പ്രശസ്ത നാടകപ്രതിഭ ഇബ്രാഹിം വെങ്ങരയുടെ ആത്മകഥയുടെ പേര് ‘ഗ്രീൻറൂം’ എന്നാണ്. എല്ലാം മലയാളത്തിലാക്കാൻ ഇറങ്ങിത്തിരിച്ച ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്റ്റിറ്റ്യൂട്ട് ഇംഗ്ലീഷാണെങ്കിലും അതിലുള്ള ഭാഷ മലയാളമാണ്. എന്നാൽ ഗ്രീൻറൂമിൽ, ഗ്രീനും റൂമും ഇംഗ്ലീഷാണ്. വളരുന്ന ഭാഷയെ സംബന്ധിച്ചിടത്തോളം ഇതിലൊരു പ്രശ്നവുമില്ല. ഇനിയുമിങ്ങനെ വിവിധ ഭാഷയിലെ വാക്കുകൾ മലയാളത്തോടൊപ്പം വരുകയും പോവുകയും ചെയ്യും.
ഈ പ്രക്രിയയെയാണ് തനിമയെന്ന് വിളിക്കേണ്ടത്. ഗ്രീൻറൂമിന് അണിയറ, ചമയമുറി എന്നീ മലയാള വാക്കുകളിൽ പച്ച നൽകുന്ന സാന്ത്വനമില്ല. എന്നുവെച്ച് പച്ചമുറി എന്നോ മറ്റോ ഗ്രീൻറൂമിനെ വിളിച്ചാൽ അതും ശരിയാവില്ല. അപ്പോൾ പിന്നെ നല്ലത് ഗ്രീൻറൂം എന്നുതന്നെ എന്ന തിരിച്ചറിവാകണം ഇബ്രാഹിം വെങ്ങരയുടെ, ‘ഗ്രീൻറൂം’ എന്ന ഗ്രന്ഥനാമത്തിൽ തിളങ്ങുന്നത്. അതിനെ മലയാള ഭാഷയുടെ കൂടി തിളക്കമായി തിരിച്ചറിയുന്നിടത്തുവെച്ചാണ് കേരളത്തനിമ തളിർക്കുന്നത്. ബഹുസ്വരതയുടെ സൗന്ദര്യത്തെ ബലംപ്രയോഗിച്ച്, കൃത്രിമ തനിമാസംരക്ഷണത്തിന്റെ ഭാഗമായി സങ്കോചിപ്പിക്കേണ്ടതില്ല. പ്ലാറ്റ്ഫോം ടിക്കറ്റിനെ, അഗ്നിശകടവിരാമസ്ഥലപ്രവേശനചീട്ടാക്കി, മലയാളത്തെ ചതച്ച് സംസ്കൃത കഷായം ഉണ്ടാക്കുന്നതുപോലെ!
പ്രശസ്ത സാംസ്കാരിക വിമർശകനായ ഡോ. അജയ്ശേഖർ ഞങ്ങളുടെ ‘കൂട്’ എന്ന വീട്ടിൽ വന്നപ്പോൾ പരസ്പരമുള്ള സംഭാഷണങ്ങൾക്കിടയിൽ െബ്രയിൻവാഷ് എന്ന ഇംഗ്ലീഷ് വാക്കിന് മസ്തിഷ്കപ്രക്ഷാളനം എന്നതിനേക്കാൾ എത്ര മനോഹരമാണ് തമിഴിലെ നിനവൈകൊലൈ എന്ന വാക്ക് എന്ന് പറഞ്ഞത് ഓർമിക്കുന്നു.
ഒന്നുകിൽ ഈവിധമുള്ള കാവ്യാത്മകവും അർഥപൂർണവും എളുപ്പം വിനിമയം ചെയ്യുന്നതുമാവണം മറ്റ് ഭാഷാപദങ്ങൾക്കു പകരം നിൽക്കുന്ന മലയാളം വാക്ക്. അല്ലെങ്കിൽ ഗ്രീൻറൂംപോലെ, ഇൻസ്റ്റിറ്റ്യൂട്ട് പോലെ ഇംഗ്ലീഷ് തന്നെയാവും നന്നാവുക! മറ്റ് ഭാഷാപദങ്ങൾക്ക് പകരം വെക്കാൻ തമിഴിനോട് ചേർന്നുള്ള പുതിയ പദങ്ങൾ കണ്ടെത്താനുള്ള ശ്രമവും തുടരണം. സംസ്കൃതദാസ്യത്തിനു പകരം സംസ്കൃതബന്ധവും ആവാം!
പറഞ്ഞുപറഞ്ഞു ദൃഢപ്പെട്ടതുകൊണ്ടും, മലയാളികൾക്ക് പറയാൻ പ്രയാസമില്ലാത്തതിനാലും, അഗ്നിശകടജന്തു വായിൽ കൊള്ളാത്തതിനാലും ആ പ്ലാറ്റ്ഫോം ടിക്കറ്റ് അങ്ങനെതന്നെ മതി. സർജറി വേണ്ട, ചാർജ് ഇനിയും കൂട്ടാതിരുന്നാൽ മാത്രം മതി! പഴയ ഭാര്യ ഇന്നത്തെ ഭാഷയിൽ പങ്കാളി ഭർത്താവായ സ്വന്തം മൂപ്പർക്കെഴുതുന്ന കത്ത് ‘ഗ്രീൻറൂമി’ൽ ഇബ്രാഹിം വെങ്ങര കുറിച്ചിട്ടിരിക്കുന്നത് ഞമ്മളെ ഇങ്ങക്ക് ഇങ്ങടെ ബീടര് എയ്ത്ത് എന്നാണ്. ഇന്നാണെങ്കിൽ ഇതേവാക്യം എഴുതപ്പെടുക ഞമ്മളെ ഇങ്ങക്ക് ഇങ്ങടെ ഞമ്മൾ എയ്ത്ത് എന്നാവും.
ആ ബീടർ പ്രയോഗത്തിൽ കഠിനമായി തുടരുന്നുണ്ടെങ്കിലും എഴുത്തിൽ നിന്നെങ്കിലും ഔട്ടാവും. പറഞ്ഞുവരുന്നത് കേരളത്തനിമ എന്നുള്ളത് വെറ്റിലച്ചെല്ലവും തുപ്പൽ കോളാമ്പിയും മെതിയടിയും കസവുമുണ്ടും, പൊന്നാടയും ആണെന്ന ഫ്യൂഡൽ കാഴ്ചപ്പാടിന് യാത്രയയപ്പ് നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ്. പാളത്തൊപ്പിയിട്ട് കോണകവാലും പുറത്തുകാട്ടി കുനിഞ്ഞിരിക്കുന്ന നവംബർ ഒന്ന് പ്രമാണിച്ച് സ്പെഷൽ തയാറാക്കിയ തനത് കർഷകർ കയ്യൂരടക്കമുള്ള കർഷക സമരങ്ങളോടുള്ള അവഹേളനമാണ്. അവരുടെ സ്ഥാനം മ്യൂസിയമാണ്.
കാഴ്ചബംഗ്ലാവായാലും കുഴപ്പമില്ല. ഇബ്രാഹിംവെങ്ങരയുടെ ആ ബീടർ മുതൽ ടൂറിസ്റ്റ്കോണകവാൽ കർഷകർവരെ ഭൂതകാലഭാരം ചുമക്കുന്ന പഴമയുടെ ചുരുക്കെഴുത്തുകളാണ്. തനിമകളെ തിരയേണ്ടത് നരവീണ പഴമകളിലല്ല, നിറപ്പകിട്ടുള്ള പൊതുമകളിലാണ്. ഭൂതകാല ജീർണതകളിൽ നിന്നല്ല, ജീവിക്കുന്ന ഭൂതകാലത്തിൽനിന്നാണ് തനിമ കരുത്താർജിക്കേണ്ടത്. ഭൂതകാലമായിട്ടും ഭൂതകാലമാവാൻ വിസമ്മതിക്കുന്ന, വർത്തമാനത്തെ വിസ്തൃതമാക്കുന്ന, ഭാവിയെപ്പോലും അഭിവാദ്യം ചെയ്യാനാവുന്ന ഭൂതജീവിതകാലവും, ജീവിതവർത്തമാനകാലവും, സ്വപ്നഭാവികാലവും നിർവഹിക്കുന്ന നിരന്തര സംവാദത്തിൽനിന്നും ശക്തിയാർജിക്കുന്ന പൊതുമയാണ്, ആവണം തനിമ. അതുകൊണ്ടാണ് ആദരവിന്റെ ഭാഗമായി പൊന്നാട പുതപ്പിക്കാൻ വരുമ്പോൾ ആത്മബോധമുള്ള പുതിയ മനുഷ്യർ പുത്തകം മതിയെന്ന് പറയുന്നത്.
കസവുടുക്കൽ മാത്രമല്ല കള്ളിമുണ്ടുടുക്കലും ട്രൗസറിടലും കൂടിയാണ് ഇമ്പളെ കേരളത്തനിമയെന്നാണ്, നിലവിലുള്ള വിവരങ്ങളിൽ പല ദോഷങ്ങളുമുണ്ടെന്ന് മനസ്സിലാക്കിയ വിവരദോഷികൾ വിളിച്ചുപറയുന്നത്! കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച എം.പി. നാരായണ മേനോൻ കള്ളിമുണ്ട് ഉടുത്തതുകൊണ്ടുമാത്രം മാപ്പിളമേനോനായത് മറക്കരുത്! കാലം പോയ പോക്ക്! 1956ലെ നവംബർ ഒന്നിന് ഐക്യകേരള പ്രഖ്യാപനമുണ്ടായത് വെറും സർക്കാർ ഉത്തരവിലല്ല, തീക്ഷ്ണ സമരപരമ്പരകളുടെ തുടർച്ചയിലാണ് എന്ന ചരിത്രസത്യമാണ് ഇന്ന് ചതക്കപ്പെടുന്നത്. ഐക്യകേരളം ഉണ്ടായതിൽ പിന്നെയാണ്, മുമ്പല്ല ഉത്തരവുണ്ടായത്!
1956 നവംബർ ഒന്നിൽനിന്നും ഇരമ്പിമറിയുന്നത് എത്രയെത്രയോ യാതനാപൂർണവും ത്യാഗോജ്ജ്വലവുമായ ചരിത്രസ്മരണകളാണ്. സ്മരണകളിരമ്പുന്ന പ്രസ്തുത സമുദ്രത്തിൽ വലയെറിഞ്ഞാൽ പളപളമിന്നും കസവുമുണ്ടല്ല, ചതക്കപ്പെട്ട മനുഷ്യരുടെ എല്ലിൻ കഷണങ്ങളാവും കിട്ടുക. ഇന്നും നമ്മുടെ ഐക്യകേരളത്തിൽ, മുമ്പ് കീഴാളർക്ക് ഉപ്പ് എന്ന് പറയാൻ അവകാശമില്ലാത്ത കാലത്ത് ഉപ്പ് എന്ന് ഉറപ്പിച്ച് ഉച്ചരിച്ച് 1936ൽ ഒറ്റയാൾസമരം നടത്തിയ ഒറ്റപ്പാലത്തെ ശിവരാമൻ എന്ന ഈഴവയുവാവിന് സ്മാരകമില്ല! മാറരിഞ്ഞ് പ്രതിഷേധിച്ച നങ്ങേലിമാർക്കും, മതംമാറി പ്രതിഷേധിച്ച യെശുവടിയാൾമാർക്കും, വൈക്കം സമരത്തിനും മുമ്പ് വഴി നടക്കാനല്ല ആ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പുലിപോലെ പാഞ്ഞ് പൊരുതിയ മാലുത്തണ്ടാന്മാർക്കും അർഹിക്കുന്ന ബഹുമാനം നൽകാൻ കഴിയാത്ത പൊന്നാടത്തനിമകളെ ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടിൽ ഇനിയും കൊണ്ടാടുന്നതിന് കൂട്ടുനിൽക്കുന്നത് ഐക്യകേരളത്തോട് കാണിക്കുന്ന ക്രൂരതയാണ്.
ബ്രിട്ടീഷ് മലബാറും രാജപ്രമുഖരുടെ തിരുവിതാംകൂറും കൊച്ചിയും ചുമ്മാ കൂടിച്ചേർന്നപ്പോഴുണ്ടായതല്ല ഐക്യകേരളം. അതുണ്ടായത് സാമ്രാജ്യത്വത്തെയും രാജാധികാരത്തെയും ജാത്യാധിപത്യത്തെയും ചെറുത്ത് തോൽപിച്ചപ്പോഴാണ്, ഭിന്നിപ്പിനും വിദ്വേഷത്തിനുമെതിരെ പൊരുതിയവർക്കൊപ്പം അന്ന് ഊണിലും ഉറക്കത്തിലും ഉറങ്ങാതിരുന്നത് ആഢ്യന്മാരുടെ സംസ്കൃതമലയാളമല്ല, അധഃസ്ഥിത ജനതയുടെ സമരമലയാളമാണ്. 1947ൽ കൊച്ചിയിലെ ഉഗ്രപ്രതാപിയായ പാലിയത്തച്ചനെ വഴിനടത്തസ്വാതന്ത്ര്യസമരത്തിൽ മുട്ടുകുത്തിച്ച അധഃസ്ഥിത തൊഴിലാളികൾ, ആവേശത്തോടെ വിളിച്ച ഇങ്കുലാബി സിന്ദാബിയിൽ നിന്നാണ്, അല്ലാതെ ഇന്നേടത്തെ കേമനായ കോമക്കുറുപ്പ് തമ്പുരാൻ തിരുനൂൽ പൃഥിയിലിറക്കി എന്ന ഫ്യൂഡൽഭാഷാവേസ്റ്റിൽ നിന്നല്ല വളർത്തൽ മലയാളം വീര്യമാർജിക്കേണ്ടത്.
ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് എത്ര വൃത്തിയിൽ വിളിച്ചുകൊടുത്തിട്ടും തൊഴിലാളികൾ പിന്നെയും പിന്നെയും ഇങ്കുലാബി എന്നും സിന്ദാബിയെന്നും പറയുന്നതു കേട്ട് പ്രകോപിതരായ സമരനായികമാരിലൊരാളും മുദ്രാവാക്യം വിളിച്ചു കൊടുത്തവളുമായ രമ തമ്പുരാട്ടി രോഷത്തോടെ ഈ വിളിക്കുന്നതിന്റെ വല്ല അർഥവും നിങ്ങൾക്കറിയാമോ എന്ന് ആ തൊഴിലാളികളോട് ചോദിച്ചപ്പോൾ ഒരു നാടകത്തിലെ കോറസ് പോലെ അവരൊന്നിച്ച് പറഞ്ഞുവേത്ര. അറിയാം ഞങ്ങക്ക് നല്ലോണമറിയാം. പാലിയത്തച്ചന്റെ തല തെറിക്കട്ടെ എന്നല്ലാതെ മറ്റെന്താവാൻ. ഇങ്ക്വിലാബിന് ആ സമര പശ്ചാത്തലത്തിൽ ഇതിനോളം മികച്ച അർഥം മറ്റെന്തുണ്ടാവാൻ! അതുപോലാണോ ആ കോമക്കുറുപ്പിന്റെ തിരുനൂലിറക്കവും, അത് നിർവഹിക്കാൻ മാത്രമുള്ള അങ്ങോരുടെ അമൃതേത്ത് ഭൂജിക്കലും!
നമ്മുടെ തനിമാസങ്കൽപങ്ങൾ ഇന്നും സവർണ കുറ്റിയിൽകിടന്ന് തിരിയുകയാണ്. വെളുപ്പിനും കസവിനും അപരവിദ്വേഷങ്ങൾക്കുമിടയിൽ കറങ്ങുകയാണ്. വൈവിധ്യങ്ങളിൽ അക്ഷരത്തെറ്റും ഉച്ചാരണ പിഴവും തീവ്രവാദവും കണ്ടെത്തി കോരിത്തരിക്കുകയാണ്. പരശുരാമന്റെ മഴുവല്ല, പേരറിയാത്ത പതിനായിരങ്ങളുടെ കൊഴുവാണ് കേരളമുണ്ടാക്കിയതെങ്കിൽ, അതിനെ ഐക്യകേരളമാക്കി വളർത്തുന്നതിൽ നവോത്ഥാനവും കർഷകത്തൊഴിലാളി സമരങ്ങളും ഗൾഫ് കുടിയേറ്റവുമാണ് നേതൃത്വം വഹിച്ചത്. കേരം തിങ്ങും കേരളനാട്ടിൽ എന്നത് ഇന്നും കുളിരുപകരുന്ന വാക്യമാണ്.
പക്ഷേ കേരളത്തിന്റെ കാതൽ തേക്കിലും കുരുമുളകിലുമാണ് മുമ്പ് പടർന്നത്. വിദേശശക്തികളെ മോഹിപ്പിച്ചതും പേടിപ്പിച്ചതും വലിയ തേങ്ങയല്ല, ചെറിയ കുരുമുളകാണ്. ബിലാദുൽഫുൽഫുൽ അഥവാ കുരുമുളകിന്റെ നാട് എന്നും കേരളം പ്രസിദ്ധം. പോർചുഗീസുകാർ കുരുമുളക്കൊടി വൻതോതിൽ മുറിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ നമ്മുടെ സാമൂതിരി പറഞ്ഞുവേത്ര, തിരുവാതിര ഞാറ്റുവേല അവർക്ക് കാൽസറായിക്ക് അകത്തിട്ട് കൊണ്ടുപോകാൻ കഴിയില്ലല്ലോ എന്ന്! മൂസാനബിയുടെ (മോസസ്) കാലം മുതൽ ഓഫിറിൽനിന്ന്, അതായത് നമ്മുടെ ഇന്നത്തെ ബേപ്പൂരിൽനിന്ന് വിദേശരാഷ്ട്രങ്ങളിലേക്ക് തേക്ക് കയറ്റുമതി ചെയ്തിരുന്നുവെന്ന് ചരിത്രം. 1908ൽ നമ്പൂതിരിമാർക്കിടയിൽനിന്ന് യോഗക്ഷേമസഭ എന്ന സാമുദായിക പരിഷ്കരണപ്രസ്ഥാനം രൂപംകൊണ്ടപ്പോൾ, ബ്രിട്ടീഷുകാരോട് അവരാദ്യം അപേക്ഷിച്ചത് സ്വന്തം പറമ്പിലെ തേക്ക് മുറിക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു.
ഇന്നും പറമ്പ് നമ്മുടേതാണെങ്കിലും തേക്ക് മാത്രം നമ്മുടേതല്ല. പണ്ടാരം പണ്ടാരടക്കട്ടെ എന്നിങ്ങനെയുള്ള ജനമലയാള വാക്കുകളിൽ സമരമല്ലാത്തൊരു സമരത്തിന്റെ തീയുണ്ട്. ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്തെ സാമാന്യം ഭേദപ്പെട്ട, അതായത് സ്റ്റാൻഡേർഡ് തെറി പണ്ടാരപ്പഹയൻ എന്നായിരുന്നു. അതാവട്ടെ കുട്ടികളെ മുൻനിർത്തി മുതിർന്നവർ നടത്തിയ നിസ്സഹായമായൊരു അധികാരവിമർശവും! ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനെ വിസർജനകേന്ദ്രമായ കക്കൂസാക്കിയ അതേ ഭാവനതന്നെയാണ് റോയൽ ട്രഷറിയുടെ പ്രതാപത്തെ ലോക്കൽ തെറിയിലൂടെ പണ്ടാര പഹയനാക്കി പൊളിച്ചതും! 1921ലെ മലബാർ വിപ്ലവകാലത്താണ് ഒരാൾ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്താൽ ആ പ്രദേശത്തെയാകെ ശിക്ഷിക്കലും മുഴുവൻപേരുടെ സ്വത്തു കണ്ടുകെട്ടലും വ്യാപകമായത്.
അന്ന് മുതലാവണം ക്ണാപ്പൻ പോലെ പണ്ടാരപ്പഹയനും വിസ്മയംപോലെ മലയാളപ്രണയവും പിറന്നത്. ഇപ്പറഞ്ഞ മൂന്നും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നും. വാഗൺ കൂട്ടക്കൊലക്ക് നേതൃത്വം നൽകുകയും പിന്നീട് അത് അന്വേഷിച്ച് കുളമാക്കുകയും ചെയ്ത റൗളാണ്ട് നാപ്പെന്റെ (Rowland Knapp) പേരിൽ നിന്നാണ് ചുക്കിനും ചുണ്ണാമ്പിനും ഒരലിനും ഒലക്കക്കും കൊള്ളാത്ത, സൂപ്പർരാഷ്ട്രീയ തെറിയായി മലയാളഭാഷയിൽ ക്ണാപ്പൻ രൂപം കൊണ്ടത്! നാപ്പ് എന്ന ഇംഗ്ലീഷ് പേരിനുമുമ്പിൽ പ്രത്യേകിച്ച് ഒരാവശ്യവുമില്ലാത്ത(Knapp) ആ ‘കെ’ എന്ന അക്ഷരമില്ലായിരുന്നെങ്കിൽ ഒരു കിടിലൻ അധികാരവിരുദ്ധ തെറി ഇല്ലാതായിപ്പോവുമായിരുന്നു!
‘വിപ്ലവത്തിന്റെ ഉൾത്തുടിപ്പുകൾ’ എന്ന ഓർമപ്പുസ്തകത്തിൽ നവോത്ഥാന പ്രതിഭയും പ്രക്ഷോഭകാരിയുമായ ഐ.സി.പി, അക്കാലത്ത് അതായത്, 1921ന് മുമ്പ് നമ്പൂതിരിയല്ലാത്ത മനുഷ്യനെക്കുറിച്ച് നമ്പൂതിരിമാരായ ഞങ്ങൾക്ക് അറിയില്ലായിരുന്നു എന്നെഴുതിയിട്ടുണ്ട്. സത്യം അതാണെങ്കിൽ സാവിത്രി അന്തർജനത്തിന് ഒരിക്കലും ശ്രീമാൻ ചാത്തനെ കാണാനോ പ്രണയിക്കാനോ കഴിയുമായിരുന്നില്ല. മലബാർ വിപ്ലവം വഴിമുടക്കിയതിനെക്കുറിച്ചും പുതുവഴി തുറന്നതിനെക്കുറിച്ചും ഐ.സി.പി തുടർന്ന് പ്രതിപാദിക്കുന്നുണ്ട്. ഒറ്റവാക്യത്തിൽ ഐ.സി.പി പറഞ്ഞത് ഒതുക്കിയാൽ പശുതുല്യമായ ജീവിതത്തിൽനിന്നും പുറത്തുകടക്കാൻ അന്ന് അവരുടെ മുന്നിൽ വഴിതുറന്നത് ആ മഹാസമരമാണ്.
ജീവിതത്തെ നിലവിളികൾക്കൊപ്പം പ്രണയത്തിന്റെ പുഞ്ചിരിയാക്കി പകുത്തതും ആ സമരമാണ്. ആ സമരം നടന്നിട്ടില്ലായിരുന്നുവെങ്കിൽ, ശരദഭ്രവീഥിയിലുല്ലസിക്കുന്ന സാവിത്രിക്ക് അവമാനത്തിന്റെ കുണ്ടിൽ വസിക്കുന്ന ചാത്തനെ പ്രണയിക്കുന്നത് പോയിട്ട്, കാണാൻപോലും കഴിയുമായിരുന്നില്ല! ജീർണവും അവികസിതവുമായ അന്നത്തെ സവർണ ജീവിതത്തെ വിശേഷിപ്പിക്കാൻ ഐ.സി.പി ഉപയോഗിച്ച ആ പശുതുല്യം എന്ന കൃത്യം പ്രയോഗം ഇന്നത്തെ നവഫാഷിസ്റ്റ് രാഷ്ട്രീയ അവസ്ഥയിൽ പറയാതെ എന്തൊക്കെ പറയുന്നില്ല! പശുതുല്യം എന്നത് അന്ന് ഒരു മനുഷ്യന് വരാവുന്ന ഏറ്റവും മോശം അവസ്ഥയേയാണ് അടയാളപ്പെടുത്തിയതെങ്കിൽ, ഇന്നത് കേമം അവസ്ഥയായാണ് ആഘോഷിക്കപ്പെടുന്നത്!
നവംബർ ഒന്നിന് തെങ്ങിനെപ്പറ്റി ഒരു ലഘു ഉപന്യാസമെഴുതാൻ കഴിയാതെ 2024ലെ ഒരു കുട്ടി കുഴഞ്ഞ് വീഴുകയുണ്ടായി! അവനും സ്വന്തം സീനിയേഴ്സ് പറഞ്ഞതനുസരിച്ചാവണം, തെങ്ങിനെപ്പറ്റി കാര്യമായി ഒന്നും അറിയാത്തതുകൊണ്ട് പശുവിനെ തെങ്ങിൽകെട്ടി, തെങ്ങിനെപ്പറ്റി അറിയില്ലെങ്കിലും പശുവിനെപ്പറ്റി നാലഞ്ച് വാക്യങ്ങൾ എഴുതി സ്വയം രക്ഷപ്പെടാമെന്ന് മോഹിച്ചത്! ഈ തെങ്ങ് വെറും തെങ്ങല്ല, പശുവിനെ കെട്ടിയ തെങ്ങാണ്, തെങ്ങിൽ കെട്ടിയാലും പശു പരിസരത്തുള്ള പുല്ല് തിന്നും.
ചാണകമിടും, ദാഹിച്ചാൽ കരയും എന്നും മറ്റുമാണവൻ എഴുതാൻ ഒരുങ്ങിയത്! പു.ക.സയുടെയും മറ്റും മീറ്റിങ്ങിൽ സ്ഥിരമായി പോയിരുന്നതുകൊണ്ടാവണം, ഇതൊക്കെ ഇപ്പോൾ സത്യം സത്യമായി എഴുതിയാൽ കുഴപ്പമാവുമല്ലോ എന്നു കരുതി ഒന്നും എഴുതാനാവാതെ അവൻ കുഴഞ്ഞുപോയത്! എന്നാൽ, തെങ്ങിനെപ്പറ്റി ഒന്നുമറിയാത്ത നവഫാഷിസ്റ്റ് ക്ലാസിൽ സ്ഥിരമായി പോവുന്ന മറ്റ് ചിലർ കഥയിൽ പറഞ്ഞപോലെ പശുവിനെ തെങ്ങിൽകെട്ടി ഒരു ചളിപ്പുമില്ലാതെ പശു ആണവവികിരണം തടയും എന്നും മറ്റുമുള്ള തരികിടകൾ എഴുതി രക്ഷപ്പെടുകയും ചെയ്തു!
അറബികളുടെ പഴയ വ്യാപാര കുത്തകയുടെ അടയാളമാണ് അറബിക്കടൽ. കേരളം എന്ന പേര് ദൈവാനുഗ്രഹമുള്ള നാട് എന്നർഥമുള്ള ഖൈറുള്ള എന്ന അറബിവാക്കിൽനിന്നുണ്ടായതാണെന്നും ചരിത്രപ്രതിഭകൾ. ചരിത്രമെന്ന ശല്യം ഇല്ലാതായാൽ, ഇല്ലാതാക്കാൻ കഴിഞ്ഞാൽ ഈ അറബി പൊല്ലാപ്പൊക്കെ ഒഴിഞ്ഞുകിട്ടുമല്ലോ എന്നാശ്വാസത്തിലാണ് നവഫാഷിസ്റ്റുകൾ. മലയാളത്തിലെ പരകീയപദങ്ങൾ എന്ന ഡോ. പി.എം. ജോസഫിന്റെ ശ്രദ്ധേയമായ ഒരൊറ്റ പുസ്തകം മതി നവഫാഷിസ്റ്റ് ഭാഷാശുദ്ധിവാദത്തിന്റെ മർമം പൊളിക്കാൻ. ചാരായം കുടിച്ചു കുടിച്ച് ചിലർ വീഴുമ്പോൾ അവരെക്കുറിച്ച് തനിനാടൻ മലയാള വാക്കെന്ന് കരുതി പറഞ്ഞുപോന്നിരുന്ന ആ പൂസാവൽ പോലും ഒരു പേർഷ്യൻ വാക്കാണേത്ര!
കൊളാഷ്(Collage) എന്ന ഇംഗ്ലീഷ് വാക്ക് ഒട്ടിക്കുക എന്നർഥമുള്ള കോളർ(Coller) എന്ന ഫ്രഞ്ച് വാക്കിൽനിന്നും രൂപംകൊണ്ടതാണ്. അതിന്റെ പേരിൽ ഇംഗ്ലീഷ് ഫ്രഞ്ച് സംഘർഷം നടന്നതായി അറിയില്ല! മുറിച്ച് മാറ്റപ്പെട്ടവയും, ചിതറിയവയും ഒട്ടിച്ച് ചേർത്തുവെച്ച് കലയിൽ സ്ഫോടനം സൃഷ്ടിക്കാൻ കഴിയുമെന്ന്, കൊളാഷ് സാക്ഷ്യപ്പെടുത്തും. മൊണ്ടാഷും കൊളാഷുമെല്ലാം അപൂർണതകളിൽനിന്നും പൂർണത കണ്ടെത്താനുള്ള സർഗാത്മകതയുടെ കുതിപ്പാണ്.
ഐക്യകേരളം ഏതെങ്കിലുമൊരു കേരളത്തനിമയെ കൊണ്ടാടണമെങ്കിൽ, അത് പലതും പലരീതിയിൽ കൂടിച്ചേർന്നുകൊണ്ടേയിരിക്കുന്ന ഒരു കൊളാഷായിരിക്കും! കലർപ്പിനെ, ഒത്തുചേരലിനെ ഒരു കുറ്റമായി കാണാത്ത, അപരവിദ്വേഷകറ പുരളാത്ത ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന, ആ വിധമുള്ള അധികാരശക്തികളുടെ െഫ്രയിം പൊളിക്കുന്ന സാന്ത്വനശക്തിയായ ഒരു കൊളാഷ്! മുൻ നടപ്പോർക്കേണ്ട/ ബുക്കുകൾ നോക്കേണ്ട/ ധർമതാൻ എപ്പോഴും ധർമംതന്നെ എന്ന് സഹോദരനയ്യപ്പൻ. മേൽക്കോയ്മക്ക് കീഴ്പ്പെട്ടുള്ള ഒരൊറ്റ മട്ടിലുള്ള സംഗ്രഹമല്ല, മാനവികതക്ക് പുളകം പകരുന്ന പലേ മട്ടിലുള്ള സമാഹാരമാണ്, ഐക്യകേരളത്തിന്റെ സൗന്ദര്യവും ശക്തിയും!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.