മാനവ വിഭവശേഷി ഒരു അനുഗ്രഹമാണെന്ന് തിരിച്ചറിഞ്ഞ് പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ മക്കളുള്ള ദമ്പതികൾക്കും കുടുംബങ്ങൾക്കും കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ ആരംഭിച്ചപ്പോൾ ഇക്കാര്യത്തിൽ ഇന്ത്യ തലതിരിഞ്ഞു ചിന്തിക്കാൻ ആരംഭിച്ചിരിക്കുന്നു. വിനാശകാലേ വിപരീത ബുദ്ധി എന്ന നിലയിൽ ചില സംസ്ഥാനങ്ങൾ ആകർഷകമായ വാഗ്ദാനങ്ങൾ നിരത്തി ശിശുക്കളുടെ ജനനനിരക്കിന് തടയിടാൻ ആരംഭിച്ചുകഴിഞ്ഞു. അസമിൽനിന്ന് ആരംഭിച്ച ഈ പകർച്ചവ്യാധി ഇപ്പോൾ പടർന്നിരിക്കുന്നത് ശിശുമരണത്തിന് കുപ്രസിദ്ധിയാർജിച്ച ഉത്തർപ്രദേശിലേക്കാണ്. ഗംഗാ നദിയിൽ പാതി സംസ്കരിച്ച കോവിഡ് മൃതദേഹങ്ങൾ ഒഴുകിനടക്കുേമ്പാൾ നിസംഗത പാലിച്ച ഭരണകൂടം ശിശു ജനനനിരക്ക് നിയന്ത്രിക്കാൻ ഹീനമായ സൗജന്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നാലഞ്ച് ദശാബ്ദങ്ങൾക്കുമുമ്പ് ഒരു ബക്കറ്റും നൂറ്റമ്പത് രൂപയും നൽകി വന്ധ്യംകരണ ക്യാമ്പുകൾ നടത്തിയത് ആരും മറന്നിട്ടില്ല. ആകെയുള്ള സന്താനത്തിന് ദൗർഭാഗ്യവശാൽ മരണം സംഭവിച്ചാൽ മാതാപിതാക്കൾ അനുഭവിച്ച മാനസിക സംഘർഷം ഇക്കാര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. മുറിച്ചു വേർപ്പെടുത്തിയ ജൈവമാർഗങ്ങൾ പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന വാഗ്ദാനം ശരിയാം വിധം യാഥാർഥ്യമാകാത്തതുകൊണ്ട് ജീവിതം മുഴുവൻ സങ്കടക്കടലാക്കിയവരും കുറവല്ല. ഇപ്പോൾ മനുഷ്യനെ നടുക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിലെ മരണനിരക്ക് വർധിച്ചുവരുന്നതും തള്ളിക്കളയാനാകില്ല. സന്താന നിയന്ത്രണം പുരോഗതിക്ക് തടസ്സമെന്ന് കരുതിയിരുന്ന ചൈനപോലും അവരുടെ നയംതിരുത്തിയല്ലോ.
ഒരു സർക്കാർ ജോലി ഏതു പൗരന്റെയും ആഗ്രഹവും അവകാശവുമാണ്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് അത് നിഷേധിക്കപ്പെടുേമ്പാൾ പൗരാവകാശത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും സർക്കാർ വിലങ്ങുതടിയാകുന്നു. വ്യക്തിസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ നിഷേധിക്കുന്ന ഈ സംസ്ഥാനങ്ങളുടെ നയത്തിന് കോടതികളുടെ അന്തിമ തീർപ്പ് അനുകൂലമാകാനും സാധ്യതയില്ല. കുട്ടികളുടെ എണ്ണമല്ല, യോഗ്യതയല്ലേ സർക്കാർ ജോലികളുടെ അടിസ്ഥാനം. അതിനാണല്ലോ പബ്ലിക് സർവിസ് കമീഷനുകൾ രൂപവത്കരിച്ചിട്ടുള്ളത്.
ഈ നയത്തിന്റെ കരടുരേഖ പരിശോധിക്കുേമ്പാൾ ഒരു ഭീഷണിയുടെ ശൈലിയും കാണാം. രണ്ടു കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് സബ്സിഡികൾ നിഷേധിക്കുക, പദ്ധതികളിൽനിന്നുള്ള സഹായങ്ങൾ നൽകാതിരിക്കുക എന്നതെല്ലാം ഈ ദുരന്തകാലത്ത് നടപ്പാക്കാൻ ഒരുെമ്പടുന്ന ജനവിരുദ്ധ പരിപാടികളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള അർഹതയില്ല എന്നത് കടുത്ത അനീതിയായേ കണക്കാക്കാൻ സാധിക്കൂ. ജോലിക്കയറ്റം തടയുക, റേഷൻ വെട്ടിച്ചുരുക്കുക തുടങ്ങിയനിർദേശങ്ങൾ അടിസ്ഥാനപരമായി പൗരസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുടെയും നിഷേധമാണ്. വന്ധ്യംകരണം നടത്തുന്നവർക്ക് സ്പെഷൽ ആനുകൂല്യങ്ങളും കരടുനയത്തിലുണ്ട്. മനുഷ്യനെ പെട്ടെന്ന് ആകർഷിക്കുന്ന വൈദ്യുതി ഇളവുകൾ, ഒരു കുട്ടി മാത്രമാണെങ്കിൽ സൗജന്യ ആരോഗ്യ ഇൻഷുറൻസ്, ഐ.ഐ.എം, എയിംസ് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവേശനം- മനുഷ്യനെ കബളിപ്പിക്കുന്ന തന്ത്രങ്ങളുടെ സമുച്ചയം. ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം കർശനമായ പരീക്ഷകൾ, അഭിമുഖം, പ്രായോഗിക പരിശീലനം, മുൻ പരീക്ഷകളിലെ മാർക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയാണെന്ന് അറിയാത്തവരല്ല ഭാരതത്തിലെ പൗരജനങ്ങൾ! കുട്ടികളുടെ തലയെണ്ണിയൊന്നും പ്രവേശന മാനദണ്ഡം നിശ്ചയിക്കാനാവില്ല. ഇക്കാര്യങ്ങൾ പുറംലോകം അറിയാനിടയായാൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് വിദ്യാസമ്പന്നരായ രാഷ്ട്രങ്ങൾ എങ്ങനെ വിലയിരുത്തും.
ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങളെ അപമാനിക്കുംവിധം കുട്ടികളുടെ തലക്ക് വിലയിട്ടിരിക്കുന്നു; ആൺകുട്ടി ഒന്നിന് 80,000 രൂപ, പെൺകുട്ടിക്ക് ഒരു ലക്ഷം! ശിശുക്കളുടെ യഥാർഥ മൂല്യം അറിയാത്ത ഒരു ഭരണകൂടത്തിനു മാത്രമേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ. ഈമാസം 19നു മുമ്പായി പോപ്പുലേഷൻ ബില്ലിനെക്കുറിച്ച് അഭിപ്രായം പറയാൻ സൗകര്യമുണ്ട്. അസമിലെയും ഉത്തർപ്രദേശിലെയും ജനങ്ങൾ മാത്രമല്ല, ഇന്ത്യാ രാജ്യം മുഴുവൻ ഇതിനെ ശക്തമായി എതിർക്കേണ്ടതാണ്. ഇതിന്റെ പിന്നിലെ വർഗീയ അജണ്ടയും തിരിച്ചറിയേണ്ടതുണ്ട്. പല കാര്യങ്ങളിലും പൗരന്മാർ നിസ്സംഗത തുടർന്നാൽ പൗരത്വംതന്നെ നഷ്ടപ്പെടാൻ ഇനി അധികം വൈകില്ല. ധാർമികത വിസ്മരിക്കുന്ന നേതാക്കളിൽനിന്ന് ഇനിയും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായേക്കാം, പക്ഷേ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത പൗരസമൂഹം മൗനത്തിലാണ്ടുകൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.