‘‘ഇന്ത്യയുടെ പ്രധാനമന്ത്രി കള്ളനാണ്’’ - രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷൻ രാഹുൽ ഗാന്ധി റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ ഉന്നയിച്ച ആരോപണമാണിത്. ദേശഭക്തിയുള്ള ആരുടെയും മനസ്സിനെ അത് കുത്തിനോവിക്കും. രാഷ്ട്രീയ എതിരാളികൾ പോകെട്ട. ബി.ജെ.പിക്കാരെ തൃപ്തിപ്പെടുത്താനെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനു മറുപടി പറയാതിരുന്നത് എന്തുകൊണ്ടാണ്? പ്രധാനമന്ത്രിപദം മോദിക്കു വേണ്ടി നിർമിച്ചതല്ല. ഇന്ത്യയുടെ പ്രധാനമന്ത്രി അപകീർത്തിയിൽപെടാതെ, ആ പദവിയുടെ അന്തസ്സ് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം മോദിക്കുണ്ട്; ഏതു പ്രധാനമന്ത്രിക്കുമുണ്ട്. രാഹുൽ പറഞ്ഞത് തെറ്റാണെന്നു സമർഥിച്ച് പ്രതിക്കൂട്ടിൽ നിർത്താൻ കിട്ടിയ ഏറ്റവും വലിയ സന്ദർഭം കൂടിയാണത്. പക്ഷേ, 56 ഇഞ്ച് നെഞ്ചളവുള്ള പ്രധാനമന്ത്രി മൗനം കുടിച്ചിരിക്കുന്നു.
2015 ഏപ്രിലിൽ റഫാൽ കരാർ പ്രഖ്യാപനം നടത്തിയത് നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡും തമ്മിലാണ്. റഫാൽ ഇടപാടിലെ ഇന്ത്യൻ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസിനെ തെരഞ്ഞെടുക്കാൻ നിർദേശിച്ചത് ഇന്ത്യൻ സർക്കാറാണ്, ഫ്രാൻസിനു മുന്നിൽ മറ്റു വഴികളില്ലായിരുന്നുവെന്ന് ഫ്രാങ്സ്വ ഒാലൻഡ് പറയുന്നു. മാധ്യമപ്രവർത്തകരുമായുള്ള സംഭാഷണങ്ങളിൽ വീണ്ടും അദ്ദേഹം അതു ശരിെവച്ചു. ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിനോട് ചോദിക്കുേമ്പാൾ, മുൻപ്രസിഡൻറിെൻറ കാലത്തെ ഇടപാടെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുന്നു. 59,000 കോടി രൂപയുടെ പോർവിമാന കരാർ ഫ്രാൻസിനു തരപ്പെടുത്തി കൊടുത്ത മോദിസർക്കാറിന് രക്ഷപ്പെടാൻ തക്ക തിരുത്തലുകൾ ഒന്നും അദ്ദേഹം നടത്തിയില്ല.
റിലയൻസിനെ ഇന്ത്യൻ പങ്കാളിയായി നിശ്ചയിച്ചത് റഫാലിെൻറ നിർമാതാക്കളായ ദസോ ഏവിയേഷനാണെന്ന ന്യായീകരണത്തിൽ തൂങ്ങിനിന്ന സർക്കാർ ഏറ്റവുമേറെ കുടുങ്ങിയ സന്ദർഭമാണിത്. ഒാലൻഡും മോദിയുമായി ഉറപ്പിച്ച കരാറാണ്. വസ്തുതാവിരുദ്ധമായ വെളിപ്പെടുത്തലാണ് ഒാലൻഡ് നടത്തിയതെങ്കിൽ, ഏറ്റവും ആധികാരികമായി അത് ഖണ്ഡിക്കാൻ കഴിയുന്നത് മോദിക്കാണ്. തെൻറയും സർക്കാറിെൻറയും പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിലും ഇന്ത്യക്കുള്ളിലും തകർക്കുന്ന വിധം ഒാലൻഡ് സംസാരിച്ചാൽ, വിശദീകരണവുമായി രംഗത്തുവരാൻ പ്രധാനമന്ത്രിക്ക് അവകാശവും ഉത്തരവാദിത്തവുമുണ്ട്. എന്നിട്ടും എന്താണ് മൗനം? സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) റഫാൽ ഇടപാട് അന്വേഷിക്കണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞു നിൽക്കുക കൂടിയായപ്പോൾ സംശയം കനത്തു.
കോൺഗ്രസും രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയെ കടന്നാക്രമിക്കുകയാണ്. അതിലൊരു പ്രതികാരം കൂടിയുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി കള്ളനാണെന്ന രാഹുലിെൻറ പരാമർശം പോലും, നെഹ്റു കുടുംബത്തെ അലട്ടിയ വാക്കുകളുടെ ആവർത്തനമാണ്. ഇന്ദിരവധത്തിനു ശേഷം ‘മിസ്റ്റർ ക്ലീനാ’യി അധികാരത്തിലിരുന്ന രാജീവ് ഗാന്ധിയെ രാഷ്ട്രീയമായി തകർത്തുകളഞ്ഞ വിഷയമാണ് ബോഫോഴ്സ്. ആ പീരങ്കിയിടപാടിലെ അഴിമതി ആരോപണം ഇടനിലക്കാരനായ ക്വത്റോച്ചിയിലൂടെ കത്തിക്കയറിയപ്പോൾ, നേരിട്ട് അഴിമതി ആരോപണത്തിൽപെടുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി രാജീവ്ഗാന്ധി മാറി. അക്കാലത്ത് ബി.ജെ.പിക്കാർ രാജീവിനെതിരെ ‘ഗലി ഗലി മേ ഷോർ ഹെ, രാജീവ് ഗാന്ധി ചോർ ഹെ’ എന്ന് മുദ്രാവാക്യം മുഴക്കി. അതുതന്നെയാണ് ഇപ്പോൾ രാജീവിെൻറ മകൻ രാഹുൽ ഇന്നത്തെ പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കുന്നത്.
ബോഫോഴ്സ് രാജീവിെൻറ പ്രധാനമന്ത്രിപദം തട്ടിത്തെറിപ്പിച്ചു. കേസ് പല വർഷങ്ങൾ നീണ്ടുവെങ്കിലും കോടതിക്കു മുന്നിൽ അഴിമതിയുടെ തെളിവുകളൊന്നും വന്നില്ല. പക്ഷേ, രാജീവിെൻറ പ്രതിച്ഛായ തകർത്ത്, കോൺഗ്രസിനെ ദുർബലമാക്കി ബോഫോഴ്സ് പുകഞ്ഞു കത്തുന്നുവെന്ന് ബി.ജെ.പി ഉറപ്പാക്കി. ഇന്ന് റഫാൽ പുകഞ്ഞു കത്തുകയാണ്. ബോഫോഴ്സിനേക്കാൾ ശക്തമായ സാഹചര്യത്തെളിവുകൾ. മോദിസർക്കാർ നടത്തുന്ന ചങ്ങാത്ത മുതലാളിത്തത്തിെൻറ നേർക്കാഴ്ച. അഴിമതിക്കെതിരായ പോരാട്ടത്തിെൻറ തണൽപറ്റി അധികാരത്തിൽ വന്നവർ അഴിമതിക്ക് പ്രതിക്കൂട്ടിൽ നിൽക്കുന്നു. കാബിനറ്റിലെ ആരെങ്കിലുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ് ആരോപണം ഏറ്റുവാങ്ങുന്നത്. ബോേഫാഴ്സിെൻറ കാലത്ത് ജെ.പി.സി അന്വേഷണത്തിന് സമ്മർദം മുറുക്കി കാര്യം സാധിച്ചവർ, അതേ ആവശ്യം ഇന്ന് തള്ളിക്കളയുന്നു. ബോഫോഴ്സിലെന്നപോലെ സർക്കാറിനെതിരെ രൂപപ്പെടുന്ന പൊതുസംശയം തെരഞ്ഞെടുപ്പു വേളയിൽ കടുത്ത പരിക്കേൽപിക്കാമെന്ന യാഥാർഥ്യത്തിനു മുന്നിൽ പകച്ചു നിൽക്കുകയും ചെയ്യുന്നു.
യു.പി.എ സർക്കാറിെൻറ കാലത്ത് രൂപപ്പെടുത്തിയ റഫാൽ കരാർ തള്ളിക്കളഞ്ഞ് ഉണ്ടാക്കിയ പുതിയ ഇടപാടിനെക്കുറിച്ച് ഉയർന്നിരിക്കുന്ന ഒറ്റ ആരോപണത്തിനുപോലും വിശ്വാസയോഗ്യമായ മറുപടി നൽകാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. 18 വിമാനങ്ങൾ നേരിട്ടും 108 വിമാനങ്ങൾ സാേങ്കതികവിദ്യ കൈമാറ്റത്തിലൂടെ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്.എ.എൽ) നിർമിച്ചും വ്യോമസേനക്ക് ലഭ്യമാക്കുന്നതിനായിരുന്നു യു.പി.എ കരാർ. 36 വിമാനങ്ങൾ നേരിട്ട് ഫ്രാൻസിൽനിന്ന് വാങ്ങുന്നതും, 30,000 കോടി രൂപയുടെ ഇടപാടു കിട്ടുന്ന ഇന്ത്യൻ പങ്കാളിയായി റിലയൻസിനെ നിശ്ചയിക്കുന്നതുമാണ് മോദി കരാർ. തുടക്കത്തിൽ വില വെളിപ്പെടുത്താൻ പറ്റുമെന്നും, പിന്നീട് പറ്റില്ലെന്നും സർക്കാർ വാക്കു മാറ്റി. യു.പി.എ ഉറപ്പിച്ചതിനേക്കാൾ 1000 കോടി രൂപ ഒാരോ വിമാനത്തിനും കൂടുതലാണെന്ന വിവരം മറ്റു വഴികളിൽ പക്ഷേ, പുറത്തുവന്നു. വില വെളിപ്പെടുത്തുന്നതിന് തടസ്സമില്ലെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ തന്നോട് നേരിട്ട് പറഞ്ഞതായി രാഹുൽ ഗാന്ധി പാർലമെൻറിൽ നടത്തിയ പ്രസ്താവനയും ബാക്കിനിൽക്കുന്നു.
വിലയുടെ കാര്യത്തിൽ മാത്രമല്ല സർക്കാർ കുടുങ്ങിയത്. പൊതുമേഖല സ്ഥാപനത്തെ എന്തുകൊണ്ടു തഴഞ്ഞു? പകരം, വിമാന നിർമാണ പരിചയമില്ലാത്ത റിലയൻസിനെ പങ്കാളിയായി നിർദേശിച്ചത് എന്തടിസ്ഥാനത്തിലാണ്? 126 വിമാനങ്ങൾ വേണമെന്ന വ്യോമസേനയുടെ ആവശ്യം നിലനിൽക്കേ, 36 മതിയെന്ന് തീരുമാനിച്ചത് യുദ്ധസജ്ജതയിൽ ഇന്ത്യയെ പിന്നോട്ടടിപ്പിക്കില്ലേ? തുടങ്ങി നിരവധിയാണ് ചോദ്യശരങ്ങൾ. ഫ്രാങ്സ്വ ഒാലൻഡിെൻറ വെളിപ്പെടുത്തലിനു പിന്നാലെ, സർക്കാറിെൻറ ഉത്തരം മുട്ടിക്കുന്ന നിരവധി വിഷയങ്ങളും ഉയർന്നുവന്നു. 20 ശതമാനം വില കുറച്ചു കിട്ടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ഫയലിൽ കുറിപ്പെഴുതിയ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനെ മാറ്റിയത്, റഫാൽ കരാർ ഒപ്പുവെച്ച ശേഷം മാത്രം റിലയൻസിന് തിടുക്കത്തിൽ ഭൂമി സർക്കാർ ലഭ്യമാക്കിക്കൊടുത്തത് എന്നിങ്ങനെ നീളുന്നു ആ വിഷയങ്ങൾ.
വിമാന നിർമാണത്തിൽ ഒരു പരിചയവുമില്ലാത്ത റിലയൻസിനെ പങ്കാളിയാക്കിയത് മോദിസർക്കാറിെൻറ നിക്ഷിപ്ത താൽപര്യത്തിെൻറയും ചങ്ങാത്ത മുതലാളിത്തത്തിെൻറയും വ്യക്തമായ തെളിവാണ്. അത് അഴിമതിയിലേക്കുള്ള ചൂണ്ടുപലകയുമാണ്. റഫാലിൽ ഒപ്പിട്ട പാരിസ് യാത്രയിൽ പ്രധാനമന്ത്രിക്കൊപ്പം അനിൽ അംബാനി ഉണ്ടായിരുന്നു. നരേന്ദ്ര മോദി വ്യവസായി ഗൗതം അദാനിക്ക് നൽകുന്ന പ്രത്യേക പരിഗണനകൾ ചങ്ങാത്ത മുതലാളിത്തത്തിെൻറ മറ്റൊരു തെളിവ്. കൽക്കരി ഖനനത്തിനുപറ്റിയ ഇന്ത്യൻ വ്യവസായിയായി ഗൗതം അദാനിയെ ആസ്ട്രേലിയ പരിഗണിച്ചത്, മോദിയുടെ വിമാനത്തിൽ പറന്നിറങ്ങുകയും പരിചയപ്പെടുത്തുകയും ചെയ്തയാളെന്ന നിലയിലാണ്. ഇന്ത്യ സന്ദർശനത്തിൽ തലസ്ഥാനമായ ഡൽഹിക്കും മുേമ്പ മോദിയുടെ നാടായ ഗുജറാത്തിലേക്ക് പല രാജ്യങ്ങളുടെയും നേതാക്കളെ ഇറക്കുന്നതിൽ ചങ്ങാത്തം മണക്കുന്ന മുതലാളി താൽപര്യങ്ങൾ മറഞ്ഞുകിടക്കുന്നു.
പൊതുസമൂഹത്തിന് പൊല്ലാപ്പും പാഴ്വേലയുമായി തീർന്നെങ്കിലും, നോട്ട് അസാധുവാക്കിയതിെൻറ നേട്ടം ഗുജറാത്തിലെ ചില സഹകരണ ബാങ്കുകൾ വഴി പലരും അനുഭവിച്ചുവെന്ന ആരോപണം കെട്ടടങ്ങിയിട്ടില്ല. നോട്ട് അസാധുവാക്കലിെൻറ കാലത്ത് മോദിച്ചിത്രത്തോടെയുള്ള പേ^ടിഎം മുഴുപ്പേജ് പരസ്യങ്ങൾ വിവാദമുയർത്തിയിരുന്നു. നീരവ് മോദിയും ലളിത് മോദിയും മെഹുൽ ചോക്സിയും വിജയ് മല്യയുമൊക്കെ തഞ്ചത്തിൽ ഇന്ത്യയിൽനിന്ന് കടന്നു കളഞ്ഞതിനു പിന്നിൽ സർക്കാറിെൻറ ഒത്താശയുണ്ടെന്ന ആരോപണം, അതുവേറെ. രാഷ്ട്രീയ അഴിമതികൾ ഇക്കാലത്ത് നേർക്കുനേർ നടക്കുകയല്ല ചെയ്യുന്നത്, വ്യവസായികൾക്ക് പിന്നാമ്പുറ സഹായം നൽകി ഉചിതമായ സമയത്ത് ഉപകാരസ്മരണ നേടുന്ന കൂട്ടുകച്ചവടമാണെന്ന യാഥാർഥ്യം ഇതിനെല്ലാമിടയിൽ തെളിഞ്ഞു കിടക്കുന്നു.
റഫാൽ ഇടപാടിൽ പ്രധാനമന്ത്രി മൗനത്തിലാണെങ്കിലും, മറ്റു മന്ത്രിമാർ വാചാലമായി സംസാരിക്കുന്നുണ്ട്.
പോർവിമാനം വാങ്ങിയതിനെക്കുറിച്ച് വിശദീകരിക്കാൻ കൃഷി സഹമന്ത്രിവരെ ബി.ജെ.പി ആസ്ഥാനത്ത് വാർത്തസമ്മേളനം നടത്തി. രാഷ്ട്രീയ വാഗ്വാദങ്ങളിലേക്ക് സേനാ മേധാവികളെ ഇറക്കുക പതിവില്ല. റഫാൽ ഇടപാടിെൻറ മേന്മ പറയാൻ പക്ഷേ, എയർ ചീഫ് മാർഷലിനെയും രംഗത്തിറക്കുന്നതു കണ്ടു. പ്രതിച്ഛായ തകർക്കാൻ പാകിസ്താനും രാഹുലും കൈകോർക്കുന്നുവെന്നുവരെയുണ്ട് ആരോപണങ്ങൾ. റഫാൽ പുകയുേമ്പാൾ അതിർത്തിയിലേക്കും ശ്രദ്ധതിരിച്ച് ദേശീയത മറപിടിച്ചു നിൽക്കാനുള്ള ശ്രമവും തെളിഞ്ഞു കാണാം. പുതിയ മിന്നലാക്രമണ കഥകൾ ഉയർന്നു വരുന്നു. റഫാൽ സൃഷ്ടിച്ച പരിക്ക് മാറ്റിയെടുക്കാൻ പക്ഷേ, സുതാര്യതയല്ലാതെ സർക്കാറിന് മാർഗമില്ല. 56 ഇഞ്ചിെൻറ ധൈര്യവും ആർജവവും പ്രസംഗവേദിയിലല്ല, പ്രവൃത്തിയിലാണ് കാണേണ്ടത്. വസ്തുതാപരമായ വിശദീകരണമില്ലാത്തിടത്തോളം, ആലിബാബയുടെ 36 പോർവിമാനങ്ങളായി റഫാൽ പുകഞ്ഞ് സർക്കാറിനെ ശ്വാസം മുട്ടിച്ചുകൊണ്ടേയിരിക്കും.
•
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.