ഇന്ത്യൻ മുസ്‍ലിമിനോട് പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നത്

കഴിഞ്ഞയാഴ്ചയാണ് ഒരു പറ്റം ബുൾഡോസറുകൾ ഡൽഹിയിലെ ജഹാംഗീർപുരിയിൽ താമസിക്കുന്ന പാവപ്പെട്ട മുസ്‍ലിം കുടുംബങ്ങളുടെ വീടുകൾ ഇടിച്ചു നിരത്തിയത്. ഭാരതീയ ജനത പാർട്ടി നയിക്കുന്ന വടക്കൻ ഡൽഹി നഗരസഭ കൗൺസിലാണ് പൊളി നടപ്പാക്കിയത്. ഈ സംഭവശേഷം ശ്രദ്ധയിൽപെട്ട ഏറ്റവും ശ്രദ്ധേയമായ കാര്യം സി.പി.എം നേതാവ് വൃന്ദ കാരാട്ടും മജ്‍ലിസ് തലവൻ അസദുദ്ദീൻ ഉവൈസിയുമൊഴികെ പ്രമുഖരായ ഒരു നേതാവ് പോലും അവിടെ ചെന്ന് അവിടുത്തെ മുസ്‍ലിംകൾക്കൊപ്പം നിലയുറപ്പിച്ചില്ല എന്നതാണ്. ഒരു വിഷയത്തിൽ നിലപാടെടുക്കുന്നതിലും മുസ്‍ലിംകൾക്കൊപ്പം നിലയുറപ്പിക്കുന്നതിലും രാജ്യത്തെ ബി.ജെ.പി ഇതര പാർട്ടികൾ എത്രമാത്രം ഭയപ്പെടുന്നു എന്നതാണ് ഇതിൽനിന്ന് വ്യക്തമാവുന്നത്.

ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ഘോഷയാത്രക്കിടയിലാണ് ഡൽഹി ജഹാംഗീർപുരിയിൽ വർഗീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. തുടർന്ന് ഡൽഹി ബി.ജെ.പി തലവൻ ആദേശ് ഗുപ്ത ജഹാംഗീർപുരിയിലെ അനധികൃത കൈയേറ്റങ്ങൾ പൊളിക്കാൻ നഗരസഭയോട് ആവശ്യപ്പെടുകയായിരുന്നു. ബംഗ്ലാദേശികളും റോഹിങ്ക്യരുമാണ് ഈ കൈയേറ്റങ്ങൾക്ക് പിന്നിലെന്നും ഗുപ്ത അവകാശപ്പെട്ടു.

ബി.ജെ.പിയുടെ ചെയ്തിയെ പാർട്ടികളൊക്കെ പിന്തുണച്ചു എന്നു പറഞ്ഞാൽ തെറ്റാവും. പക്ഷേ, അവരുടെ പ്രതിഷേധങ്ങളൊക്കെ സമൂഹമാധ്യമ പോസ്റ്റുകളിലും പത്രപ്രസ്താവനകളിലുമൊതുങ്ങി എന്നു പറയാതിരിക്കാനാവില്ല.

'' ഇന്ത്യൻ ഭരണഘടന മൂല്യങ്ങളാണ് തകർക്കപ്പെട്ടത്, ഭരണകൂട ബലത്തിൽ ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ഉന്നമിടുകയാണ്. മനസ്സിലെ വിദ്വേഷത്തെയാണ് ബി.ജെ.പി ഉടച്ചു കളയേണ്ടത്''-ഇതായിരുന്നു കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

അതുപോലെ '' നമുക്ക് ബുൾഡോസറുകളല്ല വേണ്ടത്, നമുക്ക് ജനങ്ങളെ വിഘടിപ്പിക്കുകയല്ല ഒരുമിപ്പിക്കുകയാണ് വേണ്ടത്. ഐക്യമാണ് നമ്മുടെ മഹാശക്തി. ഒരുമിച്ചു നിന്നാൽ നിങ്ങൾ ബലമുള്ളവരാവും, വിഘടിച്ചാൽ പരാജിതരും'' എന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജിയും പ്രസ്താവനയിറക്കി.

''അനധികൃത നിർമിതികൾ പൊളിച്ചിരിക്കുന്നു. ഇനി അവ സംരക്ഷിച്ചു നിർത്തിയിരുന്ന ബി.ജെ.പി നേതാക്കളുടെ വീടുകൾ പൊളിക്കണം... കഴിഞ്ഞ എട്ടു വർഷമായി എത്ര റോഹിങ്ക്യരും ബംഗ്ലാദേശുകാരും ഇവിടെ എവിടെയൊക്കെ പാർപ്പുറപ്പിച്ചിട്ടുണ്ട് എന്ന് ബി.ജെ.പി ഒരു ഏകദേശ കണക്കെങ്കിലും നൽകണം'' എന്നാണ് മുതിർന്ന ആംആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞത്.

ഈ പ്രസ്താവനകൾ ഒരു കാര്യം വ്യക്തമാക്കുന്നു- പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിക്ക് എതിരു പറയാൻ തയാറാണ്, പക്ഷേ മുസ്‍ലിംകൾക്ക് ഒപ്പം നിൽക്കാൻ ഒരുക്കമല്ലെന്നും. രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രസ്താവനകളിൽ നിന്ന് 'മുസ്‍ലിം' എന്ന പദം തന്നെ ബോധപൂർവം ഒഴിച്ചു നിർത്തിയിരിക്കുന്നുവെന്ന് കാണാം.

രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ മുസ്‍ലിംകൾ എന്നതിനു പകരം ന്യൂനപക്ഷങ്ങൾ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. മുസ്‍ലിംകൾ ന്യൂനപക്ഷമല്ല എന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷ ജനത എന്നു പറയുമ്പോൾ ജാതി ന്യൂനപക്ഷങ്ങളും മറ്റ് മത സമൂഹങ്ങളുമെല്ലാം ഉൾപ്പെടുന്നു.

ആംആദ്മി പാർട്ടിയാവട്ടെ മുസ്‍ലിം എന്നതിന് പകരം ബംഗ്ലാദേശിയരും റോഹിങ്ക്യരും എന്ന് ഉപയോഗിച്ചിരിക്കുന്നു. ജഹാംഗീർപുരിയിലെ ബുൾഡോസർ പൊളി നടന്ന മേഖല മുസ്‍ലിം ഭൂരിപക്ഷ പ്രദേശമാണ്. ബംഗാളിൽ നിന്ന് കുടിയേറിയ തൊഴിലാളികളാണ് ഇവിടെ പാർക്കുന്നത്. ബംഗാളി സംസാരിക്കുന്ന മുസ്‍ലിംകളെ ബംഗ്ലാദേശികളും റോഹിങ്ക്യരുമായി ചിത്രീകരിക്കാനാണ് ബി.ജെ.പിയും ആംആദ്മി പാർട്ടിയും ശ്രമിക്കുന്നത്. ഈ പ്രസ്താവനകളെല്ലാം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ വംശീയത മാത്രമല്ല മുസ്‍ലിം അനുകൂലികൾ എന്ന് മുദ്രകുത്തപ്പെടുന്നതിലെ ഭയവും പ്രകടമാക്കുന്നുണ്ട്.

ഭാരതീയ ജനത പാർട്ടിയുടെ ഭരണത്തിൻ കീഴിൽ രാജ്യമൊട്ടുക്കും മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങൾ വലിയ അളവിൽ വർധിച്ചിട്ടുണ്ട്. ശാരീരികമായി ഉപദ്രവിക്കുന്നതിൽ ഒതുങ്ങുന്നില്ല ഈ അതിക്രമങ്ങൾ. ആസൂത്രിതമായ വിവേചനവും മുസ്‍ലിംകൾക്കെതിരെ നടക്കുന്നു. സമുദായം കഴിക്കുന്നതിലും ധരിക്കുന്നതിലുമെല്ലാം ഭരണകൂടവും വലതുപക്ഷ സംഘങ്ങളും കൈകടത്തുന്നു. മുസ്‍ലിം ജീവിതത്തിന്റെ സകല മേഖലകളിലും കയറി ഇടപെടാൻ ഭരണകൂടം എങ്ങനെ ശ്രമിക്കുന്നു എന്നതാണ് കർണാടകയിലെ ഹിജാബ് നിരോധ വിവാദം വെളിവാക്കുന്നത്. ഹിജാബ് ധരിച്ച പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കയറുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നു. ചില സ്ഥാപനങ്ങൾ അവരെ പരീക്ഷ എഴുതുന്നതിൽനിന്ന് പോലും തടയുന്നു.

ഇതുപോലൊരു സന്ദർഭത്തിലും മുസ്‍ലിംകൾക്ക് ഒരു ഇടമൊരുക്കാൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുന്നില്ല. മുസ്‍ലിംകളുടെ പിന്തുണ കൂടാതെയും തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് മോദി ഭരണകൂടം കാണിച്ചു തന്നിരിക്കുന്നു. നിലവിലെ ഭരണസഭയിൽ മുസ്‍ലിം പ്രതിനിധികളേയില്ല. പ്രതിപക്ഷ നിരയിലും മുസ്‍ലിം പ്രാതിനിധ്യം കുറഞ്ഞു. 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ വെറും 27 എം.പിമാർ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ബി.ജെ.പി സൃഷ്ടിക്കുന്ന ധ്രുവീകരണത്തെ ചെറുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, മുസ്‍ലിംകളോട് അനുഭാവ നിലപാടെടുത്താൽ അത് ഹിന്ദുവോട്ട് ബാങ്കിനെ ബാധിക്കുമെന്ന് അവർ കരുതുന്നു. മുസ്‍ലിംകൾക്കൊപ്പം നിലകൊള്ളുന്നത് തങ്ങളുടെ രാഷ്ട്രീയ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന ചിന്തയും രാഷ്ട്രീയ വൃത്തങ്ങളിൽ ബലപ്പെടുന്നുണ്ട്. ബി.ജെ.പിയെ എതിർക്കുന്നതു കൊണ്ട് മുസ്‍ലിംകൾ ഞങ്ങൾക്ക് വോട്ട് ചെയ്തുകൊള്ളും എന്ന ബോധ്യം പ്രതിപക്ഷ പാർട്ടികൾ വെച്ചു പുലർത്തുന്നു. ഒരു സമുദായത്തെ ഇത്തരത്തിൽ നിസ്സാരവത്കരിച്ചു കാണുന്നത് അപമാനകരവും അപായകരവുമാണ്.

മതേതരത്വം എന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. 'നാം ഇന്ത്യയെ മതേതരമായി വിഭാവനം ചെയ്യുന്നു. സെക്യുലർ എന്നതിന് ചേരുന്ന ഒരു വാക്ക് ഹിന്ദിയിൽ കണ്ടെത്തുക ഒരു പക്ഷേ എളുപ്പമാവില്ല. ചിലർ കരുതുന്നത് ഇത് മതത്തിനെതിരായ സംഗതിയാണെന്നാണ്. അത് തികച്ചും തെറ്റാണ്. എല്ലാ വിശ്വാസങ്ങളെയും ആദരിക്കുകയും അവർക്കെല്ലാം തുല്യ അവസരങ്ങൾ നൽകലുമാണ് നാം ഇതു കൊണ്ട് അർഥമാക്കുന്നത്' എന്നാണ് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞത്.

മുസ്‍ലിംകളെ പ്രതിയുള്ള അവരുടെ നിലപാടിനെക്കുറിച്ച് പ്രതിപക്ഷം പുനരാലോചന നടത്തേണ്ട സമയമാണ്. മുസ്‍ലിംകൾക്കൊപ്പം നിലകൊള്ളുക എന്നത് കുറ്റമായി കണക്കാക്കാനാവില്ല. അത് മുമ്പ് ഉണ്ടായിട്ടില്ലാത്ത കാര്യമോ നാണം തോന്നേണ്ട വിഷയമോ അല്ല. ഭാരതീയ മുസ്‍ലിം മഹിള ആന്ദോളൻ സഹ സ്ഥാപക സകിയ സോമൻ ഈയിടെ ഒരു ലേഖനത്തിൽ കുറിച്ചിട്ടതു പോലെ '' രാഷ്ട്രീയ പാർട്ടികളെല്ലാം മുസ്‍ലിം അനുകൂലികളാകണമെന്നൊന്നും രാജ്യത്തെ മുസ്‍ലിംകൾ ആവശ്യപ്പെടുന്നില്ല. അവർ മതേതരത്വത്തിൽ നിലയുറപ്പിക്കുകയും എല്ലാ ജനങ്ങളോടും സമുദായങ്ങളോടുമുള്ള ഭരണഘടന ബാധ്യത നിറവേറ്റിയാൽ മാത്രം മതിയാവും''.

മുസ്‍ലിം വീടുകൾ ഇടിച്ചു നിരത്തപ്പെടുകയും അവരുടെ സമുദായത്തെ ബംഗ്ലാദേശികളും റോഹിങ്ക്യകളുമായി മുദ്രകുത്തുകയും ചെയ്യുമ്പോൾ ഇന്ത്യൻ മുസ്‍ലിംകൾ കടുത്ത വിവേചനത്തിനാണ് പാത്രമാവുന്നത്. മുസ്‍ലിംകൾക്കെതിരായ ബി.ജെ.പി അതിക്രമങ്ങൾ ഹീനമാണെന്നതു പോലെതന്നെ മുസ്‍ലിംകൾക്ക് ഇടം നൽകുന്നതിൽ പ്രതിപക്ഷ പാർട്ടികൾ വരുത്തുന്ന വീഴ്ച ഇന്ത്യൻ മൂല്യങ്ങളുടെയും ഭരണഘടനയുടെയും ലംഘനവുമാണ്.

(മുതിർന്ന മാധ്യമ പ്രവർത്തകനും ഡൽഹി അസംബ്ലി റിസർച് സെന്ററിലെ മുൻ ഫെലോയുമായ ലേഖകൻ ഫ്രീ പ്രസ് ജേണലിൽ എഴുതിയത്)

Tags:    
News Summary - What opposition parties are doing to Indian Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.