‘വായിച്ചു വളരുക’ എന്ന മുദ്രാവാക്യം മലയാളിക്ക് സമ്മാനിച്ച, കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തെ മുന്നിൽനിന്നു നയിച്ച, വയോജന വിദ്യാഭ്യാസത്തിനും സാക്ഷരതാപ്രവർത്തനങ്ങൾക്കും ഏറെ സംഭാവന നൽകിയ പുതുവയിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ വിയോഗദിനമായ ജൂൺ 19 ദേശീയ വായനദിനമായി നാം ആചരിക്കുന്നു. 1909 മാർച്ച് ഒന്നിന് ജനിച്ച അദ്ദേഹം അമ്പലപ്പുഴ സ്കൂളിൽ അധ്യാപകനായിരിക്കെയാണ്.
കന്യാകുമാരി മുതൽ വടക്കൻ പരവൂർ വരെയുള്ള തിരുവിതാംകൂർ രാജ്യത്ത് പ്രവർത്തിക്കുന്ന ലൈബ്രറികൾക്ക് ഏകോപിത സ്വഭാവം കൊണ്ടുവരാൻ ശ്രമങ്ങളാരംഭിച്ചത്. തിരുവിതാംകൂറിലെ 47 ഗ്രന്ഥശാല പ്രതിനിധികളുടെ യോഗം വിളിച്ച് ‘അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘം’ രൂപവത്കരിച്ചു. അമ്പലപ്പുഴയിൽ നടന്ന അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന്റെ ആദ്യ സമ്മേളനം 1946 സെപ്റ്റംബർ 16ന് ഉദ്ഘാടനം ചെയ്തത് സർ സി.പിയാണ്.
മലബാർ ഭാഗത്ത് കെ. കേളപ്പൻ പ്രസിഡന്റും കെ. ദാമോദരൻ ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന മലബാർ ഗ്രന്ഥശാല സംഘത്തിന് ലൈബ്രറി നിയമം ഉണ്ടായിരുന്നു. കേരളം രൂപവത്കൃതമായതോടെ രണ്ടു ഗ്രന്ഥശാല പ്രസ്ഥാനങ്ങളെയും ഒന്നാക്കി ‘കേരള ഗ്രന്ഥശാല സംഘ’മായി വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി ഉത്തരവിറക്കി. കേരള ഗ്രന്ഥശാല സംഘം മലബാറിൽ ശക്തിപ്പെടുത്താനായി പി.എൻ. പണിക്കരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഗ്രന്ഥശാല പ്രവർത്തനത്തിന് നിയോഗിച്ചു.
അദ്ദേഹം കേരളത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ച് പ്രവർത്തകരെ കണ്ട് പുതിയ ഗ്രന്ഥശാലകൾ തുടങ്ങി. മന്ദീഭവിച്ചവയും നിന്നുപോയതുമായ ഗ്രന്ഥശാലകളെ പുനരുദ്ധരിച്ചു. സാമൂഹികവും സാംസ്കാരികവുമായ വിവിധ രംഗങ്ങളിലേക്ക് ഗ്രന്ഥശാലകളെ ഉയർത്താൻ ശ്രമിച്ചു. തത്ഫലമായി നാലായിരം ഗ്രന്ഥശാലകളുമായി ഗ്രന്ഥശാല സംഘം ഉയർന്നു. ഗ്രാമീണ സർവകലാശാലകളാണ് വായനശാലകളെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
1970 ഗ്രന്ഥശാല സംഘത്തിന്റെ രജതജൂബിലി വർഷമായിരുന്നു. സംഘം പ്രസിഡന്റ് പി.ടി. ഭാസ്കരപ്പണിക്കരും പി.എൻ. പണിക്കരും ഒത്തുചേർന്ന് രജതജയന്തിയുടെ ഭാഗമായി സാംസ്കാരിക ജാഥ സംഘടിപ്പിച്ചു. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഗ്രാമഗ്രാമാന്തരങ്ങളിലൂടെ നീങ്ങിയ ആ യാത്ര കേരള ജനതക്ക് ആവേശമായി.
അഞ്ഞൂറോളം ലൈബ്രറികളിൽ സാക്ഷരത കോഴ്സുകൾ ആരംഭിച്ചു. അതിലൂടെ ലക്ഷം പേരെ സാക്ഷരരാക്കി. 1945 മുതൽ 1977 വരെ 32 വർഷക്കാലമാണ് പണിക്കർ ഗ്രന്ഥശാല സംഘത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചത്. 1977 മാർച്ച് 16ന് ഒരു ഓർഡിനൻസിലൂടെ ഗ്രന്ഥശാല സംഘത്തെ സർക്കാർ ഏറ്റെടുത്തു.
പിന്നീടാണ് ഇന്നത്തെ രൂപത്തിലുള്ള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിലവിൽ വന്നത്. 1995 ജൂൺ 19ന് വിടപറഞ്ഞെങ്കിലും അക്ഷരലോകത്തെ കെടാവിളക്കായി മാറിയ പി.എൻ. പണിക്കർ തലമുറകൾക്കിപ്പോഴും പ്രകാശം പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.