രാജ്യം അതികഷ്ടകരമായ നാളുകളിലൂടെ നീങ്ങവെ അത്രയെളുപ്പമൊന്നും നികത്താനാവാത്ത ഒരു നഷ്ടത്തിനു കൂടി നാം സാക്ഷ്യം വഹിച്ചു. വിശ്രുത പണ്ഡിതൻ മൗലാന വഹിദുദ്ദീൻ ഖാന്റെ വിയോഗം അത്രകണ്ട് വേദനജനകമാണ്. വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് നിസാമുദ്ദിനിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് മൗലാനയെ ആദ്യമായി കാണുന്നത്. ലഖ്നോവിൽ നിന്ന് ഞങ്ങൾ ഡൽഹിയിൽ വന്ന സന്ദർഭത്തിലായിരുന്നു. ഉമ്മയാണ് പറഞ്ഞത് നമുക്കദ്ദേഹത്തെ സന്ദർശിക്കണമെന്ന്. മൗലാന ഖാൻ പുറത്തിറക്കിയിരുന്ന അൽ രിസാല മാസികയുടെ സ്ഥിരം വായനക്കാരിയായിരുന്നു ഉമ്മ. അദ്ദേഹത്തിന്റെ വ്യക്തിത്വം ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്നതായിരുന്നു. ആരെയും ഉൾച്ചേർക്കാനുള്ള ആഴമുണ്ടായിരുന്നു ആ കണ്ണുകൾക്ക്.
അടുത്ത കാലങ്ങളിലായി മൂന്നു വ്യത്യസ്ത സന്ദർഭങ്ങളിൽ അദ്ദേഹത്തെ കാണാൻ കഴിഞ്ഞു, പിന്നെ ഒട്ടേറെ വിശിഷ്ട പണ്ഡിതർ അദ്ദേഹത്തിന്റെ അപാര പാണ്ഡിത്യത്തെയും വിവേകത്തിലധിഷ്ഠിതമായ വാക്കുകളെയും സംബന്ധിച്ച് സംസാരിക്കുന്നതിനും സാക്ഷ്യംവഹിച്ചു. എഴുത്തുകാരിയും മുൻ വൈസ് ചാൻസലറുമായ സുധാമഹി രഘുനാഥൻ ഒരിക്കൽ പറഞ്ഞത് മൗലാനയെ കാണുകയും കേൾക്കുകയും ചെയ്യുന്നതുവരെ അവർ ഇസ്ലാമിനെക്കുറിച്ച് തീർത്തും വികലവും വിരുദ്ധവുമായ കാഴ്ചപ്പാടാണ് വെച്ചുപുലർത്തിയിരുന്നത് എന്നായിരുന്നു. അക്രമത്തിന്റെ മതമാണിതെന്നുപോലും ധരിച്ചുവെച്ചിരുന്നു. ഇസ്ലാം എന്ന പദത്തിനു തന്നെ സമാധാനം എന്നാണർഥമെന്ന് പറഞ്ഞു മനസ്സിലാക്കികൊടുത്തത് വഹിദുദ്ദീൻ ഖാൻ ആയിരുന്നുവെത്രേ.
അദ്ദേഹത്തെ സന്ദർശിക്കാൻ പോകുേമ്പാഴെല്ലാം വീട്ടിൽ വിവിധ തലങ്ങളിൽനിന്നുള്ള നിരവധിയാളുകൾ വന്നിട്ടുണ്ടാവും. പല വിശ്വാസ പശ്ചാത്തലത്തിൽനിന്നുള്ളവരാവും അവർ. ഒരിക്കൽ ചെന്നപ്പോൾ ഹബീബ് മുഹമ്മദ് എന്ന മുസ്ലിം മാർവാടിയെക്കണ്ടു. ജോധ്പൂരിൽ നിന്ന് മൗലാനയെക്കാണാൻ മാത്രമായി വന്നതാണയാൾ. ചിലപ്പോൾ വിദ്യാർഥികളാൽ നിറഞ്ഞിരിക്കുമവിടം, മറ്റു പലപ്പോഴും അക്കാദമീഷ്യന്മാരും പണ്ഡിതരും സംഭാഷണത്തിനും സംവാദത്തിനുമായി എത്തിയിട്ടുണ്ടാവും. ഒരു പെരുന്നാൾ സായാഹ്നത്തിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ഭക്ഷണം കഴിക്കുകയായിരുന്നു. പെരുന്നാളായിട്ടും ലളിതമായ വിഭവങ്ങൾ മാത്രമായിരുന്നു ആ മേശമേലുണ്ടായിരുന്നത്. ഒരു ചെറിയ പാത്രം ഇറച്ചിക്കറിപോലുമില്ലല്ലോ എന്ന് എനിക്കത്ഭുതം തോന്നി, ഞാനക്കാര്യം ചോദിക്കുകയും ചെയ്തു. അപ്പോഴാണറിയുന്നത് മൗലാന ശുദ്ധ വെജിറ്റേറിയനാണെന്ന്. കുടുംബത്തിൽ എല്ലാവരും മാംസഭക്ഷണം കഴിക്കുെമങ്കിലും താൻ സസ്യവിഭവങ്ങൾ മാത്രമാണ് കഴിക്കുക എന്ന് അദ്ദേഹം പറഞ്ഞു.
മൗലാന വഹിദുദ്ദീൻ ഖാനെപ്പോലുള്ള മനുഷ്യർ വേർപിരിഞ്ഞാലും അവർ പ്രസരിപ്പിച്ച ഊർജവും അറിവിൻ വെളിച്ചവും നമുക്ക് ചുറ്റിലും നിലനിൽക്കുകതന്നെ ചെയ്യും. അദ്ദേഹം സമൂഹത്തിന് സമ്മാനിച്ച ചിന്തകളും അറിവുകളും പുസ്തകങ്ങളുമെല്ലാം.
മൂന്നു മക്കളായിരുന്നു മൗലാനക്ക്. മൂവരും നാടിന് അറിവിൻ പ്രകാശം പരത്തുന്നവർ. മകൾ ഫരീദ ഖാനം അറിയപ്പെടുന്ന പണ്ഡിതയാണ്. ഇസ്ലാമിക വിഷയങ്ങളിൽ അവർക്കുള്ള അവഗാഹം അപാരമാണ്. പണ്ഡിതനും സാമൂഹിക പ്രവർത്തകനും പരിഷ്കർത്താവുമായ സഫറുൽ ഇസ്ലാം ഖാൻ ആണ് ഒരു മകൻ- സമുദായത്തിന്റെ ശബ്ദം മുഴക്കിയ മില്ലി ഗസറ്റിന്റെയും ശ്രദ്ധേയമായ പുസ്തകങ്ങൾ പുറത്തിറക്കിയ ഫാറോസ് പബ്ലിഷിങ്ങിന്റെയും സ്ഥാപകനാണദ്ദേഹം.
മറ്റൊരു മകൻ സനിയാസ്നൈൻ ഖാൻ ഇസ്ലാമിക വിഷയങ്ങളിൽ കുട്ടികൾക്കായി നൂറിലേറെ പുസ്തകങ്ങളാണെഴുതിയിട്ടുള്ളത്. ടി.വി അവതാരകനായും അറിവുപകരുന്ന ബോർഡ് ഗെയിമുകളുടെ ഉപജ്ഞാതാവായും ഏറെപേർക്കും പ്രിയങ്കരനാണദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.