് അറിയാൻ കഴിയുന്നു. നൂതനഗവേഷണസങ്കേതങ്ങൾ കൊണ്ടുള്ള ചരിത്രഗവേഷണങ്ങൾ നമ്മുടെ ചരിത്ര സങ്കൽപങ്ങളെത്തന്നെ പരിവർത്തനവിധേയമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഇസ്ലാമിക് സ്റ്റഡീസിലെ ആഗോളനിലവാരത്തിലുള്ള പഠനങ്ങളും ആ മാർഗത്തിലൂടെയാണ് സഞ്ചരിക്കുന്നത്. 'ഇസ്ലാമിക്' എന്നു ചേർത്തുപറയുമ്പോൾ അത് ചിലരുടെ 'സെക്യുലർ ക്രഡൻഷ്യലി'നെ പ്രതികൂലമായി ബാധിക്കുമെന്ന വിശാലമായ വീക്ഷണമായിരിക്കണം ഇസ്ലാമിക് സ്റ്റഡീസിനെ പുറത്താക്കാൻ േപ്രരിപ്പിക്കുന്നത്. അത് കേരളത്തിൽ മാത്രം രാഷ്ട്രീയ അക്കാദമിക മേഖലകളിൽ അസ്വസ്ഥതയുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.