ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി ബി.ജെ.പി-ശിവസേന-എൻ.സി.പി (അജിത് പവാർ) പാർട്ടികളടങ്ങിയ മഹായുതിയുടെ പ്രചാരണങ്ങളിലുടനീളം അതിതീവ്ര വർഗീയാക്രോശങ്ങൾ മുഴങ്ങിയത് രാജ്യം കണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വെറുപ്പും വിദ്വേഷവും പ്രസരിക്കുന്ന പ്രചാരണങ്ങൾ വേണ്ടതിലധികം നടത്തിയിട്ടും പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സീറ്റും വോട്ടും കുത്തനെ താഴോട്ട് പോയിരുന്നതാണ്. എന്നിട്ടും ഭരണഘടനയുടെ അന്തസ്സത്തയെ വെല്ലുവിളിച്ചും ജനാധിപത്യത്തെ നോക്കുകുത്തിയാക്കിയും ഹിന്ദുത്വ തീവ്ര വർഗീയ ശക്തികൾ തങ്ങളുടെ നിലപാട് പൂർവാധികം വിഷലിപ്തമാക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പിന്നീട് നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലെ കാമ്പയിൻ തെളിയിച്ചു.
‘ബാടോഗെ തോ കാഠോഗെ’ -‘വിഭജിച്ചാൽ കശാപ്പ് ചെയ്യും’ എന്ന യോഗി ആദിത്യനാഥിന്റെ മുദ്രാവാക്യമാണ് മഹാരാഷ്ട്രയിൽ ഹിന്ദുത്വർ വ്യാപകമായി ഉപയോഗിച്ചത്. ഇലക്ഷൻ കമീഷൻ പതിവിൻപടി തീർത്തും നിഷ്ക്രിയമായി നോക്കിനിന്നതേയുള്ളൂ. തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷം വൻ വിജയം നേടിയതോടെ മുസ്‍ലിം ന്യൂനപക്ഷത്തിനെതിരെ മാത്രമല്ല, ആ ന്യൂനപക്ഷം ഒരൽപം സമാധാനവും സുരക്ഷയും അനുഭവിക്കുന്ന കേരളത്തെയാകെത്തന്നെ കടന്നാക്രമിക്കാനാണ് മഹാരാഷ്ട്ര മന്ത്രിസഭാംഗവും മുൻ കേന്ദ്രമന്ത്രി നാരായണൻ റാണെയുടെ മകനുമായ ബി.ജെ.പി നേതാവ് ധൃഷ്ടനായിരിക്കുന്നത്. ‘‘കേരളം മിനി പാകിസ്താനാണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും അവിടെനിന്ന് ജയിച്ചത്. അവർക്ക് വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്. ഭീകരരുടെ പിന്തുണയോടെ മാത്രമാണ് ഇവരെല്ലാം എം.പിമാരാകുന്നത്. കേരളത്തിലെ ഹൈന്ദവർ 12,000 ഹിന്ദു പെൺകുട്ടികളെയാണ് രക്ഷിച്ചത്’’ എന്നെല്ലാമുള്ള റാണെയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ അയാൾ നൽകിയ വിശദീകരണം കൂടുതൽ വിഷലിപ്തമായിരുന്നു.
‘‘കേരളം വളരെയേറെ നമ്മുടെ രാജ്യത്തിന്റെ ഭാഗം തന്നെയാണ്. എന്നാൽ, ഹിന്ദുജനസംഖ്യ കുറഞ്ഞുവരുന്നത് എല്ലാവരെയും അസ്വസ്ഥരാക്കുന്നതാണ്. ക്രിസ്ത്യാനികളിലേക്കും മുസ്‍ലിംകളിലേക്കും ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യിക്കുന്നത് അവിടെ നിത്യസംഭവമായിത്തീർന്നിരിക്കുന്നു. ലവ് ജിഹാദും അവിടെ വർധിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്താനിൽ ഹിന്ദുക്കളോടുള്ള പെരുമാറ്റമാണ് കേരളത്തിലും നടക്കുന്നതെന്നാണ് ഞാൻ പറഞ്ഞത്’’ ഇങ്ങനെ പോകുന്നു റാണെ സൂക്തങ്ങൾ.
കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമടക്കം നിരവധി ഇൻഡ്യ മുന്നണി പ്രമുഖർ റാണെയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, മതേതര മുന്നണിയിലെത്തന്നെ ഘടകവും കേരളത്തിലെ ഇടതുമുന്നണി സർക്കാറിന് നേതൃത്വം നൽകുന്ന പാർട്ടിയുമായ സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കളുടെ സമീപകാല പ്രസ്താവനകളും പ്രചാരണങ്ങളുമാണ് തീവ്ര ഹിന്ദുത്വ ശക്തികൾക്ക് ആയുധമായതെന്ന സത്യം നിഷേധിക്കാനാവുമോ? ഏറ്റവുമൊടുവിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും പ്രമുഖ മാർക്സിസ്റ്റ് നേതാവുമായ എ. വിജയരാഘവൻ സുൽത്താൻ ബത്തേരിയിൽ ചെയ്ത പ്രസംഗം നാം കേട്ടതല്ലേ? രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പുകളിൽ ജയിച്ച് പാർലമെന്റിലെത്തിയത് മുസ്‍ലിം തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് തട്ടിവിട്ട വിജയരാഘവൻ അവരുടെ വിജയാഘോഷ റാലികളുടെ മുന്നിലും പിന്നിലുമുണ്ടായിരുന്നത് ഉഗ്ര തീവ്രവാദികളായിരുന്നുവെന്നുകൂടി പറഞ്ഞുകളഞ്ഞു. പ്രതിഷേധം ഉയർന്നപ്പോഴും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അദ്ദേഹത്തെ പിന്തുണക്കുകയും ന്യായീകരിക്കുകയുമാണുണ്ടായതും.
ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും തങ്ങൾ തുല്യമായെതിർക്കുന്നു എന്നവർ നിരന്തരം ആവർത്തിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷ വർഗീയത എന്നവർ തീർത്തും പേർത്തും ആരോപിക്കുന്ന പ്രതിഭാസത്തെയാണ് കൂടുതൽ രൂക്ഷമായെതിർക്കുന്നതെന്ന് നിഷ്പക്ഷമതികൾക്ക് കാണാവുന്നതേയുള്ളൂ. ഭൂരിപക്ഷത്തിന്റെ അതി തീവ്ര രണോത്സുക വർഗീയതക്ക് തുല്യമായി രാജ്യത്ത് ന്യൂനപക്ഷ വർഗീയത പ്രവർത്തിക്കുന്നുണ്ടെന്ന് തെളിയിക്കാൻ മാർക്സിസ്റ്റ് പാർട്ടിക്കോ മറ്റേതെങ്കിലും മതേതരവാദികൾക്കോ കഴിയുമെങ്കിൽ അതിനിയും കണ്ടിട്ടുവേണം.
മതന്യൂനപക്ഷങ്ങളുടെ ഭരണഘടനദത്തമായ അവകാശങ്ങൾ എന്നല്ല പ്രാഥമിക പൗരത്വാവകാശങ്ങൾപോലും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ അതിനെതിരെ മതനിരപേക്ഷ ശക്തികളോടൊപ്പം ചേർന്ന് സമാധാനപരമായി ശബ്ദമുയർത്തുന്നതും കോടതികളെ സമീപിക്കുന്നതുമാണ് ന്യൂനപക്ഷ വർഗീയതയെങ്കിൽ അത് തെളിയിച്ചുപറയാൻ സി.പി.എം നേതൃത്വം തയാറാവണം. ഏതെങ്കിലും മുസ്‍ലിം സംഘടന തെരഞ്ഞെടുപ്പുകളിൽ തങ്ങൾക്ക് പിന്തുണ നൽകുമ്പോൾ അത് ജനാധിപത്യപരവും ഇൻഡ്യ മുന്നണിയിലെത്തന്നെ മറ്റു മതനിരപേക്ഷ കക്ഷികളോടൊപ്പം നിൽക്കുമ്പോൾ അത് വർഗീയതയാവുകയും ചെയ്യുന്ന മറിമായം രാജ്യം ഭരിക്കുന്ന തീവ്ര ഹിന്ദുത്വ വർഗീയതക്ക് ആയുധമാവുന്നതാണ് നമ്മളിപ്പോൾ കാണുന്നത്. ഇതൊന്നും സി.പി.എം നേതൃത്വത്തിന് മനസ്സിലാവാത്തതല്ല.
തങ്ങളുടെ ഒരേയൊരു ശക്തികേന്ദ്രമായ കേരളത്തിലും പാർട്ടി അണികൾ മാറിച്ചിന്തിക്കുന്ന സാഹചര്യം നേതൃത്വത്തെ അങ്കലാപ്പിലാക്കുകയാണ്. ചോരുന്ന ഭൂരിപക്ഷ പിന്തുണ പിടിച്ചുനിർത്താൻ ഹിന്ദുത്വത്തിനു നേരെ മൃദുസമീപനം സ്വീകരിക്കണമെന്ന ചിന്തയാണ് അവരെ ഇപ്പോൾ നയിക്കുന്നത്. ഈ വർഷാദ്യം മധുരയിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിലെ നയരേഖ അത്തരമൊരു സമീപനത്തിലേക്ക് കൂപ്പുകുത്തിയാലും അത്ഭുതപ്പെടാനില്ല. നാളിതുവരെ കോൺഗ്രസിൽ ആരോപിച്ചിരുന്ന മൃദുഹിന്ദുത്വം ഇപ്പോൾ തങ്ങൾ ഏറ്റെടുക്കേണ്ട പതനത്തിലെത്തിയെങ്കിൽ അതിലേക്ക് നയിച്ച കാരണങ്ങളും സാഹചര്യങ്ങളും പഠനവിധേയമാക്കേണ്ടത് അതിജീവനത്തിന്റെ താൽപര്യമാണ്. അല്ലെന്നുണ്ടെങ്കിൽ 2026ലെ കേരള നിയമസഭ തെരഞ്ഞെടുപ്പ് ബംഗാളിലെ ഗതിയാവും പാർട്ടിക്ക് സമ്മാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.