കൃത്യമായ വിഭജന അജണ്ടയുമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച വിവാദമ ായ പൗരത്വ ഭേദഗതി നിയമം (സി.എ.എ) ചോദ്യം ചെയ്തു സമർപ്പിച്ച ഹരജികൾ ബു ധനാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നത് നിറഞ്ഞ ആകാംക്ഷയോടെയാണ് ജ നം നോക്കിക്കണ്ടത്. സ്വാതന്ത്ര്യ സമരത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വിപു ലവും സാന്ദ്രവുമായ ജനകീയപ്രക്ഷോഭങ്ങൾക്ക് കാരണമായ ഒരു നിയമ ഭേ ദഗതി പരമോന്നത കോടതിയുടെ പരിഗണനക്ക് വിധേയമാവുന്നത് ജനശ്രദ്ധ വിളിച്ചുവരുത്തുക സ്വാഭാവികം മാത്രം. എന്നാൽ, ദുഃഖകരമെന്നു പറയട്ടെ, ജനകീയ ഉത്കണ്ഠകളെയോ നാട്ടിലെ യാഥാർഥ്യങ്ങളെയോ മനസ്സിലാക്കുന്ന തരത്തിലല്ല മറിച്ച്, ഒരു സാധാരണ കേസിനോട് സ്വീകരിക്കുന്ന ചട്ടപ്പടി രീതിയിലാണ് സുപ്രീംകോടതി അത് പരിഗണിച്ചത്. സി.എ.എയുമായി ബന്ധപ്പെട്ട് 144 ഹരജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ഇതിൽ 142 എണ്ണവും അതിനെ ചോദ്യം ചെയ്യുന്നതും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതുമാണ്. ഇതിൽ നേരത്തേ വന്ന 60 ഹരജികൾക്ക് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിന് നിർദേശം നൽകിയതുമാണ്. ഇവയുടെ മറുപടി സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും അവ തയാറായിട്ടുണ്ടെന്നാണ് അറ്റോണി ജനറൽ കോടതിയെ അറിയിച്ചത്. പുതുതായി വന്ന ഹരജികളിൽ കൂടി മറുപടി സമർപ്പിക്കാനാണ് കേന്ദ്രത്തിന് നാലാഴ്ച സമയം അനുവദിച്ചിരിക്കുന്നത്. സമർപ്പിക്കപ്പെട്ട 142 ഹരജികളുടെയും ആവശ്യം ഒന്നു തന്നെയാണ്–സി.എ.എ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം. അതിനാൽ, മറുപടിയും ഒന്നു തന്നെയായിരിക്കും. ഇങ്ങനെയൊന്നിന് ഇനിയും നാലാഴ്ച സമയം അനുവദിച്ചത് വിചിത്രമായ കാര്യമാണ്. നാലാഴ്ച കഴിഞ്ഞ് ഇതേ ബെഞ്ച് തന്നെയായിരിക്കും കേസ് വീണ്ടും പരിഗണിക്കുക. എങ്ങനെ വാദം കേൾക്കണം, വിശാല ബെഞ്ചിന് വിടണമോ എന്നൊക്കെയുള്ള കാര്യങ്ങൾ അന്നായിരിക്കും തീരുമാനിക്കുക. സി.എ.എ സ്റ്റേ ചെയ്യാനോ അത് നടപ്പാക്കുന്നത് നീട്ടിവെക്കാനോ സുപ്രീംകോടതി സന്നദ്ധമായില്ല. ചുരുക്കിപ്പറഞ്ഞാൽ, സി.എ.എയുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകളെ കൂടുതൽ തീക്ഷ്ണമാക്കുന്നതാണ് സുപ്രീംകോടതി നടപടി.
പല സംസ്ഥാനങ്ങളും സി.എ.എ നടപ്പിലാക്കാനുള്ള നടപടികളിലേക്ക് കടന്നുവെന്ന് കപിൽ സിബൽ, അഭിഷേക് മനു സിങ്വി തുടങ്ങിയ അഭിഭാഷകർ ചൂണ്ടിക്കാട്ടിയെങ്കിലും അത് ഗൗരവത്തിലെടുക്കാൻ കോടതി തയാറായില്ല. സി.എ.എ അനുസരിച്ച് ഇപ്പോൾ പൗരത്വം അനുവദിക്കപ്പെടുകയും പിന്നീട് കോടതി സി.എ.എ റദ്ദ് ചെയ്യുന്ന അവസ്ഥ വന്നുചേരുകയും ചെയ്താൽ അനുവദിക്കപ്പെട്ട പൗരത്വം എടുത്തുകളയാൻ കഴിയുമോ എന്ന സിബലിെൻറ ചോദ്യത്തിനും ഉത്തരമുണ്ടായില്ല. ചട്ടങ്ങൾ രൂപവത്കരിക്കുന്നതിനു മുമ്പുതന്നെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സി.എ.എ നടപ്പാക്കി തുടങ്ങിയ കാര്യം അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. ഉത്തർപ്രദേശിൽ 19 ജില്ലകളിലായി 40 ലക്ഷം പൗരന്മാരെ സംശയപ്പട്ടികയിൽ ഉൾപ്പെടുത്തി കഴിഞ്ഞുവെന്ന സ്തോഭജനകമായ കാര്യവും സിങ്വി കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനോട് ബഹുമാനപ്പെട്ട കോടതി ഒന്നും പ്രതികരിച്ചില്ല. അതായത്, സുപ്രീം കോടതി ഉദാരമായി അനുവദിച്ച നാലാഴ്ച സമയംകൊണ്ട് തങ്ങളുദ്ദേശിച്ച കാര്യങ്ങൾ ഏതാണ്ടെല്ലാം നടപ്പിലാക്കിയെടുക്കാൻ ബി.ജെ.പി ഭരണകൂടത്തിന് സാധിച്ചേക്കും. അതെല്ലാം കഴിഞ്ഞ് കോടതിയിൽ വരുമ്പോൾ നിയമം നടപ്പിലാക്കിക്കഴിഞ്ഞു, ഇനി തിരിച്ചെടുക്കുക അപ്രായോഗികമായിരിക്കും എന്ന വാദം എളുപ്പം ഉയർത്താൻ സാധിക്കും. അതിനുള്ള വലിയ സാധ്യതയാണ് സുപ്രീംകോടതി തുറന്നിട്ട് കൊടുത്തിരിക്കുന്നത്. നടപ്പിലാക്കിക്കഴിഞ്ഞ ഒരു നിയമം റദ്ദ് ചെയ്യുന്നത് സാധാരണ പതിവില്ലാത്ത കാര്യമാണ്. ജാമിഅ മില്ലിയ്യയിലെ കുട്ടികളെ പൊലീസ് തല്ലിച്ചതച്ചപ്പോൾ അതിൽ ഇടപെടാൻ ആവശ്യപ്പെട്ടു വന്ന ഹരജിക്കാരോട്, ‘നിങ്ങൾ ആദ്യം സമരം നിർത്തൂ, എന്നിട്ട് ഹരജിയുമായി വരൂ’ എന്നു പറഞ്ഞ കോടതിയാണിത് എന്നു കൂടി ഓർക്കണം.
രാജ്യം ഇന്ന് പ്രായോഗികമായി ഒരു ഏകാധിപത്യക്രമത്തിലാണ് നിലനിൽക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. ഓരോ ദിവസവും അത് അതിെൻറ പൂർണതയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്ര ശരീരത്തിലെ മുഴുവൻ അവയവയങ്ങളെയും ഈ പ്രവണത ബാധിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതിന് പ്രാപ്തമാക്കുന്ന പ്രത്യേകതരം ബോധഘടന രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ജുഡീഷ്യറി എന്ന സംവിധാനം മാത്രം ആ ബോധഘടനയിൽ നിന്ന് മുക്തമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. സി.എ.എയുടെ നിയമസാധുത പിന്നീട് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞത് അവഗണിച്ചു കൊണ്ടല്ല ഇതു പറയുന്നത്. സി.എ.എയുമായി ബന്ധപ്പെട്ട പ്രായോഗികനടപടികൾ നീട്ടിവെക്കുകയെന്ന ലളിതമായ നടപടി സ്വീകരിക്കാൻപോലും കോടതി സന്നദ്ധമാവാത്തത് വെറുതെയങ്ങ് സംഭവിക്കുന്നതല്ല എന്ന് സൂചിപ്പിക്കുക മാത്രമാണ്. ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധി മാത്രം മതി നമ്മുടെ ഉന്നത നീതിപീഠം ഏത് ബോധഘടനയിലാണ് നിലനിൽക്കുന്നത് എന്നറിയാൻ.
സി.എ.എക്കെതിരായ സമരം ഇന്ത്യ ചരിത്രത്തിലെ ദിശാ വ്യതിയാനങ്ങൾക്ക് നാന്ദികുറിക്കുന്ന സമരമാണ്. സ്വാതന്ത്ര്യസമരത്തിനു ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ജനകീയ ഉയിർപ്പായി അത് അടയാളപ്പെടുത്തപ്പെടും. കോടതി നടപടികളിലൂടെയല്ല; ജനകീയ ഇടപെടലുകളിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയത്. ഇന്ത്യ എന്ന ആശയം രൂപപ്പെട്ടതും അങ്ങനെത്തന്നെ. അത് നാം നിലനിർത്തുന്നതും അങ്ങനെത്തന്നെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.