44 നദികളും നിറയെ കായലുകളും ചെറുതടാകങ്ങളും തോടുകളുമൊക്കെ ചേര്‍ന്ന ജലസമൃദ്ധമായ കേരളത്തില്‍ എന്തുകൊണ്ട് ആവശ്യമായ രീതിയില്‍ ജലപാതകളുപയോഗിച്ചുകൂടാ എന്നു നാം ചിന്തിച്ചിട്ടുണ്ടോ? ഭൗമോപരിതലത്തിെൻറ 70 ശതമാനത്തിലേറെ സമുദ്രത്തിലാണെന്നിരിക്കെ ഇതുവഴിയുള്ള ഗതാഗതമാണ് ഏറ്റവും ഉത്തമമെന്ന് ഇനിയുള്ള ദിവസങ്ങളില്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പുതിയ കണ്ടുപിടിത്തങ്ങളും വികസനവുമെല്ലാം ഭാവിയുടെ വളക്കൂറുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ പരിസ്ഥിതി സൗഹൃദപരമായ ഗതാഗതസംവിധാനം നാം നടപ്പാക്കേണ്ടതുണ്ട്. ഇത്രയും റോഡപകടങ്ങളും അവ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളും നിലവിലിരിക്കെ സമാധാനം കാംക്ഷിക്കുന്ന ഒരു ജനതക്ക് ജലപാതകള്‍ വിനിയോഗിക്കാനുള്ള സത്വരനടപടികള്‍ ഭരണകൂടം സ്വീകരിക്കണം.
ജീവിതശൈലി, ഗതാഗത സംവിധാനം, വാണിജ്യമേഖല തുടങ്ങിയവ സമുദ്രങ്ങളുടെ പരിസ്ഥിതിയെ ബാധിക്കാത്ത തരത്തിലായിരിക്കണം ഇവ നടപ്പാക്കേണ്ടത്. കേരളത്തില്‍ 20ാം നൂറ്റാണ്ടിെൻറ പകുതിവരെ മുഖ്യമായും ഉപയോഗിച്ചിരുന്നത് വള്ളങ്ങളായിരുന്നു. ഇത് പ്രകൃതിക്ക് ഇണങ്ങുന്നതായിരുന്നു. ജലാശയങ്ങളെല്ലാം വഞ്ചികളും യാത്രക്കാരും സാധനങ്ങളും തെളിനീരും മീനുകളുമെല്ലാം കൊണ്ടു നിറഞ്ഞതായിരുന്നു. പാലങ്ങളും ബണ്ടുകളും ഇല്ലാതെ സ്വതന്ത്രമായി ഒഴുകാന്‍ കഴിയുന്ന നീര്‍കണങ്ങൾ, പുഴയും കായലും കടലുമൊക്കെ ചേര്‍ന്ന് ജീവിതത്തിെൻറ ഏറ്റവും ലളിതമായ സമവാക്യമൊരുക്കിയ കാലം. കേരളംപോലെ വാഹനബാഹുല്യം മൂലം വീര്‍പ്പുമുട്ടുന്ന ഒരു സംസ്ഥാനത്ത് ജലഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ പഴയ നല്ല നാളുകളിലേക്ക് കേരളത്തിന് തിരിച്ചുേപാകാനാകുമെന്നുറപ്പാണ്.
പ്രഖ്യാപിത ദേശീയ ജലപാതകള്‍
1825-ല്‍ ഗൗരി പാർവതീബായിയുടെ കാലത്ത് വെട്ടിയ പാർവതീപുത്തനാറിെൻറ അരികിലാണ് വള്ളക്കടവ് (കല്‍പ്പാലക്കടവ്). തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആവശ്യത്തിനായുള്ള പള്ളിയോടങ്ങള്‍ ഇവിടെ ഉപയോഗിച്ചിരുന്നു. പലതവണ രാജാക്കന്മാരുടെ രാജകീയ പ്രൗഢിയോടെയുള്ള എഴുന്നള്ളത്തിനും ഉല്ലാസയാത്രക്കും ജലമാർഗം തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. രാജവാഴ്ചക്കാലത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിനും ഭദ്രദീപത്തിനും നവരാത്രിക്കും മറ്റുമെത്തുന്ന നമ്പൂതിരിമാരും പണ്ഡിതന്മാരും തമ്പ്രാക്കളും സഞ്ചരിച്ചിരുന്നതും ജലപാതയിലൂടെയാണ്. ആലപ്പുഴയും തിരുവനന്തപുരവുമായി കച്ചവടബന്ധം സ്ഥാപിക്കുന്നതിന് ഉപയോഗിച്ച ഈ ജലപാതയെ തിരുവനന്തപുരം--ചേര്‍ത്തല കനാല്‍ എന്നു വിളിച്ചിരുന്നു. ദേശീയപാത എന്ന ആശയം പ്രാവര്‍ത്തികമാകുമ്പോള്‍ വള്ളക്കടവ് പോലെ മറ്റിടങ്ങളിലെ ജലാശയങ്ങള്‍ക്കും ഒരുപക്ഷേ, പഴയ പ്രതാപം കൈവന്നേക്കാം. സ്വതന്ത്ര ഇന്ത്യയില്‍ ജലഗതാഗതത്തിന് വലിയ പ്രാമുഖ്യം ലഭിച്ചിട്ടില്ല. ഇന്ത്യയിലൊട്ടാകെ ഉള്‍നാടന്‍ ജലഗതാഗത പാതകളുടെ ദൂരം 15,000 കി.മീറ്ററില്‍ താഴയേ വരൂ. ഇതില്‍ സഞ്ചാരയോഗ്യമല്ലാത്തവ വളരെ കുറവും. രാജ്യത്ത് അഞ്ച് ദേശീയ ജലപാതകള്‍ നിലവിലുണ്ട്.
നിലവിലെ ദേശീയ ജലപാതക്കുപുറമെ കേരളത്തിലെ 11 ജലപാതകള്‍കൂടി ദേശീയ ജലപാതയായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ ജലഗതാഗതം എന്ന ആശയത്തിന് സാധ്യതകള്‍ വർധിക്കുകയാണ്. ഭാരതപ്പുഴ, പമ്പ, കടലുണ്ടിപ്പുഴ, ചാലിയാർ, കോരപ്പുഴ, കല്ലടയാർ, മണിമലയാര്‍, വളപട്ടണം പുഴ, മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, പശ്ചിമതീര കനാല്‍ എന്നീ ജലപാതകളാണിവ. കൊല്ലം-കോട്ടപ്പുറം പാത കൊച്ചിയില്‍നിന്ന് മഞ്ചേശ്വരം വരെ ദീര്‍ഘിപ്പിച്ചാല്‍ പശ്ചിമതീര കനാല്‍ പൂര്‍ണതോതില്‍ യാഥാര്‍ഥ്യമാകും. കൊച്ചിക്ക് വടക്കോട്ട് പലയിടങ്ങളിലും ൈകയേറ്റംമൂലം ഈ കനാല്‍ മുറിഞ്ഞിട്ടുള്ളതായി കാണാം. മണ്ണെടുപ്പുമൂലം നശിച്ചുപോയ മേല്പറഞ്ഞ നദികളെല്ലാംതന്നെ ദേശീയ ജലപാതയായി മാറുമ്പോള്‍ ഇവയുടെ സംരക്ഷണത്തിനും പുതിയ ഊർജം ലഭിക്കുകയാണ്. പമ്പ നദിയിലൂടെ ആലപ്പുഴവരെ 1970കളില്‍ ചരക്കുകള്‍ സുഗമമായി കൊണ്ടു പോയിരുന്നു. ചരക്കുകളുടെ ലഭ്യതക്കുറവും നദിയുടെ ആഴംകുറഞ്ഞതും നദിയിലൂടെയുള്ള ചരക്കുഗതാഗതത്തെ നശിപ്പിച്ചു. നദികളുടെ പഴയ പ്രതാപകാലത്തിെൻറ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അധികാരികളുടെ കൃത്യമായ ഇടപെടലില്‍കൂടി മാത്രമേ യാഥാര്‍ഥ്യമാവുകയുള്ളൂ. ഒറ്റക്ക് ഓരോ പാതയെയും ദേശീയ ജലപാതയായി പ്രഖ്യാപിക്കുന്നതിനുപകരം 101 ജലപാതകളെയും ഒറ്റ നിയമത്തില്കൂടി മൊത്തത്തില്‍ ജലപാതയായി പ്രഖ്യാപിച്ചാൽ, ഇക്കാര്യത്തിലുണ്ടാവുന്ന സമയനഷ്ടം പരിഹരിക്കാനും കഴിയും.
സാധ്യതകള്‍
കരുത്തുറ്റ പാരമ്പര്യമുള്ള ജലഗതാഗത രംഗത്തു പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഠിന പ്രയത്നം നടത്തേണ്ടിയിരിക്കുന്നു. നമുക്കുള്ള സുദീര്‍ഘമായ കടലോരവും പുഴയുമെല്ലാം പ്രയോജനപ്പെടുത്താനും നാവികരംഗത്തു പ്രകൃതി കനിഞ്ഞരുളിയ നേട്ടങ്ങളുപയോഗപ്പെടുത്താനും നാം ശ്രമിക്കേണ്ടതുണ്ട്. ഇത്തരം ജലഗതാഗത സൗകര്യമുള്ളതിനാലാണ് പ്രാചീനകാലത്തുപോലും പ്രധാന തുറമുഖങ്ങളുടെ ഭൂപടത്തില്‍ കേരളം ഇടംപിടിച്ചത്. എന്നാല്‍, ഇത്തരം പദ്ധതി നടപ്പാക്കിയാല്‍ തുറമുഖാധിഷ്ഠിത വികസനം പ്രോത്സാഹിപ്പിക്കാനും തീരപ്രദേശ സമ്പദ്വ്യവസ്ഥക്ക് ഉണര്‍വു പകരാനും ഈ മേഖലയില്‍ അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കാനും സാധിക്കും. മാത്രമല്ല, തുറമുഖങ്ങള്‍ ആധുനികവത്കരിക്കപ്പെടുകയും അവ പ്രത്യേക സാമ്പത്തികമേഖലയായി മാറുകയും ചെയ്യുമെന്നതില്‍ സംശയമില്ല.
7500 കി.മീറ്റര്‍ വരുന്ന വിശാലമായ കടലോരം വലിയ നിക്ഷേപസാധ്യതയാണു നമുക്കുമുന്നില്‍ തുറന്നിടുന്നത്. എല്ലാ പ്രമുഖ കപ്പല്‍ ഗതാഗതച്ചാലുകളുടെയും ഭാഗമായിത്തീരുംവിധം തന്ത്രപ്രധാനമാണു നമ്മുടെ തീരങ്ങളെന്നതും നേട്ടമാണ്. ആധുനികവും പരിഷ്കൃതവുമായ മത്സ്യബന്ധന ബോട്ടുകള്‍, ഫിഷറീസ്, അക്വാകള്‍ച്ചർ, കോള്‍ഡ് ചെയിൻ ഡെവലപ്മെൻറ് തുടങ്ങിയ മേഖലകളിലും ആധുനികവത്കരണം ഉപയോഗപ്പെടുത്തിയാല്‍ നിരവധി തൊഴിലവസരങ്ങളുണ്ടാവുമെന്നും പ്രതീക്ഷിക്കാം. ഇന്ത്യയില്‍ തുറമുഖരംഗത്തുള്ളത് പൊതു, സ്വകാര്യ പങ്കാളിത്തമാണ്. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയും പ്രവര്‍ത്തനരീതിയും ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും.
ഉപയോഗശൂന്യമാകുന്ന ജലപാതകള്‍
കേരളത്തിലെ ജലാശയങ്ങള്‍ പൂർണ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. പുഴകളും കായലുകളും അവയുടെ അന്തിമാഭയമായ കടലുംവരെ മനുഷ്യെൻറ ചെയ്തികളാല്‍ ദുരന്തമുഖത്താണ്. മനുഷ്യനിർമിത മാലിന്യങ്ങളും നാശകരമായ പ്ലാസ്റ്റിക്കുമാണ് ഇപ്പോള്‍ ജലാശയത്തിലുടനീളം. പുഴ മാലിന്യമുക്തമാക്കാമെന്ന ലക്ഷ്യത്തോടെ ജെല്ലിഫിഷ് ബ്രിജേഷും സംഘവും നടത്തിയ കയാക്കിങ് ജലയാത്രയില്‍ കണ്ടെത്തിത് ജലദുരന്തത്തിെൻറ യാഥാർഥ്യങ്ങളാണെന്നുതന്നെ പറയാം. ദേശീയ ജലപാതയിലൂടെ കടന്നുപോകുമ്പോള്‍ കോട്ടപ്പുറകം കായലും പുഴയും കനാലും കടന്ന് കടലുണ്ടിയിലൂടെയും പയ്യാമ്പലത്തിലൂടെയും സഞ്ചരിക്കുമ്പോള്‍ കാണുന്നത് കണ്ണിന് കുളിർമയേകുന്നതും ഇമ്പമുള്ളതുമായ കാഴ്ചയല്ല. മറിച്ച് വരാനിരിക്കുന്ന വിപത്തിെൻറ നിശ്ശബ്ദ സൂചനകളാണ്, നാം കണ്ടിട്ട് പ്രതികരിക്കാത്ത ചില സത്യങ്ങൾ. കേരളത്തിലെ പ്രധാന നദികളായ നിള, പമ്പ, ചാലിയാർ, പെരിയാര്‍ തുടങ്ങിയ നദികളെല്ലാം ഇന്ന് ഇല്ലാതായിരിക്കുന്നു. മണല്‍വാരലും മാലിന്യം തള്ളുന്നതുംമൂലം നദികളുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുന്നു. ചെക്ക് ഡാമുകളും വ്യവസായശാലകളില്‍നിന്ന് പുറംതള്ളുന്ന ഖരമാലിന്യങ്ങളും നദികളിലെ ജലസമ്പത്തിനെയും മത്സ്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ അധികൃതര്‍ പുതിയ പ്രഖ്യാപനത്തിലൂടെ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടുകയാണ് പതിവ്.
കരയില്‍ ചക്രങ്ങളുരുണ്ടു തുടങ്ങിയപ്പോള്‍ ചാലുകളും തോടുകളും ടാറിട്ട റോഡുകളായി മാറി. അവശേഷിച്ച പുഴയുടെ ജലപ്രവാഹങ്ങള്‍ മനുഷ്യരുടെ ഉള്ളംകൈയിലാവുകയും ചെയ്തു. മാത്രമല്ല, സംസ്ഥാനത്ത് വില്‍ക്കപ്പെടുന്ന മിക്ക ബ്രാന്‍ഡുകളുടെയും പേരെഴുതിയ പടുകൂറ്റന്‍ ഫ്ലക്സ്ബോര്‍ഡുകള്‍ ജലാശയങ്ങളില്‍ കുത്തിനിറക്കപ്പെടുന്നത് നിത്യസംഭവങ്ങളാണ്. വിനോദസഞ്ചാരത്തിനും മറ്റും ഉപയോഗിക്കുന്ന ബോട്ടുകളില്‍നിന്ന് പുറംതള്ളുന്ന ഇന്ധനങ്ങള്‍ ജലാശയത്തെ മലിനമാക്കുന്നുണ്ടെന്നും ഓര്‍ക്കണം. ദേശീയ ജലപാതയിലൂടെ പകല്‍പോലും ലക്ഷ്യസ്ഥാനത്ത് നിശ്ചിത സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ ഇപ്പോഴും കഴിയില്ല. വഴികാട്ടികളായി സ്ഥാപിച്ച ബോര്‍ഡുകളും സിഗ്നലുകളും പല സ്ഥലങ്ങളിലും അപ്രത്യക്ഷമായിരിക്കുന്നു.
കേരളത്തിെൻറ പടിഞ്ഞാറന്‍ തീരത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും കൊച്ചി തുറമുഖവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നവിധത്തില്‍ വിപുലമാണ് നമ്മുടെ ഉള്‍നാടന്‍ ജലപാതകൾ. ഇതുപയോഗപ്പെടുത്താനോ സംരക്ഷിക്കാനോ ശരിയായ നീക്കങ്ങളൊന്നും നടക്കുന്നില്ലായെന്നതാണ് വാസ്തവം. ജലാശയങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രത്തിന് മാത്രമായി ഒതുക്കിനിര്‍ത്തുന്ന ഇക്കാലത്ത് വിനോദസഞ്ചാരികളെ വരവേല്‍ക്കാനുള്ള ആഡംബര നൗകകള്‍ക്ക് ഒഴുകിനടക്കാന്മാത്രമല്ല, സാധാരണക്കാരന് ഗ്രാമാന്തരങ്ങളിലേക്ക് സഞ്ചരിക്കാനും ജലപാതകള്‍ വിനിയോഗിക്കാമെന്ന് ഭരണകൂടങ്ങള്‍ തിരിച്ചറിയണം. മാത്രമല്ല, ഇത്രയും ജലത്താല്‍ സമ്പന്നമായ കേരളത്തില്‍ ചെലവുകുറഞ്ഞ പരിസ്ഥിതിസൗഹൃദമായ ഗതാഗതമാർഗം ഉപയോഗപ്പെടുത്താത്തതിന് നാം വരും കാലങ്ങളില്‍ തീര്‍ച്ചയായും ദുഃ ഖിക്കേണ്ടിവരും.
വാസ്കോഡഗാമയും മെഗല്ലനും ഉള്‍പ്പെടെയുള്ള നാവികര്‍ നമുക്ക് കാണിച്ചുതന്ന ജലപാത വിനിയോഗിക്കാന്‍ നാം പ്രാപ്തരാകണം. ഇതിനോടൊപ്പംതന്നെ നല്ല വികസന മേഖലയിലേക്കുള്ള ഉയര്‍ച്ചയാണ് കേരളത്തിലെ പ്രകൃതിസംരക്ഷകരും ജനങ്ങളും ആഗ്രഹിക്കുന്നത്. പരിസ്ഥിതിക്കിണങ്ങിയ ഇത്തരം പ്രവൃത്തിയിലൂടെ കേരളം രാജ്യത്തിനും ലോകത്തിനും വിസ്മയമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. സ്വന്തം നാളെകളെ മാത്രം സ്വപ്നംകാണുന്ന തലമുറകള്‍ നാളെയുടെ നിലനില്‍പ്പിനായി ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ മുറവിളികൂട്ടണമെന്ന് നമ്മെ ഓർമപ്പെടുത്തുന്നു. ജലപാതകളുടെ ആവശ്യകത ഉത്തരവാദിത്തപ്പെട്ടവര്‍ മനസ്സിലാക്കുകയും സംസ്ഥാനത്തുടനീളം നടപ്പാക്കുകയും ചെയ്താല്‍ നമ്മുടെ ജലാശയങ്ങള്‍ നിലനിര്‍ത്താനും ജലഗതാഗതം സുഗമമായ രീതിയിലാക്കാനും എളുപ്പം സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.