ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒരു ഭാഗത്ത് തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നു. മറുഭാഗത്ത് രാജ്യത്തെ ഛിദ്രതയിലേക്ക് തള്ളിയിടാനുള്ള ദ്രുതനീക്കങ്ങൾക്ക് രാജ്യത്തിനകത്തുതന്നെ ചിലർ ശക്തിപകരുന്നു. മെഡിറ്ററേനിയൻ തീരത്തിനടുത്ത ഈ കൊച്ചുരാജ്യത്ത് സമാധാനം ഇനിയും അകലെ തന്നെയാണ്. 2017 ജൂലൈ അവസാനവാരത്തിൽ ഫ്രാൻസിെൻറ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ച പ്രതീക്ഷയുടെ ചെറുനാമ്പ് ഉണർത്തിയിരുന്നു. രണ്ടായി പിളർന്ന് ഇപ്പോൾ വേറിട്ട കക്ഷികളായി ഭരണംനടത്തുന്ന ഇരുപ്രവിശ്യകളും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരിക്കുന്നു. അതേസമയം, ഐ.എസിെൻറ അടുത്ത ഊഴം ലിബിയയിൽ അവരുടെ ശക്തി വർധിപ്പിക്കുകയാണെന്ന പടിഞ്ഞാറുനിന്നുള്ള വാർത്തകൾ അത്ര ശുഭകരവുമല്ല.
ആഭ്യന്തര ശൈഥില്യവും ഛിന്നഭിന്നമായ കക്ഷിരാഷ്ട്രീയസാഹചര്യവുമാണ് ലിബിയയെ അലട്ടുന്ന വലിയ ഭീഷണി. 2011െൻറ ആദ്യത്തിൽ മുല്ലപ്പൂ വിപ്ലവത്തോടെ ആരംഭിച്ച ആഭ്യന്തരകലാപം ഒമ്പത് മാസങ്ങൾ നീണ്ടു. നാറ്റോ സഖ്യരാഷ്ട്രങ്ങളൊന്നിച്ചുനിന്ന് ഖദ്ദാഫിയെ കൊലപ്പെടുത്തി വിപ്ലവം കെടുത്തിക്കളഞ്ഞു. 2014-ൽ ആഭ്യന്തര ശൈഥില്യങ്ങൾ വീണ്ടും പുതിയ രൂപത്തിൽ രാജ്യത്തെ യുദ്ധത്തിലേക്കു തന്നെ എടുത്തെറിഞ്ഞു. ദുർബലമായ ഈ രാജ്യം ഇപ്പോഴും ബലപരീക്ഷണങ്ങളുടെ ചുഴിയിലാണ്. രാഷ്ട്രീയ ഭിന്നതകൾ മറനീക്കി പുറത്തുവന്നതിനാൽ ആഭ്യന്തരശക്തികൾ സ്വാധീനമേഖലകൾ സ്വന്തം വരുതിയിലാക്കിയിരിക്കുകയാണ്. ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരുകയെന്ന പ്രാഥമികാവശ്യം പലപ്പോഴും ബലപരീക്ഷണങ്ങൾ നടത്തുന്ന ഇവർ മറക്കുന്നു. 2014-ൽ തെരഞ്ഞെടുപ്പ് നടന്നെങ്കിലും ട്രിപ്പളിയിലെ അധികാര കേന്ദ്രം ഭരണമൊഴിയാൻ തയാറായിരുന്നില്ല.
വ്യത്യസ്ത വിഭാഗങ്ങളാണ് ഇന്ന് ലിബിയയിൽ അക്രമങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്. അവരോടൊപ്പം ഒരു ഇറക്കുമതി ചേരിയായിട്ടാണ് ഐ.എസ് നിലകൊള്ളുന്നത്. ട്രിപ്പളി കേന്ദ്രീകരിച്ച് ഫായിസ് അൽ സിറാജ് നേതൃത്വം കൊടുക്കുന്ന ജി.എൻ.എ (ഗവൺമെൻറ് ഓഫ് നാഷനൽ അക്കോഡ്), തൊബ്രൂക് കേന്ദ്രീകരിച്ച് സൈന്യത്തലവന് ഖലീഫ ഹഫ്തർ നേതൃത്വം നൽകുന്ന ലിബിയൻ നാഷനൽ ആർമി (എൽ.എൻ.എ)യുമാണ് ഇരുപക്ഷങ്ങളിലായി നിന്നു ഭരണം ൈകയാളുന്നത്. 2015 ൽ യു.എന്നിെൻറ അധ്യക്ഷതയിൽ ഉഭയകക്ഷി ചർച്ചകൾ നടന്നെങ്കിലും ഇരുമുന്നണികളും യു.എൻ പിന്തുണക്കുന്ന ഏതെങ്കിലും ഐക്യഫോർമുലയെ അംഗീകരിക്കാൻ തയാറായിരുന്നില്ല. ഖദ്ദാഫിക്കു ശേഷമുള്ള ലിബിയക്കിന്ന് ഇരുണ്ട വർത്തമാനങ്ങളാണ്. രാജ്യം സുദീർഘമായ 42 വർഷങ്ങൾ ഏകാധിപത്യത്തിനു കീഴിലായിരുന്നെങ്കിലും ഖദ്ദാഫിയുടെ ഭരണകാലം സുവർണകാലമായാണ് ഇപ്പോൾ ജനം കാണുന്നത്. എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം ലഭിച്ചിരുന്ന ലിബിയ സാമ്പത്തികമായി മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളെക്കാളും മുന്നിലായിരുന്നു. ഇന്ന് പക്ഷേ, തലസ്ഥാന നഗരിയിൽപോലും കൊലയും കൊള്ളയും പിടിച്ചുപറിയും പീഡനങ്ങളും നിത്യസംഭവമായിരിക്കുന്നു. പലയിടങ്ങളിലും ഒരു കാരണവുമില്ലാതെ ജനങ്ങൾ തോക്കെടുക്കുന്ന സ്ഥിതിവിശേഷമുണ്ട്. സൈന്യത്തിെൻറ തേർവാഴ്ച കാരണം രാത്രികാലങ്ങളിൽ പൊതുജനത്തിനു പുറത്തിറങ്ങി നടക്കാൻ കഴിയാറില്ല. ട്രിപളി നഗരത്തിൽ രാത്രികാലങ്ങളിൽ കർഫ്യൂ പ്രതീതിയാണ്.
ആദ്യത്തെ ആഭ്യന്തരകലാപത്തിൽ ഏതാണ്ട് 25,000- ആളുകൾ കൊല്ലപ്പെട്ടു. 2014ൽ ആരംഭിച്ച തുടർകലാപങ്ങളിൽ 6000ത്തോളം പേരുടെ ജീവൻ പൊലിഞ്ഞു. 2011 മുതൽ ഏഴര ലക്ഷത്തോളം ആളുകൾ രാജ്യം വിട്ടോടി. ലോകത്തിെൻറ പലഭാഗങ്ങളിലും അഭയാർഥികളായി അവർ കഴിയുന്നുണ്ട്.
കരുത്തുറ്റ എണ്ണവരുമാനമുണ്ടായിരുന്ന ലിബിയ അമേരിക്കയെയും ബ്രിട്ടനെയും പല ഘടകങ്ങളിലും വെല്ലുവിളിച്ചിരുന്നു. 2011ൽ 16 ലക്ഷം ബാരൽ എണ്ണ ദിനംപ്രതി ലിബിയ ഉൽപാദിപ്പിച്ചിരുന്നു. ആഭ്യന്തര കുഴപ്പങ്ങളാൽ 2016ൽ അത് മൂന്ന് ലക്ഷം ബാരലിലേക്ക് ചുരുങ്ങി. സാമ്പത്തികഭദ്രത നേടിയെടുക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി പുതിയ സ്വർണ നാണയം (ലിബിയൻ ഗോൾഡൻ ദീനാർ) ഇറക്കുകയെന്ന സ്വപ്ന പദ്ധതിയുടെ പടിവാതിൽക്കൽ എത്തിയിരുന്നു ഖദ്ദാഫി. സ്വർണത്തെ അടിസ്ഥാനമാക്കി ഒരു സമ്പൂർണ ആഫ്രിക്കൻ നാണയ വിനിമയ വ്യവസ്ഥയായിരുന്നു ലക്ഷ്യമിട്ടത്. പ്രത്യേകിച്ചു ഫ്രഞ്ച് സംസാരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾക്ക് വേണ്ടിയായിരുന്നുവത്രെ അത്. ഈ നാണയ വ്യവസ്ഥ പ്രാബല്യത്തിലാവുന്നതോടെ ഏതാണ്ട് എല്ലാ ആഫ്രിക്കൻ രാജ്യങ്ങളും ഫ്രഞ്ച് ഫ്രാങ്ക് (സി.എഫ്.എ) ഉപയോഗം നിർത്തി ഇതിലേക്ക് തിരിയുമെന്നും അതോടെ അമേരിക്കയുടെയും ലോകബാങ്കിെൻറയും ആധിപത്യം അവസാനിക്കുമെന്നും പടിഞ്ഞാറ് ഭയപ്പെട്ടിരുന്നു.
സ്വർണനാണയ പദ്ധതിയുടെ ശിൽപിയായ ഖദ്ദാഫിയെ തുടച്ചുനീക്കുകയെന്നത് പടിഞ്ഞാറിെൻറ പ്രത്യേക താൽപര്യമായിരുന്നുവെന്ന് കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേർന്ന ഹിലരിയുടെ ഇ-മെയിലുകളിൽ വ്യക്തമായിരുന്നു. ഈ വിഷയവും ലിബിയയിലെ സ്വർണ ഖജനാവിനെന്ത് പറ്റിയെന്ന അന്വേഷണവും പാശ്ചാത്യ മാധ്യമങ്ങളുടെ തുടർചർച്ചകളിലൊന്നും ഉയർന്നുകേട്ടില്ല. 2011ൽ ഖദ്ദാഫിയെ രാജ്യത്തുനിന്നു തുടച്ചു നീക്കുമ്പോൾ രാജ്യത്തെ ദേശീയ ഖജനാവിൽ സ്വർണശേഖരമായി ഏതാണ്ട് 143 ടൺ (1,30,000 ത്തോളം കിലോ) സ്വർണവും അത്രത്തോളം വെള്ളിയും കരുതൽ നിക്ഷേപമായി ഉണ്ടായിരുന്നു. ആയിരക്കണക്കിനു കോടി ഡോളറിെൻറ മറ്റു ആസ്തികളുമുണ്ടായിരുന്നുവെന്നാണു കണക്കുകൾ. ഈ കരുതൽ ശേഖരം തന്നെയായിരുന്നു ഫ്രാൻസ് ഉൾപ്പെടെയുള്ള പാശ്ചാത്യൻ രാജ്യങ്ങളുടെ ലിബിയൻ താൽപര്യത്തിെൻറ രഹസ്യമെന്ന് ഫ്രഞ്ച് ഇൻറലിജൻസ് വൃത്തങ്ങൾ പിന്നീട് വ്യക്തമാക്കുകയുണ്ടായി.
ഐ.എസിെൻറ സ്വാധീനമേഖല
ഇറാഖിനും സിറിയക്കുംശേഷം ഇസ്ലാമിക് സ്റ്റേറ്റ് എന്ന െഎ.എസിനു കൂടുതൽ സ്വാധീനമുള്ള ഇടമാണ് ലിബിയ. 2014 ലാണ് ഐ.എസ് ലിബിയയിൽ എത്തുന്നത്. കിഴക്കൻ നഗരമായ ദർനയായിരുന്നു താവളം. ഐ.എസിനെ തകർക്കാനെന്നോണം 2016ൽ അമേരിക്കയും സഖ്യകക്ഷികളും ലിബിയയിൽ എത്തിയെങ്കിലും അധികം താമസിയാതെ കനത്ത പരാജയമേറ്റുവാങ്ങി മടങ്ങേണ്ടി വന്നു. അന്നത്തെ പ്രസിഡൻറ് ബറാക് ഒബാമ അമേരിക്കൻ നടപടി തെറ്റായിരുന്നുവെന്ന് പിന്നീട് പരിതപിക്കുകയുണ്ടായി. ഇറാഖ്, സിറിയ എന്നിവിടങ്ങളിൽനിന്നും പരാജയപ്പെട്ട് പിൻവാങ്ങിയ ഐ.എസ് ലിബിയയിലെ എണ്ണപ്പാടങ്ങളെ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണു അവരോട് ആഭിമുഖ്യം പുലർത്തുന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത ലക്ഷ്യം ലിബിയയിൽ പിടിമുറുക്കുകയാണത്രെ. മൂന്നാമതൊരു രാജ്യത്ത് കണ്ണുവെച്ച വിവരം നേരത്തേ ചില പാശ്ചാത്യമാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. 2014-ൽ വരവറിയിച്ചെങ്കിലും 2015 -ഫെബ്രുവരിയിൽ 21-ഓളം ഈജിപ്ഷ്യൻ ക്രിസ്ത്യാനികളെ വകവരുത്തിയാണ് ഐ.എസ് ലിബിയയിലെ നരനായാട്ട് ആരംഭിക്കുന്നത്. തുടർന്നങ്ങോട്ട് നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചത് മുതൽ 227 പട്ടാളക്കാരുടെ ജീവന് നഷ്ടെപ്പട്ടു. എന്നാൽ, തുടക്കത്തിലെ ഭ്രാന്ത് പിന്നീട് ശമിച്ചു പോയിരുന്നു. ഇസ്ലാമിസ്റ്റുകളുടെ സഖ്യങ്ങളുൾപ്പെടെ ലിബിയയിലെ ഭരണകക്ഷികൾ ഐ.എസിനെ തുരത്താൻ ശക്തമായി രംഗത്ത് വന്നിരുന്നതിനാൽ 2016 ആകുമ്പോഴേക്കും അവരുടെ സ്വാധീനമേഖലകൾ നന്നേ കുറഞ്ഞു. എന്നാൽ, ഈ ചുരുങ്ങിയ കാലയളവിൽ അവരുടെ കാടൻ നിയമങ്ങളും വിദ്യാഭ്യാസക്രമവും ജനങ്ങളിൽ അടിച്ചേൽപിക്കാൻ ശ്രമങ്ങളുണ്ടായി.
ഐ.എസിൽ അംഗമായെത്തിയവരിൽ അധികവും ഇറാഖ്, സിറിയ, തുനീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നുവത്രെ. ഖദ്ദാഫിക്കെതിരെ യുദ്ധം നടത്തിയവരിൽ പല സംഘടനകളും എതിരെ തിരിഞ്ഞത് ഐ.എസിനു വലിയ അടിയായി. അൻസാറുശ്ശരീഅഃ എന്ന സംഘടനയാണ് ആദ്യമായി ഐ.എസുമായി പരസ്യസഖ്യമുണ്ടാക്കിയത്. നൈജീരിയയിൽനിന്നുള്ള ബോകോ ഹറാം തീവ്രവാദികളും ഇവരൊടൊപ്പം ചേർന്നെന്നു വാർത്തകളുണ്ടായി. ലിബിയയിലെ ഗോത്രവർഗക്കാരെ വരുതിയിലാക്കുകയെന്ന തന്ത്രമാണ് ആദ്യം പയറ്റിയത്. ഭരണവും സ്വാധീനവുമുള്ള ഏതെങ്കിലും ഒരു പക്ഷത്തെ പാട്ടിലാക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും അത് തുടക്കത്തിലേ പാളി.
ഫ്രാൻസിെൻറ ഐക്യശ്രമം
ലിബിയയിൽ സമാധാനം പുലരാനുള്ള അതിയായ ആഗ്രഹത്താലാണ് ഐക്യശ്രമത്തിന് ഫ്രാൻസ് മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് വിശ്വസിക്കാൻ നിവർത്തിയില്ല. രാജ്യത്തേക്ക് ഐ.എസ് തിരിച്ചെത്തുകയാണെന്ന് ഏറ്റവും കൂടുതൽ പ്രചരിപ്പിച്ചത് പാശ്ചാത്യമാധ്യമങ്ങളാണ്. അങ്ങനെ ഐ.എസ് പൂർവാധികം ശക്തിയോടെ ലിബിയയിൽ എത്തിയാൽ ഇപ്പോൾ നടക്കുന്ന യു.എന്നിേൻറത് അടക്കമുള്ള ഐക്യശ്രമങ്ങൾക്ക് തുരങ്കം വെച്ചേക്കുമെന്നതിൽ സംശയമില്ല. ഐ.എസിനു രാജ്യം വിട്ടു കൊടുക്കുന്നതിനു മുമ്പ് ത്വരിതഗതിയിലുള്ള ഒരു പാശ്ചാത്യ ഫോർമുലക്ക് ഇരുകൂട്ടരും സമ്മതിക്കണമെന്ന സന്ദേശം നൽകുകയായിരുന്നു ഫ്രാൻസിെൻറ പുതിയ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ജൂലൈ 25 നു വിളിച്ചുചേർത്ത അടിയന്തര ഐക്യസമ്മേളനം. അമേരിക്കക്ക് ലിബിയയിൽ ഇടപെടാൻ താൽപര്യമില്ലെന്ന് ട്രംപ് ഭരണകൂടം അറിയിച്ച പശ്ചാത്തലത്തിലാണ് ആ ദൗത്യം ഫ്രാൻസ് ഏറ്റെടുത്തത്. ഖലീഫ ഹഫ്തറിനു ആഗോളതലത്തിൽ ലിബിയയെ പ്രതിനിധാനംചെയ്യാനള്ള തടസ്സം നീക്കിയെടുക്കുകയാണ് ഫ്രാൻസിെൻറ പ്രഥമാവശ്യം. മധ്യസ്ഥവേഷം കെട്ടി ഐക്യരാഷ്ട്രസഭ പിന്തുണക്കുന്ന ഫായിസ് സിറാജിനെ സഹായിച്ചെന്നു വരുത്തുകയും ഖലീഫ ഹഫ്ത്തറിനു പിന്തുണ നൽകുകയും വഴി ഇരുകൂട്ടരേയും ഫ്രാൻസ് നേരത്തേ ൈകയിലെടുത്തിരുന്നു. ഇരുപക്ഷങ്ങളെ ഒന്നിച്ചിരുത്തി പ്രശ്നപരിഹാരചർച്ച നടത്താനോ പുതിയ നേതൃത്വത്തെ നിർദേശിക്കാനോ പാരിസ് ചർച്ചക്ക് കഴിഞ്ഞില്ല. പകരം മൂന്നു മാസത്തിനുശേഷം ഫ്രാൻസിൽ തന്നെ വീണ്ടും ഒത്തുകൂടാനാണു നിർദേശം. ചർച്ച ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത് ചെറുപാർട്ടികളെ സ്വാധീനിക്കാനും രാജ്യത്ത് തെരഞ്ഞെടുപ്പിനു മുമ്പ് തങ്ങൾക്കനുകൂലമായി അടിത്തറ ഒരുക്കാനുമുള്ള തന്ത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.