ബാബരി മസ്ജിദ് തകർത്തതിൽ കുറ്റകരമായ ഗൂഢാലോചനയോ അതിനുള്ള തെളിവുകളോ ഇല്ല എന്നല്ല ആ കേസിലെ പ്രതികളെ മുഴുവൻ കുറ്റമുക്തരാക്കിയ വിധിയുടെ രാഷ്ട്രീയ ഭരതവാക്യം. അതൊരു കുറ്റകൃത്യമായി ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയും ഭരണകൂടവും കാണുന്നില്ല എന്നതാണ്. അത്രയേറെ സ്വാഭാവികമായ ഒന്നായി മാറിയിരിക്കുന്നു ഇന്ത്യയുടെ പൗര-രാഷ്ട്രീയ സമൂഹത്തിൽ ഹിന്ദുത്വ രാഷ്ട്രീയവും അതിെൻറ പ്രത്യയശാസ്ത്ര ബാധയും.
1992 ഡിസംബർ ആറിനു ബാബരി മസ്ജിദ് തകർക്കുമ്പോൾ അതിലേക്ക് സംഘ്പരിവാർ രഥമുരുട്ടിയെത്തിയ ദൂരം മുഴുവൻ പിന്നീട് പൊടിപ്പുകളുണ്ടാകാത്തവിധത്തിൽ ഇന്ത്യ എന്ന മതേതര-ജനാധിപത്യ ദേശരാഷ്ട്ര ആശയത്തെ ചവിട്ടിമെതിച്ചിരുന്നു. അദ്വാനിയുടെ രഥയാത്ര കടന്നുപോയിടത്തു മുഴുവൻ ആസൂത്രിതമായ വർഗീയലഹളകളായിരുന്നു സംഘ്പരിവാർ നടത്തിയത്. ബാബരി മസ്ജിദ് തകർക്കാനും അതേ സ്ഥലത്ത് രാമക്ഷേത്രം പണിയാനും പതിറ്റാണ്ടുകളായി സംഘ്പരിവാർ നടത്തിയ സംഘടിതമായ പരസ്യശ്രമങ്ങളെയാണ് സി.ബി.ഐ പ്രത്യേക കോടതി തെളിവുകളില്ല എന്നു പറഞ്ഞ് ഒഴിവാക്കിയത്. ബാബരി മസ്ജിദ് തകർത്ത ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾക്ക് അതേ സ്ഥലത്ത് രാമക്ഷേത്രം പണിയാൻ അനുവാദം നൽകിയ സുപ്രീംകോടതി വിധി വഴിവിളക്കായി മുന്നിലുള്ളപ്പോൾ ഒരു വിചാരണക്കോടതിയുടെ വിധി മറിച്ചാകുമെന്ന് കരുതിയെങ്കിൽ അതും പുതിയ ഇന്ത്യയിൽ യുക്തിയല്ല.
മുസ്‌ലിം എന്ന അപരസ്വത്വത്തിെൻറയും അതിനെ നിരന്തര ആഭ്യന്തരശത്രുവാക്കി കൊണ്ടുനടക്കുന്നതിെൻറയും ആഖ്യാനത്തുടർച്ചയുടെ വലിയൊരു ഘട്ടമാണ് ബാബരി മസ്ജിദ് തകർക്കൽ കേസിലെ പ്രതികളായ സംഘ്പരിവാർ നേതാക്കളെ മുഴുവൻ വെറുതെവിട്ട കേസിലൂടെ കഴിഞ്ഞത്. ബാബരി മസ്ജിദ് നിലനിന്ന ഭൂമി രാമക്ഷേത്രം പണിയാൻ വിട്ടുകൊടുത്ത കോടതിവിധിയോടെത്തന്നെ ഇതേതാണ്ട് പൂർണമായിരുന്നു. തുടർന്നു നടന്നത് കീഴടക്കിയ മുസ്‌ലിം എന്ന ശത്രുവിെൻറ മുകളിൽ വിജയിയായ ഹിന്ദുത്വസേന നടത്തുന്ന പിഴയീടാക്കലായിരുന്നു. അതാണ് ഇനിയും നടക്കാൻ പോകുന്നത്. പൗരത്വഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ പൗരത്വം മതാടിസ്ഥാനത്തിൽ നിർവചിക്കപ്പെടുകയും പൗരത്വമുൻഗണന ഹിന്ദുമതത്തിനു ലഭിക്കുകയും ചെയ്തു. മുസ്‌ലിം എന്നത് പൗരത്വം തെളിയിക്കേണ്ട ഒരു ബാധ്യതയുടെ പേരായി മാറി.
ഹിന്ദുത്വരാഷ്ട്രീയം ഒരു രാജ്യത്തിെൻറ മറുപേരായി മാറ്റാനുള്ള സംഘ്പരിവാറിെൻറ ഒരു നൂറ്റാണ്ടു നീണ്ട സംഘടിത ശ്രമങ്ങളുടെ യുക്തിസഹമായ പരിണതിയാണ് നാം കാണുന്നത്. ഈ നീണ്ട കാലയളവിൽ അവർ നടത്തിയ രാഷ്ട്രീയപ്രവർത്തനം കേവലമായ തെരഞ്ഞെടുപ്പ് അധികാരം എന്നതിലേക്കു മാത്രം ലക്ഷ്യംവെച്ചായിരുന്നില്ല. അത് ഇന്ത്യയുടെ സാമൂഹികശരീരത്തെ ഹിന്ദുത്വവത്കരിക്കുക എന്ന സൂക്ഷ്മമായ രാഷ്ട്രീയപ്രവർത്തനമായിരുന്നു. 1949 ഡിസംബർ 22നു പാതിരാത്രിയിൽ ബാബരി മസ്ജിദിെൻറ താഴുതകർത്ത് രാം ലല്ലയുടെ വിഗ്രഹം കൊണ്ടുവെച്ചശേഷം നീണ്ട നാലു പതിറ്റാണ്ട് കഴിഞ്ഞ് ബാബരി മസ്ജിദ് തകർത്തപ്പോൾ അതിനെ തടയാനാകാത്തവിധം ദുർബലമായ മതേതരദാർഢ്യമേ ഇന്ത്യ എന്ന രാജ്യത്തിനുള്ളൂ എന്ന് ഉറപ്പുവരുത്തലായിരുന്നു ആ നാലു പതിറ്റാണ്ടിൽ സംഘ്പരിവാർ നടത്തിയ രാഷ്ട്രീയപ്രവർത്തനം.
1980കൾ ഇന്ത്യയുടെ പൗരസമൂഹത്തിലും സാംസ്കാരിക ജീവിതത്തിലും ഹിന്ദുത്വ അജണ്ട വെല്ലുവിളികളില്ലാതെ നടപ്പാക്കപ്പെടുകയായിരുന്നു. രാമൻ ഒരു മര്യാദദൈവം എന്ന നിലയിൽനിന്ന് സംഘ്പരിവാറിെൻറ ഹിംസാത്മകമായ പൗരുഷപ്രയോഗത്തിനായി വില്ലുകുലച്ചുനിൽക്കുന്ന അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കാനുള്ള കർസേവകരുടെ നേതാവായി രാജ്യത്തെ ഇടവഴികളിൽപ്പോലും നിന്നു. കുളിച്ചുകുറിയിട്ട് ആരതിയുഴിഞ്ഞ് ആളുകൾ പലപ്പോഴും ഭക്തിയൊഴികെയുള്ള അജണ്ടകൾ ഒന്നുമില്ലാതെത്തന്നെ രാമായണവും മഹാഭാരതവും കണ്ടു. പക്ഷേ, വരാനിരിക്കുന്ന അതിദേശീയതയുടെയും അതിെൻറ മതസ്നാനത്തിെൻറയും ദിവസങ്ങളിലേക്ക് അങ്ങനെ പാകപ്പെടുത്തിയെടുത്ത ഇന്ത്യ ധാരാളമായിരുന്നു സംഘ്പരിവാറിന്.
ആ ഇന്ത്യയിലാണ് ബാബരി മസ്ജിദ് തകർത്തത്. അവിടെനിന്നു നരേന്ദ്ര മോദിയിലേക്കെത്താൻ ഗുജറാത്ത് കലാപത്തിെൻറ ഒരു പാഠംകൂടി മതിയായിരുന്നു. മോദിയിലെത്തിയ ഇന്ത്യയിൽ രാമജന്മഭൂമി ഒരു വിവാദവിഷയമല്ല, ഒരു ഭരണകൂട അജണ്ടയായി മാറി. പൗരത്വഭേദഗതി നിയമം ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുന്ന പദ്ധതിയുടെ പ്രത്യക്ഷപ്രകടനമായിരുന്നു എങ്കിൽ ബാബരി മസ്ജിദ് കേസിലെ രണ്ടു വിധികളും അതിെൻറ ഹുങ്കാരമാണ്. ഇന്ത്യൻ റിപ്പബ്ലിക്കിലെ ഭരണഘടന സ്ഥാപനങ്ങൾ ഒന്നൊന്നായി സംഘ്പരിവാറിെൻറ അനുബന്ധ സ്ഥാപനങ്ങളാവുകയാണ്. ആ പ്രക്രിയ അത്രമേൽ സ്വാഭാവികമായിരിക്കുന്നു. മോദി സർക്കാർ ആവശ്യപ്പെടുന്ന വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്ന ഒരു വിധേയസ്ഥാപനമായി സുപ്രീംകോടതി മാറിയത് ഒരുതരം മരവിപ്പോടെയാണ് രാജ്യം കണ്ടുനിന്നത്.
പ്രതിഷേധത്തിെൻറ മുദ്രാവാക്യങ്ങളുടെ അറ്റത്ത് തടവറ എന്നുകൂടി പ്രതിധ്വനിക്കുന്ന ഒരന്തരീക്ഷം രാജ്യത്ത് ഫാഷിസ്റ്റ് ശൈത്യത്തോടൊപ്പം പടർന്നുകയറി. രാജ്യത്തെ പിന്നാക്കസമുദായങ്ങൾക്ക് രാഷ്ട്രീയാധികാരത്തിലേക്ക് വഴിതുറന്ന, ബ്രാഹ്മണ്യ മേൽക്കോയ്മയുടെ സാമൂഹികഘടനയെ ഘടനാപരമായിത്തന്നെ വെല്ലുവിളിച്ച മണ്ഡൽ രാഷ്ട്രീയത്തിന് ചെറുക്കാൻകൂടിയായി നിർമിച്ചെടുത്ത സംഘ്പരിവാറിെൻറ കമണ്ഡൽ രാഷ്ട്രീയം പിന്നാക്ക-ദലിത് രാഷ്ട്രീയത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയാധികാരവും സാമൂഹികാധികാരവും തമ്മിൽ ഉണ്ടാകാനിടയുള്ള സംഘർഷങ്ങളെയാണ് ഹിന്ദുത്വരാഷ്ട്രീയം ഇതുവഴി നിർവീര്യമാക്കാൻ ശ്രമിക്കുന്നത്.
മുസ്‌ലിം എന്ന ശത്രുവിൽനിന്ന് ജനാധിപത്യം, മതേതരത്വം തുടങ്ങിയ വിപുലമായ ആശയനിർമാർജനയജ്ഞങ്ങളിലേക്ക് സംഘ്പരിവാറിെൻറ സോമയാജികൾ പ്രവേശിച്ചുകഴിഞ്ഞു. ഭീമ-കൊറേഗാവ് കേസിൽ ഒന്നിനു പിറകെ ഒന്നായി രാജ്യത്തെ പൗരാവകാശ രാഷ്ട്രീയപ്രവർത്തകരെയും ബുദ്ധിജീവികളെയും തടവിലാക്കുമ്പോൾ അത് മറവി ഒരു രാഷ്ട്രീയപ്രവർത്തനമാക്കിയ സമൂഹത്തിെൻറ മൗനത്തിലേക്കാണ് കണക്കുവെക്കുന്നത്. ജനാധിപത്യംതന്നെയാണ് ഇപ്പോൾ ശത്രു. അതിനെ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിലും സൗകര്യം നീളൻ മുറിവുകളിലൂടെ രക്തം വാർന്നുള്ള ജനാധിപത്യശരീരത്തിെൻറ മരണമാണ്. അതാണിപ്പോൾ സംഭവിക്കുന്നത്.
അരാജകവാദികളായ ആൾക്കൂട്ടമാണ് ബാബരി മസ്ജിദ് തകർത്തത് എന്ന വിചാരണക്കോടതിയുടെ നിരീക്ഷണം സംഘ്പരിവാറിെൻറ പ്രത്യയശാസ്ത്ര ഉൽപന്നമാണ്. പ്രത്യക്ഷത്തിൽ അസംഘടിതവും പൊടുന്നനെ ഉണ്ടാകുന്നതെന്നും തോന്നിപ്പിക്കുന്ന ഇത്തരം ആൾക്കൂട്ടങ്ങൾ വാസ്തവത്തിൽ എപ്പോൾ വേണമെങ്കിലും സംഘടിപ്പിക്കാവുന്ന ഏറ്റവും മാരകമായ ഹിന്ദുത്വഭീകരവാദ ആയുധമായി മാറിയിരിക്കുന്നു. ജയ് ശ്രീരാം വിളിച്ചില്ലെങ്കിൽ, ഹിന്ദു ദേശീയതയുടെ രൂപഭാവങ്ങൾക്ക് യോജിക്കാത്ത രൂപമാണെങ്കിൽ, മതേതര രാഷ്ട്രീയത്തിെൻറ ജനാധിപത്യഭാഷയിൽ സംസാരിക്കുന്നുണ്ടെങ്കിൽ എവിടെവെച്ചും, ആർക്കു ചുറ്റും രൂപപ്പെടാവുന്ന ഒരാൾക്കൂട്ടം ഇന്ത്യയുടെ സാമൂഹികശരീരത്തിൽ ഹിംസാത്മകമായ ക്രൗര്യത്തോടെ രൂപപ്പെട്ടിരിക്കുന്നു. ആ ആൾക്കൂട്ടം അരാജകവാദികളുടേതല്ല, ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ ഭീകരവാദികളുടേതാണ്.
ഒറ്റരാത്രിയിൽ ജമ്മു-കശ്മീരിെൻറ എല്ലാ പ്രത്യേകാവകാശവും എടുത്തുകളയുകയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി തരംതാഴ്ത്തുകയും ചെയ്തപ്പോൾ അതൊരു വിദൂരപ്രദേശത്ത് ഇന്ത്യൻഭരണകൂടം നടത്തുന്ന ദേശീയതയുടെ ആഘോഷമായാണ് വാഴ്ത്തപ്പെട്ടത്. വിധേയരുടെ മൗനത്തിനു പാർക്കാൻ മാത്രമിടമുള്ള തുറന്ന തടവറയായി ഇന്ത്യ എന്ന രാജ്യം മാറി എന്നതിെൻറ വെളിച്ചപ്പെടലായിരുന്നു അതെല്ലാം. അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന് സുപ്രീംകോടതി വിധിച്ചത് പിന്നീട് കോടതി തിരുത്തി.
ഇന്നിപ്പോൾ തിരുത്താൻ വിധിയില്ല, തർക്കമില്ല. പൗരാവകാശങ്ങളെ സംബന്ധിച്ച ചോദ്യമില്ല. ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂട ഭീകരതയുടെ നീണ്ട ശൈത്യത്തിലേക്ക് നിസ്സഹായതയുടെയും വിധേയത്വത്തിെൻറയും രോമക്കുപ്പായങ്ങൾ വാങ്ങണോ പോരാട്ടങ്ങളുടെ തീ കത്തിക്കണോ എന്നതൊരു രാഷ്ട്രീയ തെരഞ്ഞെടുപ്പാണ്. ബാബരി മസ്ജിദ് തകർത്ത കേസിലെ കോടതി വിധി ആ തീയിൽ കത്തേണ്ടതാണ്.
(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.