ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനുര കുമാര ദിസ്സനായകെയുടെ നേതൃത്വത്തിൽ ഇടതുപക്ഷ പാർട്ടിയായ ജനതാ വിമുക്തി പെരുമുന നേടിയ വിജയം, അസ്തിത്വ പ്രതിസന്ധിയിൽ ഉഴറുന്ന ഇന്ത്യൻ ഇടതുപക്ഷത്തിന് പ്രസക്തമായ ചില പാഠങ്ങൾ നൽകുന്നുണ്ട്
1935 ഡിസംബർ 18ന് സ്ഥാപിക്കപ്പെട്ട ലങ്ക സമ സമാജ പാർട്ടി (എൽ.എസ്.എസ്.പി) ഏഷ്യയിലെതന്നെ ഏറ്റവും പഴക്കമുള്ള കമ്യൂണിസ്റ്റ് പാർട്ടികളിൽ ഒന്നാണ്. ട്രോട്സ്ക്യൻ പ്രത്യയശാസ്ത്ര മാർഗത്തിൽ സഞ്ചരിക്കുന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആദർശമാണ് അവർ മുന്നോട്ടുവെച്ചത്. ബോൾഷെവിക് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സിലോൺ ആൻഡ് ബർമ മുഖേന ക്വിറ്റ് ഇന്ത്യാ സമരത്തിൽ ചെറുതല്ലാത്ത പങ്കും അവർ വഹിച്ചു. പരസ്പരം ചേർന്നുനിന്ന് പ്രവർത്തിച്ചതിന്റെ പൊക്കിൾക്കൊടി ബന്ധം ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഇടതുപക്ഷ രാഷ്ട്രീയങ്ങൾ തമ്മിൽ കാണാനാവും. ഇന്ത്യൻ മുഖ്യധാരാ ഇടതുപക്ഷത്തെപോലെ ലങ്കയിലെ എൽ.എസ്.എസ്.പിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്ക (സി.പി.എസ്.എൽ)യും സാമൂഹിക നീതിക്കും സാമ്പത്തിക പുനർവിതരണത്തിനും ശക്തമായി വാദിക്കുന്നവരാണ്.
സഖ്യരാഷ്ട്രീയത്തിന്റെ സമ്മർദങ്ങൾ
ഇന്ത്യയിലെയും ശ്രീലങ്കയിലെയും മുഖ്യധാരാ ഇടതുപക്ഷ പാർട്ടികളെ സംബന്ധിച്ചിടത്തോളം സഖ്യരാഷ്ട്രീയം പുലിപ്പുറത്തെ യാത്രപോലെ ബുദ്ധിമുട്ടേറിയതായിരുന്നു. ശ്രീലങ്കയിൽ ഇടതുപക്ഷത്തിന്റെ ആദ്യ സഖ്യരാഷ്ട്രീയ പരീക്ഷണം 1964ൽ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി ചേർന്നായിരുന്നു. ശ്രീലങ്കയിലെ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ക്ലേശകരമായ രാഷ്ട്രീയ ഉദ്യമമായിരുന്നു അത്. ഈ സഖ്യരാഷ്ട്രീയ പരീക്ഷണം ശ്രീലങ്കയിലെ ഇടതുരാഷ്ട്രീയത്തെ വലിയൊരു പ്രത്യാശാസ്ത്രപരമായ പിളർപ്പിലേക്ക് നയിച്ചു. ‘പഴയ ഇടത്’ എന്ന പേരിൽ മുഖ്യധാരാ ഇടതുപക്ഷവും ‘പുതിയ ഇടത്’ എന്ന പേരിൽ റാഡിക്കൽ ഇടതുപാർട്ടികളും രൂപപ്പെട്ടു. ‘പഴയ ഇടത്’ പക്ഷത്തിൽനിന്ന് വിഭിന്നമായി എൽ.എസ്.എസ്.പി (റെവല്യൂഷനറി), സി.പി.എസ്.എൽ (പീക്കിങ് വിങ്) തുടങ്ങിയ ‘പുതിയ ഇടത്’ സംഘങ്ങൾ സായുധ സമരരീതികൾ തെരഞ്ഞെടുത്തു.
ശ്രീലങ്കയിലെ ‘പഴയ ഇടതുപക്ഷം’ പ്രത്യയശാസ്ത്രവും ലക്ഷ്യങ്ങളും വകവെക്കാതെ അതിജീവനത്തിനുവേണ്ടി ശ്രീലങ്കാ ഫ്രീഡം പാർട്ടിയുമായുള്ള സഖ്യബന്ധം തുടരാൻ നിർബന്ധിതരായി. ഫ്രീഡം പാർട്ടിയുടെ ബുദ്ധിസ്റ്റ് ദേശീയതക്കും മുതലാളിത്ത നയങ്ങൾക്കും മുന്നിൽ തങ്ങളുടെ സോഷ്യലിസ്റ്റ് സെക്കുലർ മൂല്യങ്ങൾ അടിയറവെക്കേണ്ടിവന്നു. 1980 കളിൽ തമിഴ് പുലികളുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ രാഷ്ട്രീയമായി പരിഹരിക്കണമെന്ന് വാദിച്ചിരുന്ന എൽ.എസ്.എസ്.പി, സി.പി.എസ്.എൽ പാർട്ടികൾ പിന്നീട് സഖ്യരാഷ്ട്രീയ സമ്മർദത്തിന്റെ ഭാഗമായി ‘സമാധാനത്തിനുവേണ്ടി യുദ്ധവുമാകാം’ എന്ന നയത്തിലേക്ക് എത്തിപ്പെടുകയുണ്ടായി. പ്രസിഡന്റ് മഹീന്ദ്ര രാജ്പക്സേക്ക് അനിയന്ത്രിതാധികാരം നൽകിയ 2010ലെ പതിനെട്ടാമത് ഭരണഘടന ഭേദഗതി ബിൽ പിന്തുണക്കാൻപോലും സഖ്യരാഷ്ട്രീയത്തിന്റെ സമ്മർദംമൂലം ഈ ഇടതുപാർട്ടികൾ തയാറായി.
മൂല്യച്യുതിയുടെ വേലിയേറ്റം
കൊളംബോ യൂനിവേഴ്സിറ്റിയിലെ രാഷ്ട്രതന്ത്രശാസ്ത്ര വിഭാഗം എമിരിറ്റസ് പ്രഫസർ ജയദേവ ഉയൻഗോഡ ‘Left Parties in Permanent Decline: Ideological and Strategy Shifts, Survival Strategies, and Consequences’ (2018) എന്ന ഉപന്യാസത്തിൽ ഇങ്ങനെ നിരീക്ഷിക്കുന്നു: “എൽ.എസ്.എസ്.പിയുടെയും സി.പിയുടെയും ഭൂതകാലമെടുത്ത് നോക്കിയാൽ രാഷ്ട്രീയപാർട്ടികൾ എന്ന നിലക്ക് വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിച്ച രണ്ട് പ്രധാന മാറ്റങ്ങൾക്ക് ഈ പാർട്ടികൾ വിധേയമായതായി കാണാം. ഒന്ന്, രണ്ട് പാർട്ടികളും അതുവരെ പിന്തുടർന്നിരുന്ന കേഡർ സംവിധാനത്തിൽനിന്ന് വ്യതിചലിച്ച് കേവലം നേതാക്കളെ മാത്രം ആശ്രയിച്ച് കഴിയുന്ന നേതൃ-കേന്ദ്രീകൃത രീതിയിലേക്ക് മാറി. രണ്ട്, സഖ്യരാഷ്ട്രീയത്തിലൂടെ കൈവരുന്ന പൊതുവിഭവങ്ങളിൽ മാത്രം കൂടുതൽ ആശ്രയിക്കുന്ന വിധത്തിലേക്ക് പാർട്ടി പരുവപ്പെട്ടു. ഈ മാറ്റങ്ങൾ എൽ.എസ്.എസ്.പിയിലെയും സി.പിയിലെയും നേതാക്കളെ പാർട്ടിയിലെ കേഡർ സംവിധാനത്തെ കേവലം രക്ഷാധികാരി-ഉപഭോക്തൃ ബന്ധത്തിൽ കാണുന്നതിലേക്ക് നയിച്ചു”. ജയദേവയുടെ ഈയൊരു നിരീക്ഷണം ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷ പാർട്ടികളായ സി.പി.എം, സി.പി.ഐ പാർട്ടികളെ സംബന്ധിച്ചും കൃത്യമാണ്.
സായുധകലാപവും ഡി-റാഡിക്കലൈസേഷനും
ഫീനിക്സ് പക്ഷിയെ ഓർമിപ്പിക്കുന്നതാണ് ശ്രീലങ്കയിലെ ജനത വിമുക്തി പെരുമന എന്ന ജെ.വി.പിയുടെ ഉയർച്ച. 1960കളിൽ പ്രച്ഛന്നമായി ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തീവ്രഇടതുസംഘമായാണ് തുടക്കം. 1971ൽ രാജ്യത്തുടനീളം നടത്തിയ സായുധ കലാപങ്ങൾ അടിച്ചമർത്തപ്പെട്ടെങ്കിലും 1983ലെ തെരഞ്ഞെടുപ്പിൽ വലിയൊരു ശക്തിയായി മുന്നോട്ടുവരാൻ ജെ.വി.പിക്ക് കഴിഞ്ഞു. 1982ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാപകൻ രോഹന വിജെവീര മൂന്നാം സ്ഥാനം കൈയടക്കി. 1983ലെ തമിഴ് വിരുദ്ധ കലാപത്തിൽ പാർട്ടിയുടെ പങ്ക് വ്യക്തമല്ലെങ്കിലും അതിന്റെ പേരിൽ നിരോധിക്കപ്പെട്ടു.
പക്ഷേ, അഴിമതിയും അടിച്ചമർത്തലുകളും മാത്രം കൈമുതലാക്കി മുന്നോട്ടുപോയ ജനവിരുദ്ധ ഭരണകൂടത്തിനെതിരെ 1987-89 കാലത്ത് കൃത്യമായി ആസൂത്രണം ചെയ്ത് സായുധ കലാപം അഴിച്ചുവിടുന്നതിൽ ജെ.വി.പി വീണ്ടും വിജയിച്ചു.ഇന്ത്യയിലും 1960കളിൽ തീവ്ര ഇടതുപ്രസ്ഥാനങ്ങൾ രൂപം കൊണ്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. 1967ലെ നക്സൽബാരി ലഹളയെ ഇന്ത്യയിലെ വസന്തത്തിന്റെ ഇടിമുഴക്കമായാണ് കമ്യൂണിസ്റ്റ് വിപ്ലവകാരികൾ കണ്ടിരുന്നത്. ഇന്ത്യയിൽ ആദിവാസി ദലിത് വിഭാഗങ്ങളുടെ പരിതഃസ്ഥിതിയെ മാവോവാദി സംഘടനകൾ മുതലെടുക്കുന്നതുപോലെ ശ്രീലങ്കയിലെ ബുദ്ധിസ്റ്റ്-സിംഹള ഉത്ക്കണ്ഠകളെ മുതലെടുത്താണ് ജെ.വി.പി രാഷ്ട്രീയനേട്ടം കൊയ്തത്. 1983ൽ തങ്ങളുടെ കമ്യൂണിസ്റ്റ് ആദർശത്തോട് വിട്ടുവീഴ്ച ചെയ്ത് സിംഹള ബുദ്ധിസ്റ്റ് ദേശീയവാദ രാഷ്ട്രീയം മുന്നോട്ടുവെക്കാനും ജെ.വി.പി തയാറായി.
1987-89ൽ ജെ.വി.പി രണ്ടാം സായുധ കലാപത്തിന് ശ്രമിച്ചെങ്കിലും അത് പൂർണമായി അമർച്ച ചെയ്ത അന്നത്തെ ശ്രീലങ്കൻ സർക്കാർ നേതാക്കളെ മുഴുവനായും കൊന്നൊടുക്കി. ശേഷം തീവ്ര ഇടതുരാഷ്ട്രീയം കൈയൊഴിഞ്ഞ് പാർലമെന്ററി രാഷ്ട്രീയത്തിൽ പ്രവേശിച്ച് ജെ.വി.പി രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ ശ്രീലങ്കയിലെ സഖ്യരാഷ്ട്രീയത്തിനകത്തെ വലിയൊരു ശക്തിഘടകമായി മാറുകയായിരുന്നു. ജെ.വി.പിയുടെ മിതവാദ രാഷ്ട്രീയത്തിലേക്കുള്ള മാറ്റം എൽ.എസ്.എസ്.പി, സി.പി.സി.എൽ പാർട്ടികളിൽനിന്ന് വ്യത്യസ്തമായി ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത ഉറപ്പിക്കുകയും തെരഞ്ഞെടുപ്പ് ഗോദയിൽ വിജയസാധ്യത വർധിപ്പിക്കുകയുമാണ് ചെയ്തത്.
2004ലെ പൊതുതെരഞ്ഞെടുപ്പിൽ ജെ.വി.പി, ശ്രീലങ്കാ ഫ്രീഡം പാർട്ടിയുമായി സഖ്യത്തിലായി മുപ്പത്തിയൊമ്പത് പാർലമെന്ററി മണ്ഡലങ്ങളിൽ വിജയിച്ചു. പ്രധാന രാഷ്ട്രീയശക്തികളായിരുന്ന ശ്രീലങ്കാ ഫ്രീഡം പാർട്ടിയോടും യുനൈറ്റഡ് നാഷനൽ പാർട്ടിയോടും ജനങ്ങൾക്കിടയിൽ നിസ്സംഗത രൂപപ്പെട്ട സാഹചര്യത്തിൽ മികച്ച ഒരു ബദൽ പ്രസ്ഥാനമായി മാറാൻ ജെ.വി.പിക്ക് കഴിഞ്ഞു. സാമൂഹിക തിന്മകൾക്കെതിരെയും വരേണ്യതക്കെതിരെയും പാർട്ടിക്കകത്ത് നിന്നുതന്നെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടായപ്പോൾ ജനങ്ങൾക്കിടയിൽ സ്വീകാര്യത ഊട്ടിയുറപ്പിക്കാനും പാർട്ടിക്ക് സാധിച്ചു. 2019ൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ അണിനിരത്തി നാഷനൽ പീപ്പിൾസ് പവർ എന്ന പേരിൽ ഒരു വിശാലസഖ്യം രൂപീകരിച്ചപ്പോൾ വനിതാ സംഘടനകളും യുവസംഘടനകളും ട്രേഡ് യൂനിയനുകളും അടക്കം ഇരുപത്തൊന്നോളം രാഷ്ട്രീയ സാമൂഹിക പൗരവിഭാഗങ്ങൾ ആ സഖ്യത്തിൽ അണിനിരന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കാനായത് ജെ.വി.പിയുടെ നിരന്തരമായ രാഷ്ട്രീയ കുതിപ്പിനൊടുവിലെ യുക്തിസഹമായ ഉപസംഹാരമായാണ് കാണാൻ കഴിയുന്നത്.
ശ്രീലങ്കയിലെ ഇടത് രാഷ്ട്രീയ ചരിത്രത്തിൽനിന്ന് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സ്വീകരിക്കാവുന്ന ഗുണപാഠം ഇതാണ്; മുഖ്യധാരാ ഇടതുപക്ഷം തങ്ങളുടെ നഷ്ടപ്പെട്ടുപോയ വിപ്ലവ ആവേശം തിരിച്ചുപിടിച്ച് പാർലമെന്ററി വ്യാമോഹത്തിന് കടിഞ്ഞാണിടുകയും തീവ്രഇടതുപക്ഷം സാമൂഹിക യാഥാർഥ്യങ്ങൾ മനസ്സിലാക്കി മിതനയങ്ങൾ സ്വീകരിച്ച് പ്രത്യാശാസ്ത്ര വാചാടോപങ്ങൾക്ക് വിരാമമിടുകയും ഇരു ഇടതുരാഷ്ട്രീയ പ്രസ്ഥാനങ്ങളും ദേശീയതലത്തിൽ ഒറ്റക്കെട്ടായി ഒരു ഐക്യമുന്നണി രൂപീകരിച്ച് മുന്നോട്ടുപോവുകയും ചെയ്താൽ നഷ്ടപ്പെട്ടുപോയ തങ്ങളുടെ രാഷ്ട്രീയ പ്രസക്തി വീണ്ടെടുക്കാൻ ഇന്ത്യയിലെ ഇടതുപക്ഷത്തിന് കഴിയും.
(ഡെ. ലോ സെക്രട്ടറിയും സാമൂഹിക നിരീക്ഷകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.