കടുത്ത ഭക്ഷ്യക്ഷാമത്തിനും ശുദ്ധജല ദൗർലഭ്യതക്കും മനുഷ്യത്വരഹിതമായ ഉപരോധത്തിനും മധ്യേ നിന്ന് ലക്ഷക്കണക്കിന് ഫലസ്തീനികൾ റമദാൻ നോമ്പ് അനുഷ്ഠിക്കുന്നതിനിടെ ഗസ്സ മുനമ്പിൽ ഇസ്രായേൽ ചൊവ്വാഴ്ച കനത്ത ബോംബാക്രമണം പുനരാരംഭിച്ചിരിക്കുന്നു. 4 മണിക്കൂറിനിടെ ഗസ്സയിൽ നൂറിലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലേറെ പേരെ ഇസ്രായേലി സൈന്യം വധിച്ചതായാണ് ഫലസ്തീൻ അധികൃതർ വ്യക്തമാക്കുന്നത്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും പുരുഷൻമാരെയും കൊന്നൊടുക്കിയുള്ള ഈ യുദ്ധം ബന്ദികളായ ഇസ്രായേലികളെ തിരിച്ചെത്തിക്കുന്നതിനല്ല,മറിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ അതിജീവനത്തിനായി മാത്രമാണ്.
ഇസ്രായേലി ജനത തന്നെ ഇപ്പോൾ രണ്ടു തട്ടിലാണ്. ഈ ആക്രമണം ബന്ദികളെ നാട്ടിലെത്തിക്കാനും ഹമാസിനെ പാഠംപഠിപ്പിക്കാനും ഉപകരിക്കുമെന്ന് കണ്ണടച്ച് വിശ്വസിക്കുന്ന ചിലർ അതിക്രമങ്ങളെ പിന്തുണക്കുന്നുണ്ട്. എന്നാൽ, മറ്റു ചിലർ, പ്രധാനമായും ബന്ദികളുടെ കുടുംബാംഗങ്ങൾ, ഗസ്സക്ക് നേരെ ഇസ്രായേൽ നടത്തുന്ന ഈ കടുംകൈ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഭയക്കുന്നു. അവശേഷിക്കുന്ന എല്ലാ ബന്ദികളുടെയും മോചനം സാധ്യമാക്കാൻ വഴിതെളിയുമായിരുന്ന രണ്ടാംഘട്ട നടപടികളിലേക്ക് പോകാൻ വിസമ്മതിച്ചും എല്ലാവരെയും മോചിപ്പിക്കാമെന്ന ഹമാസിന്റെ വാഗ്ദാനം നിരസിച്ചുമാണ് ഇസ്രായേൽ ഏകപക്ഷീയമായി ഗസ്സ വെടിനിർത്തൽ കരാർ ലംഘിച്ചത്.
ബന്ദികളുടെ വീണ്ടെടുപ്പിന് നെതന്യാഹു സർക്കാറിന് യഥാർഥത്തിൽ താൽപര്യമുണ്ടായിരുന്നെങ്കിൽ, ഏറെ മുമ്പുതന്നെ ഒരു കരാറിലെത്താമായിരുന്നു. അതിന് യുദ്ധം അവസാനിപ്പിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ നെതന്യാഹുവിന്റെ സഖ്യം തകർന്നുപോകും. രാജ്യസുരക്ഷയുടെ മറവിൽ നടത്തുന്ന യുദ്ധം സത്യത്തിൽ ഒരു രാഷ്ട്രീയ ഉപകരണമായി മാറിയിരിക്കുന്നു.
തങ്ങളുടെ സമുദായത്തെ നിർബന്ധിത സൈനികസേവനത്തിൽ നിന്ന് ഒഴിവാക്കുന്ന നിയമം പാസാക്കിയില്ലെങ്കിൽ സർക്കാരിനെ അട്ടിമറിക്കുമെന്ന് തീവ്ര യാഥാസ്ഥിതിക എം.പിമാർ ഭീഷണിപ്പെടുത്തുകയും മുൻ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വീർ അന്ത്യശാസനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന ഒരു പ്രധാന ബജറ്റ് വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് ചൊവ്വാഴ്ചത്തെ ബോംബാക്രമണമെന്നത് യാദൃച്ഛികമല്ല. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിലേക്ക് നയിച്ച പാളിച്ചകളെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമീഷനെ നിയോഗിക്കണമെന്ന ജനകീയ ആവശ്യം ശക്തമാവുകയും ഇസ്രായേലിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴം തുറന്നുകാട്ടപ്പെടുമെന്ന് കരുതുന്ന വലിയ ഒരു പ്രകടനം ജറൂസലേമിൽ ഒരുങ്ങുകയും ചെയ്യുന്നതിനിടയിൽ കൂടിയാണ് ഗസ്സ യുദ്ധം പുനരാരംഭിക്കുന്നത്.
കട്ടിലിന്റെ വലുപ്പത്തിനനുസൃതമായി അതിഥികളുടെ കാൽ മുറിച്ചു കളയുകയോയും വലിച്ചുനീട്ടിയൊടിക്കുകയോ ചെയ്തിരുന്ന ഗ്രീക്ക് പുരാണങ്ങളിലെ ക്രൂരനായ പ്രോക്രസ്റ്റസിനെപ്പോലെയാണ് നെതന്യാഹു പെരുമാറിക്കൊണ്ടിരിക്കുന്നത്. ഒരു ദിവസം കൂടി അധികാരത്തിൽ തുടരാൻ വേണ്ടി നിരപരാധികളുടെ ജീവൻ, ഇസ്രായേലിന്റെ സാമൂഹിക ഐക്യം, മിഡിൽ ഈസ്റ്റിലെ സ്ഥിരത-എല്ലാം ചുട്ടുചാമ്പലാക്കാൻ അയാൾ ഒരുക്കമാണ്. ഗസ്സയിലെ സാധാരണ മനുഷ്യർക്ക് നേരെ ബോംബാക്രമണം നടത്തുന്നത് മുതൽ വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പുകൾ നശിപ്പിക്കുന്നതും പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്നതുമെല്ലാം രാഷ്ട്രീയ അതിജീവനത്തിനു വേണ്ടിയാണ്.
ജനതയുടെ വലിയൊരു വിഭാഗം ചോദ്യങ്ങൾ ഉന്നയിക്കാൻ കൂട്ടാക്കാതെ ഭരണകൂട നുണകളെ നെഞ്ചേറ്റുന്നവരാണ്. ദേശീയ മാധ്യമങ്ങളും ഈ കുറ്റകൃത്യത്തിൽ പങ്കാളികളാണ്. വ്യാജങ്ങൾ തുറന്നുകാട്ടുന്നതിനുപകരം, മാധ്യമപ്രവർത്തകരും നിരീക്ഷകരും നെതന്യാഹുവുമായി കൈകോർത്ത് പൊതുബോധവും ആഖ്യാനങ്ങളും സൃഷ്ടിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നു.
പൗരജനങ്ങളെ നിരന്തരം കൈയൊഴിയുകയും എല്ലാ നയതന്ത്ര സാധ്യതകളും അട്ടിമറിക്കുകയും സകല തിന്മകളുടെയും മൂലകാരണമായ ഒരു അധിനിവേശം നിലനിർത്തുകയും ചെയ്ത മനുഷ്യൻ എന്ന നിലയിൽ ഇസ്രായേലിന്റെ ഏറ്റവും വലിയ പരാജയത്തിന് പിന്നിലെ ഒന്നാം നമ്പർ കുറ്റവാളിയായി നെതന്യാഹു ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.
അയാൾ ഇസ്രായേലിന് ഭീഷണിയാണ്, ഗസ്സയിലെ കുട്ടികൾക്ക് ഭീഷണിയാണ്, ലോകത്തിനാകമാനം തന്നെ ഭീഷണിയാണ്.
(ഇസ്രായേലി നെസറ്റ് അംഗമാണ് ലേഖകൻ)
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.