രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഒരു ഹൈകോടതി ജഡ്ജിയുടെ വീട്ടിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെടുത്ത സംഭവത്തിന് പിന്നാലെ, ജുഡീഷ്യറിയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സത്വര നടപടികൾ സ്വീകരിച്ചിരിക്കുന്നു. ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമ ഹോളി അവധിക്ക് കുടുംബസമേതം പുറത്തുപോയിരിക്കെ വീട്ടിലുണ്ടായ തീപിടിത്തം അണക്കാനെത്തിയ അഗ്നിശമന വിഭാഗം പണക്കൂമ്പാരം കണ്ടെത്തിയതാണ് സംഭവം. പണം തന്റേതല്ലെന്നും മറ്റാരോ വീട്ടിൽ കൊണ്ടുവെച്ചതാണെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ജസ്റ്റിസ് വർമയുടെ വാദം. കണക്കിൽപെടാത്ത 18 കോടിയോളം രൂപയാണ് ജഡ്ജിയുടെ വീട്ടിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. മാർച്ച് 14ന് രാത്രി നടന്ന സംഭവം പുറത്തുവരാൻ ഒരാഴ്ച എടുത്തത് ദുരൂഹമാണ്. ഏതായാലും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ അസാധാരണ യോഗം വിളിച്ചു.
ജസ്റ്റിസ് വർമയെ സ്ഥലം മാറ്റിയെങ്കിലും ഈ സംഭവവുമായി അതിന് ബന്ധമില്ലെന്നാണ് പിന്നീട് വിശദീകരിക്കപ്പെട്ടത്. ആഭ്യന്തര അന്വേഷണം നടത്തിയ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സമർപ്പിച്ച റിപ്പോർട്ടിൽ, ജസ്റ്റിസ് വർമയുടെ വീട്ടിൽ തീപിടിത്ത ദിവസം നോട്ടുകെട്ടുകൾ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചാക്കിൽ കെട്ടിയനിലയിൽ കണ്ടെത്തിയ പണം പൊലീസ് കമീഷണർ കൈമാറിയതടക്കം വിഡിയോയിൽ പകർത്തിയിട്ടുണ്ട്. റിപ്പോർട്ടും വിഡിയോ ദൃശ്യങ്ങളും കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയെന്ന അസാധാരണ നടപടിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തയാറായി. സമഗ്രമായ അന്വേഷണവും തുടർനടപടികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
വിശ്വാസ്യത ജുഡീഷ്യറിയുടെ ജീവൻതന്നെയാണ്. അത് നഷ്ടപ്പെട്ടാൽ പിന്നെ ജുഡീഷ്യറി വെറും ജഡമാണ്. വിശ്വാസ്യത ചോർത്തുന്നതിൽ അഴിമതിക്കുള്ള പങ്ക് ചെറുതല്ല. പണമായോ മറ്റുനിലക്കോ പ്രത്യുപകാരം പ്രതീക്ഷിച്ചുകൊണ്ട് ജഡ്ജിമാർ വിധിന്യായങ്ങളിൽവരെ മായം ചേർക്കുന്നതായുള്ള ആരോപണങ്ങൾ ഖണ്ഡിക്കപ്പെടാതെ ബാക്കിയുണ്ട്. കൈക്കൂലിക്ക് ഒരു ജഡ്ജി അറസ്റ്റ് ചെയ്യപ്പെടുന്ന സംഭവംവരെ 2016ൽ ഉണ്ടായി. അറസ്റ്റും കേസുമില്ലാതെ അഴിമതി സംഭവങ്ങൾ ഒട്ടുമില്ലെന്ന് ആശ്വസിക്കാനാകാത്ത സ്ഥിതിയുണ്ട്. റിട്ടയർമെന്റിനുശേഷം സർക്കാർ വെച്ചുനീട്ടുന്ന സ്ഥാനമാനങ്ങൾ സ്വീകരിക്കുന്ന സുപ്രീംകോടതി ജഡ്ജിമാർ സർവിസിലിരിക്കെ നൽകിയ വിധിന്യായങ്ങൾപോലും സംശയിക്കപ്പെട്ടിട്ടുണ്ട്.
ഒരു പഠനം കാണിച്ചത്, രാജ്യത്തെ നിയമവിദഗ്ധരിൽ 77.78 ശതമാനവും ജുഡീഷ്യറിയുടെ അഴിമതി വിരുദ്ധ ആഭ്യന്തര ക്രമീകരണങ്ങൾ ഫലപ്രദമല്ലെന്ന് കരുതുന്നവരാണ് എന്നത്രെ. മുൻ ജഡ്ജിമാരിൽ അനേകം പേർ ജുഡീഷ്യറിയിൽ അഴിമതിയുടെ പുഴുക്കുത്ത് ഗണ്യമായി ബാധിച്ചതായി ഏറ്റുപറഞ്ഞിട്ടുമുണ്ട്. പണവും അധികാരവും ജുഡീഷ്യറിയുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നില്ല എന്ന് ഉറപ്പിച്ചുപറയാൻ കഴിയാത്തിടത്തോളം കാലം അതിന് വിശ്വാസ്യത ഉണ്ടായിരിക്കില്ല. ഇത്തരം ബാഹ്യസ്വാധീനങ്ങൾക്ക് പുറമെ, ജഡ്ജിമാരുടെതന്നെ വ്യക്തിഗതമായ ചായ്വുകൾ ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവത്തിന് തടസ്സമാകുന്നുണ്ട്.
ചില കേസുകളിൽ കുറ്റാരോപിതന് ജാമ്യം നൽകാൻവേണ്ടി ഒഴിവുദിവസം പ്രത്യേകമായി ബെഞ്ച് ചേരുന്നതും മറ്റുചില കേസുകളിൽപെട്ടവർ വർഷങ്ങളായി അന്യായത്തടങ്കലിൽ കഴിയുന്നതും കാണുന്നു. ചങ്കൂറ്റത്തോടെ അധികാരത്തോട് ന്യായം പറയാനും ഭരണകൂട സമ്മർദം ചെറുക്കാനും കഴിവുള്ള ന്യായാധിപർ ഇല്ലെന്നല്ല, പക്ഷേ, അവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. മുമ്പ് ഒറ്റപ്പെട്ട അപഭ്രംശമെന്ന് പറയാമായിരുന്ന വീഴ്ചകൾ ബാബരി മസ്ജിദ് കേസിലെപ്പോലെ സ്ഥാപനവത്കരിക്കപ്പെട്ട രീതികളാകുന്നു എന്ന പരാതിയും ശക്തമാണ്. ആരാധനാലയ നിയമത്തിന് നിർദേശം നൽകിയ സുപ്രീംകോടതിതന്നെയാണല്ലോ അതിനെ മറികടക്കാനും ഇടം സൃഷ്ടിച്ചുകൊടുത്തത്.
അഴിമതി പ്രത്യക്ഷമായിത്തന്നെ കുറ്റമാണെങ്കിൽ, കേസുകളുടെ കാലതാമസവും ജഡ്ജിമാരുടെ നിയമബാഹ്യ പക്ഷപാതിത്വങ്ങളും പരോക്ഷമായ ന്യൂനതയാണ്. വിശ്വാസ്യത തകർക്കുന്നതിൽ അഴിമതിക്കെന്നപോലെ ജുഡീഷ്യറിയുടെ അപ്രാപ്യതക്കും ജഡ്ജിമാരുടെ ചായ്വിനും പങ്കുണ്ട്. ജനങ്ങൾക്ക് ജുഡീഷ്യറിയിൽ വിശ്വാസം കുറയുന്നു എന്ന് കഴിഞ്ഞ ദിവസം പരിതപിച്ചത് മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ്. ഡൽഹി ജഡ്ജിയുമായി ബന്ധപ്പെട്ട അഴിമതിയാരോപണം വാർത്തയായ ഉടനെത്തന്നെ വിശ്വാസ്യതാ തകർച്ച തടയാൻ സുപ്രീംകോടതി മുൻകൈയെടുത്തത് നല്ല കാര്യം.
എന്നാൽ, ഇത്രതന്നെ പ്രത്യക്ഷമല്ലാത്ത രോഗങ്ങളും ആ വിശ്വാസ്യതക്ക് കളങ്കമേൽപിച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്. അയോധ്യ കേസിൽ വിധിന്യായമെഴുതിയ ജഡ്ജി ആരെന്നത് പതിവുതെറ്റിച്ചും രഹസ്യമാക്കിവെച്ച അതാര്യതയിൽനിന്ന്, ഡൽഹി ജഡ്ജിയുടെ വീട്ടിലെ പരിശോധനയുടെ ദൃശ്യങ്ങൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്ത സുതാര്യതയിലേക്കുള്ള മാറ്റം സ്വാഗതാർഹമാണെന്നതിൽ സംശയമില്ല. ഈ പരിഹാരശ്രമങ്ങൾ ഒറ്റപ്പെട്ട ഒരു കേസിൽ ഒതുങ്ങാതെ, ജനവിശ്വാസം വീണ്ടെടുക്കാൻ പാകത്തിൽ സമഗ്ര നടപടികളിലേക്ക് നീങ്ങുമെങ്കിൽ നന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.