ഇന്ദിരയുടെ വധത്തിനു ശേഷം പ്രധാനമന്ത്രിയായപ്പോൾ രാജീവിൽ കണ്ട പക്വതയും ആത്മവിശ്വാസവും അദ്ദേഹത്തിെൻറ രാഷ്ട്രീയ-ഭരണ അപരിചിതത്വം സൃഷ്ടിച്ച സംശയങ്ങളെ കുറെയൊക്കെ ദൂരീകരിച്ചു. രാജ്യത്താകെ ഒരു പുതിയ പ്രതീക്ഷ ഉയർത്താനും രാജീവിനു കഴിഞ്ഞു. ജീർണിച്ച രാഷ്ട്രീയത്തിനു പുറത്തുനിന്നു വന്ന യുവാവ്, ആധുനികത, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ അദ്ദേഹത്തിനുള്ള അടുപ്പം എന്നിവയൊക്കെ ഇന്ത്യയെ മാറ്റിത്തീർക്കാനുള്ള അദ്ദേഹത്തിെൻറ സാധ്യതയിൽ വിശ്വാസം വർധിപ്പിച്ചു. രാഷ്ട്രശിൽപിയായ പ്രധാനമന്ത്രി നെഹ്റുവിെൻറ ചെറുമകൻ പുതിയ ഇന്ത്യയുടെ ശിൽപിയാകുമെന്ന് കരുതിയവർ ധാരാളം
രക്തത്തിൽ കുഴഞ്ഞ 1982 െൻറ അവസാനദിനം ഇന്ത്യയുടെ ആറാം പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ആ കസേരയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു അന്ന് നാൽപതാം വയസ്സിലായിരുന്ന രാജീവ് രത്തൻ ഗാന്ധി. സ്വാതന്ത്ര്യത്തിനു ശേഷം അന്നുവരെയുള്ള 37 വർഷത്തിൽ മൂന്നര വർഷം ഒഴിച്ച് ബാക്കികാലം മുഴുവൻ പ്രധാനമന്ത്രിപദത്തിലിരുന്ന നെഹ്റു കുടുംബത്തിൽനിന്ന് ആ സ്ഥാനത്തെത്തുന്ന മൂന്നാമൻ. മറ്റൊരുപാട് സവിശേഷതകളും ആ ചരിത്രസന്ദർഭം ഉൾക്കൊണ്ടു. രാഷ്ട്രപിതാവിെൻറ വധത്തിനു ശേഷം സ്വതന്ത്ര ഇന്ത്യയെ ഏറ്റവും ഞെട്ടിച്ച കൊലപാതകത്തിെൻറ പശ്ചാത്തലത്തിലായിരുന്നു ഈ ആരോഹണമെന്നത് രാഷ്ട്രീയമായി അതീവപ്രധാനം. വ്യക്തിപരമായാകട്ടെ, രാജീവിനു സ്വന്തം അമ്മയുടെ ഭീകരമായ കൊലക്കു ശേഷം അധികാരമേൽക്കുകയെന്ന അസാധാരണ നിയോഗം.
ഇനിയുമുണ്ടായിരുന്നു അസാധാരണതകൾ. നാൽപത് വയസ്സുവരെ രാഷ്ട്രീയത്തിൽ ഒരു താൽപര്യവുമില്ലാതിരുന്ന ഒരാൾ ആദ്യമായായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ആകുന്നത്. രാഷ്ട്രീയ അതിമോഹിയായിരുന്ന ഇളയ സഹോദരൻ സഞ്ജയ് ഗാന്ധിയുടെ അപകടമരണശേഷം അമ്മയുടെ നിർബന്ധത്തിനു വഴങ്ങി പൈലറ്റ് ജോലി ഉപേക്ഷിച്ച് മൂന്ന് വർഷം മുമ്പ് മാത്രം രാഷ്ട്രീയപ്രവേശം നടത്തിയ ആളായിരുന്നുവല്ലോ അദ്ദേഹം. അസാധാരണവും അനിവാര്യവുമായിരുന്നു ആ സാഹചര്യത്തിൽ അതെങ്കിലും കുടുംബവാഴ്ചയെന്ന പ്രതിഭാസം ഇന്ത്യൻ രാഷ്ട്രീയത്തിൽ സംശയലേശമെന്യേ സ്ഥാപിക്കപ്പെടുന്നതും രാജീവിെൻറ അധികാരാരോഹണത്തോടെതന്നെ.
മഹാത്മഗാന്ധിക്കു ശേഷം മതതീവ്രവാദത്തിനു ഇന്ത്യക്ക് അർപ്പിക്കേണ്ടിവന്ന രണ്ടാമത്തെ ബലിയായിരുന്നു ഇന്ദിര. അതേ സമയം ഇന്ദിരയുടെ മരണം ഇന്ത്യൻ രാഷ്്ട്രീയം എഴുപതുകളിലും എൺപതുകളിലും സാക്ഷ്യം വഹിച്ച ഒട്ടേറെ ദുഷിപ്പുകളുടെ കൂടെ ദുരന്തഫലമായിരുന്നു. മതേതരത്വം ഉയർത്തിപ്പിടിച്ച നെഹ്റുയുഗത്തിനു ശേഷം അധികാരക്കളിയുടെ ഭാഗമായി മതത്തെ പ്രീണിപ്പിക്കാൻ കോൺഗ്രസിെറ ശ്രമങ്ങളായിരുന്നു ഇന്ദിരയുടെ കൊലപാതകം നടത്തിയ സിഖ് തീവ്രവാദം ഘോരരൂപം പൂണ്ടതിെൻറ പിന്നിൽ. പഞ്ചാബിൽ മതരാഷ്ട്രീയം കളിച്ച അകാലിദളിനെ ഒതുക്കാൻ ഇന്ദിരയുടെ അനുഗ്രഹാശിസ്സുകളോടെ മകൻ സഞ്ജയ് ഗാന്ധി പാലു കൊടുത്ത് വളർത്തിയതായിരുന്നു ജർണയിൽ സിങ് ഭിന്ദ്രൻവാലെ എന്ന മതഭീകരനെ. ഭസ്മാസുരനായി വളർന്ന ഭിന്ദ്രൻവാലെയുടെ ഭീകരതാണ്ഡവം അവസാനിപ്പിക്കാൻ സുവർണക്ഷേത്രത്തിൽ ഇന്ദിര ഉത്തരവിട്ട ‘ഓപറേഷൻ ബ്ലൂസ്റ്റാറി’നുള്ള പ്രതികാരമായിരുന്നുവല്ലോ അവരുടെ കൊലപാതകം.
ഭീമമായ ദുരന്തത്തിെൻറ പശ്ചാത്തലത്തിലായിരുന്നു അധികാരാരോഹണമെങ്കിലും, പരിചയസമ്പന്നനായിരുന്നില്ലെങ്കിലും, പുതിയ നേതാവിെൻറ മുഖവും ഭാവങ്ങളും പ്രത്യാശ നൽകുന്നതായിരുന്നു. ഇന്ദിരയുടെ വധത്തിനു ശേഷം പ്രധാനമന്ത്രിയായപ്പോൾ രാജീവിൽ കണ്ട പക്വതയും ആത്മവിശ്വാസവും അദ്ദേഹത്തിെൻറ രാഷ്ട്രീയ-ഭരണ അപരിചിതത്വം സൃഷ്ടിച്ച സംശയങ്ങളെ കുറെയൊക്കെ ദൂരീകരിച്ചു. രാജ്യത്താകെ ഒരു പുതിയ പ്രതീക്ഷ ഉയർത്താനും രാജീവിനു കഴിഞ്ഞു. ജീർണിച്ച രാഷ്ട്രീയത്തിനു പുറത്തുനിന്നു വന്ന യുവാവ്, ആധുനികത, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ അദ്ദേഹത്തിനുള്ള അടുപ്പം എന്നിവയൊക്കെ ഇന്ത്യയെ മാറ്റിത്തീർക്കാനുള്ള അദ്ദേഹത്തിെൻറ സാധ്യതയിൽ വിശ്വാസം വർധിപ്പിച്ചു. രാഷ്ട്രശിൽപിയായ പ്രധാനമന്ത്രി നെഹ്റുവിെൻറ ചെറുമകൻ പുതിയ ഇന്ത്യയുടെ ശിൽപിയാകുമെന്ന് കരുതിയവർ ധാരാളം.
എന്നാൽ ഇന്ദിര വധത്തെ തുടർന്ന് ഡൽഹിയിൽ അരങ്ങേറിയ ഭീകരമായ സിഖ് വിരുദ്ധ അക്രമങ്ങൾ നേരിടുന്നതിൽ അദ്ദേഹത്തിനുണ്ടായ വീഴ്ചകൾ നിസ്സാരമായിരുന്നില്ല. ഭീകരമായ കൂട്ടക്കൊലകൾക്കും കൊള്ളിവെപ്പിനും കവർച്ചക്കും കൂട്ടബലാത്സംഗങ്ങൾക്കുമാണ് മൂന്ന് ദിവസം ഡൽഹി സാക്ഷ്യം വഹിച്ചത്. അപ്പോഴും അധികാരികൾ അനങ്ങിയില്ല. അഴിഞ്ഞാടിയ അക്രമികൾക്കെതിരെ പൊലീസ് ഒന്നും ചെയ്തില്ല. രാജീവ് ചലിച്ചപ്പോൾ നവംബർ രണ്ട് ആയിരുന്നു. അന്ന് അദ്ദേഹം ദൂരദർശനിൽ പ്രത്യക്ഷപ്പെട്ട് അക്രമം അവസാനിപ്പിക്കാനായി ആഹ്വാനം ചെയ്തു. ഇന്ദിരയുടെ മരണം കഴിഞ്ഞ് പതിനെട്ട് ദിവസത്തിനു ശേഷം രാജീവ് ചരിത്രപരമായ ആ മഹാഅബദ്ധം ചെയ്തു.
ഡൽഹി ബോട്ട് ക്ലബിൽ നടന്ന പൊതുസമ്മേളനത്തിൽ ‘ഒരു വടവൃക്ഷം കടപുഴകുമ്പോൾ ഭൂമി കുലുങ്ങിയെന്നിരിക്കും’’ എന്നായിരുന്നു മൂന്ന് ദിവസം കൊണ്ട് മൂവായിരത്തോളം സിഖുകാർ കൊല്ലപ്പെട്ട അഭൂതപൂർവമായ അക്രമപരമ്പരയെപ്പറ്റി അദ്ദേഹത്തിെൻറ ഞെട്ടിക്കുന്ന പരാമർശം. ജീവിതാവസാനം വരെ രാജീവിനെ ഈ പരാമർശം വേട്ടയാടി. പക്ഷേ, ഇതൊക്കെ കഴിഞ്ഞും രാജീവിൽ ഇന്ത്യ വിശ്വാസമർപ്പിച്ചു. ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിര സഹതാപതരംഗത്തിലൂടെ കോൺഗ്രസ് ചരിത്രത്തിലേറ്റവും വലിയ -നെഹ്റുവിനും ഇന്ദിരക്കും കിട്ടാത്ത- മൃഗീയഭൂരിപക്ഷത്തോടെ വിജയിച്ചു-533ൽ 404 സീറ്റ്. 49.10 ശതമാനം വോട്ട്. 30 സീറ്റുമായി രണ്ടാം സ്ഥാനത്ത് വന്നത് ആന്ധ്രയിലെ പ്രാദേശികപ്പാർട്ടിയായ എൻ.ടി. രാമറാവുവിെൻറ തെലുഗുദേശം. ബി.ജെ.പിക്ക് വെറും രണ്ടു സീറ്റ്!
ഭോപാൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ഭാരമേറിയ ചുമതല ആയിരുന്നു ആദ്യം തന്നെ രാജീവിന് ഏറ്റെടുക്കേണ്ടിവന്നത്. വിഷം വിതച്ച യൂനിയൻ കാർബൈഡിെൻറ ഇന്ത്യയിലെ തലവൻ വാറൻ ആേൻറഴ്സണെ അറസ്റ്റ് ചെയ്ത ശേഷം ഉടൻ ജാമ്യം നൽകിയതും അദ്ദേഹം പിന്നെ ഒരിക്കലും വിചാരണ നേരിടാനെത്താതെ രാജ്യം വിട്ട് പോയതും മറ്റും രാജീവ് സർക്കാറിെൻറ വലിയ വീഴ്ചയായി പിന്നീട് വിലയിരുത്തപ്പെട്ടു.
രാജീവിനു ആദ്യമേ വലിയ അംഗീകാരം നേടിക്കൊടുത്തത് പഞ്ചാബിനോടുള്ള അവഗണന പരിഹരിക്കാനും അകാലിദളുമായി ചർച്ചക്കും പ്രകടിപ്പിച്ച മനസ്സായിരുന്നു. ഡൽഹിയിലെ സിഖ് വിരുദ്ധകലാപം അന്വേഷിക്കാൻ ജസ്റ്റിസ് രംഗനാഥ മിശ്ര കമീഷനെ നിയമിച്ചു. 1985 ആദ്യം തലമുതിർന്ന അകാലി നേതാവ് സന്ത് ലോംഗോവാളുമായി പഞ്ചാബ് പ്രശ്നം പരിഹരിക്കാൻ ഉടമ്പടി ഒപ്പിട്ടു. അകാലികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കപ്പെട്ടു. സെപ്റ്റംബറിൽ നിയമസഭ തെരഞ്ഞെടുപ്പ് തീരുമാനിച്ചു. അമ്മയുടെ കൊലക്ക് പ്രതികാരം എന്ന സാധാരണ മനുഷ്യർക്ക് സഹജമായ പ്രതികരണം അദ്ദേഹത്തിൽനിന്നുണ്ടാകാതിരുന്നത് രാജീവിെൻറ അത്ഭുതകരമായ പാകതയുടെയും നേതൃഗുണത്തിെൻറയും തെളിവായി. പക്ഷേ രാജീവുമായി ഉടമ്പടി ഒപ്പിട്ടതിനു ലോംഗോവാളിനെ തീവ്രവാദികൾ കൊലപ്പെടുത്തുകയും പഞ്ചാബ് വീണ്ടും അക്രമത്തിൽ മുങ്ങുകയും ചെയ്തുവെന്നത് മറ്റൊരു കാര്യം.
എന്നാൽ 1988ൽ ‘ഓപറേഷൻ ബ്ലാക് തണ്ടറിലൂടെ’’ സുവർണക്ഷേത്രം വളഞ്ഞ് തീവ്രവാദികളെ പിടികൂടി രാജീവ് ഭരണപരമായ കഴിവും കരുത്തും തെളിയിക്കുകയും ചെയ്തു. പഞ്ചാബ് പ്രശ്നത്തിൽ രാജീവ് കൈവരിച്ച പേരൊക്കെ പോയത് ഷാബാനു കേസോടെയാണ്. 1985ൽ സുപ്രീംകോടതി ഷാബാനു എന്ന വിധവക്ക് ആയുഷ്കാലം മുഴുവൻ ജീവനാംശം നൽകണമെന്ന് വിധിച്ചത് നാഴികക്കല്ലായിരുന്നു. പക്ഷേ, മുസ്ലിം യാഥാസ്ഥിതിക ശക്തികളും മതസംഘടനകളും മുസ്ലിം വ്യക്തിനിയമ ബോർഡും ഒക്കെ വിധിയെ നഖശിഖാന്തം എതിർത്തു. ഇതോടെ രാജീവ് പൂർവഗാമികളെപ്പോലെ മതയാഥാസ്ഥിതികത്വത്തോട് പ്രീണനത്തിെൻറ വഴി തെരഞ്ഞെടുത്തു. സർക്കാറിെൻറ മുൻകൈയിൽ പുതിയൊരു മുസ്ലിം വനിത സംരക്ഷണ നിയമം തന്നെ പാസാക്കിയെടുത്ത് സുപ്രീം കോടതി വിധി റദ്ദാക്കി.
സാമ്പത്തിക- സാങ്കേതിക- വിദ്യാഭ്യാസ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് രാജീവ് വഴിമരുന്നിട്ടത് അദ്ദേഹത്തിെൻറ പ്രതിച്ഛായക്ക് തിളക്കമേകി. പിൽക്കാലത്ത് ഇന്ത്യയെ ആകെ മാറ്റിമറിച്ച വിപണി സൗഹൃദ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആദ്യനടപടികൾ (ലൈസൻസ് രാജിെൻറ അന്ത്യം)അദ്ദേഹം ആരംഭിച്ചു. സാങ്കേതികരംഗത്ത് വലിയ മുന്നേറ്റം കണ്ടു. ആഡംബര വസ്തു ആയിരുന്ന ടെലിഫോൺ ജനലക്ഷങ്ങൾക്ക് പ്രാപ്യമാക്കിയ ടെലികോം പരിഷ്കാരങ്ങൾ, വിവരസാങ്കേതികവിദ്യക്കും കമ്പ്യൂട്ടർവത്കരണത്തിനും ബീജാവാപം ചെയ്ത നടപടികൾ ഒക്കെ രാജീവിെൻറ സംഭാവനയാണ്.
പക്ഷേ 1987ൽ ബൊഫോഴ്സ് തോക്കുകളിൽനിന്ന് വെടിപൊട്ടി. രാജീവിെൻറ അഴിമതിവിരുദ്ധ മുഖത്തെ തരിപ്പണമാക്കിയ വലിയ വിവാദമായി ബൊഫോഴ്സ് സ്ഫോടനം. ബൊഫോഴ്സ് തോക്കുകളുടെ ഇറക്കുമതിക്ക് ഇന്ത്യൻ സർക്കാറിലെ അംഗങ്ങൾ കമീഷൻ പറ്റിയെന്ന് സ്വീഡിഷ് റേഡിയോയും തുടർന്ന് ഇന്ത്യൻ പത്രങ്ങളും വെളിപ്പെടുത്തി. രാജീവിനാണ് പണം കിട്ടിയതെന്നും അതിെൻറ ഇടനിലക്കാരൻ അദ്ദേഹത്തിെൻറ കുടുംബസുഹൃത്തായ ഇറ്റലിക്കാരൻ ഒക്ടേവിയോ ക്വത്റോച്ചി ആണെന്നും വാർത്തകൾ വന്നു. രാജീവിെൻറ രാഷ്ട്രീയ നിലനിൽപ്പ് തന്നെ അപായത്തിലാക്കി ഈ വിവാദം വളർന്നു. ഇതെക്കുറിച്ച് അന്വേഷിക്കാൻ ആലോചിച്ച രാജീവിെൻറ ഉറ്റസുഹൃത്തായിരുന്ന സത്യസന്ധനായ പ്രതിരോധമന്ത്രി വി.പി. സിങ്ങിനെ പെട്ടെന്ന് മന്ത്രിസഭയിൽനിന്ന് പുറത്താക്കുന്ന അബദ്ധം രാജീവ് കാണിച്ചു. മുമ്പ് അംബാനിയെപ്പോലെയുള്ള വമ്പൻ മുതലാളിമാരുടെ സ്ഥാപനങ്ങളിൽ ആദായനികുതി റെയ്ഡുകൾ നടത്തിയപ്പോൾ ആണ് സിങ്ങിനെ ധനമന്ത്രിസ്ഥാനത്തുനിന്ന് രാജീവ് പ്രതിരോധവകുപ്പിലേക്ക് നീക്കിയത്.
അന്നുതന്നെ രാജീവിെൻറ അഴിമതിവിരുദ്ധമുത്ത് ചളി വീണിരുന്നു. അധികം വൈകാതെ സിങ്ങും രാജീവിെൻറ മറ്റൊരു അടുത്ത ബന്ധുവും സുഹൃത്തുമായിരുന്ന അരുൺ നെഹ്റുവും കോൺഗ്രസിൽനിന്ന് രാജിവെച്ച് ആരിഫ് മുഹമ്മദ് ഖാനുമായി ചേർന്ന് പുതിയ പ്രതിപക്ഷപാർട്ടി ജനമോർച്ച രൂപവത്കരിച്ചത് രാഷ്ട്രീയമാറ്റത്തിനു ശക്തിപകർന്നു. വംശീയ സംഘർഷങ്ങളാൽ കലുഷമായിരുന്ന ലങ്കയിൽ ആദ്യം ഇന്ത്യൻ നിലപാട് തമിഴർക്ക് അനുകൂലമായിരുന്നു. 1987 ജൂലൈയിൽ ലങ്ക സന്ദർശിച്ച രാജീവിനു നേരെ ഒരു ലങ്കൻ സൈനികൻ നടത്തിയ ആക്രമണം ലോകത്തെ ഞെട്ടിച്ചു. പക്ഷേ ആ സന്ദർശനത്തിൽ ശ്രീലങ്ക സർക്കാറുമായി രാജീവ് ഒപ്പിട്ട ഉടമ്പടിപ്രകാരം എൽ.ടി.ടി.ഇ തീവ്രവാദികളെ ഒതുക്കാൻ ഇന്ത്യൻ സമാധാന സേനയെ അയച്ചതോടെ അദ്ദേഹത്തിെൻറ കടുത്ത ശത്രുക്കൾ പുലികളായി.
ഇന്ത്യയിൽ അക്കാലം ആഞ്ഞുവീശിയത് വലിയ രാഷ്ട്രീയകൊടുങ്കാറ്റായിരുന്നു. വി.പി. സിങ്ങും കൂട്ടരും ചേർന്ന് പുതിയ ജനതാദൾ രൂപവത്കരിച്ചു പ്രതിപക്ഷനേതൃത്വം ഏറ്റെടുത്തു. അടിയന്തരാവസ്ഥക്കെതിരെയെന്നപോലെ ബി.ജെ.പി, കമ്യൂണിസ്റ്റ് പാർട്ടികൾ, ഡി.എം.കെ, തെലുഗുദേശം തുടങ്ങിയ വലിയ പ്രതിപക്ഷനിര അണിനിരന്നു. 1989ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തറപറ്റിച്ച് പ്രതിപക്ഷം അധികാരമേറി. ഇന്ദിരയുടെ തിരിച്ചുവരവിനും രാജീവിെൻറ ആരോഹണത്തിനും ശേഷം കോൺഗ്രസ് വീണ്ടും പ്രതിപക്ഷത്ത്. വി.പി. സിങ് പുതിയ പ്രധാനമന്ത്രി.
ഇന്ത്യയെ പിടിച്ചുകുലുക്കിയ മണ്ഡൽ റിപ്പോർട്ട് നടപ്പാക്കലും അതിനെതിരെയുള്ള പ്രക്ഷോഭവും ബി.ജെ.പി നേതൃത്വത്തിൽ ബാബരി മസ്ജിദ് വിരുദ്ധ നീക്കങ്ങളുടെ തുടക്കവുമൊക്കെ അക്കാലത്തെ ഗ്രസിച്ചു. പക്ഷേ ദേശീയമുന്നണി അധികം താമസിയാതെ ആഭ്യന്തരസംഘർഷത്തിൽ മുങ്ങി. രാജീവിെൻറ നേതൃത്വത്തിൽ കോൺഗ്രസ് അത് മുതലെടുത്തു. സിങ്ങിെൻറ രാജിക്കും ചന്ദ്രശേഖറിെൻറ പ്രധാനമന്ത്രി പദത്തിലേക്കുള്ള ആരോഹണത്തിനും തുടർന്നുള്ള തകർച്ചക്കും ഒക്കെ വേണ്ട രാഷ്ട്രീയക്കളികൾ എല്ലാം കോൺഗ്രസ് കളിച്ചു. പ്രതിപക്ഷനേതാവായിരുന്ന രാജീവ് തനി രാഷ്ട്രീയക്കളിക്കാരനായിത്തീർന്നു. 1991ലെ പൊതുതെരഞ്ഞെടുപ്പോടെ ശിഥിലമായിരുന്ന പ്രതിപക്ഷത്തെ തകർത്ത് കോൺഗ്രസ് വീണ്ടും അധികാരമേറുമെന്ന് പരക്കെ കരുതപ്പെട്ടു. മേയ് 21നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ എത്തിയതാണ് രാജീവ്. ഇന്ത്യൻ സേന അന്നത്തേക്ക് ലങ്കയിൽനിന്ന് പിന്മാറിയിരുന്നെങ്കിലും മാരകമായി മുറിവേറ്റ തമിഴ് പുലികൾ കണക്കുകളെല്ലാം വീട്ടാൻ തക്കം പാർത്തിരുന്നു. സ്വതന്ത്ര ഇന്ത്യ ചരിത്രത്തിലെ മൂന്നാമത്തെ വലിയ രക്തസാക്ഷിത്വമായിരുന്നു രാജീവിേൻറത്.
രാജ്യത്തെ മൗലികമായി പുതുക്കിപ്പണിയാനുള്ള കഴിവും അവസരവും ഉദ്ദേശ്യശുദ്ധിയും ഒക്കെ ഉണ്ടെന്ന് കരുതപ്പെട്ട ഒരു യുവാവിനെക്കുറിച്ച് ഇന്ത്യ കണ്ട ഒരു വലിയ സ്വപ്നത്തിെൻറ അന്തിമമായ തകർച്ചയും കൂടിയായിരുന്നു അത്. ചാവേറായ തമിഴ്പുലി യുവതി സ്വശരീരത്തിൽ കെട്ടിവെച്ച സ്ഫോടകവസ്തു ആണ് ആ അന്തിമത്തകർച്ചക്ക് ഉത്തരവാദിയെങ്കിലും ഒരുപാട് പ്രതീക്ഷകൾ ഇന്ത്യക്ക് നൽകിയശേഷം കക്ഷിരാഷ്ട്രീയത്തിെൻറയും മൂല്യരഹിതമായ ഒത്തുതീർപ്പുകളുടെയും മലിനജലത്തിൽ ആണ്ടുമുങ്ങിയ രാജീവിനു തന്നെയായിരുന്നു ആ നഷ്ടസ്വപ്നത്തിെൻറ ഭാഗികമായ ഉത്തരവാദിത്തമെന്ന് സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.